Saturday 07 March 2020 05:20 PM IST

‘11 വയസ്സ് മുതൽ നോക്കുവിദ്യ പാവകളി പഠിച്ചുതുടങ്ങി; മച്ചിങ്ങ വീണ് മുഖത്ത് ചതവും ഈർക്കിലി കുത്തിക്കയറലും അന്ന് പതിവാണ്’; പത്മശ്രീയേക്കാൾ തിളക്കത്തോടെ പങ്കജാക്ഷിയമ്മ!

Roopa Thayabji

Sub Editor

nokkuvidhya1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘നോക്കുവിദ്യ പാവകളി’യെ ലോകശ്രദ്ധയിൽ എത്തിച്ച പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷിയമ്മ...

‘ഗണപതി ഭഗവാൻ വരമരുളേണം... വച്ച വിളക്കിന് കൈതൊഴുന്നേൻ... ’ ഗണപതിയുടെയും സരസ്വതിയുടെയും ലക്ഷ്മീഭഗ വതിയുടെയും അനുഗ്രഹത്തിനായി പ്രാർഥിച്ചുകൊണ്ട്, നിലവിളക്കിലെ തിരി കത്തിച്ചാണ് ‘നോക്കുവിദ്യ പാവകളി’ ആരംഭിക്കുന്നത്. വിളക്കിലെ ഇരട്ടത്തിരി തെളിക്കുമ്പോൾ മുന്നിലെ തറയിലല്ല, മേൽച്ചുണ്ടിൽ ഉറപ്പിച്ചു നിർത്തിയ ചൂരൽവടിയോളം കനംകുറഞ്ഞ, രണ്ടടി നീളമുള്ള കമുകിൻ കോലിനു മുകളിലാണ്  നിലവിളക്കുണ്ടാകുക. ഒന്നു ശ്രദ്ധ തെറ്റിയാൽ വീണുപോയേക്കാവുന്ന കമുകിൻ കോലിനു മുകളിൽ ഉറപ്പിച്ച പാവകളെ വച്ച് രാമരാവണ യുദ്ധവും സീതാസ്വയംവരവുമൊക്കെ അവതരിപ്പിക്കുന്ന നോക്കുവിദ്യ പാവകളിയെ ലോകശ്രദ്ധയിലെത്തിച്ചതിനാണ് മൂഴിക്കൽ പ ങ്കജാക്ഷിയമ്മയെ തേടി പത്മശ്രീ എത്തിയത്.

കൂത്താട്ടുകുളത്തിനടുത്ത് മോനിപ്പള്ളിയിലെ വീട്ടിൽ പത്മശ്രീയേക്കാ ൾ തിളക്കത്തോടെ പങ്കജാക്ഷിയമ്മ. പക്ഷാഘാതത്തെ തുടർന്ന് ശാരീരിക പ്രയാസങ്ങൾ നേരിടുന്ന പങ്കജാക്ഷിയമ്മയ്ക്ക് ഇപ്പോൾ വേദിയിൽ പാവകളി അവതരിപ്പിക്കാനാകില്ല. കൊച്ചുമകൾ രഞ്ജിനിയാണ് ഇപ്പോൾ പാവകളി അവതരിപ്പിക്കുന്നത്. തലമുറകൾ കൈമാറി കിട്ടിയ കലാരൂപത്തിന്റെ മഹിമ ലോകമറിഞ്ഞ സന്തോഷത്തിലാണ് പങ്കജാക്ഷിയമ്മയും രഞ്ജിനിയും.

പാരമ്പര്യത്തിന്റെ കല

‘‘പാലാ ഉരുളികുന്നത്താണ് ജനിച്ചത്. അച്ഛനും അമ്മയും വല്യച്ഛനുമെല്ലാം പാവകളി ചെയ്യുമായിരുന്നു. പൂർവപിതാമഹന്മാർക്ക് തിരുവിതാംകൂർ രാജാക്കന്മാരുടെ കയ്യിൽ നിന്നു പട്ടും വളയും കിട്ടിയിട്ടുണ്ടെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നിത് ‘ഓണംതുള്ളൽ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

11 വയസ്സ് മുതൽ എന്നെയും പാവകളി പഠിപ്പിച്ചു. ഈർക്കിലിൽ കുത്തിനിർത്തിയ മച്ചിങ്ങ ബാലൻസ് ചെയ്തായിരുന്നു തുടക്കത്തിൽ പരിശീലനം. മച്ചിങ്ങ വീണ് മുഖത്ത് ചതവും ഈർക്കിലി കുത്തിക്കയറലും പതിവാണ്.

