Friday 24 March 2023 03:16 PM IST

‘ഒരു ദിവസം 25 കിലോമീറ്ററോളം ബാൻഡുമായി നടത്തം, രാഹുലിനൊപ്പം നടന്നെത്താൻ നന്നേ ബുദ്ധിമുട്ടി’: ഒപ്പം നടന്ന സർഗധാര

Rakhy Raz

Sub Editor

sargadhara-2

ഞരമ്പുകളിലേക്ക് ആവേശത്തിര ആർത്തു കയറുന്ന അനുഭവമാണ് ബാൻഡ് മേളം. അപ്പോൾ ഭാരത ജനതയെ ഉണർത്താനുള്ള യാത്രയിൽ രാഹുൽ ഗാന്ധിക്ക് അകമ്പടിയായി സംഗീതത്തെ കൂടെ അയയ്ക്കുമ്പോൾ അതു ബാൻഡ് മേളമല്ലാതെന്ത് ?

കടൽ തൊട്ടുനിൽക്കുന്ന കന്യാകുമാരി മുതൽ കുളിരുന്ന കശ്മീർ വരെ ഒരേ വേഷത്തി ൽ ഒരേ ചുവടുകളോടെ രാഹുലിനൊപ്പം നീങ്ങിയ സർഗധാര ബാൻഡ്. ‘‘അഭിമാനിക്കാവുന്ന അനുഭവം ആയിരുന്നു ഞങ്ങൾക്ക്. ഇനി ഇതുപോലൊരു യാത്ര ചെയ്യാൻ അവസരം കിട്ടുമെന്നും തോന്നുന്നില്ല. ചരിത്രം കുറിച്ച യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം.’’ സർഗധാരാ ബാൻഡ് കോ ഓർഡിനേറ്റർ ഷമീറിന്റെ വാക്കുകളിൽ ആവേശം. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ കേരളത്തിന്റെ തുടക്കമായ പാറശ്ശാലയിൽ നിന്നു സെപ്റ്റംബർ 11നാണ് സർഗധാര രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നത്. കേരളത്തിലെ യാത്രയ്ക്ക് ഒപ്പം ചേരാൻ ക്ഷണിച്ചത് കെപിസിസി. കർണാടക മുതൽ കശ്മീർ വരെ തുടരാൻ ഏൽപിച്ചത് യൂത്ത് കോൺഗ്രസ് നാഷനൽ കമ്മിറ്റി.

കേരളയാത്രയിൽ നിന്നു തുടക്കം, ഭാരതയാത്രയിലേക്ക് കയറ്റം

2012 ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തല കാസർകോഡ് നടത്തിയ 15 ദിവസത്തെ സ്നേഹ സന്ദേശയാത്രയിൽ അഞ്ചു ദിവസം കൂടിയതാണു സർഗധാരയെ ഭാരത് ജോഡോ യാത്രയിൽ എത്തിച്ചത്. ‘‘ഞ ങ്ങളുടെ പ്രകടനം ഇഷ്ടപ്പെട്ട രമേശ് ചെന്നിത്തല തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഉമ്മൻ ചാണ്ടി നടത്തിയ കേരളയാത്രയിലും ക്ഷണിച്ചു. മുസ്‌ലിം ലീഗും പിന്നീടുള്ള പ്രോഗ്രാമുകളിലേക്കു വിളിച്ചു. കോൺഗ്രസ് പല അവസരങ്ങളിലായി നടത്തിയ യാത്രകളിലും സമ്മേളനങ്ങളിലും ഉദ്ഘാടനങ്ങളിലും സർഗധാര ഭാഗമായി.’’ യുഡിഎഫിന്റെ ഒഫീഷ്യൽ ബാൻഡ് ടീം എന്ന പേരിലാണ് ഇപ്പോൾ സർഗധാര അറിയപ്പെടുന്നത്.

