കലർപ്പില്ലാത്ത പ്രണയത്തിനെന്നും മധുരപ്പതിനേഴാണ് പ്രായം. ജരാനരകൾ ബാധിച്ചാലും സുഗന്ധം പരത്തി അതങ്ങനെ പൂത്തു തളിർത്തു നിൽപ്പുണ്ടാകും. പ്രണയം നേരമ്പോക്കാക്കുന്നവർക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള...ചുളിവുകൾ വീഴാത്ത പ്രണയം കൈമുതലായുള്ള രണ്ട് പേരുടെ കഥയാണ് ഇനി പറയാൻ പോകുന്നത്. ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന കാലത്ത് അനശ്വര പ്രണയത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറിയ രണ്ട് പേർ. 67കാരനായ കൊച്ചനിയൻ ചേട്ടനും 66കാരി ലക്ഷ്മിയമ്മാളും. ഡയറിമിൽക്കും ടെഡിബെയറും വർണക്കടലാസിൽ പൊതിഞ്ഞി പ്രണയദിനം കൊണ്ടാടുമ്പോൾ ഇരുവർക്കും പങ്കുവയ്ക്കാൻ ഒന്നേയുള്ളൂ. ഏത് ഇരുട്ടിലും കൈപിടിച്ചു നടത്തുന്ന 916 പ്രണയം. മനസുകളുടെ ആ ഇഴയടുപ്പമാണ് ജീവിതത്തിന്റെ ഈ വൈകിയ വേളയിലും അവരെ കൈപിടിച്ചു നടത്തുന്നത്. അവരെ ഒരുമിപ്പിച്ചത്. പ്രണയത്തിനു വേണ്ടി മരിച്ചു വീണ വാലന്റൈനും, വാലന്റൈൻ പടർത്തി വിട്ട പ്രണയവും ഈ ദിനത്തിൽ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളാകുമ്പോൾ ഇതൊന്നുമറിയാതെ തൃശൂർ കോർപ്പറേഷനു കീഴിലുള്ള സ്നേഹവീട്ടിൽ അവർ മനസു പങ്കിട്ടു കഴിയുകയാണ്. വിവാഹത്തിന്റെ പുതുക്കം വിട്ടുമാറാതെ അവർ വിശേഷങ്ങൾ പറയുകയാണ് വനിത ഓൺലൈനോട്.

ഞങ്ങൾക്ക് രണ്ടാൾക്കും ഇവിടെ സുഖം... കൊച്ചനിയൻ ചേട്ടന് കൈക്ക് ചെറിയ വയ്യായ്ക ഉണ്ട്. വയസായില്ലേ...സ്നേഹ വീട്ടിലാണെങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കി പോകുന്നതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളതെല്ലാം ഇവിടെയുള്ളവർ തരുന്നുണ്ട്.– ലക്ഷ്മിയമ്മാൾ പറഞ്ഞു തുടങ്ങുകയാണ്.
എങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങളിൽ എപ്പോഴും ഞാനൊരു ശ്രദ്ധ ചെലുത്താറുണ്ട്. സാമ്പാറും ചോറും ഒക്കെ തന്നെയാണ് അദ്ദേഹത്തിനിഷ്ടം. അത് വച്ചുണ്ടാക്കാൻ ഇവിടെ പാചകക്കാരൊക്കെ ഉണ്ടെങ്കിലും അതെന്റെ കൈകൊണ്ട് തന്നെ ഞാൻ എടുത്ത് കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. വയ്യായ്ക വരുമ്പോഴും ഞാൻ അടുത്തുണ്ടാകും.

പ്രണയദിനം...അങ്ങനെയൊക്കെയുണ്ടോ... ഇങ്ങനെയൊരു ദിവസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ സ്നേഹത്തിനും അടുപ്പത്തിനും ഒരു കുറവും വന്നിട്ടില്ല. മരിക്കുവോളം ഞങ്ങളെ ചുറ്റിപ്പറ്റി അതങ്ങനെ തന്നെയുണ്ടാകും. പിന്നെ കുട്ട്യോൾക്ക് എന്നും ആഘോഷമല്ലേ...അവർ ആഘോഷിക്കട്ടേ. സ്നേഹബന്ധങ്ങൾക്കിടയിൽ കലർപ്പുണ്ടാകരുത്. ആത്മാർത്ഥമായിരിക്കണം സ്നേഹം. നമ്മളെ വിശ്വസിക്കുന്നവർക്ക്...സ്നേഹിക്കുന്നവർക്ക് അവർ നൽകുന്നതിൻറെ രണ്ടിരട്ടിയിൽ സ്നേഹം തിരിച്ചു നൽകണം അത്രയേ പറയാനുള്ളൂ– ലക്ഷ്മിയമ്മാൾ പറയുന്നു.

പാചകമാണ് എന്റെ ജോലി. പക്ഷേ സുഖമില്ലാത്ത കാരണത്താല്‍ കഴിഞ്ഞ കുറേ നാളുകളായി എങ്ങും പോകാറില്ല. ഇവിടെ തന്നെയാണുള്ളത്. അടുത്തു തന്നെ വീട്ടിലേക്ക് പോകണമെന്ന് ആലോചിക്കുന്നു. വേറെന്തു പറയാൻ– കൊച്ചനിയൻ പറഞ്ഞു നിർത്തി.