Friday 24 March 2023 03:26 PM IST : By സ്വന്തം ലേഖകൻ

‘ആദ്യത്തെ കുഞ്ഞിനെ അമ്മയ്ക്കു നഷ്ടമായി, 9 മാസം ബെഡ്റെസ്റ്റ് എടുത്തു കിട്ടിയതാണ് എന്നെ’: പ്രേക്ഷകരുടെ സ്വന്തം റോക്കി ഭായ്

sachin-santhosh-serial അച്ഛൻ സന്തോഷ് കുമാറിനും അമ്മ ഗീതാകുമാരിക്കും ഒപ്പം സച്ചിൻ

പാടാത്ത പൈങ്കിളി സീരിയലിൽ വില്ലത്തരമൊക്കെ ചെയ്ത് ആളുകളുടെ ‘അപ്രീതി’ വേണ്ടുവോളം നേടിനിന്ന സമയത്താണു സച്ചിൻ സന്തോഷിനെ തേടി ‘തുമ്പപ്പൂ’വിലെ നായകവേഷമെത്തിയത്. അതും ക്ലിക്കായതോടെ ഒരേസമയം നായകനായും വില്ലനായും സച്ചിൻ ടെലിവിഷനിൽ നിറഞ്ഞു. പിന്നീട് ‘പാടാത്ത പൈങ്കിളി’യിലെ ഭരത് വില്ലത്തരമൊക്കെ വിട്ട് നല്ല കുടുംബസ്ഥനായി. ഭാര്യയെ ‘പ്രണയിച്ചു കൊല്ലുന്ന’ റൊമാന്റിക് വില്ലൻ പെൺകുട്ടികളുടെ മനസ്സിൽ ഹീറോയായി.

സീരിയലിന്റെ ലൊക്കേഷനിൽ നിന്നു കവടിയാറിലെ വീട്ടിലെത്തിയതേയുള്ളൂ സച്ചിൻ. അടുത്ത ദിവസം മുതൽ ‘തുമ്പപ്പൂ’ വിന്റെ ഷെഡ്യൂളുണ്ട്. രണ്ടു സീരിയലുകൾക്കിടയിലെ ഈ സംസാരത്തിനിടെ സച്ചിൻ പറഞ്ഞതും പ്രേക്ഷകരുടെ ഇഷ്ടത്തെ കുറിച്ചാണ്.

ഒരു സീരിയലിൽ വില്ലൻ, അടുത്തതിൽ നായകൻ. എങ്ങനെ മാനേജ് ചെയ്തു ?

ഒരു അഭിനേതാവിനു കിട്ടുന്ന വലിയ ഭാഗ്യമല്ലേ ഒരേ സമയം രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ.

ഭരത്തായി കാസ്റ്റ് ചെയ്തപ്പോൾ എ ന്റെ മുഖം വില്ലനു ചേരുമോ എന്നു ചെറി യ ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടു മാനറിസത്തിലും ഭാവങ്ങളിലും മനപൂർവം വില്ലത്തരം കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ, അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമകരമായ കഥാപാത്രം രമേശന്റേത് ആയിരുന്നു. കാണുന്നവർക്കെല്ലാം സ്നേഹം തോന്നുന്ന കഥാപാത്രമാണ്. കൂടാതെ ഇത്തിരി വിക്കുമുണ്ട്. തികഞ്ഞ ലാളിത്യത്തോടെ അഭിനയിക്കണം.

ചില സമയത്തു രണ്ടു സീരിയലും ഒ ന്നിച്ചു വരും. ഒരേ ദിവസം നാലു തവണ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താണ് അഭിനയിക്കുന്നത്. ഒരിക്കൽ തുമ്പപ്പൂവിന്റെ ലൊക്കേഷനിൽ നിന്നു പാഞ്ഞു പാടാത്ത പെങ്കിളിയുടെ സെറ്റിലെത്തി. ഡ്രസ്സ് മാറി ക്യാമറയ്ക്കു മുന്നിൽ വന്നു നിന്ന് ആക്ഷൻ കേട്ടപ്പോൾ, വില്ലനായ ഭരത് അതാ വിക്കി വിക്കി ഡയലോഗ് പറയുന്നു. എല്ലാവരും ചിരിച്ചുമറിയുന്നതു കണ്ടപ്പോഴാണ് അബദ്ധം മനസ്സിലായത്.

ഇപ്പോൾ അതു മാറി. 10–12 ദിവസമാണ് ഓരോ സീരിയലിന്റെയും ഷെഡ്യൂൾ. ഒന്നു കഴിഞ്ഞു ചെറിയ ബ്രേക്കിനു ശേഷമേ അടുത്തതുള്ളൂ. ഓരോ സെറ്റിലേക്കും വണ്ടി കയറുമ്പോൾ തന്നെ മനസ്സുകൊണ്ട് ആ കഥാപാത്രമാകും.

അഭിനയത്തോടുള്ള ഇഷ്ടം ചെറുപ്പം മുതലേ ഉണ്ടോ ?

