കണ്ണഞ്ചിപ്പിക്കുന്ന നിമിഷങ്ങൾക്കു മാത്രമല്ല, ഉള്ളുതൊടുന്ന ഹൃദയഹാരിയായ നിമിഷങ്ങൾക്കും അലൻസ്കോട്ട് ഫിലിം അവാർഡ്സ് വേദി സാക്ഷിയായി. 2020ലെ മികച്ച സിനിമയായ അയ്യപ്പനും കോശിക്കുമുള്ള പുരസ്കാരം അന്തരിച്ച സംവിധായകൻ സച്ചിയുടെ പത്നി സിജി സച്ചി ഏറ്റുവാങ്ങി. ലക്ഷ്മി ഗോപാലസ്വാമിയാണ് പുരസ്കാരം സമ്മാനിച്ചത്.
ഏറെ സങ്കടത്തോടെ പുരസ്കാരം ഏറ്റുവാങ്ങുന്നു. സച്ചിയുടെ പേരിലുള്ള പുരസ്കാരം ഓരോ തവണ ഏറ്റുവാങ്ങുമ്പോഴും കരയാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ പുരസ്കാരം ഏറ്റുവാങ്ങുന്ന ഓരോ നിമിഷവും ഉള്ളുകൊണ്ട് വിതുമ്പി പോകുകയാണ്. ഇത് സച്ചിയേട്ടനുള്ള അവാർഡാണ്.
അയ്യപ്പനും കോശിയിലെ മികച്ച പ്രകടനത്തിന് 2020ലെ മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് ഏറ്റുവാങ്ങി. സങ്കടത്തോടെയല്ലാതെ ഈ പുരസ്കാരം ഏറ്റുവാങ്ങാനാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇത് സച്ചിക്കുള്ള പുരസ്കാരം. എന്റെ വിജയങ്ങളെ സച്ചിയുടെ പേരിലല്ലാതെ അടയാളപ്പെടുത്താനാകില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മല്ലിക സുകുമാരനാണ് പൃഥ്വിക്ക് അവാർഡ് നൽകിയത്. പുരസ്കാരം ഏറ്റുവാങ്ങവേ പൃഥ്വി അമ്മയുടെ കാൽതൊട്ട് വണങ്ങിയത് വേദിയിലെ ഹൃദ്യനിമിഷമായി.