ADVERTISEMENT

മലയാളത്തിന്റെ സൂപ്പർ സീനിയർ താരങ്ങളിൽ പ്രമുഖയാണ് വത്സല മേനോൻ. ബാലനടിയായി എത്തി, പിന്നീട് ക്യാരക്ടർ റോളുകളിലൂടെ സിനിമയിൽ തന്റേതായ ഇടം നേടിയ വത്സല മേനോൻ സിനിമയുടെ ഭാഗമായിട്ട് 72 വർഷം. പക്ഷേ, വത്സല മേനോന്റെ ജീവിതത്തിൽ അധികമാർക്കുമറിയാത്ത ഒരു സൗന്ദര്യമത്സര കഥയുണ്ട്. വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമായ ശേഷം 1970ൽ മിസ് തൃശൂർ പട്ടം നേടിയെടുത്തയാളാണ് അവർ.

തൃശൂർ ജില്ലയിലെ കാളത്തോടാണ് വത്സല മേനോൻ ജനിച്ചത്. അച്ഛൻ രാമൻ മേനോൻ, അമ്മ ദേവകിയമ്മ, മൂന്നു ചേട്ടന്മാർ.ചെറുപ്പത്തിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്നു. അക്കാലത്തെ പല സദസ്സുകളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. 1953 ൽ തിരമാല എന്ന സിനിമയിലൂടെ ബാലതാരമായാണ് തുടക്കം. പതിനാറാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവ് ഹരിദാസ് നായർക്ക് മുംബൈയിലായിരുന്നു ഉദ്യോഗം. അങ്ങനെ വത്സലയും ചെറുപ്രായത്തിൽ മുംബൈയിലേക്ക് ചേക്കേറി.മൂന്നു മക്കൾ ജനിച്ചു. പ്രകാശ്, പ്രേം, പ്രിയൻ. മുംബൈയിലേക്ക് ചേക്കേറിയപ്പോഴും സിനിമയിൽ നിന്നു വിളി വന്നിരുന്നു. പക്ഷേ മക്കൾ സ്വന്തം കാലിൽ നിൽക്കുന്ന വരെ അഭിനയിക്കില്ല എന്ന തീരുമാനത്തിലായിരുന്നു.

ADVERTISEMENT

അവിടെ മക്കളെ വളർത്തിയും, ഫ്ലാറ്റിലുള്ള മറ്റു കുട്ടികളെ നൃത്തം പഠിപ്പിച്ചും വർഷങ്ങൾ കടന്നു പോയി. ഇതിനിടെയാണ് 1970ൽ മിസ്സ് തൃശൂർ ആയി മത്സരിച്ചതും ഒന്നാം സ്ഥാനം നേടിയതും. പ്രായവും കുടുംബജീവിതത്തിന്റെ തിരക്കുകളും ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും തടസ്സമാണെന്ന വാദത്തെ തോൽപ്പിക്കുന്നുണ്ട് വത്സല മേനോന്റെ ജീവിതവിജയം. പിന്നീടാണ് അവർ സിനിമയിൽ തന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. 1985 ൽ കിരാതം എന്ന സിനിമയിലൂടെ വീണ്ടും അഭിനയ രംഗത്തെത്തിയ വത്സല മേനോൻ. ഇതിനോടകം ഇരുനൂറിലധികം സിനിമകളിലും അനേകം സീരിയലുകളിലും അഭിനയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT