Saturday 29 April 2023 03:31 PM IST

‘നെഗറ്റീവ് പറയുന്നവർക്കു ഞാൻ ആരാണെന്നോ വളർന്നു വന്ന സാഹചര്യമോ അറിയില്ല’; ബോള്‍ഡായി മറുപടി പറഞ്ഞ് അനിഖ സുരേന്ദ്രൻ

Rakhy Raz

Sub Editor

anugha5666vh ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളി പ്രേക്ഷകരുടെ മുന്നിൽ മൊട്ടിട്ടു വിരിഞ്ഞൊരു പനിനീർപ്പൂവാണ് അനിഖ സുരേന്ദ്രൻ. ബേബി അനിഖയിൽ നിന്നു കൗമാരത്തിന്റെ പടി കടക്കുമ്പോഴേ ഇതാ, നായികയുമായി. അനിഖ നായികയാകുന്ന ആദ്യ മലയാള സിനിമ ‘ഓ മൈ ഡാർലിങ്’ തിയറ്ററിലെത്തിയതും വിമർശനങ്ങളും പുകഞ്ഞുതുടങ്ങി. സിനിമയിലെ ലിപ്‌ലോക്ക് രംഗമാണു പലരെയും അലോസരപ്പെടുത്തിയത്. 18 വയസ്സിലേ ഇത്രയൊക്കെ വേണോ എന്നു കമന്റ് ചെയ്തവരുമുണ്ട്. 

‘‘ഈ രംഗം ചെയ്യുമ്പോൾ തന്നെ ഇതു ചർച്ചയാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്തിന് ആ രംഗം ചെയ്തു എന്നു ചോദിച്ചാൽ സിനിമ കാണൂ, നിങ്ങൾക്ക് ഉത്തരം കിട്ടും എന്നാണു മറുപടി. സോഷ്യൽ മീഡിയ കമന്റുകളെ ‘ചിൽ’ ആയി എടുക്കുന്നതാണ് എന്റെ രീതി.’’ 

നായികയായി തിരികെയെത്തിയ കഥ പറയാമോ? 

നായികയായ ആദ്യസിനിമ  തെലുങ്കിലെ ബുട്ട ബൊമ്മയാണ്. തമിഴിൽ ക്വീൻ എന്ന വെബ് സീരീസിൽ അഭിനയിച്ചു.  അതു കണ്ടിട്ടാണു ബുട്ട ബൊമ്മയിൽ നായികയാകാനുള്ള അവസരം വന്നത്. കപ്പേള എന്ന മലയാള ചിത്രത്തിന്റെ റീമേക്ക് ആണത്. തെലുങ്കു പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ട്. 

കഥാപാത്രത്തിന് ഏറ്റവും ഇണങ്ങുന്ന ‘ലുക്ക്സ്’ അനിഖയ്ക്കുണ്ട് എന്നാണു ബുട്ടബൊമ്മയുടെ സംവിധായകൻ രമേശ് സർ പറഞ്ഞത്. അതിനു ശേഷം ‘ഓ മൈ ഡാർലിങ്’. രണ്ടു സിനിമകളും ഞാനും അമ്മയും ഒരുമിച്ചിരുന്നു കഥ കേട്ട് ഇഷ്ടപ്പെട്ടു ചെയ്തതാണ്. അമ്മ രജിതയാണ് ഷൂട്ടിങ്ങിന് ഒപ്പം വരുന്നത്. അച്ഛൻ സുരേന്ദ്രനു ബിസിനസാണ്. ഏട്ടൻ അങ്കിത് കാനഡയ്ക്കു പോകാനുള്ള ഒ രുക്കത്തിലും.

ഏട്ടനാണ് മോഡലിങ് ആദ്യം ചെയ്തത്. ഏട്ടനോടൊപ്പം ഷൂട്ടിനു പോയ എന്നെ പരസ്യ സംവിധായകൻ സുധീർ അമ്പലപ്പാട്ട് മറ്റൊരു പരസ്യത്തിനായി വിളിക്കുകയായിരുന്നു. നാട്ടിലെ ടെക്സ്റ്റൈൽ ഷോപ്പിനു വേണ്ടിയാണ് ആദ്യമായി മോഡലിങ് ചെയ്തത്. പിന്നീട് സിനിമകളിലേക്ക് അവസരം  ലഭിച്ചു. സംവിധായകൻ പറയുന്നതു പോലെ ചെയ്യാൻ കഴിയുമായിരുന്നു. അതാണു  ബാലതാരം എന്ന നിലയിൽ ധാരാളം അവസരങ്ങൾ നേടിത്തന്നത്.  ഛോട്ടാ മുംബൈ ആണ് ആദ്യസിനിമ. മോഹൻലാൽ അവതരിപ്പിച്ച വാസ്കോ എന്ന കഥാപാത്രത്തിന്റെ മകളായാണ് അരങ്ങേറ്റം. അൽപനേരമേയുള്ളൂ.

