Friday 19 April 2024 03:49 PM IST : By ശ്യാമ

‘തരിപ്പും വല്ലായ്മയും കൂടിക്കൂടി വന്നു, എഴുന്നേൽക്കാൻ പറ്റുന്നില്ല’; മൂന്നു വർഷത്തോളം നടക്കാൻ ബുദ്ധിമുട്ടിയ കവിത ഇന്ന് നൃത്താധ്യാപിക

teacher-dance456 ഫോട്ടോ: സുനിൽ ആലുവ

രണ്ടാമത്തെ മകളെ ഏഴുമാസം ഗർഭിണിയായിരിക്കെ കവിത വീട്ടുമുറ്റത്തു കാൽ വഴുതി വീണു. ഡോക്ടർമാരുടെ പരിപൂർണ ശ്രദ്ധയിൽ പ്രസവം നടന്നു. പക്ഷേ, അതിനുശേഷം നൃത്തത്തെ ഏറെ സ്നേഹിച്ച കവിതയ്ക്ക് അതുപേക്ഷിക്കേണ്ടി വന്നു. അധിക സമയം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. ആലുവ കടുങ്ങല്ലൂരിലെ വീട്ടിലിരുന്നു കവിത സ്വന്തം ജീവിതം പറയുന്നു.

വീഴ്ചയും അതിജീവനവും

‘‘കല്യാണത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു. പിന്നീടു ജോലി രാജിവച്ചു ഭർത്താവിന്റെ നാടായ എറണാകുളത്തേക്കു വന്നു. രണ്ടാമത്തെ മകളെ ഗർഭം ധരിച്ച സമയത്തായിരുന്നു അനിയത്തിയുടെ വിവാഹനിശ്ചയം.

അവിടേക്കു പോകാനായി ഒരു മേയ് ഒന്നിന് ഒരുങ്ങുന്നു. മൂത്ത മകൾ കാർ പോർച്ചിലേക്കു പോയതും അവളെ വിളിക്കാൻ ചെരുപ്പിട്ടു പുറത്തിറങ്ങി. ആ സമയത്ത് ആരോ തള്ളിവിട്ട പോലെ ശക്തിയിൽ കാലു തെറ്റി വീണു. രണ്ടു മൂന്നു മലക്കം മറിഞ്ഞു മുന്നിൽ നിന്നൊരു മരത്തിൽ ചെന്നിടിച്ചു നിന്നതാണു പിന്നത്തെ ഓർമ.   

നേരെ ആശുപത്രിയിലേക്ക്. കുഞ്ഞിന്റെ ഹൃദയമിടിപ്പു കിട്ടുന്നില്ല, ഉടനെ പ്രസവിക്കേണ്ടി വരുമെന്നു ഡോക്ടർമാർ. ഏഴാം മാസം പ്രസവിക്കുന്നതിനെക്കുറിച്ച് ആധിയായപ്പോൾ മറ്റൊരു ആശുപത്രിയിൽ കാണിച്ചു. അവിടുന്നും ഇതേ മറുപടി.

പിന്നെ, എനിക്കറിയാവുന്ന ഇടം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയാണ്. അവിടെയെത്തിയതും ത ലവേദന പോലെ വന്നു. പിന്നെ, ഓർമ പോയി. നാലു ദിവസം കഴിഞ്ഞാണ് ഓർമ തിരികെ കിട്ടിയത്. പ്രസവിച്ചതൊന്നും അറിഞ്ഞില്ല. നട്ടെല്ലിനേറ്റ ക്ഷതം കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിച്ചു.

പ്രസവശേഷം എറണാകുളത്തേക്കു വന്നിട്ടും വിചാരിക്കുന്നിടത്തൊന്നും കാലെത്തുന്നില്ല, ഇരിക്കാനും കിടക്കാനും പറ്റുന്നില്ല. തരിപ്പും വല്ലായ്മയും കൂടിക്കൂടി വന്നു. എഴുന്നേൽക്കാൻ പറ്റുന്നില്ല. പിന്നെ, കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ എംആർഐ എടുക്കുമ്പോഴാണു ഡിസ്കിന്റെ തകരാർ കാണുന്നത്. സർജറി വേണ്ടി വരുമെന്നു കേട്ടതും ഭയമായി. വേറെ ആശുപത്രികളിൽ കാണിച്ചു. ഒറ്റമൂലി ചികിത്സയ്ക്കും പോയി, യാതൊരു ഗുണവുമുണ്ടായില്ല.

