Monday 10 March 2025 12:01 PM IST : By സ്വന്തം ലേഖകൻ

വനിത മിസ് കേരള സൗന്ദര്യ മത്സരം; തിരഞ്ഞെടുക്കപ്പെട്ട 20 പേർ പങ്കെടുക്കുന്ന ഗ്രൂമിങ് സെഷനു ഇന്ന് തുടക്കം

Comfort Partner - 1

കല്യാൺ സിൽക്ക്സ് വനിത മിസ് കേരള സൗന്ദര്യ മത്സരത്തിനുള്ള അവസാന വട്ടപരിശീലനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും

ഗ്രൂമിങ് സെഷൻ മാർച്ച് പത്തിന് ആരംഭിക്കും. ഫൈനൽ ഒഡീഷനിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പേർ പങ്കെടുക്കുന്ന ഗ്രൂമിങ് സെഷൻ വ്യക്തിത്വത്തെ കൂടുതൽ തിളക്കമാർന്നതാക്കുന്നതിനും സൗന്ദര്യസങ്കൽപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ രൂപപ്പെടുത്തുതിനും  ആത്മവിശ്വാസം വളർത്തുന്നതിനും  സഹായിക്കും. ഏതു ലോക ബ്യൂട്ടി പേജന്റുകളിലേക്കും മത്സരിക്കാനുള്ള പ്രാപ്തി നേടാനുള്ള പരിശീലനമായി ഇത് മാറുമെന്നുറപ്പാണ്.

പ്രശസ്ത ബ്യൂട്ടി പേജന്റ് –ഗ്രൂമിങ് പ്രഫഷണൽ ദീപ്തി ഗൂജ്റാൾ ആണ് ഗ്രൂമിങ് സെഷൻ നയിക്കുന്നത്. പേജന്റ് കോച്ചും കൺസൾട്ടന്റുമായ ദീപ്തി മോഡൽ, അവതാരക, അഭിനേത്രി ഫെമിന മിസ് ഇന്ത്യ ഒഫീഷ്യൽ ട്യൂട്ടർ എന്നീ നിലകളിൽ ശ്രദ്ധേയയാണ്.

ഗ്ലാഡ് റാഗ്സ് മെഗാ മോഡൽ കോൺടെസ്റ്റ് ടൈറ്റിൽ ജേതാവും ബർലിൻ മിസ് ഇന്ററ്‍ കോൺടിനെന്റൽ കോൺടസ്റ്റ് സെക്കന്റ് റണ്ണറപ്പും, ദീപ്തി ഒട്ടു മിക്ക മുൻനിര ഡിസൈനർമാരുടെയും ഫാഷൻ വീക്കുകളിൽ റാംപ് വാക്ക് മോഡലായി. സിഗ് വീൽസ് അവാർഡ്, വിമൻസ് ഡ്രൈവ് തുടങ്ങിയ ലൈവ് ഇവന്റുകളുടെയും ബോംബെ ഡയിങ്, എച്ച്എസ്ബിസി, ഡി ഡമാസ് തുടങ്ങിയവരുടെ കോർപ്പറേറ്റ് ഇവന്റുകളുടെയും  ആതിഥേയയായ ദീപ്തി എംടിവി എൻഡിടിവി എന്നിവരുടെ മികച്ച ടിവി ഷോകളുടെ അവതാരകയും ആയിട്ടുണ്ട്.

ലോക ഇവന്റുകളിലേക്ക് ചുവടു വയ്ക്കാൻ വേണ്ട ആത്മവിശ്വാസവും കരുത്തും  ആർജിക്കാൻ മലയാളി പെൺകുട്ടികൾക്ക്  വഴിയൊരുക്കുകയാണ് പ്രചാരത്തിലും വായനക്കാരുടെ എണ്ണത്തിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള വനിതാ  മാഗസിനായ വനിത.  

ശ്വേത ജയറാം, സ്നേഹ ബിനു വർഗീസ്, അഗ്നിമ വർണ്ണൻ, ശ്രീനിധി സുരേഷ്, ദേവഗായത്രി, അരുണിമ എ ജയൻ, ദയ സി പാപ്പൻ, സാന്ദ്ര ഫ്രാൻസിസ്, അദിതി നമ്പ്യാർ, ബിന്ധ്യ ബാഷി, പൗർണമി മുരളി, സാൻസിയ ആൻ സാബു, ഡോ. സാന്ദ്ര സുരേഷ്, അംറീൻ അനീഷ്, ആതിര ജോജോ, റോസ്മി ഷാജി, നിയൂഷ ഷരീഫ്, അഞ്ജന ബെന്നി, നന്ദന സുന്ദർരാജ്, മരിയ കാതറിൻ ടോം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഇരുപതു പേർ.

യോഗ, മോട്ടിവേഷനൽ ക്ലാസുകൾ, വോയ്സ് മോഡുലേഷൻ സെഷനുകൾ, റാംപ് ട്രെയിനിങ്, മികച്ച ആശയ വിനിമയത്തിനായുള്ള പരിശീലനം തുടങ്ങിയ മാർഗങ്ങളിലൂടെ ആത്മവിശ്വാസത്തോടെ ലളിതവും പ്രൗഢവുമായി തങ്ങളെ ഏതു വേദിയിലും അവതരിപ്പിക്കാനുള്ള കഴിവുകളാണ് ഇതിലൂടെ സ്വായത്തമാക്കാനാകുക. മാർച്ച് പതിനഞ്ചിനാണ് വനിത മിസ്കേരളയുടെ പ്രൗഢഗംഭീര ഇവന്റ്. 

കല്യാൺ സിൽക്ക്സ് മുഖ്യ സ്പോൺസറായ വനിതാ മിസ് കേരളയുടെ പവേർഡ് ബൈ സ്പോൺസർ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയാണ്. കംഫർട്ട് പാർട്ട്ണർ വിസ്റ്റാർ, ജ്യുവലറി പാർട്ണർ അമേറ ജ്യുവൽസ്, സ്കിൻ ആൻഡ് ഹെയർ കെയർ പാർട്ണർ മെഡി മിക്സ്, ബ്യൂട്ടി പാർട്ണർ ഡാസ്‌ലർ, ഡ്രീം ഹോം പാർട്ണർ റെഡ് പോർച്ച് എന്നിവർ  ഇവന്റിന് പിൻബലമേകും.