Wednesday 16 November 2022 12:36 PM IST

പരിഹസിച്ചവരും ചവിട്ടി താഴ്ത്തിയവരും ഉണ്ട്... ഈ നേട്ടം കാണാൻ ബാപ്പയില്ലാത്തത് സങ്കടം: സജീനയുടെ ചിരിവഴി

Vijeesh Gopinath

Senior Sub Editor

sajeena-standup

ചിരിക്കാൻ എളുപ്പമാണെങ്കിലും ചിരിപ്പിക്കൽ അത്ര എളുപ്പമല്ലല്ലോ. അതിന് ചിരിയുടെ ‘ലാടവൈദ്യം അറിയണം.

സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന മൂന്ന് ചിരിക്കുടുക്കകളെ പരിചയപ്പെടാം. മുന്നിൽ മൈക്ക് ഉണ്ടെങ്കിൽ ഒറ്റനിൽപ്പിൽ ചിരിയുടെ ഒാലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമൊക്കെ പൊട്ടിക്കാൻ അറിയുന്നവർ. ചാനലുകളിലൂം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചിരിയുടെ വെടിക്കെട്ടൊരുക്കുന്ന സജീനയുടെ കഥ. മൈക്ക് ഒാൺ ആയി കഴിഞ്ഞു. ഇനി ചിരിയിലേക്കുള്ള വഴി...

ജീവിതം എമ്മ പുഞ്ചിരി

എന്റെ പേര് സജീന. ഇപ്പം താമസിക്കുന്നത് കൊല്ലം കരിക്കോട്. വാപ്പായും ഉമ്മായും നാലു കുട്ടികളും അടങ്ങുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. വലിയ ആർഭാടമൊന്നുമില്ലാത്ത ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന ഫാമിലി. വാപ്പായ്ക്ക് ഒരു ചായക്കട ഉണ്ടായിരുന്നു. ഒന്നിനും കുറവില്ലാതെ ഞങ്ങളുടെ ആഗ്രഹങ്ങൾ ആവും വിധം സാധിച്ചു തരാൻ വാപ്പായ്ക്ക് കഴിഞ്ഞു.

ഏഴാം ക്ലാസുവരെ സ്പോർട്സ് ആയിരുന്നു മെയ്ൻ. സ്റ്റേജൊന്നും നമുക്കു പറ്റിയ പണിയല്ലെന്നാണ് വിചാരിച്ചത്. ആദ്യത്തെ സ്കൂൾ സ്റ്റേജ് എന്നു പറയുന്നത് തിരുവാതിര കളിയായിരുന്നു. അതൊരു ‌വൻ വിറ്റാണ്. തിരുവാതിര കളിച്ചോണ്ടിരുന്ന സമയത്ത് എന്റെ അടുത്ത് നിന്നവള് മുണ്ടിലങ്ങ് ചവിട്ടി. അതങ്ങഴിഞ്ഞു പോയി. സെറ്റും മുണ്ടിന്റെയും ഒരെണ്ണം എടുത്ത് മുലക്കച്ച കണക്ക് കെട്ടിയല്ലേ അന്നത്തെ കളി. ഇപ്പഴത്തെപോലെ ലഗ്ഗിൻസോ ബർമുഡയോ ഉണ്ടോ?. ഒരു പെറ്റിക്കോട്ട് മാത്രം ഇട്ടുകൊണ്ട് സ്റ്റേജിലുള്ള ആ നിൽപ്പ് ഹോ... ഒാർക്കുമ്പോൾ ചമ്മലാ...