വീട്ടിൽ സഹായിക്കാൻ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും അവർ സഹതാപത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യുന്നതു  മാനസികമായി മടുപ്പിച്ചു. പിന്നീട് ഭർത്താവാണു പിടിച്ചു ബാത്റൂമിലും മറ്റും കൊണ്ടു പോയിരുന്നത്.

അങ്ങനെയിരിക്കെ അമ്മച്ചിയാണു (ഭർത്താവിന്റെ അമ്മ) പറഞ്ഞത് ‘കവിത ഡാൻസ് പഠിച്ചതല്ലേ... ഗുരുവായൂരപ്പനോടു പ്രാർഥിച്ചോ, രണ്ടാമതും നൃത്തം ചെയ്യാൻ പറ്റും. ഞാനൊരു വഴിപാട് നേർന്നിട്ടുണ്ട്’ എന്ന്.  

അപ്പോഴേക്കും ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി. പലതും സ്വന്തമായി ചെയ്യാൻ തുടങ്ങി. വേദന കൂടുമ്പോൾ ആശുപത്രിയിൽ പോയി കുത്തിവയ്പ്പെടുക്കും. ആ സമയത്താണ് ആദ്യ പ്രസവശേഷം കൈക്ക് പ്രശ്നം വന്നപ്പോൾ അതു ചികിത്സിച്ചു ഭേദമാക്കിയ കാഞ്ഞൂരുള്ള ഡോ. ശശിധരനെ ഓർത്തത്. അവിടെ ചെന്നപ്പോൾ നടത്തിക്കാം, വേറൊന്നും ഉറപ്പ് പറയാനാകില്ല എന്നു പറഞ്ഞു. 20 ദിവസത്തെ ചികിത്സ കഴിഞ്ഞു വീട്ടിലേക്കു വന്നു.

മനസ്സിൽ അപ്പോഴും നൃത്തമാണ്. പക്ഷേ, വീണ്ടും ഡാൻസെന്നു പറഞ്ഞാൽ ആരും അന്നു സമ്മതിക്കില്ല. അതുകൊണ്ടു മോളെ ഡാൻസ് പഠിപ്പിക്കാം എന്നായി. ആലുവ ദേശത്തുള്ള പ്രിയ ടീച്ചറുടെ അടുത്തു പോയി. എനിക്കും പഠിക്കണമെന്നു പറഞ്ഞപ്പോൾ അവർ ആദ്യം പേടിച്ചു. പിന്നീട് അവർ കഥ പോലെ പറഞ്ഞു തരാൻ തുടങ്ങി. കൂട്ടത്തിൽ എന്റെ പഴയ കസറ്റുകളും കണ്ടു.  

കുറച്ചു നാൾ കഴിഞ്ഞു വീട്ടുകാരുമൊത്തു ഗുരുവായൂരമ്പലത്തിൽ എത്തി. അവിടെ ചെന്നതും കുറേ ആളുകൾ അമ്പലം ചുറ്റി മെല്ലെ നടക്കുന്നതു കണ്ടു. ഞാനും പതിയെ നടക്കാൻ തുടങ്ങി. ഇടയ്ക്ക് വീണു. ആളുകൾ പിടിച്ചു നടത്താൻ ശ്രമിച്ചപ്പോൾ സ്നേഹപൂർവം നിഷേധിച്ചു. അങ്ങനെ ഞാൻ പിടിച്ചു പിടിച്ചു പതിയെ നടന്നു. ഈ കാഴ്ച കണ്ട് അമ്മച്ചിക്ക് വലിയ സന്തോഷമായി.

