Monday 11 July 2022 12:49 PM IST

‘ആ വീഴ്ചയിൽ ശ്വാസകോശവും നട്ടെല്ലും തകർന്നു, ഒന്നരമാസത്തോളം ആശുപത്രിയിൽ’: സ്വപ്നങ്ങൾക്ക് ‘സ്വർണ തിളക്കം’

Vijeesh Gopinath

Senior Sub Editor

swarna-thomas-s

ഒൻപതു വര്‍ഷം മുൻപ് ജൂൺ 19 നാണ് ആ അപകടം. ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് സ്വർണ തോമസ് താഴേക്കു വീണു. ശ്വാസകോശത്തിനും പെൽവിസിനും നട്ടെല്ലിനും പരുക്കേറ്റു. ജീവൻ പിടിച്ചു നിർത്താനാണ് ഡോക്ടർമാർ ആദ്യം ശ്രമിച്ചത്. കാലുകൾ തളർന്നു പോയി. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല.

കട്ടിലിനരികിൽ ഒരു നോട്ട് ബുക്കും പേനയുമുണ്ട്. കാര്യങ്ങൾ എഴുതി ചോദിക്കും. ഒരു ദിവസം ഡോക്ടർ പരിശോധനയ്ക്കായി വന്നപ്പോൾ സ്വർണ എഴുതി–എനിക്ക് ഇനി നൃത്തം ചെയ്യാനാവുമോ? ചെറുപുഞ്ചിരിയോടെ സ മാധാനിപ്പിച്ച് ആ ഡോക്ടർ പറഞ്ഞ സത്യങ്ങൾ‌ ഇതായിരുന്നു, ‘ഇനി ന‍ൃത്തം ചെയ്യാനാകില്ല. എഴുന്നേറ്റ് ഇരിക്കാ ൻ പോലും വർഷങ്ങളെടുത്തേക്കാം.’

പക്ഷേ, അഭിമുഖത്തിനായി വിളിക്കുമ്പോൾ സ്വർണ ദുബായിലാണ്. ഒരു സ്റ്റേജ് പ്രോഗ്രാമിനു പോയതാണ്. വാക്കിങ് സ്റ്റിക് ഉപയോഗിച്ച് സുന്ദരമായി നൃത്തം ചെയ്യും. ഒറ്റയ്ക്ക് യാത്രകൾ പോകു. പത്തൊൻപതു വയസ്സിൽ കിടക്കയിലായി പോയ പെൺകുട്ടിയുടെ തിരിച്ചു വരവ്. ‌

ഉയരെ നിന്നുള്ള വീഴ്ച

‘‘ഞാൻ വളർന്നത് മുംബൈയിലാണ്. പപ്പ തോമസിന് മുംബൈയിൽ ബിസിനസ്. മമ്മ മൃദുല. അനിയൻ പവൻ. കുട്ടിക്കാലം തൊട്ടേ ഡാൻസ് ഇഷ്ടമായിരുന്നു. അച്ഛന്‍ പ ണ്ട് ഭരതനാട്യം പഠിച്ചിരുന്നു. പപ്പയുടെ കുട്ടിക്കാലത്ത് വേദികളും അവസരങ്ങളും കുറവായിരുന്നതു കൊണ്ടു തന്നെ ന‍ൃത്തം പാതിവഴിയിൽ വിട്ടു. തനിക്കു സാധിക്കാത്തത് മകള്‍ക്ക് സമ്മാനിക്കണമെന്ന് പപ്പയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നൃത്തത്തിനു വേണ്ടി പപ്പ എല്ലാ പിന്തുണയും നൽകും. റിയാലിറ്റി ഷോകൾ സ്റ്റേജ് ഷോകൾ എല്ലാത്തിനും എനിക്കൊപ്പം വന്നു.

രണ്ട് റിയാലിറ്റി ഷോ താരമായി ഞാൻ. അപ്പോഴേക്കും മോഡലിങ്, പരസ്യങ്ങൾ‌,സിനിമ... മലയാളത്തിലും തമിഴിലുമായി നാലു സിനിമകളിൽ അഭിനയിച്ചു.

ഷൂട്ടിനും മറ്റുമായി കൊച്ചിയിൽ താമസം തുടങ്ങിയിരുന്നു. 2013 മേയ് മാസത്തിലായിരുന്നു എന്റെ പതിനെട്ടാമത്തെ പിറന്നാൾ. ജൂൺ 19. സിനിമയുടെ ലൊക്കേഷനിൽ നിന്ന് കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഞാൻ വന്നു. നല്ല മഴയായിരുന്നു. പെട്ടെന്ന് അനിയൻ താഴെ നിന്ന് വിളിക്കുന്നതു പോലെ തോന്നി. ബാൽക്കണിയിലേക്ക് ഒാടി ചെന്നതാ ണ്. കാൽ വഴുതി താഴേക്ക്.

തേങ്ങ വീഴുന്ന ശബ്ദമാണ് എന്റെ കാതിലിന്നും ഉള്ളത്. എന്റെ നട്ടെല്ലു പൊട്ടിയ ശബ്ദം. ഞാൻ താഴേക്കു വീഴുന്നത് ആദ്യം കണ്ടത് ഒരു കൊച്ചുകുട്ടിയായിരുന്നു. അവൾ ഒാടിചെന്ന് പപ്പയെ വിളിച്ചു. ഒാടിയെത്തിയപ്പോൾ ഞാൻ തറയിൽ കിടക്കുകയാണ്. നടന്നു വരുന്ന വഴി തലകറങ്ങി വീണെന്നാണ് അവരാദ്യം കരുതിയത്.

