ഇലക്ട്രോണിക്സ് എൻജിനീയറിങ് സ്വപ്നം കണ്ടു നടന്ന കുട്ടി. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ആ സ്വപ്നം പൊലിഞ്ഞപ്പോൾ വാശിക്ക് അപേക്ഷാഫോമിലെ ആദ്യ കോഴ്സ് ആയ ആർക്കിടെക്ചർ പഠിച്ചു. ആർക്കിടെക്ചർ എന്ന വാക്കിന്റെ അർഥം പോലുമറിയാതിരുന്ന ആ കുട്ടി പിന്നീട് ആർക്കിടെക്ചറിനെ സ്നേഹിക്കാൻ തുടങ്ങി. ഒടുവിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്റീരിയർ ആർക്കിടെക്ട് ആയിമാറി. ജെബീൻ സക്കറിയാസ് ഇന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സിന്റെ നാഷനൽ പ്രസിഡണ്ട് പദവി അലങ്കരിക്കുന്നു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന ബഹുമതി ജെബീനിനു സ്വന്തം.
ഇന്ത്യയിലും പുറത്തുമായി ഇരുന്നൂറിലധികം ആർക്കിടെക്ചർ, ഇന്റീരിയർ, ലാൻഡ്സ്കേപ് പ്രോജക്ടുകൾ ജെബീൻ സക്കറിയാസ് ആർക്കിടെക്ട്സ് ചെയ്തിട്ടുണ്ട്. ലെ മെറിഡിയൻ, ലീല, മാസ്കോട്ട് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ സച്ചിൻ ടെൻഡുൽക്കറിന്റെ വില്ല ഇന്റീരിയറിൽ വരെ ജെബീന്റെ കയ്യൊപ്പുണ്ട്. കൊച്ചി കടവന്ത്രയിലാണ് ജെബീൻ സക്കറിയാസ് ആർക്കിടെക്ട്സിന്റെ ഓഫിസ്.
പുരസ്കാരങ്ങൾ ജെബീനിനു പുത്തരിയല്ല. മാസങ്ങളോളം കാത്തിരിക്കുന്ന ക്ലൈന്റ്സ് തന്നെ ജെബീനിന്റെ മികവിന് ഉദാഹരണം. പാട്ട്, നൃത്തം, എഴുത്ത് എന്നിവയൊക്കെ തന്നിലെ ഡിസൈനറെ കൂടുതൽ ക്രിയാത്മകമാക്കുന്നു എന്നു പറയുന്നു ജെബീൻ. തിരക്കുകൾക്കിടയിലും തന്റെ ഡിസൈൻ കാഴ്ചപ്പാടുകളെക്കുറിച്ച് ജെബീൻ വനിത വീടിനോടു സംസാരിക്കുന്നു.
‘‘ ഡിസൈൻ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് പ്രാധാന്യം നൽകുന്നത്. സത്യത്തിൽ സാമ്പത്തികമായി പിറകോട്ടു നിൽക്കുന്നവർക്കാണ് ഡിസൈനിന്റെ ആവശ്യം കൂടുതൽ. ധാരാളം മുറികളുള്ള ഒരു വീട്ടിൽ അൽപം സ്പേസ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ വലിയ ദുരിതങ്ങളൊന്നും സംഭവിക്കില്ല. എന്നാൽ 250 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീട്ടിൽ ഒരു വാതിലോ ജനലോ പത്തോ പതിനഞ്ചോ സെന്റീമീറ്റർ മാറിപ്പോകുന്നത് നിർണായകമാണ്. ഇവർക്കു വേണ്ടി ഡിസൈൻ ചെയ്യുക എന്നത് ധാർമ്മിക ഉത്തരവാദിത്തമാണ്. ചെറിയ പ്രോജക്ടുകളിലെ വെല്ലുവിളി ഏറ്റെടുക്കുമ്പോഴാണ് നമുക്ക് ഏറ്റവും സംതൃപ്തി തോന്നുക.
പുറംകാഴ്ചയാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതെങ്കിലും വീടിന്റെ ആത്മാവ് അകത്തളമാണ്. ആർക്കിടെക്ട് പണിയുന്ന സ്ട്രക്‌ചറിന് ജീവൻ നൽകുന്നത് ഇന്റീരിയർ ഡിസൈനർ ആണ്. ഒരു നല്ല ഡിസൈനർ ആദ്യം ഒരു നല്ല മനുഷ്യൻ ആയിരിക്കണം. ’’ ഡിസൈൻ എന്നത് ഒരു മാന്ത്രിക വടിയാണ്. അത് തൊടുമ്പോൾ ആളുകളുടെ ജീവിതം മാറിമറിയുന്നു. ഡിസൈനർ, ആർക്കിടെക്ട് എന്നിവരെയൊക്കെ ദൈവം കയ്യൊപ്പു ചാർത്തി അയയ്ക്കുന്നവരാണെന്ന് ജെബീൻ വിശ്വസിക്കുന്നു.