11

പിന്നീട് 2012ൽ ആണു ഗുരുവായൂർ പോകുന്നത്. മകൾക്കൊപ്പം ഞാനും അന്നു മോഹിനിയാട്ടം കളിച്ചു. അവിടുന്ന് നേരെ ആശുപത്രിയിലേക്കാണു പോയത്. ഇനിയെന്തായാലും സർജറി വേണം എന്ന് അവർ. സർജറി ചെയ്തില്ലെങ്കിൽ എന്തു സംഭവിക്കും എന്നായി ഞാൻ. നാൽപ്പതു വയസ്സൊക്കെ എത്തുമ്പോൾ തന്നെ കൂനിക്കൂടുമെന്ന് അവർ. അപ്പോഴേക്കും എന്റെ മക്കൾ വലുതാകും, പിന്നെ സാരമില്ല എന്നു പറഞ്ഞ് ഞാൻ ഡോക്ടറെ ഡാൻസിന്റെ വിഡിയോ കാണിച്ചു. ഡോക്ടർ എന്നെയും അതിലേക്കും മാറി മാറി നോക്കി. വീണ്ടും എംആർഐ എടുത്തു. പ്രശ്നം അതേപടി അവിടുണ്ട്. പക്ഷേ, മാനസികമായി ഒരുപാടു മുന്നോട്ടു പോയി. അതാണെന്നെ നടത്തുന്നത്.

ഭർത്താവ് സുനിൽ ഇന്റീരിയർ ഡിസൈനറാണ്. മൂത്ത മകൾ അനാമിക. ബിടെക് മൂന്നാം സെമസ്റ്റർ വിദ്യാർഥി. ഇളയവള്‍ അനന്യ ഏഴാം ക്ലാസിൽ പഠിക്കുന്നു.  

നൃത്തം തുറന്ന വഴി

2012 ലാണു റെയിൻബോ ഡാൻസ് നൃത്തവിദ്യാലയം തുടങ്ങുന്നത്. എല്ലാ തരം മനുഷ്യർക്കും വേണ്ടി എന്ന ഉദ്ദേശത്തിലാണു റെയിൻബോ ഡാൻസ് എന്നു പേരിട്ടത്. ഇതിനോടകം നാന്നൂറോളം കുട്ടികൾ നൃത്തം പഠിച്ചു പോയി കാണും. നിലവിൽ 75 വിദ്യാർഥികളുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്, സിനിമാറ്റിക്, ഹിപ് ഹോപ് തുടങ്ങിയവയാണു പഠിപ്പിക്കുന്നത്. പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സാറാണ് എന്റെ  ആദ്യ ഗുരു. കലാമണ്ഡലം രേഭ ടീച്ചർ, കലാമണ്ഡലം ഗീത ടീച്ചർ, ഡോ. രജനി പാലക്കൽ തുടങ്ങിയവരും ഗുരുനിരയിലുണ്ട്.  

അഞ്ചു വയസ്സു തൊട്ടു നൃത്തം അഭ്യസിക്കുന്നു. ചെറുപ്പത്തിൽ എനിക്കു കാലിനു തരിപ്പു പോലെ വന്നിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതു മാറ്റാനാണത്രേ നൃത്തം പഠിപ്പിച്ചത്. രണ്ടു വയസ്സു തൊട്ടു കളരിയും പഠിച്ചിരുന്നു.  

നാലു തൊട്ടു 58 വയസ്സു വരെയുള്ളവർ ഇന്നു ശിഷ്യരിലുണ്ട്. സ്ത്രീകൾക്ക് ഒത്തുകൂടാനുള്ള ഇടം കൂടിയാണിത്. പഠനം കഴിഞ്ഞു പോയിട്ടും ഇപ്പോഴും വിളിക്കുന്ന കുറേ കുട്ടികളുണ്ട്. അവരുടെ ഓർമയിൽ നിൽക്കാൻ സാധിക്കുന്നതാണ് ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്.

മയൂര നൃത്തോത്സവം

ഇടയ്ക്കൊരു നൃത്ത ഡോക്യുമെന്ററി ചെയ്തിരുന്നു. ന ന്നായി നൃത്തം ചെയ്യുന്ന പല കുട്ടികൾക്കും  മുദ്രകളുടെ വിനിയോഗം കൃത്യമായി അറിയില്ല എന്നു മനസ്സിലായി. അങ്ങനെയാണു മയൂര നൃത്തോത്സവം എന്നൊരാശയം രൂപപ്പെടുന്നത്. നൃത്തം ചെറിയ വിഭാഗത്തിനു മാത്രം മനസ്സിലാകുന്ന കലാരൂപമാകാതെ സാധാരണക്കാർക്കു കൂടി മനസ്സിലാകണം എന്ന ചിന്തയുമുണ്ടായിരുന്നു.