അച്ഛൻ സന്തോഷ് കുമാർ 30 വർഷമായി ടിവി–ഫിലിം മേഖലയിലുണ്ട്. 15 വർഷമായി രജപുത്ര സ്റ്റുഡിയോയുടെ ഭാഗമാണ്.

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം സ്കൂളിലിരിക്കുമ്പോൾ അച്ഛൻ വന്നു വിളിച്ചുകൊണ്ടു പോയി, ‘സ്വപ്നം’ സീരിയലിൽ അഭിനയിക്കാന്‍. നോട്സ് എഴുതുന്നതിനിടെ ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്യുന്നതായിരുന്നു ആദ്യ രംഗം. അവർ പറഞ്ഞതുപോലെ ചെയ്തു എന്നല്ലാതെ അഭിനയമാണെന്നൊന്നും മനസ്സിലായില്ല. ആ സീരിയലിൽ എന്റെ ചേച്ചിയായി അഭിനയിച്ചത് സനൂഷയാണ്. മികച്ച ബാലതാരത്തിനുള്ള അവാർഡ് അതിലെ കഥാപാത്രത്തിലൂടെ ലഭിച്ചു. പിന്നെയും ചില സീരിയലുകളിൽ ബാലതാരമായി.

റീഎൻട്രി നടത്തിയത് കൗമാരക്കാരനായ ശേഷം ഏഴു രാത്രികൾ എന്ന സീരിയലിലൂടെയാണ്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടു വീണ്ടും അവസരം തേടിക്കൊണ്ടിരുന്നു. ഓൺ സ്ക്രീൻ അല്ലെങ്കിൽ ഓഫ് സ്ക്രീനിലെങ്കിലും ഉണ്ടാകണം എന്ന ആഗ്രഹം കൊണ്ടാണു വിഡിയോഗ്രഫിയിൽ ഡിപ്ലോമ പഠിച്ചത്.

മികച്ച കഥാപാത്രം കിട്ടാൻ വൈകിയോ ?

പല സീരിയലുകൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ക ഥാപാത്രം കിട്ടാൻ 2020 വരെ കാത്തിരിക്കേണ്ടി വന്നു. മുൻപ് ഒരു സീരിയലിലേക്ക് എഗ്രിമെന്റ് വരെ ഒപ്പിട്ട ശേഷം ആ പ്രോജക്ടിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മനസ്സു നൊന്തിരിക്കുമ്പോഴാണു പ്രൊഡക്‌ഷൻ കൺട്രോളർ വിഷ്ണു വഴി ‘പാടാത്ത പൈങ്കിളി’യുടെ ഓഫർ വരുന്നത്.

അച്ഛൻ ഈ മേഖലയിൽ ഉണ്ടായിട്ടു കൂടി എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായി എന്നു പറയുമ്പോൾ മനസ്സിലാക്കാമല്ലോ അത്രയേറെ മത്സരം ഇവിടെ ഉണ്ടെന്ന്. സ്വയം മെച്ചപ്പെടുത്തി മുന്നോട്ടു പോകുക മാത്രമാണു വഴി. ഞാൻ സായി ഭക്തനാണ്. വിശ്വാസത്തോടെ കാത്തിരുന്നു, അതിന്റെ ഫലം കിട്ടി.

ഇതിനിടെ ആരോഗ്യം മോശമായെന്നു കേട്ടല്ലോ ?

2022 ജനുവരിയിലാണു സംഭവം. രണ്ടു സീരിയലിന്റെയും വർക് ഒരുപോലെ പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരു ദിവസം പെട്ടെന്നു നടുവിനൊരു പിടുത്തം. എത്ര ശ്രമിച്ചിട്ടും നിവർന്നു നിൽക്കാൻ പറ്റുന്നില്ല. കിടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ വേദന.

ഡോക്ടർ പറഞ്ഞത് മരുന്നും വിശ്രമവും കൊണ്ടു മാറുമെന്നാണ്. കുറച്ചു ദിവസം മരുന്നു കഴിച്ചെങ്കിലും വീണ്ടും കടുത്ത വേദന. അന്നത്തെ ഫൈറ്റ് സീനിൽ വേദന സഹിച്ച് അഭിനയിച്ച്, ഒരുവിധം ഷൂട്ട് തീർത്ത് ആശുപത്രിയിലേക്ക് ഓടി. വിശദ പരിശോധനയിലാണു ഡിസ്ക് ബൾജിങ് ആണെന്നും വേഗം സുഖപ്പെടണമെങ്കിൽ സർജറി വേണമെന്നും അറിഞ്ഞത്. വിശ്രമത്തിലൂടെ പതിയെ സുഖപ്പെടുത്താനാകുമെങ്കിലും ബ്രേക്ക് എങ്ങനെ എടുക്കുമെന്നറിയില്ല.

സങ്കടത്തോടെ പാടാത്ത പൈങ്കിളി ടീമിനെ വിളിച്ചു കാര്യം പറഞ്ഞു. അവർ സ്ക്രിപ്റ്റിൽ ചെറിയൊരു മാറ്റം വരുത്തി. ഭരത്തിനു നടുവിന് ഉളുക്ക് വന്നതുകൊണ്ട് ഒരു മാസത്തേക്കു തിരുമ്മാൻ വിട്ടു എന്നാക്കി കഥ.