കണ്ണൂരുള്ള സർഗധാരാ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ളതാണു ബാൻഡ് ടീം. ‘‘ആദ്യം ഒരു ചെറു സംഘത്തെ ചെറുപുഴക്കാരനായ ബാൻഡ് മാസ്റ്റർ ഷിനോയ് പരിശീലിപ്പിച്ചു. പിന്നീട് ഞങ്ങൾ തന്നെ കൂടുതൽപേരെ പഠിപ്പിച്ചു രണ്ടു ബാൻഡ് സെറ്റ് ഉണ്ടാക്കി. കിട്ടുന്ന വരുമാനത്തിൽ നിന്നു ടീമിന്റെ ചെലവു കഴിച്ചു ബാക്കിയുള്ള തുക സേവന പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.’’ സർഗധാരാ ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ ഇബ്രാഹിം എം.പി.

‘‘കേരള യാത്രകൾ പോലെ എളുപ്പമായിരുന്നില്ല ഭാരതയാത്ര. കാലാവസ്ഥ ഏതായാലും ഞങ്ങൾ ബാൻഡ് യൂണിഫോമിലാണല്ലോ യാത്ര ചെയ്യുന്നത്. തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളിൽ ഉള്ളിൽ ജാക്കറ്റ് ധരിച്ചിരുന്നു. രാവിലെ ആറു മണിക്കു നടത്തം തുടങ്ങിയാൽ പത്തു പത്തരയോളം നീളും. രണ്ടാമത്തെ ഷെഡ്യൂൾ നാലു മണി തൊട്ട് ഏഴു വരെ.

ഒരു ദിവസം ഇരുപത്തിയഞ്ചോളം കിലോമീറ്ററാണ് രാഹുലിനൊപ്പം ബാൻഡുമായി നടക്കേണ്ടത്. രാഹുൽ ഗാന്ധിയുടെ നടത്തം വേഗത്തിലുള്ളതാണ്. അതിനൊപ്പമെത്താൻ ആദ്യമൊക്കെ ബുദ്ധിമുട്ടി.’’ സർഗധാരയുടെ ക്യാപ്റ്റന്മാരായ എസ്. സാബീറും എം.പി ഫാസിലും പറയുന്നു.

മാർച്ചിന് ഇണങ്ങുന്ന വിധത്തിലുള്ള മ്യൂസിക് ആണു യാത്രയിൽ വായിക്കാനായി തിരഞ്ഞെടുത്തത്. ‘സാരേ ജ ഹാം സേ അച്ഛാ’ ആയിരുന്നു പ്രാരംഭ ഗാനം. ദിനാന്ത്യം ജനഗണമനയോടെ. ഇടയ്ക്കു വായിക്കാനായി പതിനൊന്നോളം മാർച്ച് ഗാനങ്ങൾ. തയാറെടുപ്പുകളിൽ സർഗധാരയ്ക്ക് ഒരു പാളിച്ചയും ഉണ്ടായിരുന്നില്ല.’’ മാനേജരും ബാൻഡ് വാദകനും കൂടിയായ പി. അർഷാദിന്റെ വാക്കുകളിൽ ആത്മവിശ്വാസം.

‘‘ഞങ്ങളുടെ ഭക്ഷണം, താമസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെല്ലാം കോൺഗ്രസ് നാഷനൽ കമ്മിറ്റി നന്നായി ശ്രദ്ധിച്ചിരുന്നു. ബാൻഡ് ഉപകരണങ്ങൾ സൂക്ഷിക്കാനും ഇടയാത്ര ചെയ്യുന്നതിനും തിരികെ പോരുന്നതിനും ഏസി ബസ് അനുവദിച്ചിരുന്നു. ക്രിസ്മസ് ദിനത്തോടനുബന്ധിച്ചു 10 ദിവസം അവധി നൽകി, നാട്ടിൽ പോകാൻ ട്രെയിൻ ടിക്കറ്റ് എടുത്തു തന്നു. ആ സമയം ഞങ്ങൾ സഞ്ചരിച്ച ബസ് ഞങ്ങളുടെ സാധനങ്ങളോടെ മെയിന്റനൻസിന് കൊടുത്തിരുന്നു. നാട്ടിൽ നിന്നു തിരികെ എത്തിയപ്പോൾ തണുപ്പകറ്റാൻ തന്നിരുന്ന ജാക്കറുകളും കമ്പിളികളും മോഷണം പോയി. വീണ്ടും ചോദിക്കാൻ മടിച്ചു തണുപ്പു സഹിച്ചാണു കുറേ ദിവസം കഴിച്ചു കൂട്ടിയത്, യാത്രയിലും രാത്രി വിശ്രമവേളയിലും. സേവാ ദളിന്റെ നാഷനൽ ക്യാപ്റ്റൻ പ്രശ്നം മനസ്സിലാക്കുകയും ഉടൻ ജാക്കറ്റുകളും കമ്പിളികളും എത്തിക്കുകയും ചെയ്തു.

