Saturday 27 April 2024 03:37 PM IST : By റെജി വി. കുര്യാക്കോസ്, ജില്ലാ ഫയർ ഒാഫിസർ, കോട്ടയം

അടുക്കളയിൽ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുണ്ടായാൽ എന്തു ചെയ്യണം? ഉടൻ ചെയ്യേണ്ട 10 കാര്യങ്ങൾ

fire-safettt

അടുക്കളയിൽ നിന്നു പാചകവാതകത്തിന്റെ ഗന്ധം ചെറുതായി അറിയാൻ തുടങ്ങിയാ ൽ തന്നെ ഭയക്കുന്നവരാണു നമ്മൾ. അപ്പോൾ ഗ്യാസ് ചോർച്ചയോ അതിൽ നിന്ന് തീ പിടിക്കുകയോ ചെയ്താൽ എന്തു ചെയ്യണം എന്നറിയാതെ നിന്നു പോകുമെന്നുറപ്പാണ്. പക്ഷേ, മനഃസാന്നിധ്യം ഒട്ടും വിടാതെ, ഒരു നിമിഷം പോലും പാഴാക്കാതെ തീരുമാനങ്ങൾ എടുക്കണം. 

ഉടൻ ചെയ്യേണ്ട 10 കാര്യങ്ങൾ

∙ ജനാലകളും വാതിലുകളും നനഞ്ഞ തുണി ഉപയോഗിച്ചു തുറന്നിടുക. ലോഹത്തിൽ സ്പാർക് ഉണ്ടാകുന്നതു തടയാനാണിത്.

∙ കഴിയുമെങ്കിൽ സിലിണ്ടറും,സ്റ്റൗവും പുറത്തു തുറസായ സ്ഥലത്തേക്ക് മാറ്റിവയ്ക്കുക. അല്ലാത്ത പക്ഷം വീട്ടിലുള്ളവരെ ഒഴിപ്പിക്കുക.

∙ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അടുത്ത്   ഉ ണ്ടെങ്കിൽ ഉടൻ മാറ്റുക. രണ്ടാമത്തെ സിലിണ്ടർ എടുത്തു മാറ്റുക. 

∙ ലൈറ്റുകളും ഫാനുകളും (ഇലക്ട്രിക്കൽ ഉപകരണങ്ങൾ) ഓണാക്കുകയോ ഓൺ ആയവ ഓഫ് ആക്കുകയോ ചെയ്യാതിരിക്കുക. രാത്രിയിലാണു ഗ്യാസ് ലീക്ക് ആകുന്നതെങ്കിൽ ലൈറ്റ് ഇടാതിരിക്കുന്നതാണു സുരക്ഷിതം. ചെറിയ  സ്പാർക്ക് പോലും തീപിടിത്തത്തിനു കാരണമാകും.

∙ ഗ്യാസ് സിലിണ്ടർ കത്തുകയാണെങ്കിൽ വെള്ളം ഒഴിച്ചുതണുപ്പിച്ചു കൊണ്ടിരിക്കുക.

∙ സിലിണ്ടറിന്റെ വാൽവിൽ നിന്നും ആണ് ലീക്ക് എങ്കിൽ  സിലിണ്ടറില്‍ ഉള്ള വെള്ള നിറത്തിലുള്ള ക്യാപ്പ് ഉപയോഗിച്ച് അടയ്ക്കുക.

∙ കണക്റ്റിങ് ട്യൂബിൽ നിന്നോ ഗ്യാസ് അടുപ്പിൽ നിന്നോ ആണ് ലീക്ക് എങ്കിൽ റെഗുലേറ്റർ ഓഫ് ചെയ്യുക.

∙ ഗ്യാസ് ലീക്ക് ബോധ്യപ്പെട്ടാൽ ഉടൻതന്നെ ഫയർഫോഴ്‌സിനെ 101 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കുക.  

∙ ഗ്യാസ് ഏജൻസിയെ വിവരം അറിയിക്കുക. ഗ്യാസ് ലീക്ക് ആയ ഉടൻതന്നെ തടയാൻ സാധിക്കുന്നില്ല എങ്കിൽ ആ ഗ്യാസ് ലീക്ക് നിയന്ത്രണ വിധേയമല്ല എന്ന് മനസ്സിലാക്കുകയും എത്രയും വേഗം ബന്ധപ്പെട്ട ഏജൻസികളെ വിവരമറിയിക്കുകയും ചെയ്യുക.

∙ ഏറ്റവും പ്രധാനപ്പെട്ടതാണ് പത്താമത്തെ പോയിന്റ്– പരിഭ്രാന്തരാകാതിരിക്കുക.സാധാരണയായി ഗ്യാസ് സിലിണ്ടറിൽ തീ പിടിത്തം ഉണ്ടായാൽ ആളുകൾ അവിടെ നിന്നും ഉടനെ ഓടി രക്ഷപ്പെടുന്നതാണു കണ്ടുവരുന്നത്‌. എന്നാൽ റെഗുലേറ്റർ ഓഫ് ചെയ്യുന്നതോടുകൂടി സിലിണ്ടറിനു ശേഷമുള്ള ഭാഗത്തുണ്ടാകുന്ന എല്ലാ തീപിടിത്തങ്ങളും അണക്കാൻ കഴിയും. കൂടാതെ തീപിടിച്ച് ഗ്യാസ് കത്തിക്കൊണ്ടിരിക്കെ തന്നെ സിലിണ്ടറിലേക്ക് വെള്ളം സ്പ്രേ ചെയ്തു തണുപ്പിച്ചു കൊടുത്താൽ, അപകടം ഒഴിവാക്കാം.

ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ

∙ സിലിണ്ടർ ലഭിക്കുമ്പോൾ തന്നെ അതിന്റെ വാൽവുകളും വാഷറുകളും പുറമേ കാണാവുന്ന ഭാഗങ്ങളും ചെക്ക് ചെയ്തു ലീക്ക് ഇല്ലെന്ന് ഉറപ്പു വരുത്തുക.

∙ ഉപയോഗത്തിനുശേഷം റെഗുലേറ്റർ ഓഫ് ചെയ്യുക. സിലിണ്ടർ ഒരിക്കലും ചെരിച്ചിട്ടോ ചൂടുവെള്ളത്തിൽ വച്ചു ചൂടാക്കിയോ മറ്റോ ഉപയോഗിക്കാതിരിക്കുക.

∙ സ്റ്റൗ യഥാസമയം സർവീസ് ചെയ്തതാണെന്ന് ഉറപ്പു വരുത്തുക. കണക്റ്റിങ് ട്യൂബുകൾ എല്ലാവർഷവും പുതുക്കുക. ISI മാർക്കുള്ള ഉപകരണങ്ങളും ട്യൂബും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

∙ നിർദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്ത ഗ്യാസ് പൈപ്പ് ലൈൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ലീക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ  ISI മാർക്കോടുകൂടിയ ഉപകരണങ്ങൾ തന്നെ ഉപയോഗിക്കുക.

∙ സിലിണ്ടറിന്റെ എക്സ്പെയറി ഡേറ്റ് (അടുത്ത പ്രഷ ർ ടെസ്റ്റിങ് ഡേറ്റ്) കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തുക. 

∙ സിലിണ്ടറുകൾ ചരിച്ചിട്ട്  ഉരുട്ടിക്കൊണ്ടു വരാതിരിക്കാൻ ശ്രദ്ധിക്കുക.                                                                     

Tags:
  • Vanitha Veedu