ADVERTISEMENT

മലയാളക്കര കണ്ണുംകാതും നൽകി കാത്തിരുന്ന ആ ഫല പ്രഖ്യാപനമെത്തി. അഴകും അറിവും ബുദ്ധിവൈഭവവും ഒരുപോലെ മാറ്റുരയ്ക്കപ്പെട്ട ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ വേദിയിൽ കിരീടം ചൂടി എ.അരുണിമ ജയൻ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ വർണാഭവും പ്രൗഢഗംഭീരവുമായ സദസിനെയും വേദിയെയും സാക്ഷിയാക്കിയായിരുന്നു മനംനിറയ്ക്കുന്ന ആ കിരീടധാരണം. വർണാഭമായ വേദിയിൽ മുഖ്യാതിഥിയായെത്തിയ നടി ഐശ്വര്യ ലക്ഷ്മി വിജയികളെ കിരീടമണിയിച്ചു.

അഴകും അറിവും കൊണ്ട് മത്സരിച്ച 750 സുന്ദരിമാർക്കിടയിൽ നിന്നാണ് അരുണിമ ആരുംകൊതിക്കുന്ന അഴകിന്റെ റാണിയായത്. നൃത്തവും അഭിനയവും മോഡലിങ്ങും ഇഷ്ടമേഖലകളായ അരുണിമ, സോഫ്റ്റ്‌വെയർ എൻജിനീയറാണ്. 750 മല്‍സരാര്‍ഥികളിൽ നിന്ന് 20 പേരായി ചുരുങ്ങിയ ഗ്രാൻഡ് ഫിനാലെയിൽ ഫസ്റ്റ് റണ്ണറപ്പായത് ശ്വേത ജയറാം. കെമിസ്ട്രി ബിരുദധാരിയായ ശ്വേത മോഡലിങ്, സംരംഭകത്വ രംഗത്തും മികവു തെളിയിക്കുന്നു. അത്‌ലറ്റിക്സ്, മോഡലിങ്, നൃത്ത– അഭിനയ മേഖലകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ഓഡിറ്ററായ സാൻഡ്ര ഫ്രാൻസിസാണ് സെക്കൻഡ് റണ്ണറപ്പ്.

vmk-winner-2
ADVERTISEMENT

ഹൃദയം കവരുന്ന റാംപ്‍വോക്കും കണ്ണഞ്ചിപ്പിക്കുന്ന ഔട്ട്ഫിറ്റുകളുമായി സദസിന്റെ മനംകവർന്ന മത്സരാർഥികൾ അറിവിന്റെയും വിവേകത്തിന്റെയും കാര്യത്തിലും മുന്നിട്ടു നിന്നു. വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് യുക്തിയോടെയും പ്രസന്നതയോടെയും മറുപടി നൽകി മത്സരാർഥികൾ സദസിനെ വിസ്മയിപ്പിച്ചു.

മലയാളത്തിന്റെ സുന്ദരിപ്പട്ടത്തിന് ഉടമയെ കണ്ടെത്തിയതിനൊപ്പം അഞ്ച് വിഭാഗങ്ങളിൽക്കൂടി വിജയികളെ പ്രഖ്യാപിച്ചു. മിസ് കൺജനിയാലിറ്റിയായി ഡോ.സാന്ദ്ര സുരേഷ്, മിസ് ഡാസ്‌ലിങ് ആയി റോസ്മി ഷാജി, മിസ് എലഗന്റായി എ. അരുണിമ ജയൻ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി ബിന്ദ്യ ബാഷി, മിസ് ഗ്ലാമറസായി സ്നേഹ ബിനു വർഗീസ് എന്നിവരാണ് വിജയികളായത്.

vmk-winner-6
ADVERTISEMENT

കാഴ്ചകൾക്ക് ഇരട്ടിമധുരം പകർന്ന് മലയാളികളുടെ ഇഷ്ടഗായിക സിതാര കൃഷ്ണകുമാറും സംഘവും കലാപരിപാടികൾക്കു തുടക്കമിട്ടു. ഇതിനിടെ സാരിയുടെ വർണപ്പകിട്ടിലേക്കു മത്സരാർഥികളുടെ ഹൃദയം നിറയ്ക്കും കൂടുമാറ്റം. മത്സരാർഥികളുടെ നെഞ്ചിടിപ്പേറ്റി 10 പേരിലേക്കു ഫൈനലിസ്റ്റുകളുടെ എണ്ണം ചുരുങ്ങിയതോടെ സദസും ആവേശത്തിലായി.

