Thursday 08 February 2018 05:15 PM IST : By സ്വന്തം ലേഖകൻ

കല്യാണ കന്പോളത്തിൽ വിലയില്ലെങ്കിലും ബസിലെ തോണ്ടലിന് ഇളവൊന്നും കിട്ടിയിട്ടില്ല! കറുപ്പിന്റെ കഥ

krishnendu

അന്ന് ആ മഞ്ഞ ഉടുപ്പിട്ട് കൊണ്ട് ആ രണ്ടാം ക്ലാസുകാരി കണ്ണാടിയുടെ മുന്നിൽ നിന്നു എന്നിട്ടു ചോദിച്ചു. "അതെന്താ അമ്മേ ഞാൻ കറുത്തു പോയത്...?" ഒരു കറുത്ത കുട്ടിയുടെ മനോവേദനയെ മാനിക്കാതെ അമ്മ നിർദാഷിണ്യം ഓടിച്ചു വിട്ടു....! പിന്നീടങ്ങോട്ടു കേട്ടതെല്ലാം ആ നിറം നിനക്കു ചേരില്ല.... ഈ നിറം നിനക്കു ചേരില്ല...ഇതു ധരിച്ചാൽ നിന്റെ കറുപ്പെടുത്തു കാണിക്കും തുടങ്ങിയ പ്രയോഗങ്ങളായിരുന്നു. എന്നാല്‍ ആ കറുത്ത കുട്ടിയില്‍ നിന്ന് കഴിവുള്ള, ആത്മവിശ്വാസമുള്ള വനിതയിലേക്കുള്ള യാത്രയില്‍ കൃഷ്ണേന്ദു പറയുന്നു എനിക്ക് ഞാന്‍ തന്നെ ഒന്നൊന്നര മോട്ടിവേഷനാണ്. വനിത ഹു കെയേഴ്സ് ക്യാംപെയിനിലൂടെ ആത്മവിശ്വാസവും കഴിവുമുള്ളവർക്ക് നിറം ഒരു പ്രശ്നമേ അല്ല എന്ന് ഉറക്കെ വിളിച്ചു പറയാം.

തന്റെ അനുഭവ കഥ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണോ അതോ അല്പം കൂടി മുതിർന്നിട്ടാണോ എന്നെനിക്കോർമ്മയില്ല.
ഒരു ബുധനാഴ്ച ദിവസം മഞ്ഞ ഉടുപ്പിൽ സ്കൂളിൽ പോകാൻ റെഡിയായി കണ്ണാടിയുടെ മുൻപിൽ നിന്ന ഞാൻ അമ്മയോട് ചോദിച്ചു "അതെന്താ അമ്മേ ഞാൻ കറുത്തു പോയത്...?" ഒരു കറുത്ത കുട്ടിയുടെ മനോവേദനയെ മാനിക്കാതെ അമ്മ നിർദാഷിണ്യം ഓടിച്ചു വിട്ടു....!!!

പിന്നീടങ്ങോട്ടു കേട്ടതെല്ലാം ആ നിറം നിനക്കു ചേരില്ല.... ഈ നിറം നിനക്കു ചേരില്ല...ഇതു ധരിച്ചാൽ നിന്റെ കറുപ്പെടുത്തു കാണിക്കും തുടങ്ങിയ പ്രയോഗങ്ങളായിരുന്നു..
"അതെന്താ കറുത്തവർ കറുപ്പ് വസ്ത്രമണിഞ്ഞാൽ?"
സ്വയം വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയ കാലത്തു കറുപ്പ് വസ്ത്രങ്ങൾ ഞാൻ വാങ്ങിച്ചു കൂട്ടി...!!!

വളരും തോറും എനിക്ക് തോന്നിതുടങ്ങിയിരുന്നു എന്റെ കറുപ്പ് എനിക്കൊരു പ്രശ്നമല്ലെങ്കിലും മറ്റുള്ളവർക്കതൊരു പ്രശ്നമാണെന്നു....!!

വളരെ വേണ്ടപ്പെട്ട ഒരാളുടെ വിവാഹത്തിന് അർഹിക്കുന്ന പരിഗണന കിട്ടാതെ പിൻനിരയിലേക്ക് തള്ളപ്പെട്ടയന്നു രാത്രി അമ്മയോട് ചോദിച്ചു...അതെന്തുകൊണ്ടാണെന്നു...
"കറുത്തു പെടച്ചിരുന്നാൽ അങ്ങനെയാണെന്നു" അമ്മ ദേഷ്യത്തിൽ പ്രതികരിച്ചു...
"ഞാൻ കറുത്തു പോയത് എന്റെ തെറ്റാണോ നിങ്ങളുടെ ജീനിന്റെ പ്രശ്നമല്ലേ.." എന്നു തിരിച്ചു ചോദിച്ചിടത്തു നിന്നും എന്നിൽ ഒരു നിഷേധി ജനിച്ചു....!!!

