Wednesday 02 May 2018 05:23 PM IST : By സ്വന്തം ലേഖകൻ

‘കാവൽ മാലാഖയ്ക്ക്’ ആദരം: കുഞ്ഞു ജീവൻ രക്ഷിച്ച മിഥാൻഷിയ്ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം

airrr

മരണത്തെ മുഖാമുഖം കാണുന്ന ചില മുഹൂർത്തങ്ങളിൽ ദൈവത്തിന്റെ ചില അദൃശ്യകരങ്ങൾ നമ്മുടെ രക്ഷയ്ക്കെത്തും. ഒരു പക്ഷേ അനിവാര്യമെന്ന് തോന്നിക്കുന്ന പല വിധികളെയും മാറ്റിയെഴുതാൻ ആ കരസ്പർശങ്ങൾക്കാകും. നമുക്ക് ചുറ്റുമുള്ളവർ തന്നെയാകണമെന്നില്ല, ഒരുപക്ഷേ അപരിചിതരായിരിക്കും നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ദൈവത്തിന്റെ കരസ്പർശവുമായെത്തുന്നത്.

മിഥാൻഷി വൈദ്യ എന്ന യുവതിയെ ദൈവത്തിന്റെ കരസ്പർശം എന്ന് വിശേഷിപ്പിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ടു തന്നെയാകണം. കാരണം മരണത്തിന്റെ പടിവാതിൽക്കൽ നിന്നും സ്വന്തം ജീവൻ പണയംവെച്ച് ഒരു പിഞ്ചു കുഞ്ഞിനെ തിരികെ കൊണ്ടുവന്നത് ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേക്കാണ്.

മിഥാൻഷി എന്ന എയർഹോസ്റ്റസ് ഗുലാഫ ഷെയ്ഖ് എന്ന യുവതിയുടെ ജീവിതത്തിലെ കാവൽ മാലാഖയായ സംഭവം ഇങ്ങനെ;

മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ഗുലാഫ ഷൈഖിന്റെ കൈയി 10 മാസം പ്രായമുളള ആൺകുഞ്ഞ് കൂടി ഉണ്ടായിരുന്നു. സുരക്ഷാ പരിശോധനയ്ക്ക് അടുത്ത് കുഞ്ഞിനേയും എടുത്ത് നിന്നപ്പോഴാണ് അബദ്ധവാശാൽ കുഞ്ഞ് കൈയില്‍ നിന്നും വഴുതി താഴേക്ക് വീണത്. എന്നാൽ നിലത്ത് വീഴുന്നതിന് മുമ്പ് മിഥാൻഷി വൈദ്യ എന്ന ജീവനക്കാരി ചാടി വീണ് കുട്ടിയെ കൈയിലൊതുക്കി.

കുട്ടിയുടെ മാതാവ് ഇത് സംബന്ധിച്ച് ജെറ്റ് എയർവേയ്സിന് കത്ത് എഴുതിയപ്പോൾ മാത്രമാണ് മിഥാൻഷിയുടെ ധീരതയുടെ കഥ പുറംലോകമറിഞ്ഞത്.

‘ആ പെൺകുട്ടി അവരുടെ ജീവൻ പോലും വകവെയ്ക്കാതെയാണ് ചാടി വീണ് എന്റെ കുഞ്ഞിനെ രക്ഷിച്ചത്. അവരുടെ മുഖത്ത് പരുക്കേൽക്കുകയും ചെയ്തിരുന്നു. ചിലപ്പോൾ ഒരിക്കലും മായാത്ത പാടാവണം അവരുടെ മൂക്കിന് മുകളില്‍ ഉണ്ടായത്. ഒരു എയർ ഹോസ്റ്റസ് എന്ന നിലയില്‍ അവരുടെ ജോലിയെ തന്നെ മുഖത്തെ ഈ പാട് ബാധിച്ചേക്കാം’, ഗുലാഫ ഷൈഖ് ജെറ്റ് എയർവേയ്സിന് എഴുതിയ കത്തിൽ പറയുന്നു.

‘മാലാഖ’ എന്നാണ് ഇവർ മിഥാൻഷിയെ കത്തിലുടനീളം വിവരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ എംഡിയാണ് ഗുലൈഫ. മറ്റൊരു സ്വകാര്യ കമ്പനിയുടെ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു അന്ന് ഗുലൈഫ വിമാനത്താവളത്തിലെത്തിയത്.

‘ആ പെൺകുട്ടിയോട് മൊബൈൽ നമ്പർ ചോദിച്ചപ്പോൾ, അത് കമ്പനി പോളിസിക്ക് എതിരാണെന്നാണ് പുഞ്ചിരിച്ച് നിഷ്കളങ്കതയോടെ അവൾ പറഞ്ഞത്. എനിക്ക് അവളൊരു മാലാഖയാണ്. വിവാഹം കഴിഞ്ഞ് 14 വർഷത്തിന് ശേഷമാണ് എനിക്ക് കുഞ്ഞുണ്ടായത്.

ആ കുഞ്ഞിനെയാണ് അവൾ രക്ഷിച്ചത്. മറ്റൊരു രീതിയിലാണ് അവളോട് നന്ദി എനിക്ക് രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ ‘നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തു’ എന്നായിരുന്നു അവൾ പറഞ്ഞത്’, ഗുലാഫ കത്തിൽ പറയുന്നു.

സംഭവത്തിൽ എയര്‍ഹോസ്റ്റസിനെ അഭിനന്ദിച്ച് ജെറ്റ് എയർവേയ്സ് പ്രസ്താവന ഇറക്കി. കൂടാതെ വിശിഷ്ട സേവനത്തിനുളള പുരസ്കാരവും മിഥാൻഷിക്ക് കമ്പനി നൽകി.