കാറിൽ ആശുപത്രിയിലേക്കു പോകുമ്പോഴും ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ശ്വാസം കിട്ടുന്നില്ലെന്നു പറയുമ്പോഴും തല കറങ്ങി വീണെന്ന ധാരണയായിരുന്നു.

‘പപ്പാ ഞാൻ മുകളിൽ നിന്നാണ് താഴെ വീണതെന്നു പ റഞ്ഞതും ഞെട്ടലോടെ പപ്പ കാർ ബ്രേക്കിട്ടു. എന്റെ കാൽ അപ്പോള്‍ സീറ്റിൽ നിന്ന് താഴേക്ക് വീണു. പക്ഷേ, തിരിച്ചു വയ്ക്കാൻ പറ്റുന്നില്ല. മൂന്നു ദിവസം കഴിഞ്ഞാണ് കണ്ണു തുറന്നത്.

വീഴ്ചയിൽ ശ്വാസകോശവും നട്ടെല്ലും തകർന്നു. ഒന്ന രമാസത്തോളം ആശുപത്രിയിൽ. ഞാൻ നടക്കുമെന്ന് ആ ർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്തു പാപം ചെയ്തിട്ടാണ് ഇങ്ങനെ വന്നതെന്ന് കുറേ ഒാർത്തു. പിന്നെ, എല്ലാം ശരിയാകും എന്നു തന്നെ വിശ്വസിച്ചു. ഒരുദിവസം കാൽ പതുക്കെ പൊക്കാനായി. അതോടെ ഡോക്ടർമാർ വലിയ സന്തോഷത്തിലായി. വീണ്ടും നടക്കാനാകും എന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്.

‌മുംബൈയിലേക്ക് ഞങ്ങള്‍ തിരിച്ചു പോയി. മൂന്നു നാലു വർഷം കിടക്കയിൽ തന്നെ. കട്ടിലിൽ നിന്ന് എന്നെ എടുത്താണ് മാറ്റിയിരുന്നത്. വർഷങ്ങൾ നീണ്ട ഫിസിയോ തെറപ്പി. പതുക്കെ മാറ്റങ്ങൾ വന്നു. എനിക്ക് ഇരിക്കാം എന്നായി. എപ്പോഴും എനിക്കൊപ്പം കൂട്ടുകാരുണ്ടായിരുന്നു. ഇ ങ്ങനെ സംഭവിച്ചിട്ടേ ഇല്ലെന്ന മട്ടിൽ അവർ എന്നെയും കൊണ്ട് പുറത്തു പോകും. വീൽചെയറിലുള്ള യാത്രകൾ.

വീണ്ടും ചലിക്കുന്ന ചുവടുകൾ

വാക്കറിൽ നടക്കാൻ തുടങ്ങിയപ്പോൾ ജിമ്മിൽ ചേരാൻ ഡോക്ടർ നിർദ്ദേശിച്ചു. അത് വലിയ മാറ്റമാണുണ്ടാക്കിയത്. ഇനിയും എനിക്ക് ഡാൻസ് ചെയ്യാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞത് ജിമ്മിൽ വച്ചാണ്.

നാലുവർഷം മുൻപ്. ഒരു ദിവസം ജിമ്മിൽ സുംബാ ഡാ ൻസിന്റെ പാട്ടു വച്ചു. വെറുതെ ഒന്ന് ചുവടുവയ്ക്കാൻ ട്രെയിനർ പറഞ്ഞപ്പോൾ വീഴുമോ എന്നായിരുന്നു ആദ്യ പേടി. വാക്കറിൽ കൈ കുത്തി കാൽ എടുത്തു വച്ചു, ബാലൻസ് കിട്ടുന്നുണ്ട്.

പിന്നെയാണ് സ്റ്റിക് വച്ചുള്ള ഡാൻസ് എന്ന ചിന്ത വരുന്നത്. പൂവൊക്കെ പിടിച്ചുള്ള ഡാൻസ് കണ്ടിട്ടില്ലേ, അതു പോലെ വാക്കിങ് സ്റ്റിക് പിടിച്ച് ഞാൻ ‍ഡാൻസ് ചെയ്യുന്നു. സ്റ്റേജ് ഷോകളിൽ അവസരങ്ങൾ കിട്ടുന്നു. ചാനൽ ഷോകൾ കിട്ടുന്നു...

വേദനകൾ നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നു വന്നത്. പക്ഷേ, അതോർത്ത് കരഞ്ഞിരുന്നിട്ടില്ല. കരഞ്ഞു കൊണ്ടിരുന്നാൽ തളർന്നു പോവുകയേയുള്ളൂ.

ദൈവവിശ്വാസിയായതു കൊണ്ടാകാം, ദൈവത്തോട് ദേഷ്യം തോന്നിയില്ല. പ്രയാസം തോന്നി. ഇത്രയും ഉയരത്തിൽ കൊണ്ടു പോയത് താഴെയിടാൻ ആണെങ്കിൽ ഞാനൊരു സാധാരണ പെൺകുട്ടിയായി ജീവിച്ചേനെ. ‌

ഇന്നു മനസ്സിലാകുന്നുണ്ട് ദൈവം എനിക്ക് വേണ്ടി നല്ലത് വിചാരിച്ചിരുന്നു. സാധാരണക്കാരായ ഒരുപാടു കുട്ടികളെ പോലെ ന‍ൃത്തം ചെയ്യേണ്ടിയിരുന്ന ഞാൻ ഇപ്പോൾ അവരിൽ നിന്ന് വ്യത്യസ്തയാണ്. വാക്കിങ് സ്റ്റിക് പിടിച്ച് അടിപൊളിയായി സ്റ്റേജിൽ പെർഫോം ചെയ്യുന്നു.’’ സ്വർണയുടെ കരുത്തുള്ള പൊട്ടിച്ചിരി.