പിന്നീടെങ്ങനെയോ അഭിനയ മോഹമായി. എന്നെക്കാൾ ആഗ്രഹമായിരുന്നു ബാപ്പയ്ക്ക് ഞാനൊരു ആക്ടറായി കാണാൻ. നമുക്ക് പരിമിതകൾ ഒരുപാടായിരുന്നു. ഇന്നത്തെപ്പോലെയുള്ള അവസരങ്ങൾ ഇല്ല. വേദികളുംഇല്ല. സോഷ്യൽമീഡിയ ഇല്ലേയില്ല

എന്നാലും എന്നോടൊപ്പം കലയെന്ന മോഹവും വളർന്നു. അങ്ങനെയിരിക്കെയാണ് പ്രഫഷണൽ നാടകത്തിൽ അഭിനയിക്കാൻ ഓച്ചിറയിലുള്ള നിസാർ ക്ഷണിച്ചത്. നാടകം നടന്നില്ലെങ്കിലും അദ്ദേഹവുമായി അടുപ്പമുണ്ടായി. ഒരേ വഞ്ചിയിൽ തുഴഞ്ഞു പോകാം എന്നു ഞങ്ങൾ തീരുമാനിച്ചു. കല്യാണവും കഴിഞ്ഞു. .

രണ്ടു മക്കളായി. മൂത്ത മകൻ മുഹമ്മദ് നിജാസ്. രണ്ടാമത്തത് മുഹമ്മദ് റിജാസ്. വീട്ടിൽ പക്കാ കോമഡിയാണ്. എന്തെങ്കിലും കുരുത്തക്കേടുകൾ മക്കൾ കാണിക്കുമ്പോൾ ഇക്ക വഴക്ക് പറയും–‘‘ ഇവന്മാരെ ജനിപ്പിച്ച സമയത്ത് വല്ല വാഴയെങ്ങാനും വെച്ചാൽ മതിയായിരുന്നു’’ ഒരിക്കൽ‌ ഇളയവൻ അതിനൊരു കൗണ്ടറടിച്ചു– ‘ വാഴ വച്ചാല്‍ പോരായിരുന്നോ? ഞങ്ങൾ പറഞ്ഞോ വരണോന്ന്.’ ഇത്രയും ഡയലോഗ് അവിടെ നടക്കുമ്പോളേക്ക് ഞാൻ കേറിയങ്ങ് ഇടപെട്ടു. ചെക്കന്റെ ചോദ്യത്തിന് ഉത്തരം കൊടുത്തല്ലേ പറ്റൂ. ‘‘ അതേ . ഞങ്ങൾ ആഗ്രഹിച്ചിട്ടാ നീ വന്നത്. അപ്പം ഞങ്ങളുടെ ആഗ്രഹം കണക്കാണ് ജീവിക്കേണ്ടത് അങ്ങനെ പറഞ്ഞ് അവന്റെ വായങ്ങ് അടപ്പിച്ചു.

ഒരു തുണിക്കടയിലായിരുന്നു എനിക്ക് ജോലി. ഞാൻ എന്തെങ്കിലും തമാശ പറയുമ്പോൾ ഒപ്പം ജോലി ചെയ്യുന്നവർ ഭയങ്കരമായിട്ട് ചിരിക്കും. പിന്നെ എനിക്ക് സംശയാമായി. എന്റെ കോമഡി ചീഞ്ഞുപോയിട്ടുള്ള കളിയാക്കിച്ചിരിയാണോ ഇത്? അതൊന്നു പരീക്ഷിക്കാൻ കോമഡി കഥയുണ്ടാക്കി പറഞ്ഞു. അതുകേട്ട് പൊട്ടിച്ചിരിച്ചു നിൽക്കുമ്പോൾ അതാ വരുന്നു ഫ്ളോർ മാനേജർ അതോടെ ‘കഥ കഴിഞ്ഞു’. എല്ലാവർ‌ക്കും വയറു നിറച്ചു കിട്ടി. അതാണ് എന്റേതല്ലാത്ത കാരണത്താൽ ചീറ്റി പോയൊരു കോമഡി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന പ്രോഗ്രാം ടിവിയിൽ കാണാൻ ഇടയായത്. ചിരിപ്പിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടോ എങ്കിൽ അവസരം ഞങ്ങൾ തരാം എന്ന്. മക്കൾ എന്നെ പ്രോത്സാഹിപ്പിച്ചു അവരായിരുന്നു ഭയങ്കര മോട്ടിവേഷൻ. ഉമ്മ എന്തായാലും ഇവിടിരിക്കുവല്ലേ. ഒന്നു െചയ്ത് അയയ്ക്കെന്നു പറഞ്ഞു. അങ്ങനെ ഞാൻ ധാരാളം വിഡിയോകളയച്ചു കൊടുത്തു. അവസാനം അവസരം കിട്ടി. അവിടെ നിന്ന് അമൃത ചാനലിലെ ആർപി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഫൺസ് അപോൺ എ ടൈം എന്ന പ്രോഗ്രാം. അതെന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.

