Saturday 10 July 2021 02:53 PM IST

കുഞ്ഞുങ്ങളിലെ ഓട്ടിസം നേരത്തെ തന്നെ അറിയാം, പരിഹാരം തേടാം; സ്വന്തം അനുഭവത്തിൽ നിന്ന് ദമ്പതികൾ വികസിപ്പിച്ചെടുത്ത ആപ്പ്

Lakshmi Premkumar

Sub Editor

ammvesusann

കുട്ടികളിലെ മാനസികമായ വളർച്ച നിരീക്ഷിച്ച് ഓട്ടിസം പോലെയുള്ള ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡറുകൾ നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ അത് അവർക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കാൻ കാരണമായേക്കും. നമ്മുടെ നാട്ടിൽ 'സ്പെഷൽ കിഡ്സ്‌' എന്നുവിളിക്കുന്ന കുരുന്നുകളിൽ ഏറെയും ഇത്തരം പ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ കഴിയാതെ പോയവരാകാം. കുഞ്ഞുങ്ങളിലെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിനിയായ സൂസൻ വർഗീസ് എന്ന സംരംഭക. മെറ്റനൊഅ (metanoa) എന്നാണ് സൂസൻ വികസിപ്പെടുത്ത ആപ്ലിക്കേഷന്റെ പേര്. കുട്ടികളിൽ ഇത്തരം വൈകല്യങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഈ ആപ്ലിക്കേഷൻ വഴി സാധിക്കും. 

"എന്റെ ഭർത്താവ് വിബിൻ വർഗീസ്, അദ്ദേഹത്തിന് ജന്മനാ ഇത്തരത്തിൽ പ്രശ്നമുണ്ടായിരുന്നു. പുറത്തുനിന്നും നോക്കുന്നവർക്ക് പ്രശ്നം ഒന്നും ഇല്ലെങ്കിലും, സംസാരശേഷിയുമായി ബന്ധപെട്ട വൈകല്യങ്ങൾ അദ്ദേഹം അനുഭവിച്ചിരുന്നു. പഠിക്കുന്നത് എഴുതാനും സ്പുടമായി പറയാനുമുള്ള ബുദ്ധിമുട്ടുകൾക്കൊപ്പം സാധാരണ കുട്ടികൾ പാഠഭാഗങ്ങൾ മനസിലാക്കുന്നതിനേക്കാൾ സമയം കൂടുതൽ   വേണ്ടിയിരുന്നു. അതുപോലെ ചില വാക്കുകൾ വ്യക്തമായി ഉച്ചരിക്കുവാനും അക്ഷരങ്ങൾ പറയാനും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 

എന്നാൽ അന്നത് ഒരു അസുഖമാണെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. പഠിപ്പിച്ച ടീച്ചർമാർ ഉൾപ്പെടെ കരുതിയത് അതു അദ്ദേഹത്തിന്റെ പഠിക്കാനുള്ള താല്പര്യക്കുറവ് കൊണ്ടോ, കഴിവില്ലായ്‌മ കൊണ്ടോ ആണെന്നാണ്. അന്നത് കണ്ടെത്തിയിരുന്നു എങ്കിൽ ആവശ്യമായ തെറാപ്പികൾ ചെയ്തു ഒരു പരിധിവരെ പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയുമായിരുന്നു.

susanffgfgg55434

വിവാഹത്തിനു ശേഷം അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ അറിഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി, ഇന്നും ഈ പ്രശ്നങ്ങൾ  നേരിടുന്ന എത്രയോ പേരില്ലേ? സ്വന്തം മക്കളുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയാത്ത എത്രയോ പേരുണ്ട്. കുട്ടി പഠനത്തിൽ പുറകോട്ട് ആണെങ്കിൽ കുട്ടിയെ അടിച്ചു പഠിപ്പിക്കുകയല്ലാതെ അവന്/അവൾക്കു എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കുമോ എന്ന് എത്രപേർ ചിന്തിച്ചിട്ടുണ്ടാകും. എന്റെ ഭർത്താവിന്റെ കാര്യത്തിൽ ഇതൊക്കെ നേരത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹം എത്ര വഴക്കുകളിൽ നിന്നും അടികളിൽ നിന്നും രക്ഷപെട്ടേനെ. അങ്ങനെയാണ് വരും തലമുറയ്ക്കെങ്കിലും ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാകരുത്  എന്ന ആശയത്തിൽ നിന്നും  മെറ്റനൊഅ എന്ന ഞങ്ങളുടെ ഓൺലൈൻ സംരംഭത്തിലേക്ക് എത്തുന്നത്.

എംഎസ്ഇ ഇലക്ട്രോണിക്സ് ആണ് ഞാൻ പഠിച്ചത്. അദ്ദേഹം കമ്പ്യൂട്ടർ സയൻസും. അങ്ങനെ ഞങ്ങൾ ഈ ആപ്പിന് വേണ്ടിയിട്ടുള്ള പരിശ്രമം തുടങ്ങി. വർഷങ്ങളോളം അതിനുവേണ്ടി റിസേർച് ചെയ്യുകയും, നിരവധി മാതാപിതാക്കളുമായും ഡോക്ടർമാരുമായും, തെറാപ്പിസ്റ്റുകളുമായും സംസാരിക്കുകയും അതിനെക്കുറിച്ചു കൂടുതൽ അറിവ് ശേഖരിക്കുകയും ചെയ്തു. അങ്ങനെയാണ് ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.

മെറ്റനൊഅ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിലെ ചോദ്യോത്തരങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ മതി. ഇതിലൂടെ ആരംഭത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ, ഉണ്ടെങ്കിൽ ആരെയാണ് പ്രതിവിധിയ്ക്കായി സമീപിക്കേണ്ടത് എന്നുതുടങ്ങി എല്ലാ കാര്യങ്ങൾക്കും ആവശ്യമായ ഗൈഡൻസ് ലഭിക്കും. 

ഇതിനോടൊപ്പം തെറാപ്പികളുടെ പ്രോഗ്രസ് മനസിലാക്കി ആവശ്യമാണെങ്കിൽ വേണ്ട തിരുത്തുകൾ വരുത്തി തെറാപ്പി കഴിയുന്നതും കുറ്റമറ്റതും ഫലപ്രദവുമാകാൻ ഈ ആപ്ലിക്കേഷൻ വഴി സാധിക്കും. ഞങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ മറ്റൊരാളും അനുഭവിക്കാൻ പാടില്ല എന്നൊരു നിർബന്ധമാണ്, ദിവസങ്ങളോളം ഉറക്കം കളഞ്ഞ് ഇങ്ങനെയൊരു സംവിധാനം സമൂഹത്തിന് വേണ്ടി സമർപ്പിക്കാൻ കാരണം."- സൂസൻ വർഗീസ് പറയുന്നു.