വിവാഹശേഷം മൂഴിക്കൽ തറവാട്ടിലേക്കു വന്നപ്പോൾ ഭർത്താവ് ശിവരാമ പണിക്കർക്കും കുടുംബത്തിനും പാവകളിയോട് വലിയ ഇഷ്ടം. എനിക്കായി അദ്ദേഹം പുതിയ പാവകളുണ്ടാക്കി. ഏഴിലംപാലയുടെ തടി ചെത്തിയാണ് പാവകളെ ഉണ്ടാക്കുന്നത്. വടിക്കു വേണ്ടി കമുകിന്റെ തടി ചീന്തിയെടുക്കും. കരിയും പച്ചിലച്ചാറും പഴച്ചാറുമൊക്കെ കൊണ്ടാണ് നിറങ്ങൾ കൊടുക്കുക. രാമായണത്തിലെയും മഹാഭാരതത്തിലെയും പുതിയ കഥകൾ പാവകളിക്കു വേണ്ടി ചെറുഗാനങ്ങളായി എഴുതിയതും ചിട്ടപ്പെടുത്തിയതുമെല്ലാം അദ്ദേഹം തന്നെയാണ്.

_REE1151

പാവകളിയുടെ ചിട്ട

ശ്രദ്ധയും ഏകാഗ്രതയും ഈശ്വരാനുഗ്രഹവും വേണ്ട കലാരൂപമായതിനാൽ വ്രതാനുഷ്ഠാനത്തോടെയേ പാവകളി അവതരിപ്പിക്കൂ. നിലത്തു വിരിച്ച പുൽപായിൽ ഇരിക്കും. നിലവിളക്ക് തെളിച്ചാണ് കളി ആരംഭിക്കുക. പിന്നെ കോലിനു മുകളിലെ പടിയിൽ വച്ച മൂന്നു ചെരാതുകൾ കത്തിക്കും. വേലസമുദായക്കാരുടെ കുലദൈവമായ ശിവഭഗവാന്റെ മൂക്കണ്ണു തെളിയിക്കുന്നു എന്നാണ് ഇതിന്റെ വിശ്വാസം.

കിളിപ്പാട്ട് രാമായണമാണെങ്കിൽ ആദ്യം പൈങ്കിളിയെ അ വതരിപ്പിക്കും. കമുകിൻ കോലിന്റെ നാലുഭാഗത്തും ഇരിക്കുന്ന കിളികളെ കൂട്ടിൽ നിന്ന് ഇറക്കി പടിയിലേക്ക് ഈർക്കിൽ കൊണ്ടുറപ്പിക്കും.

അടുത്തതായി ശ്രീരാമാവതാരം. അമ്പും വില്ലും പിടിച്ച ശ്രീരാമന്റെ പാവയുടെ കൈകളിലേക്ക് ബന്ധിച്ച ചരട് വലിക്കു മ്പോൾ വില്ലുകുലയ്ക്കുന്നതു പോലുള്ള ചലനങ്ങളുണ്ടാകും. സീതാ സ്വയംവരത്തിൽ ഒരുപടിയിൽ സീതയുടെയും രാമന്റെയും പാവകളെ ഒരേസമയം വയ്ക്കും. ചരടുകൾ വലിക്കുമ്പോൾ വരണമാല്യം അണിയിക്കാൻ ഇവർ കൈകളുയർത്തും. പഞ്ചവടി പ്രവേശനത്തിൽ രാമനും സീതയും ലക്ഷ്മ ണനുമുണ്ടാകും. സീതാപഹരണ സമയത്ത് രാവണനെ ജടായു തടയുന്ന രംഗത്തിലും രാമരാവണ യുദ്ധത്തിലുമെല്ലാം ഒ രേസമയം രണ്ടുപാവകൾ വീതം വരും.

രാവണവധത്തിനു ശേഷം അയോധ്യയിലേക്കു വരുന്ന രാമലക്ഷ്മണന്മാരെ ആഘോഷത്തോടെ അയോധ്യാ നിവാസികൾ സ്വീകരിക്കുന്ന അവസാന രംഗമാണ് ഏറ്റവും ശ്രദ്ധയും മികവും വേണ്ട ഭാഗം. കോലിലുറപ്പിച്ച ചക്രപ്പടിയിൽ ചുറ്റിയിട്ട കുടുക്കകളെ ഓരോന്നായി ഈർക്കിൽ കൊണ്ട് ഇളക്കിയെടുത്ത് ഞാത്തണം. കൈകൊണ്ടല്ല, നാവു കൊണ്ടാണ് ഈർക്കിൽ പിടിക്കേണ്ടത്. കത്തിമുനയിൽ ഉറപ്പിച്ചു നിർത്തിയ കമുകിൻ കോലിനു മുകളിലും, വില്ലിന്റെ ഞാണിലുമെല്ലാം പാവകളെ ബാലൻസ് ചെയ്തു നിർത്തുന്നുണ്ട് ചില രംഗങ്ങളിൽ. ഇങ്ങനെ പാവകളെ നിർത്തിയ ശേഷം ഇരുകൈകളിലും വളയങ്ങൾ വേഗത്തിൽ കറക്കും. ഒന്നര മണിക്കൂർ വരെ സമയമെ ടുത്താണ് നോക്കുവിദ്യ പാവകളി പൂർത്തിയാക്കുന്നത്.

_REE1348

തലമുറകൾ മാറുന്നു

2009ൽ പാരിസിൽ നടന്ന ടൂറിസം പരിപാടിയുടെ ഭാഗമായി കേരള സർക്കാരിന്റെ പ്രതിനിധികളായി നോക്കുവിദ്യ പാവകളി അവതരിപ്പിക്കാൻ അവസരം കിട്ടി. ആർക്കും ഒന്നും മനസ്സിലായില്ല. അതിനു ശേഷം ഓരോ രംഗത്തിനു മുൻപും കഥാസന്ദ ർഭം വിവരിക്കുന്ന പതിവു തുടങ്ങി.’’

മൂന്നു മക്കളാണ് പങ്കജാക്ഷിയമ്മയ്ക്ക്, വിജയനും രാധാമണിയും ശിവനും. വിവാഹശേഷം രാധാമണി മക്കളുമായി അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തിയതോടെയാണ് രഞ്ജിത്തിനും രഞ്ജിനിക്കും പാവകളിയിൽ ഇഷ്ടം തുടങ്ങിയത്. സ്ത്രീകളാണ് നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്നത്. അമ്മയുടെയും ചേട്ടന്റെയും നിർബന്ധം കൊണ്ടാണ് പാവകളി പരിശീലിച്ചതെന്ന് രഞ്ജിനി പറയുന്നു. ‘‘അന്നെനിക്ക് ഏഴു വയസ്സേ ഉള്ളൂ. മച്ചിങ്ങ വച്ച് പരിശീലിച്ചിട്ട് ശരിയാകുന്നേയില്ല. ചെറിയ കമുകിൻ കോലിൽ തടിക്കഷണം പിടിപ്പിച്ച് തന്നത് ചേട്ടനാണ്. രണ്ടുവർഷമെടുത്താണ് ബാലൻസ് ആയത്. ഓരോ പാവയ്ക്കും കാൽ കിലോഗ്രാം തൂക്കം വരും. മിക്ക രംഗങ്ങളിലും രണ്ടും മൂന്നും പാവകളെ ഒരേസമയം പടിയിൽ നിർത്തേണ്ടി വരും. പത്തുതലയുള്ള രാവണനും രാമരാവണ യുദ്ധവുമൊക്കെ വരുമ്പോൾ ഭാരം ഏറ്റവും കൂടുതലാകും. മുത്തച്ഛൻ ഉണ്ടാക്കിയ പാവകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.’’

പുതിയ കഥകളുമായി

ഏഴുവർഷം മുൻപ് പക്ഷാഘാതം വന്ന് പങ്കജാക്ഷിയമ്മ പിന്മാറിയതോടെ രഞ്ജിനി വേദികളിൽ സജീവമായി. സഹായിയായി അമ്മ രാധാമണി, സമയാസമയത്ത് പാവകളെ സെറ്റ് ചെയ്ത് രഞ്ജിനിയുടെ കയ്യിൽ എത്തിക്കുന്നതിനായി ചേട്ടൻ രഞ്ജിത്ത്, തുടിതാളവുമായി ആനന്ദ്, പാട്ടു പാടുന്ന ശിവദാസൻ എന്നിവരാണ് ടീമിലുള്ളത്. രംഗത്ത് അവതരിപ്പിക്കാനായി ഇപ്പോൾ പുതിയ കഥകൾ കണ്ടെത്തുന്നതും പാട്ടെഴുതി യതുമെല്ലാം ആനന്ദാണ്.

