Saturday 30 May 2020 01:45 PM IST : By Favas Fazy

ഒറ്റയ്ക്കുള്ള യാത്രയിൽ ഇനി ടെൻഷൻ വേണ്ട; ഫോണിൽ തന്നെയുണ്ട് സ്വയരക്ഷയ്ക്കുള്ള സ്മാർട് വഴികൾ!

tekkbhvhvy55

ഒറ്റയ്ക്കു പുറത്തുപോകുമ്പോൾ ടെൻഷനടിക്കുന്നവരാണോ നിങ്ങൾ. കയ്യിൽ സ്മാർട് ഫോണുണ്ടെങ്കിൽ ഇനി ടെൻഷൻ വേണ്ട. ഒരുപാട് ചതിക്കുഴികൾ പതുങ്ങിയിരിക്കുന്ന ഫോണിൽ തന്നെയുണ്ട് സ്വയരക്ഷയ്ക്ക് സ്മാർട് വഴികളും. അവയെ അറിഞ്ഞ് ഉപയോഗിക്കാം.

ലൈവ് ലൊക്കേഷൻ

യാത്ര ചെയ്യുമ്പോൾ പരിചിതമല്ലാത്ത സ്ഥലങ്ങളിലൂടെയും പോകേണ്ടി വരും. അപ്പോൾ എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ടോ എന്ന് പ്രിയപ്പെട്ടവർക്ക് അറിയാനുള്ള മാർഗമാണ് ലൈവ് ലൊക്കേഷൻ. അവരുമായി ഷെയർ ചെയ്യുന്ന ലൈവ് ലൊക്കേഷൻ വഴി നമ്മൾ പോകുന്ന വഴി അപ്പപ്പോൾ അവരുടെ മാപ്പിൽ കാണിച്ചുകൊണ്ടിരിക്കും. ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാനായി ഇത്രയുമാണ് ചെയ്യേണ്ടത്.

∙ Google Map Open ചെയ്ത ശേഷം മുകളിലെ സേർച്ച് ഓപ്ഷനിൽ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം Search ചെയ്ത് Select ചെയ്യുക.

∙  ഇനി Start ക്ലിക്ക് ചെയ്യുക.

∙ അതിനുശേഷം താഴെയായി കിലോമീറ്ററും എത്ര ദൂരം പിന്നിട്ടെന്നുമൊക്കെ കാണിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യാം. അപ്പോൾ Share Trip Progress എന്നു കാണാം.

∙ ഇവിടെ നിന്ന് Live Location ലിങ്ക് നിങ്ങളുടെ കുടുംബക്കാ ർക്കോ സുഹൃത്തുക്കൾക്കോ അയച്ചു കൊടുക്കാം. ആ നിമിഷം മുതൽ നിങ്ങൾ അവരുടെ നിരീക്ഷണത്തിലാകും.

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ Live Location ഷെയർ ചെയ്തു കൊടുത്ത ആൾക്ക് നിങ്ങൾ എവിടെ എത്തി, ലക്ഷ്യത്തിൽ എത്താൻ ഇനി എത്ര സമയം വേണം, എത്ര കിലോമീറ്റർ ബാക്കിയുണ്ട് എന്നു തുടങ്ങി നിങ്ങളുടെ മൊബൈൽ ഫോണിൽ ബാറ്ററി ചാർജ് എത്രയുണ്ട് എന്നുവരെ അറിയാൻ സാധിക്കും. നിങ്ങൾ എന്തെങ്കിലും അപകടങ്ങളിൽപെട്ടാൽ അ ത് അവർക്ക് ലൈവ് ആയി തന്നെ മനസ്സിലാക്കി വേഗത്തിൽ രക്ഷാപ്രവർത്തനത്തിന് എത്താനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വാട്സ്‌ആപ്പ് സീക്രട്

ഫോണിൽ വാട്സ്‌ആപ്പ് ഇല്ലാത്തവർ കുറവാണ്. ഗുണം പോലെ തന്നെ ദോഷങ്ങളുമുണ്ട് ഈ ചങ്ങാതിക്ക്. വാട്സ്ആപ്പിൽ പലപ്പോഴും അറിയാത്ത പല ഗ്രൂപ്പുകളിലും നമ്മളെ ആഡ് ചെയ്യാറുണ്ട്. അറിയാത്ത ഗ്രൂപ്പുകളിലേക്ക് ഇങ്ങനെ ആഡ് ചെയ്യുന്നത് സ്വകാര്യതയെ ഹനിക്കും. ഇങ്ങനെ ഗ്രൂപ്പിൽ വരുന്ന നമ്പർ സേവ് ചെയ്തു ശല്യം ചെയ്യുന്ന വിരുതൻമാരുമുണ്ട്. നിങ്ങളുടെ പഴ്സനൽ നമ്പർ എടുക്കുകയും അനാവശ്യ മെസ്സേജുകളും കോളുകളും ചെയ്യാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനുള്ള പോംവഴിയാണ് ഇനി പറയുന്നത്.

ഗ്രൂപ്പുകളിൽ ആഡ് ചെയ്താലും നിങ്ങളുടെ നമ്പർ മറ്റുള്ളവർ കാണാതെ ഹൈഡ് ചെയ്യാനുള്ള സൂത്രപ്പണിയാണ് ചുവടെ പറയുന്നത്.

∙ Whatsapp Open ചെയ്യുമ്പോൾ മുകളിൽ വലതുവശത്തായി മൂന്നു ഡോട്സ് കാണാം. അതിൽ ക്ലിക്ക് ചെയ്ത് Settings എടുക്കുക. അതിനുശേഷം Account > Privacy > About

About ക്ലിക്ക് ചെയ്താൽ മൂന്ന് ഓപ്ഷനുകൾ കാണാം, Everyone, My Contacts, Nobody. ഇതിൽ Everyone എന്നു കൊടുത്താൽ എല്ലാവർക്കും നമ്മുടെ ഫോൺ നമ്പർ കാണാൻ സാധിക്കും. My Contacts എന്നു കൊടുത്താൽ നമ്മുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറിൽ ഉള്ള ആളുകൾക്ക് മാത്രമേ കാണാൻ സാധിക്കൂ. Nobody എന്നു കൊടുത്താൽ നമ്മുടെ നമ്പർ മറ്റൊരാൾക്കും കാണാൻ സാധിക്കില്ല

ഇതിൽ മൂന്നാമത്തെ ഓപ്ഷൻ സെറ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ ഇതുപോലുള്ള ഗ്രൂപ്പുകളിൽ നമ്മളറിയാതെ ആഡ് ചെയ്താലും അവർക്ക് നമ്മുടെ നമ്പർ എടുക്കാൻ സാധിക്കില്ല. ഇപ്പോൾത്തന്നെ പരീക്ഷിച്ചു നോക്കൂ.