ആദ്യമായിട്ട് സ്റ്റാൻഡപ് ചെയ്യാൻ പിഷാരടി ചേട്ടന്റെ മുന്നിൽ ചെന്നു നിന്നപ്പോൾ ഓ സത്യത്തിൽ എന്റെ തൊണ്ടയെല്ലാം വറ്റി വരണ്ടു. പേടി കാരണം ഞാൻ നിന്നു വിയർക്കുകയായിരുന്നു. ചിരിയുടെ വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ പറ്റുമോ.

പക്ഷേ സ്റ്റേജിൽ വരും മുമ്പ് നമുക്ക് ഗ്രൂമിങ് സെക്ഷൻ ഉണ്ട് കേട്ടോ. അസാധ്യ ഗ്രൂമിങ് ആണ്. പിന്നെ ഷോ ഡയറക്ടർ ആയ ഹരിസാറിന്റെ മോട്ടിവേഷനും കൂടിയായപ്പോൾ ആത്മവിശ്വാസമായി. മക്കളും ഭർത്താവ് നിസാറിക്കയുമാണ് എല്ലാത്തിനും സപ്പോർട്ട്

ഈ ഷോയ്ക്ക് ശേഷം ആളുകളൊക്കെ തിരിച്ചറിഞ്ഞുതുടങ്ങി. ഷോട്ട് ഫിലിമുകളിൽ അഭിനയിച്ചു. പരിഹസിച്ചവരും ചവിട്ടി താഴ്ത്തിയവരും ഉണ്ട്. ചാരക്കൂമ്പാരത്തിനിടയിലും ഒരു ഇറ്റ് തീപ്പൊട്ടുണ്ടായാൽ മതി അത് കത്തിപ്പടരാൻ. ഒരു പ്ലസ് ടു കാരിക്ക് ഇത്രയും എത്താനായല്ലോ അതിൽ വലിയ അഭിമാനമുണ്ട്. ഒരു സങ്കടവും– ഞാനിങ്ങനൊക്കെ ആയി കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ബാപ്പ ഞങ്ങൾക്കൊപ്പമില്ല അതൊരു തീരാവേദനയാണ്.

പുട്ട് എന്ന തള്ള്

അച്ഛൻ അമ്മ കോംബിനേഷൻ അമ്മായിയമ്മ മരുമകൾ കോംബിനേഷൻ. ഈ കൂട്ട് മനുഷ്യരിൽ മാത്രമല്ല കേട്ടോ. ഫൂഡിലും ഉണ്ട്. കേട്ടിട്ടില്ലേ... ബീഫും പൊറോട്ടയും കോംബിനേഷൻ. ചിക്കനും ചപ്പാത്തിയും, ദോശയും ചമ്മന്തിയും. ഇതൊക്കെയുണ്ടെങ്കിലും എനിക്കിഷ്ടം പുട്ടും പയറുമാണ്.

പെട്ടെന്നുണ്ടാക്കാൻ പറ്റുന്നതാണ് പുട്ടെന്നാണ് പലരുടെയും വിചാരം. നോക്കി കൈകാര്യം ചെയ്തില്ലെങ്കിൽ താറുമാറായി പോവുന്ന ഭക്ഷണമല്ലേ ഇത്. കുഴയ്ക്കുന്ന സമയത്ത് വെള്ളം കൂടിപോയാൽ നമുക്ക് വേറൊരു പേരിട്ടു വിളിക്കേണ്ടി വരും. വെള്ളം കുറഞ്ഞാലോ പുട്ടെടുത്തെറിഞ്ഞാൽ ആളു വീഴും. പരുവത്തിലുണ്ടാക്കിയില്ലെങ്കിൽ പരുവക്കേടായി പോവും.

വിജീഷ് ഗോപിനാഥ്

ഫോട്ടോ ബേസിൽ പൗലോ