vmk-winner-5

റിയാലാറ്റി ഷോകളിലൂടെയും ഡാൻസ് പെർഫോമൻസുകളിലൂടെയും പ്രേക്ഷകകർക്ക് സുപരിചിതരായ നർത്തകരായ ശക്തി മോഹനും മുക്തി മോഹനും സംഘവും നൃത്തച്ചുവടുകളുമായി എത്തിയപ്പോൾ അഴകിന്റെ വേദിയുടെ സദസ് ഇളകിമറിഞ്ഞു. മത്സരാർഥികളുടെ എണ്ണം ഈ സമയം പത്തിൽനിന്ന് അഞ്ച് ആയി ചുരുങ്ങി. ഇതോടെ കിരീടപ്പോരാട്ടത്തിന്റെ ആവേശവും ഇരട്ടിയായി. ഇതിനിടെ നർത്തകിയും നടിയുമായ ഇഷ ഷെർവാണിയും സംഘവും ന‍ൃത്തച്ചുവടുകളുമായി വേദി നിറഞ്ഞു. ഒടുവിൽ നിമിഷങ്ങൾ യുഗങ്ങളെന്ന് തോന്നിപ്പിക്കും വിധമുള്ള ഫൈനൽ പ്രഖ്യാപനത്തിലേക്ക്. അഴകിന്റെ ലോകവും മലയാളക്കരയും ഒരുപോലെ കാത്തിരുന്ന പ്രഖ്യാപനത്തിലേക്ക്.

ADVERTISEMENT

ബുദ്ധിയും സൗന്ദര്യവും വിവേകവും ഒരുപോലെ അളവുകോലായ മത്സര വേദിയിൽ വിധികർത്താക്കളായി എത്തിയത് പൂർണിമ ഇന്ദ്രജിത്, നൈല ഉഷ, സംവിധായകൻ മഹേഷ് നാരായണൻ, സാനിയ അയ്യപ്പൻ എന്നിവരായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട ഒരുക്കങ്ങള്‍‍ക്കും വിവിധ മല്‍സരങ്ങൾക്കും ശേഷമായിരുന്നു ശനിയാഴ്ചത്തെ ഗ്രാൻഡ് ഫിനാലെ. അനു അഹൂജയായിരുന്നു ഷോ ഡയറക്ടർ. കല്യാൺ സിൽക്സ് ഏറ്റവും പുതിയ ഡിസൈനിൽ പ്രത്യേകമായി തയാറാക്കിയ ലെഹങ്കകളും സാരികളും അണിഞ്ഞാണ് 20 മത്സരാർഥികളും വേദിയിലെത്തിയത്. ആഭരണങ്ങൾ മികവോടെ ഒരുക്കിയത് അമേറ ജ്വലറിയും.

vmk-winner-4

രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തരായ പരിശീലകരായിരുന്നു കല്യാൺ സിൽക്സ് വനിത മിസ് കേരളയിലെ മത്സരാർഥികളെ ഒരുക്കിയത്. റാംപ് വാക് മോഡലും ദേശീയ തലത്തിൽ തന്നെ മത്സരാർഥികളെ മത്സരങ്ങൾക്കായി ഒരുക്കിയ ട്രെയിനറുമായ ദീപ്തി ഗുജ്റാൾ ആയിരുന്നു പേജന്റ് കോച്ച്. വോയിസ് ക്രാഫ്റ്റിങ് ആന്‍ഡ് കമ്യൂണിക്കേഷൻ സെഷൻ നയിച്ചത് 20 വർഷത്തോളം ശബ്ദ മാധ്യമ രംഗത്തുള്ള വോയിസ് ആർട്ടിസ്റ്റും ട്രെയിനറുമായ മോനാസ് റനൈന. വസ്ത്രങ്ങളണിഞ്ഞ് ആത്മവിശ്വാസത്തോടെ വേദിയിലെത്താൻ പരിശീലനം നൽകിയത് ക്രിയേറ്റീവ് ഡയറക്ടറും ഫാഷൻ കമന്റേറ്ററും ബ്രാൻഡ് കൺസൾട്ടന്റുമായ ഭരത് ഗുപ്ത. ഡോ. ഫാത്തിമ നിലൂഫർ ഷെരീഫ് ആയിരുന്നു സ്കിൻ കെയറിൽ മത്സരാർഥികൾക്കു വേണ്ട നിർദേശങ്ങൾ നൽകിയത്. മത്സരാർഥികൾക്കുള്ള യോഗ വിഭാഗം കൈകാര്യം ചെയ്തത് ഈഷ ഫൗണ്ടേഷന്റെ കീഴിൽ പ്രിയങ്ക നായർ. മൈൻഡ് ഗ്രൂമിങ് വിഭാഗത്തിൽ എഴുത്തുകാരന്‍ ജോസഫ് അന്നംകുട്ടി ജോസും ചേർന്നതോടെ ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമായി.

കല്യാൺ സിൽക്സ് മുഖ്യ സ്പോൺസറായ വനിത മിസ് കേരളയുടെ പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായിരുന്നു. മത്സരാർഥികളുടെ ഗ്രൂമിങ് സെഷനുകൾ നടന്നതും ജെയിൻ യൂണിവേഴ്സിറ്റിയിലാണ്. കംഫർട്ട് പാർട്ട്ണർ വി സ്റ്റാർ, ജ്വല്ലറി പാർട്ണർ അമേറ ജ്യൂവൽസ്, സ്കിൻ ആന്‍ഡ് ഹെയർ കെയർ പാർടണർ മെഡിമിക്സ്, ബ്യട്ടി പാർട്ട്ണർ ഡാസ്‍ലർ, ഡ്രീം ഹോം പാർട്ട്ണർ റെഡ് പോർച്ച് നെസ്റ്റ്.

ADVERTISEMENT