ഭാരത് യാത്രികർക്കും ഞങ്ങൾക്കും യാത്രയിലുടനീളം പ്രത്യേകമായ മെനു നിശ്ചയിച്ചിരുന്നു. ഓരോ സംസ്ഥാനത്തും ഇതേ ഭക്ഷണം ഉണ്ടാക്കുന്നതിനായി കേറ്ററിങ് കാരെ ഏൽപ്പിച്ചിരുന്നു. അതോടൊപ്പം അതതു സംസ്ഥാനത്തെ പ്രത്യേകതയുള്ള ഭക്ഷണങ്ങളും ലഭിക്കും. ഓരോ സംസ്ഥാനവും കടക്കുന്ന അവസാന ദിവസം സംസ്ഥാനത്തെ വിഭവങ്ങൾ ഉൾപ്പെടുത്തി വിരുന്നുണ്ടാകുമായിരുന്നു. കടുത്ത സെക്യൂരിറ്റിയിലാണു ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഏറ്റവും ഗംഭീരമായ വിരുന്ന് മഹാരാഷ്ട്രയിലേതായിരുന്നു.

നിശ്ചയിച്ച മെനു പ്രകാരമുള്ള ഭക്ഷണം ഇഷ്ടപ്പെടാത്തവരും കൂട്ടിത്തിലുണ്ടായിരുന്നു. അവർ ബ്രെഡും ജാമും കൊണ്ടാണ് ഭക്ഷണപ്രശ്നം പരിഹരിച്ചത്.’’ എന്നു സാബിർ.

‘‘മെനു അനുസരിച്ച് ഉപ്പുമാവും മസാല ദോശയും ഒ ക്കെയാണു ലഭിച്ചിരുന്നതെങ്കിലും അതിനൊന്നും നാട്ടിലെ രുചി ഉണ്ടായിരുന്നില്ല. രാജസ്ഥാനിൽ എത്തിയ അന്ന് അ ദ്‌ഭുതം എന്നു പറയട്ടേ, നാട്ടിലെ അതേ രുചിയുള്ള മസാ ല ദോശ ആണു വിളമ്പിയത്. അന്നു ഞങ്ങളെല്ലാവരും മൂന്നും നാലും മസാല ദോശ അകത്താക്കി.’’ മധ്യപ്രദേശിൽ നിന്നു കിട്ടിയ മട്ടൺ ബിരിയാണിയുടെ രുചി ഓർത്താൽ നാവിൽ ഇപ്പൊഴും വെള്ളമൂറുമെന്നു ഫാസിൽ.

‘‘ഓരോ സംസ്ഥാനത്തും തനതു കലകളും രാഹുൽജിക്കായി അവതരിപ്പിക്കപ്പെട്ടിരുന്നു. അതെല്ലാം കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും ലഭിച്ചു.’’

sarga-dhara

സേവനത്തിന്റെ പാതയിൽ

‘‘രാഹുൽ ഗാന്ധിയുടെ മുന്നിലാണ് ബാൻഡ് നടക്കുന്നത്. ഞങ്ങൾക്കു തൊട്ടുപിന്നിൽ സെക്യൂരിറ്റിയുടെ വലയത്തിൽ രാഹുൽ ഗാന്ധി. അതായിരുന്നു പൊസിഷൻ. താ മസവും രാഹുൽ ഗാന്ധിക്കൊപ്പം തന്നെ. അദ്ദേഹത്തോടൊപ്പം മുഴുവൻ യാത്രയിലും ഭാഗമായ 230 യാത്രികരും കണ്ടെയ്നറുകളിലായിരുന്നു താമസം. ചെല്ലുന്നിടത്തെ ഏതെങ്കിലും സ്കൂൾ ഗ്രൗണ്ടിലോ തുറസ്സായ സ്ഥലങ്ങളിലോ ആണു കണ്ടെയ്നറുകൾ സജ്ജീകരിക്കുക.

