Wednesday 08 March 2023 04:41 PM IST : By ഹരിത അശോക്

തൊലി വിണ്ടുകീറി, പാമ്പ് പടം പൊഴിക്കും പോലെ... അടുത്തിരിക്കാന്‍ പോലും പലരും ഭയന്നു: ഉള്ളുനീറും അനുഭവം, ദീപ്തിയുടെ പോരാട്ടം

deepthi_stry-cvr

‘തുറിച്ചു നോട്ടങ്ങൾ, പരിഹാസം കലർന്ന ഉപദേശങ്ങൾ, കുത്തുവാക്കുകൾ...’ പത്തനംതിട്ട സ്വദേശി ദീപ്തിയുടെ ജീവിതത്തിന്റെ കണക്കുപുസ്തകം തിരഞ്ഞാൽ വരിയും നിരയും തെറ്റാതെ ഈ പറഞ്ഞതെല്ലാം ഉണ്ടാകും. ജീവിതത്തിന്റെ ഏതെങ്കിലും ക്രോസ് റോഡിൽ വച്ച് നേരിട്ടതല്ല ദീപ്തിയുടെ ഈ പരീക്ഷണങ്ങളൊക്കെയും. ജനിച്ച് അധികനാളാകും മുന്നേ ആദ്യം സ്വന്തം ശരീരത്തോടും പിന്നെ സമൂഹത്തോടും പടവെട്ടി തുടങ്ങി ഈ സീതത്തോടുകാരി.

അധ്യാപികയുടെ മേൽവിലാസമാണ് ജീവിതം മുന്നിലേക്ക് വച്ചതെങ്കിലും ക്ലാസ് മുറികളും സിലബസുകളും താണ്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതായിരുന്നു ദീപ്തിയുടെ നിയോഗം. വെളിച്ചമെത്താത്ത ആദിവാസി ഊരുകൾ, അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെട്ട കുടിലുകൾ, അവിടേക്കെല്ലാം കരുണയുടെ കരങ്ങൾ നീട്ടി ദീപ്തിയെത്തി. അപൂർമായൊരു ശാരീരിക അവസ്ഥയുടെ പേരിൽ ദീപ്തിക്ക് നേരിടേണ്ടി വന്ന ജീവിത പോരാട്ടങ്ങളും ചില്ലറയല്ല. വനിത ഓൺലൈനോടു മനസു തുറന്നു സംസാരിക്കുമ്പോഴും ദീപ്തി വികാരാധീനയായി.

‘ജനിച്ച് അധിക നാളാകും മുമ്പേ ശരീരത്തിൽ എന്തോ ഒരു വ്യത്യാസം കണ്ടു തുടങ്ങിയിരുന്നു. ദിവസങ്ങൾ കടന്നു പോകേ തൊലിപ്പുറം പാമ്പ് പടം പൊഴിക്കുന്നതു പോലെ മാറി വരുന്നു. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും അത് വ്യാപിച്ചു. അന്ന് പരിഹാരം തേടി ആശുപത്രികൾ കയറിയിറങ്ങുമ്പോഴും നാട്ടുകാർ അടക്കം പറഞ്ഞത് മറ്റു ചിലതായിരുന്നു. മുറപ്പെണ്ണിനെ അച്ഛൻ വിവാഹം കഴിച്ചതു കൊണ്ടാണത്രേ എന്റെ ശരീരം ഇങ്ങനെ ആയത്. അമ്മ ഗർഭിണിയായിരിക്കേ അച്ഛൻ പാമ്പിനെ വല്ലതും കൊന്നിട്ടുണ്ടോയെന്നും അങ്ങനെ ചെയ്താലാണ് ശരീരം പാമ്പിന്റേതു പോലെ ആകുന്നതെന്നും മറ്റു ചിലർ.’– ദീപ്തി ആ നാളുകൾ ഓർക്കുന്നു.

deepthi-1

‘സ്കൂളിലും പൊതുയിടങ്ങളിലുമാണ് വലിയ അവഗണനകൾ നേരിട്ടത്. കൂട്ടുകാർ പലതും അടുത്തിരിക്കാൻ പോലും മടിച്ചു. എന്റെയടുത്തിരുന്നാൽ പേടിയാകുമെന്നും ക്ലാസിൽ ശ്രദ്ധിക്കാനാകില്ലെന്നും കുട്ടികളുടെ രക്ഷിതാക്കൾ പരാതി പറഞ്ഞു. ആ സമയത്ത് ഞാൻ അനുഭവിച്ച വേദനകൾക്കും സമാനതകളില്ല, തൊലി വിണ്ടുകീറി, ചോരയും പഴുപ്പും പുറത്തു വരുന്ന അവസ്ഥ. അറിയാതെയെങ്ങാനം എന്നെ തൊട്ടുപോയാൽ സുഹൃത്തുക്കൾ ഓടിപ്പോയി കൈ കഴുകും. ബസിലൊക്കെ പോകുമ്പോൾ പലരും തുറിച്ചു നോക്കും. ലെൻസ് വച്ച മാതിരി നോക്കുന്നവരോട് ഞാനെന്റെ കൈ കാട്ടിയിട്ട് ഇന്നാ നോക്കിക്കോ എന്ന് അരിശത്തോടെ പറയും. സഹയാത്രികയായ ഒരു സ്ത്രീ ഒരുവട്ടം എന്നോട് പറഞ്ഞു, റോസ് വാട്ടറും ഗ്ലിസറിനും ഉപയോഗിച്ചു നോക്കാൻ ഉപദേശിച്ചു. ആദ്യമൊന്നും കാര്യമാക്കിയില്ല. പക്ഷേ അതിശയകരമായ മാറ്റമാണ് പിന്നീട് സംഭവിച്ചത്.’– ദീപ്തി പറയുന്നു.

deepthi2

ദീപ്തിയുടെ അഭിമുഖത്തിന്റെ പൂർണരൂപം: