Thursday 24 November 2022 12:13 PM IST : By സ്വന്തം ലേഖകൻ

‘ആഹ്ലാദിച്ചോളൂ, അവരെ കരയിപ്പിക്കാതിരുന്നൂടെ?’: കളിയാക്കലുകളിൽ തകരുന്ന കുഞ്ഞു ഹൃദയങ്ങൾ

argentina-fans

പോർവിളിച്ചും വെല്ലുവിളിച്ചും ബെറ്റുവച്ചും ഫുട്ബോൾ ലോകകപ്പിനെ ഉത്സവമാക്കുകയാണ് നമ്മുടെ നാട്. വീറും വാശിയുമായി കളത്തിലിറങ്ങിയ വമ്പൻമാർ തോറ്റു മടങ്ങിയതോടെ സോഷ്യൽ മീഡിയയും അടങ്ങിയിരുന്നില്ല. ഗോളടിക്കും മുന്നേ ട്രോളടിച്ച് ആവേശം ഇരട്ടിയാക്കുകയാണ്. സൗദിയോട് 2–1ന് പരാജയപ്പെട്ട മെസിപ്പടയായിരുന്നു ട്രോളൻമാരുടെ ആദ്യത്തെ ഇര. ജപ്പാനെതിരെ ഇതേ ഗോൾ നിലയിൽ കറങ്ങി വീണ മുൻ ലോക ചാമ്പ്യൻമാരായ ജർമനിയേയും അവർ വെറുതെവിട്ടില്ല. ട്രോളോടു ട്രോൾ.

കളിക്കളത്തിലെ കാഴ്ചയേക്കാളും ആവേശം നിറഞ്ഞ ആരാധക ആവേശങ്ങളും സോഷ്യൽ മീഡിയ കണ്ടു. അർജന്റീനയുടെ തോൽവിയിൽ ഹൃദയം തകർന്ന എത്രയോ പേർ. ‘തോറ്റെങ്കിലെന്താ ഇനീം കളിയുണ്ടല്ലോ’ എന്ന് പ്രതീക്ഷ കൈവിടാതെ മറ്റുചിലർ. പക്ഷേ നിങ്ങൾ ഏതു ടീമിന്റെ ആരാധകരാണെങ്കിലും ചില കാഴ്ചകൾ കണ്ടാൽ ഹൃദയം തകരും. ഇഷ്ട ടീമിന്റെ തോൽവിയിൽ ഹൃദയം തകർന്ന് കണ്ണീർവാർക്കുന്ന ചില കുഞ്ഞു മനസുകൾ. സ്വന്തം ടീം തോറ്റതിന്റെ ന്യായീകരണം നിരത്തി അവർ പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കൂരമ്പു പോലെ പതിക്കുന്ന കളിയാക്കലുകൾ അവരുടെ ഹൃദയം വേദനിപ്പിക്കുന്നു. കരയില്ലെന്നുറപ്പിച്ചിട്ടും പിടിവിട്ട് ഒടുക്കം കണ്ണീർ വാർക്കുന്നു.

പോർച്ചുഗൽ ബ്രസീൽ കൂട്ടത്തിനിടയ്ക്ക് ഒറ്റയാനായിപ്പോയ ഒരു അർജന്റീനൻ ആരാധകന്റെ കരച്ചിലാണ് ഏറ്റവും ഹൃദയ ഭേദകം, ഇനിയും കളിയുണ്ടല്ലോ എന്ന് പറഞ്ഞ് ആശ്വസിക്കുന്നുണ്ടെങ്കിലും തുടർച്ചയായ കളിയാക്കലുകൾക്കൊടുവിൽ അവന്റെ കണ്ണു നിറയുകയാണ്.

അർജന്റീനയുടെ കടുത്ത ആരാധികയായ ഒരു പെൺകുട്ടിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത മറ്റൊരു കാഴ്ച. അർജന്റീന പരാജയപ്പട്ടതിന് കൂട്ടുകാർ കളിയാക്കുമ്പോൾ സങ്കടത്തിനിടയിലും തകർപ്പന്‌‍ മറുപടി കൊടുക്കുകയാണ് കക്ഷി. കൂട്ടുകാരുടെ കൂക്കുവിളികൾക്കിടയിലും കട്ടക്കലിപ്പിൽ പ്രതികരിക്കുകയാണ് മെസ്സി ഫാനായ പെൺകുട്ടി. ‘മെസ്സി ഇനിയും കളിക്കുമല്ലോ? അപ്പോ കാണാം ബ്രസീൽ തോൽക്കട്ടെ പടക്കം പൊട്ടിക്കും’ എന്നാണ് പെൺകുട്ടി വീറോടെ അവരോട്  വിളിച്ചു പറയുന്നത്. അർജന്റീനയുടെ ജഴ്സി അണിഞ്ഞ കൂട്ടുകാരിയും  ഈ  അർജന്റീന ആരാധികയ്​ക്കൊപ്പമുണ്ട്.

ഈ കാഴ്ചകളെല്ലാം കണ്ടിരിക്കാൻ രസമായിരിക്കും. പക്ഷേ കുഞ്ഞു ഹൃദയങ്ങളെ വേദനിപ്പിക്കുമ്പോൾ കിട്ടുന്ന ആവേശത്തെ സ്പോർട്സ്മാൻ മാൻ’ സ്പിരിറ്റെന്നു വിളിക്കാനാകില്ല. കളത്തിൽ ബദ്ധ വൈരികള്‍ കൈ കൊടുത്തു പിരിയുന്നതു കണ്ടിട്ടില്ലേ, അങ്ങനെയൊന്ന് സംഭവിക്കുമ്പോഴാണ് ഫുട്ബോളിന് കൂടുതൽ സൗന്ദര്യം കൈവരുന്നത്.

വിഡിയോ