തപസ്യ പോലെ ചെയ്യേണ്ട കലയായതു കൊണ്ടാകണം ആരും ഇതു പഠിച്ചെടുക്കാൻ മുന്നോട്ടു വരുന്നില്ല. വേല സമുദായത്തിന്റെ മാത്രം കലാരൂപമായ നോക്കുവിദ്യ പാവകളി കേരളത്തിലും ഇന്ത്യയിലുമെന്നല്ല, ലോകത്തു തന്നെ അവതരിപ്പിക്കുന്ന ഏക കലാകാരി ഇപ്പോൾ രഞ്ജിനിയാണ്. ഇക്കഴി ഞ്ഞ വർഷം ബെംഗളൂരുവിൽ  നടന്ന ധാത്തോ ഇന്റർനാഷനൽ പപ്പറ്റ് ഫെസ്റ്റിവലോടെയാണ് ജീവിതം മാറിയതെന്ന് ആനന്ദും രഞ്ജിത്തും പറയുന്നു. ‘‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനത് കലാകാരന്മാരെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു അത്. അവിടെ ചെയ്ത പാവകളിക്ക് നല്ല വാർത്താ പ്രാധാന്യം കിട്ടി. പിന്നീട് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിലും പരിപാടി അവതരിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന കേന്ദ്രസർക്കാർ പ്രതിനിധികളാണ് പത്മ പുരസ്കാരങ്ങൾക്കായി കേരളത്തിൽ നിന്ന് പരിഗണിച്ചവരുടെ ലിസ്റ്റിൽ അമ്മമ്മയെ ഉൾപ്പെടുത്തിയത്. അത് ദൈവത്തിന്റെ റെക്കമെൻഡേഷനായി...’’

_REE1260

നോക്കുവിദ്യയുടെ ഐതിഹ്യം

പണ്ട് ശിവനും പാർവതിയും കുറവനും കുറത്തിയുമായി (വേലനും വേലത്തിയും) വേഷപ്പകർച്ച നടത്തിയത്രേ. ആ സമയത്ത് പാർവതീ ദേവിയെ സന്തോഷിപ്പിക്കാനായി ശിവഭഗവാൻ ഒരു കലാരൂപം അവതരിപ്പിച്ചു. വനത്തിലുള്ള ഏഴിലംപാലയിൽ നിന്ന് ചെത്തിയെടുത്ത തടികൊണ്ട് നിമിഷനേരം കൊണ്ട് പാവയുടെ രൂപമുണ്ടാക്കി, അതിനു താഴെ കമുകിൻ വടി ഉറപ്പിച്ച് ശിവഭഗവാനാണത്രേ ആദ്യമായി നോക്കുവിദ്യ പാവകളി ചെയ്തത്. ആ കലാരൂപം പിന്നീട് പിൻതലമുറക്കാരായ വേലസമുദായത്തിന് കൈമാറി കിട്ടി.

വേണ്ടത് കൂടുതൽ പ്രചാരം

വിദേശത്തും നാട്ടിലും പരിപാടികൾ അവതരിപ്പിച്ച പങ്കജാക്ഷിയമ്മയെ തേടി ഫോക്‌ലോർ അക്കാദമി അവാർഡും ഫെല്ലോഷിപ്പും എത്തിയിട്ടുണ്ട്. 84 വയസ്സുള്ള പങ്കജാക്ഷിയമ്മയുടെ സാമ്പത്തികനില മെച്ചമല്ല. രാധാമണിയുടെ പണി തീരാത്ത വീട്ടിലാണ് പങ്കജാക്ഷിയമ്മയും രാധാമണിയും രണ്ടു മക്കളും താമസിക്കുന്നത്. കൂലിപ്പണിയെടുത്താണ് അമ്മയ്ക്കു മരുന്നിനും വീട്ടുചെലവിനും രഞ്ജിനിയുടെ പഠിപ്പിനുമൊക്കെയുള്ള കാശ് രാധാമണി കണ്ടെത്തുന്നത്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയാണ് രഞ്ജിനി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രഞ്ജിത്തും ആനന്ദും (രഞ്ജിനിയുടെ അമ്മാവന്റെമകൻ) ലീവെടുത്താണ് പാവകളി ഉള്ള ദിവസങ്ങളിൽ വരുന്നത്. പക്ഷേ, അതിനുതക്ക പ്രതിഫലമൊന്നും വേദികളിൽ നിന്നു ലഭിക്കാറില്ല.

Tags:
  • Vanitha Exclusive