കേരളത്തെ നാലു സോണുകളായി തിരിച്ച് ഓഡിഷൻ വച്ചു. വന്നിരിക്കുന്ന വിധികർത്താക്കൾ ചോദിക്കുന്ന ചോദ്യത്തിനു പുറമേ കാണികളായിരിക്കുന്ന കുട്ടികളുടെ അ ച്ഛനമ്മമാർക്കും നൃത്തത്തെ കുറിച്ചു ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാം.

ഡിസേബിൾഡ് കുട്ടികളെ ഒരു പ്രത്യേക വിഭാഗം എന്നു വേർതിരിക്കാതെയായിരുന്നു മത്സരം. വിധികർത്താക്കളെയെല്ലാം കേരളത്തിനു പുറത്തു നിന്നാണു കൊണ്ടു വന്നത്. പരിപാടിയുടെ സെമിഫൈനൽ തീയതി നിശ്ചയിച്ചതും ചിലർ തെറ്റിധാരണ കാരണം പിൻവാങ്ങി. അപ്പോഴും നൃത്ത വിദ്യാലയത്തിലെ കുട്ടികൾ ഒപ്പം നിന്നു. പാരഗണിന്റെ ഉടമ സുമേഷ് ഗോവിന്ദ് ആണ് പ്രൈസ് മണി സ്പോൺസർ ചെയ്തത്.

അതിനിടെ 2018ലെ വെള്ളപ്പൊക്കത്തിൽ ആലുവ മുഴുവൻ മുങ്ങി. കുറച്ചു ദിവസം കഴിഞ്ഞതും പങ്കെടുത്ത കുട്ടികൾ വിളിച്ചു – ഞങ്ങൾക്കിങ്ങനൊരു അവസരം കിട്ടിയിട്ടില്ല, ഇതു നടത്തണം ടീച്ചർ എന്നായി അവർ.

മുൻപ് ബുക്ക് ചെയ്തിരുന്ന ഇടമൊക്കെ വെള്ളത്തിനടിയിലായി, പുതിയ ഇടം ബുക് ചെയ്യാനുള്ള പണവും ഇല്ല. അങ്ങനെയിരിക്കെ ഡാൻസ് ക്ലാസ്സില്‍ വരുന്നൊരു കുട്ടി അവളുടെ വീടു പണിയാൻ വച്ചിരുന്ന കാശെടുത്തു തന്നു. ആ പണം കൊണ്ട് ആലുവ ടൗൺഹാൾ ബുക്ക് ചെയ്തു.

അയൽക്കാരി ജാസ്മിനാണ് എന്നെ അന്നൊക്കെ ഒ ന്നും പറയാതെ പോലും മനസ്സിലാക്കിയത്. വന്നു കുറച്ചുനേരം ഒപ്പമിരുന്നിട്ടു പോകും. അതെനിക്കൊരു കെട്ടിപ്പിടുത്തം പോലെയാണ് അനുഭവപ്പെട്ടത്.

പരിപാടി അവസാനം ഒരു ചാനലിൽ സംപ്രേഷണം ചെയ്യാനുള്ള ഏർപ്പാടാക്കി. പരിപാടി തുടങ്ങിയതും ഭീഷണിയും വരാൻ തുടങ്ങി. നീയിതെങ്ങനെ നടത്തുമെന്നൊന്ന് കാണണം എന്നൊക്കെ പറഞ്ഞ നൃത്താധ്യാപകർ തന്നെയുണ്ട്.

ഫൈനൽ 2018 ഒക്ടോബർ– നവംബർ മാസത്തിലാണ് നടന്നത്. ഇതിന്റെ ചെലവിനായി അപ്പോഴേക്കും മക്കൾക്കു വേണ്ടി കരുതി വച്ച സമ്പാദ്യം മുഴുവനുമെടുത്തു. എന്നാലും തുടങ്ങിയതു മുഴുവനാക്കാൻ സാധിച്ചതിന്റെ സാഫ്യലം മനസ്സിലുണ്ട്.