ഞങ്ങളുടെ യൂണിഫോം തൂവെള്ളയാണ്. അത് എന്നും അലക്കാനുള്ള സൗകര്യം ക്യാംപിൽ പലപ്പോഴും ഉണ്ടാകില്ല. അതുകൊണ്ട് കഴിവതും അഴുക്കു പറ്റാതെ ശ്രദ്ധിക്കണം. അതു കണ്ടെയ്നറിൽ താമസിച്ചാൽ സാധിക്കില്ല എ ന്നതുകൊണ്ടു മാത്രം ഞങ്ങളുടെ താമസം ഹോട്ടൽ മുറിയിലാക്കി. മൂന്നു ജോഡി വസ്ത്രങ്ങളും എക്സ്ട്രാ ഫിറ്റിങ്സുമാണു ഞങ്ങൾ കരുതിയിരുന്നത്.

25 പേരുള്ള ഞങ്ങളുടെ ബാൻഡ് ടീമിൽ നിന്ന് 16 പേരാണു ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. പല മേഖലകളിൽ ജോലികൾ ചെയ്യുന്ന വ്യക്തികളാണു ബാന്‍ഡിലുള്ളവർ. ബാൻഡിനോടുള്ള ഇഷ്ടം കൂടി കൊണ്ടാണ് ഈ കൂട്ടായ്മ രൂപപ്പെടുന്നത്.

എനിക്കു ബാങ്കിലാണു ജോലി, ഒപ്പമുള്ളവരിൽ മരം മുറിക്കുന്നയാൾ, ഓഫിസ് ജോലിക്കാർ, ഓട്ടോ ഡ്രൈവർ, ചുമട്ടുതൊഴിലാളി, ഷെഫ് ഒക്കെയുണ്ട്. അവധി ക്രമീകരിച്ചാണു ബാൻഡിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. 25 പേർ ഉള്ളതു കൊണ്ട് അത്യാവശ്യത്തിന് ആൾ ഏതു പ്രോഗ്രാമിനും ഉണ്ടാകും,’’ എന്നു കോ ഓർഡിനേറ്റർ കെ. ഷമീർ.

‘‘2022 സെപ്റ്റംബർ ഏഴിന് തുടങ്ങി 2023 ജനുവരി 30ന് രാഹുൽജിയുടെ യാത്ര സമാപിച്ചു. പിന്നെയും കുറേ ദിവസം കഴിഞ്ഞാണു ഞങ്ങൾ നാട്ടിലേക്കു മടങ്ങിയത്. ഇന്ത്യ കാണാൻ കിട്ടിയ അപൂർവ അവസരമല്ലേ. സന്ദർശിക്കാവുന്ന സ്ഥലങ്ങളൊക്കെ സന്ദർശിച്ചാണു മടക്കം. അങ്ങോട്ടു പോകുമ്പോൾ വസ്ത്രങ്ങളും ബാൻഡ് ഉപകരണങ്ങളും മാത്രമേ ബസിൽ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങോട്ടു വരുമ്പോൾ വീട്ടുകാർക്കും കൂട്ടുകാർക്കുമായി വാങ്ങിയ കൗതു ക വസ്തുക്കളും വസ്ത്രങ്ങളും സമ്മാനങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയായിരുന്നു ബസ്.’’

sargadhara-4

രാഹുൽജിയുടെ ലക്ഷ്യം ഞങ്ങളുടേതും

‘‘അടുത്തറിഞ്ഞാൽ ആർക്കും രാഹുൽജിയെ ഇഷ്ടപ്പെടാതിരിക്കാനാകില്ല. പ്രോഗ്രാം കണ്ടു രാഹുൽ ഗാന്ധിക്ക് ഇ ഷ്ടപ്പെട്ടതു കൊണ്ടു കൂടിയാണു യൂത്ത് കോൺഗ്രസ് നാഷനൽ കമ്മിറ്റി ഞങ്ങളെ യാത്രയിലൂടനീളം കൂടെ കൂട്ടിയത്. ഇടയ്ക്കിടെ തോളത്തു തട്ടി അദ്ദേഹം അഭിനന്ദിക്കും. അതു നമുക്കു തരുന്ന ഊർജം വലുതായിരുന്നു.