കഥ തുടരുന്നു, ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്കർ ദ് റാസ്കൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തമിഴിൽ നാനും റൗഡി താൻ, വിശ്വാസം, യെന്നൈ അറിന്താൽ അ ങ്ങനെ കുറേ സിനിമകളിൽ അഭിനയിച്ചു. 2013ൽ അഞ്ചുസുന്ദരികളിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 

രണ്ടു സിനിമയിൽ നായികയായി എന്നു കരുതി ഇനി നായികയായി മാത്രമേ സിനിമ ചെയ്യൂ എന്ന നിർബന്ധമില്ല. പ്രായത്തിനിണങ്ങിയ നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോൾ അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ ഞാൻ നായികയല്ല. പ ക്ഷേ, ശക്തമായ കഥാപാത്രമാണ്. 

ലിപ്‌ലോക്ക് രംഗത്തെക്കുറിച്ചു കഥ കേൾക്കുമ്പോഴേ പറഞ്ഞിരുന്നോ? 

അമിതമായ ഇഷ്ടം ഉള്ള പ്രണയിനിയാണ് ഓ മൈ ഡാർലിങ് എന്ന ചിത്രത്തിലെ ജനി എന്ന കഥാപാത്രം. അതിന് ഒരുപാടു കാരണങ്ങളുണ്ട്. ഈ രംഗം ചിത്രത്തിന്റെ പൂർണതയ്ക്ക് അത്യാവശ്യമാണ് എന്നു മനസ്സിലായതിനാലാണു ചെയ്തത്. സിനിമയെ വളരെ പ്രഫഷനലായാണു കാണുന്നത്. എന്തു പറഞ്ഞാലും എന്തു ചെയ്താലും കുറ്റം പറയാൻ ആരെങ്കിലുമൊക്കെയുണ്ടാകും. ടോപ് സെലിബ്രിറ്റീസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഒന്നു നോക്കൂ. സ്ത്രീകളാണെങ്കിൽ വിമർശനങ്ങൾ കൂടും. ഒരു റീൽ ചെയ്തിട്ടാൽ ഉടൻ അതിനടിയിൽ ഓവർ ആക്ടിങ് ആണ്, മേക്കപ് കൂടുതലാണ്, വസ്ത്രം ശരിയല്ല തുടങ്ങിയ കമന്റുകൾ കാണാം. ആൾക്കാർക്കു ‘ഹേറ്റ്’ ചെയ്യാൻ എന്തെങ്കിലുമൊരു കാരണം വേണം. അതവർ കണ്ടെത്തുകയാണ്. 

വിമർശനങ്ങളെ കൂൾ ആയി എടുക്കുകയാണോ പതിവ്?

കമന്റ്സ് നമുക്ക് ഒഴിവാക്കാനാകില്ല. എന്തെല്ലാം തരം മനുഷ്യരുടെ മുന്നിലാണു നമ്മൾ നിൽക്കുന്നത്. ചിലരുടെ വാക്കുകൾ മുറിപ്പെടുത്തും. വിഷമം തോന്നുമ്പോൾ ഞാൻ കൂട്ടുകാരോടു പങ്കുവയ്ക്കും. അവരുടെ പോസിറ്റീവ് വാക്കുകൾ കേൾക്കുമ്പോൾ സങ്കടം മാറും.   

നെഗറ്റീവ് പറയുന്നവർക്കു ഞാൻ ആരാണെന്നോ വളർന്നു വന്ന സാഹചര്യമോ അറിയില്ല. നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്നങ്ങളോ അറിയില്ല. അവർ എന്തിനോ വേണ്ടി ഇതു പറയുന്നു. അതുകേട്ടു ഞാൻ എന്നെ മാറ്റില്ല.

നയൻതാരയെ അനുകരിക്കുന്നു എന്നതാണു മറ്റൊരു വിമർശനം. ഏതു രീതിയിലാണു നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല. കാഴ്ചയിൽ അൽപം സാമ്യം ഉണ്ട് എന്നു ചിലർ പറയാറുണ്ട്. ബേസ് വോയ്സിൽ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാൻ കഴിയൂ. സംസാരിക്കുമ്പോൾ ഇംഗ്ലിഷ് വാക്കുകൾ കൂടുതലുപയോഗിക്കുന്നു എന്നാണു മറ്റൊരു വിമർശനം. ആറാം ക്ലാസ് വരെ ഞാൻ എറണാകുളത്ത് ചോയ്സ് സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ ഇംഗ്ലിഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാൻ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷിലാണു കൂടുതൽ സമയവും സംസാരിക്കുന്നത്. അതുകൊണ്ടു മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലിഷ് കലർന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല.