കീർത്തി നായർ എന്നു പറഞ്ഞാൽ അധികമാർക്കും അറിയുന്നുണ്ടാകില്ല. എന്നാൽ ‘മാക്കറോൺ ഗാൽ’ എന്ന ഒറ്റപ്പേരു കേട്ടാൽ ഭക്ഷണപ്രിയർക്ക് എളുപ്പം മനസ്സിലാകും. 260000 ലധികം ഫോളോവേഴ്സ് ഉള്ള ‘മാക്കറോൺ ഗാൽ’ എന്ന ഇൻസ്റ്റഗ്രാം പേജാണ് സോഫ്റ്റ്‍െവയർ എൻജിനീയറായ കീർത്തിയെ പ്രശസ്തയാക്കിയത്. തനിനാടൻ വിഭവങ്ങൾ അതിസുന്ദരമായി തയാറാക്കുന്ന വിഡിയോയും കൊതിപ്പിക്കൽ നിറഞ്ഞ വിവരണവും കണ്ടാൽ ആരുടെ വായിലും കപ്പലോടും.
‘‘കല്യാണം കഴിഞ്ഞു സ്കോട്ട്ലൻഡിലെ എഡിൻബറയിലെത്തിയപ്പോൾ നാട്ടിൽ കിട്ടുന്ന രുചികൾ മിസ്സ് ചെയ്യാൻ തുടങ്ങി. കൊതി കൂടിയപ്പോൾ ഞാൻ അന്വേഷിച്ചിറങ്ങി. നാട്ടിൽ നിന്ന് ഓൺലൈനായും ലണ്ടനിൽ നിന്നുമെല്ലാം ചട്ടിയും കലവും ഉരുളിയും പച്ചക്കറികളുമെല്ലാം വാങ്ങിത്തുടങ്ങി. വില അൽപം കൂടുതലാണെങ്കിലും എല്ലാം ഇവിടെക്കിട്ടും. എന്റെ വിഭവങ്ങളുടെ പടം അമ്മയ്ക്കും കൂട്ടുകാർക്കും അയച്ചു കൊടുക്കുമായിരുന്നു. കൂട്ടുകാർ പറഞ്ഞിട്ടാണ് ഞാൻ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയത്.’’ അമ്മ പ്രസന്നകുമാരിയാണു പാചകത്തിൽ കീർത്തിയുടെ ഗുരു.
ഇത്രയധികം ഫോളോവേഴ്സ് ഉണ്ടെങ്കിലും യാതൊരു വരുമാനവും ഇതിൽനിന്നു കീർത്തി എടുക്കുന്നില്ല. പെയ്ഡ് പ്രമോഷനും ഇല്ല. ‘‘കുഞ്ഞുന്നാൾ മുതൽ പാചകം പാഷൻ ആണ്. ആ പാഷൻ ഇപ്പോഴും പിന്തുടരുന്നു എന്നു മാത്രം. ഇവിടെ പയറും പടവലവും മത്തനും ഒക്കെ ഞാൻ നട്ടു വളർത്തുന്നുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ക്ലൗഡ് കിച്ചൺ തുടങ്ങണം. നാട്ടിൽ നിന്ന് പഠിക്കാനെത്തുന്ന കുട്ടികളും മറ്റും എപ്പോഴും ചോദിക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാമോയെന്ന്. ഒരു കൈ നോക്കണം.’’. അങ്കമാലി അത്താണിക്കടുത്തു പാറക്കടവാണു കീർത്തിയുടെ സ്വദേശം.
@macaron_gal എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ രണ്ടര ലക്ഷത്തിൽ പരം ഫോളോവേഴ്സുമായി തിളങ്ങുന്ന കീർത്തി നായരുടെ തനിനാടൻ പാചകക്കുറിപ്പ്
നെല്ലിക്ക അരച്ചു കലക്കി
തയാറാക്കിയത്: മെർലി എം. എൽദോ ഫോട്ടോ : കീർത്തി നായർ
1. ഉപ്പിലിട്ട നെല്ലിക്ക - മൂന്ന്, കുരു കളഞ്ഞത്
തേങ്ങ ചുരണ്ടിയത് - അരക്കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷണം
പച്ചമുളക് – രണ്ട്
ജീരകം - അര ചെറിയ സ്പൂൺ
തൈര് - രണ്ടു വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
2. വെളിച്ചെണ്ണ - ഒരു വലിയ സ്‌പൂൺ
3. കടുക് - അര ചെറിയ സ്‌പൂൺ
4. കറിവേപ്പില - ഒരു തണ്ട്
വറ്റൽമുളക് - മൂന്ന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മിക്സിയുടെ ജാറിലാക്കി നന്നായി അരച്ചെടുക്കുക.
∙ മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ചു കറിവേപ്പിലയും വറ്റൽമുളകും ചേർത്തിളക്കി അതിലേക്ക് അരപ്പു ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.