ആ ഗ്യാപ്പിൽ എനിക്കു വിശ്രമിക്കാൻ അവസരം കിട്ടി. ആരോഗ്യത്തിനു പ്രശ്നമാകാത്ത തരത്തില്‍ ‘തുമ്പപ്പൂ’വിലും അഭിനയിച്ചു. സീരിയൽ സെറ്റിൽ നിന്ന് എടുത്തുകൊണ്ടു വരേണ്ട സാഹചര്യം വരെയുണ്ടായിട്ടും അഭിന യത്തിൽ നിന്നു മാറിനിൽക്കാൻ മനസ്സു വന്നില്ല.

sachin-actor

ആ തീരുമാനത്തെ വീട്ടുകാർ എതിർത്തില്ലേ ?

അമ്മ ഗീതാകുമാരി വീട്ടമ്മയാണ്. ആദ്യത്തെ കുഞ്ഞിനെ അമ്മയ്ക്കു നഷ്ടമായ ശേഷം ഒൻപതു മാസം ബെഡ്റെസ്റ്റ് എടുത്തു കിട്ടിയതാണ് എന്നെ. ആ വാത്സല്യം ആവോളമറിഞ്ഞാണു വളർന്നത്. അപ്പോൾ പിന്നെ അവർക്കു ടെ ൻഷൻ ഇല്ലാതിരുക്കുമോ. പക്ഷേ, അതിനൊപ്പം അവരെന്റെ മനസ്സ് അറിഞ്ഞു.

സുഹൃത്തുക്കളുമായി കറങ്ങി നടക്കുന്ന, പതിവായി ട്രിപ് ഒക്കെ പോകുന്ന ആളായിരുന്നു ഞാൻ. പക്ഷേ, സീരിയലിൽ സീരിയസ്സായതോടെ അഭിനയം തന്നെയായി പാഷനും പ്രഫഷനും. അത്ര സെക്യൂരിറ്റി ഇല്ലാത്ത കരിയർ ആയതുകൊണ്ടു വിദ്യാഭ്യാസത്തിൽ ശ്രദ്ധ വേണമെന്നു മാത്രമേ വീട്ടിൽ നിന്നു പറഞ്ഞുള്ളൂ. അഭിനയം തന്നെയാണ് ആഗ്രഹമെന്നറിഞ്ഞതോടെ അവർ കൂടെനിന്നു. അതുപോലെ തന്നെയായിരുന്നു ആരോഗ്യപ്രശ്നം വന്നപ്പോഴും.

ഇടയ്ക്കു സോഷ്യൽ മീഡിയ കല്യാണം കഴിപ്പിച്ചല്ലോ ?

പാടാത്ത പൈങ്കിളിയില്‍ എന്റെ നായികയായ ഐശ്വര്യയുടെ വിവാഹം നടന്നപ്പോൾ സോഷ്യൽ മീഡിയയിൽ പരന്നത് ഞങ്ങളുടെ സീരിയൽ കല്യാണത്തിന്റെ ഫോട്ടോയാണ്. അതിന്റെ തുമ്പും പിടിച്ച് ‘സച്ചിൻ ഐശ്വര്യയെ കെട്ടിയേ’ എന്നാഘോഷമായി. ഗോസിപ്പിന് കുറവില്ലാത്ത മേഖലയാണല്ലോ സീരിയലും സിനിമയുമൊക്കെ. ഒരു പെൺകുട്ടിയോടൊപ്പമുള്ള ഫോട്ടോ ഇട്ടാൽ അതിന്റെ പിന്നിലെ കഥയറിയാതെ പലർക്കും ഉറക്കമില്ല.

സച്ചിന്റെ സ്റ്റൈലിനും ആരാധകരുണ്ട്?

മുടി വളർത്തിയ സമയത്ത് ഏറ്റവുമധികം കേട്ട കമന്റ് ‘കെജിഎഫി’ലെ റോക്കി ഭായിയെ പോലുണ്ടല്ലോ എന്നാണ്.

എന്റെ കസിനും എന്നെപ്പോലെയാണ്, ഹെയർ സ്റ്റൈലും താടിയുമൊക്കെ ഇതുപോലെ തന്നെ. അവൻ പുറത്തുപോകുമ്പോൾ പലരും വന്നു ഭരത്തല്ലേ, രമേശനല്ലേ എന്നു ചോദിക്കാറുണ്ടത്രേ.

എന്നോടുള്ള രൂപസാമ്യം കാരണം ഞാനാണെന്നു ക രുതി ചിലർ അവനെയും അഭിനന്ദിച്ച കഥയൊക്കെ ഇടയ്ക്കു പറയും. അതൊക്കെ കേൾക്കുമ്പോഴാണ് ആളുകളുടെ സ്നേഹം എനിക്കു ലഭിക്കുന്നതിലും ഇരട്ടിയാണെന്നു മനസ്സിലാകുന്നത്.

അമ്മു ജൊവാസ്

ഫോട്ടോ : സുഭാഷ് കുമാരപുരം