അച്ഛനെന്നെ "കാരിച്ചീ" എന്നു ഓമനപ്പേരിട്ടു വിളിക്കുമ്പോഴൊക്കെ അതെന്റെ നിറം കാരണം വീണ പേരാണ് എന്നറിഞ്ഞു കൊണ്ടുതന്നെ ഞാനത് ആസ്വദിച്ചു...!!!
നിറത്തിന്റെ പ്രൗഢിയിൽ പലപ്പോഴും പിന്തള്ളപ്പെട്ടപ്പോഴും കാലം ഒരിക്കൽ ഒരു "കലാതിലകപ്പട്ടം" ചാർത്തി തന്നു കാവ്യനീതി കാട്ടി..
അതൊരു ബോധമായിരുന്നു തന്നത്... "നിറമല്ല കഴിവാണ് പ്രധാനം എന്ന ആത്മവിശ്വാസം..."

പാസ്സ്പോർട്ടു സൈസ് ഫോട്ടോ എടുക്കാൻ ചെന്ന് സ്റ്റുഡിയോക്കാരൻ ചേട്ടൻ "നൈസായി ഒന്നു വെളുപ്പിച്ചിട്ടുണ്ട്" എന്നു പറഞ്ഞപ്പോൾ "എങ്കിൽ നൈസായി ഒന്നു കറുപ്പിച്ചേരേ" എന്നു പറഞ്ഞു എന്റെ യഥാർഥ നിറത്തിൽ ഫോട്ടോക്ക് വാശി പിടിച്ചപ്പോൾ "ഇതെന്തു പെണ്ണ്" എന്ന ഭാവത്തിൽ ആണെന്ന് തോന്നുന്നു അയാളെന്നെ തുറിച്ചു നോക്കി...

"കറുത്തിട്ടാണ്" എന്നൊരു കാരണം പറഞ്ഞു 19 വയസ്സിൽ കല്യാണാലോചന തുടങ്ങിയപ്പോഴാണ് യഥാർഥ പ്രതിസന്ധി ഉടലെടുത്തത്....
വിവാഹകമ്പോളത്തിൽ നിറമില്ലാതെ പ്രായവും കൂടിയാൽ കെട്ടാച്ചരക്കായി നിന്നു പോയാലോ...???
ആലോചനയും ആയി വന്ന ഒരു ചെക്കന്റെ വീട്ടുകാര് "പെണ്ണ് കറുത്തിട്ടാണ്" എന്നു പറഞ്ഞു ഒഴിവായപ്പോൾ ആണ് "പെണ്ണ് വെളുത്തതാണ് എന്നു ഞാൻ പറഞ്ഞിരുന്നില്ലല്ലോ " എന്നു അമ്മ ചൂടായതും പിന്നെ കരച്ചിൽ അതിനു അകമ്പടി സേവിച്ചതും..
അപ്പോഴാണ് ഞാൻ ശരിക്കും ചിരിച്ചത്....എന്നിട്ടു കാലിന്റെ മുകളിൽ കാലും കയറ്റിവെച്ചു നിലക്കടയും കൊറിച്ചു " കറുത്തപെണ്ണേ നിന്നെ കാണഞ്ഞിട്ടൊരു നാളുണ്ടെ..." എന്നങ് പാടി കൊടുത്തു...
അമ്മ പറയുന്ന ആളെയെ കെട്ടു എന്നത് ജീവിതവ്രതം ആയതു കൊണ്ട് അമ്മ ഒരു വെളുത്ത പയ്യനെ തപ്പി കൊണ്ടുവന്നപ്പോൾ തലകുനിച്ചു കൊടുത്തു... (കറുപ്പായിരുന്നു നുമ്മടെ പ്രിഫറൻസ്)

ഞാൻ മോട്ടിവേഷൻ സ്റ്റോറിസ് വായിക്കാറില്ല...എന്തെന്നാൽ എനിക്ക് ഞാൻ തന്നെ ഒരു ഒന്നൊന്നര മോട്ടിവേഷനാണ്...
എവിടെയും തോറ്റു പോയി എന്നെനിക്കു തോന്നുന്നില്ല ഇനി അഥവാ എവിടെയെങ്കിലും തോറ്റെങ്കിൽ അതെന്റെ കയ്യിലിരുപ്പു കൊണ്ടാണ്...

പിന്നൊരു കാര്യം പറയാതെ വയ്യ.. കറുത്തിട്ടാണ് എന്നും പറഞ്ഞു വിവാഹകമ്പോളത്തിൽ ഡിമാന്റ് കുറഞ്ഞങ്കിലും ബസിലും ട്രെയിനിലും ഒന്നും തോണ്ടലിനും കിളളലിനും ഒരിളവും കിട്ടിയില്ല...!!!!

നിറമല്ല എന്നെ ഞാനാക്കിയത്... എന്റെ കഴിവും പ്രയത്നവും തന്നെയാണ്....!!!

അതുകൊണ്ടു #WhoCaresColour...