Friday 06 November 2020 04:05 PM IST

‘ഞാൻ തന്നെയാണ് ഡിസൈനറും ഉടമയും പലപ്പോഴും മോഡലും’; ജ്വല്ലറി ബിസിനസ് ഹിറ്റായ വിശേഷം പങ്കുവച്ച് ഐശ്വര്യ നായർ

Lakshmi Premkumar

Sub Editor

_ARI0585 ഫോട്ടോ: സരിൻ രാംദാസ്

‘‘നിയമത്തിലാണ് ബിരുദം. പക്ഷേ, കൗതുകം ബിസിനസിലായിരുന്നു. ഒന്നു കൈവച്ചു നോക്കാം എന്നേ കരുതിയിരുന്നുള്ളു.’’- ജ്വല്ലറി ബിസിനസ് ഹിറ്റായ വിശേഷം പങ്കുവയ്ക്കുന്നു  ഐശ്വര്യ നായർ. ‘‘അച്ഛൻ നൽകിയ പ്രചോദനത്തിന് ഭർത്താവ് സപ്പോർട്ട് കൂടി നൽകിയതോടെ ‘ആര്യാ ബൈ കൊല്ലാട്ട് ജ്വല്ലേഴ്സ് ’ എന്ന കസ്റ്റമൈസ്ഡ് ജ്വല്ലറി ബ്രാൻഡ് പിറവിയെടുത്തു.   

അപ്രതീക്ഷിത എൻട്രി

ആഭരണങ്ങളുടെ രംഗത്തേക്ക് കടന്നു വന്നത് അപ്രതീക്ഷിതമായ ടേണിങ്ങായിരുന്നു. ഞങ്ങളുടെ വീട്ടിൽ എന്റെ അമ്മയും വല്യമ്മയും എല്ലാം  നന്നായി  ഒരുങ്ങി നടക്കാൻ ഇഷ്ടമുള്ളവരാണ്. സാരിയും ആഭരണവുമെല്ലാം മാച്ചിങ്ങായിട്ടും യൂനീക്ക് ആയിട്ടും ഒരുക്കും. ഓർമ വച്ച നാൾ മുതൽ ഞാൻ കാണുന്നത് ആഭരണങ്ങൾ പണിയിപ്പിക്കുന്നതാണ്. അമ്മയുടെ  സിംപിൾ, എന്നാൽ നല്ല ഭംഗിയുള്ള ആഭരണങ്ങൾ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. പക്ഷേ, ആഭരണങ്ങളുടെ ബിസിനസ് എന്നിലേക്കെത്തിയത് ഭർത്താവ് വൈശാഖിലൂടെയാണ്. കൊച്ചി തൃപ്പൂണിത്തുറയിലെ അറുപത് കൊല്ലത്തെ പാരമ്പര്യമുള്ള ജ്വല്ലറി ഗ്രൂപ്പാണ് കൊല്ലാട്ട്. കൈമാറി വന്നപ്പോൾ അതിന്റെ പിന്തുടർച്ചാ അവകാശിയായി വൈശാഖ്.

പ്രഫഷനലി അദ്ദേഹം എൻജിനീയറാണ്. പക്ഷേ, ചെയ്യുന്നത് ഈ ബിസിനസും. എന്നെ അതിശയിപ്പിച്ചിട്ടുള്ള അമ്മയുടെ പല ജ്വല്ലറികളും പണിതതും ഈ കൊല്ലാട്ട് നിന്നുതന്നെ. അവിടെ തന്നെ ‍ഞാൻ മരുമകളായി എത്തിയതാണ് കഥയിലെ ട്വിസ്റ്റ്.

ഡിസൈനും വരയും

വിവാഹത്തിന് എന്റെ ഐഡിയയിലുള്ള കുറേ ആഭരണങ്ങൾ ഞാൻ വൈശാഖിന് വിവരിച്ചു കൊടുക്കും. അതനുസരിച്ച് വൈശാഖ് അത് വരയ്ക്കും. കൊല്ലാട്ട് ജ്വല്ലറിയിൽ തന്നെ പണിയും. വിവാഹത്തിന് ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചതും ആഭരണങ്ങളെ കുറിച്ചായിരുന്നു. സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇട്ടപ്പോൾ ഒരുപാട് അന്വേഷണം വന്നു. നമ്മുടെ ഡിസൈന് ഇത്ര മാർക്കറ്റ് ഉണ്ടെങ്കിൽ അത് ബിസിനസ് ആക്കിയാലോ എന്നു തോന്നി. അങ്ങനെയാണ് പനംപിള്ളി നഗറിൽ ആര്യ ബൈ കൊല്ലാട്ട് എന്ന് ഡിസൈനർ ജ്വല്ലറി തുടങ്ങുന്നത്. എനിക്ക് ജം സ്‌റ്റോൺസിനോട് പ്രത്യേകം ഒരിഷ്ടമുള്ളതു കൊണ്ട്, അതിന്റെ ഒരു പ്രത്യേക സെക്‌ഷനും ഞാൻ ചെയ്തിരുന്നു. ഒരു പാട് റിസേർച് വേണ്ട മേഖലയാണിത്.

ഒാരോ നാട്ടിലെയും തനതു ഡിസൈനുകളുടെ മികച്ച പണിക്കാർ മിക്കവാറും ആ നാട്ടുകാർ തന്നെയായിരിക്കും. പറ്റിയ ആളുകളെ കണ്ടെത്തണം. നമ്മുടെ ഡിസൈൻ പെർഫക്‌ഷൻ പോകാതെ പണിയിച്ചെടുക്കണം.

ഡിസൈൻ മുതൽ കസ്റ്റമറുടെ കയ്യിൽ ആഭരണം കൊടുക്കുന്നതു വരെയുള്ള കാര്യങ്ങൾ ഇപ്പോൾ ഞാൻ തന്നെയാണ് ചെയ്യുന്നത്. പലപ്പോഴും സോഷ്യൽ മീഡിയിയിലെ  ആര്യ ബൈ കൊല്ലാട്ടിന്റെ മോഡലും ഞാൻ തന്നെ.

‘സ്വന്തം ബിസിനസ് തുടങ്ങിയപ്പോൾ ദിവസത്തിന്  24 മണിക്കൂർ പോരാതെ വരുന്നുണ്ടോ എന്നാണ് സംശയം.’ ഇത് അച്ഛന്റെ കമന്റാണേ.’’