രാഹുൽ ഗാന്ധി ഈ യാത്ര നടത്തുന്നതിന്റെ ലക്ഷ്യവും ഞങ്ങളെ സ്വാധീനിച്ച ഘടകമാണ്. ഇന്ത്യയുടെ മതേതരത്വവും സഹിഷ്ണുതയും തിരികെ കൊണ്ടുവരിക എന്നത് ഏതൊരു പൗരനെയും പോലെ ഞങ്ങളും ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെയാണ് വളരെയധികം ത്യാഗം സഹിച്ചു യാത്രയുടെ ഭാഗമായത്.

രാജസ്ഥാനിൽ വലിയ പൊടിയായിരുന്നു. പഞ്ചാബിൽ അസഹനീയമായ തണുപ്പും. കശ്മീരിൽ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം തണുപ്പിനെ പ്രതിരോധിക്കാ ൻ ജാക്കറ്റ് ഉപയോഗിക്കുമ്പോൾ രാഹുൽ ഗാന്ധി പരമാവധി സമയവും സാധാരണ ടീഷർട്ടും പാന്റുമായിരുന്നു ധരിച്ചിരുന്നത്. ജാക്കറ്റും സ്വറ്ററും ഒന്നുമില്ല.

കശ്മീരിൽ കടുത്ത സെക്യൂരിറ്റി ഉണ്ടായിരുന്നു. പ്രോഗ്രാമിന്റെ പ്ലാനിങ് അവസാന നിമിഷത്തിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. ഏതു ലൊക്കേഷനിൽ നിന്നു തുടങ്ങും എവിടെ അവസാനിക്കും എന്ന് അറിവു കിട്ടുന്നതു തലേന്നു രാത്രി 10 മണിക്കു ശേഷം മാത്രമായിരുന്നു.

നാട്ടുകാഴ്ചകളായിരുന്നു അടുത്ത സന്തോഷം. ഓറഞ്ച് – ആപ്പിൾ തോട്ടങ്ങൾ, നോക്കെത്താ ദൂരം നീണ്ടുകിടക്കുന്ന പച്ചക്കറി തോട്ടങ്ങൾ, കൽക്കരി ഖനികൾ, കരിമണൽ അങ്ങനെ ഓർമയിൽ തങ്ങി നിൽക്കുന്ന എത്രയോ കാഴ്ചകൾ.

അതിശയിപ്പിച്ച മറ്റൊരു കാര്യം രാഹുൽജിക്ക് ഭാരതത്തിൽ ലഭിക്കുന്ന സ്വീകാര്യത ആണ്. ഓരോ സംസ്ഥാനത്തും രാഹുൽജിയെ കാണാനായി സ്കൂൾ കുട്ടികളുംസ്ത്രീകളും വൃദ്ധരായ ആളുകളും വരെ വന്നിരുന്നു. പ്രായവും കാലാവസ്ഥയും മറന്ന് ആളുകൾ വഴിനീളെ രാഹുൽ ഗാന്ധിയെ ഒരു നോക്കു കാണാൻ അണിനിരന്നിരുന്നു.

കശ്മീരിൽ കൊടും തണുപ്പിൽ കൈക്കുഞ്ഞിനെയുമെടുത്തു അമ്മമാർ വഴിയരികിൽ എത്തിയിരുന്നു. ജാതി മത സംസ്ഥാന വേർതിരിവുകൾ മറന്ന് ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന താളത്തിലേക്ക് ഓരോ ഭാരതീയന്റെയും ഹൃദയമിടിപ്പു മാറ്റാൻ ഈ യാത്രയ്ക്ക് കഴിയും എന്നാണു ഞങ്ങളുടെയും പ്രതീക്ഷ.

രാഖി റാസ്