Saturday 09 March 2019 03:43 PM IST : By സ്വന്തം ലേഖകൻ

ഒറ്റയ്ക്കു നിൽക്കുമോയെന്ന് ഫൊട്ടോഗ്രാഫർ, കലക്കൻ മറുപടി നൽകി ആകാശ് അംബാനി! വിഡിയോ വൈറൽ

akash

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയുടെയും വിവാഹ ആഘോഷങ്ങൾക്ക് രാജകീയ തുടക്കം. വിവാഹത്തിനായുള്ള തയാറെടുപ്പുകളുടെയും വിവാഹ വേദിയുടെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടെ ഒരു ചടങ്ങിൽ നിന്നു പകർത്തിയിരിക്കുന്ന ആകാശിന്റെയും ശ്ലോകയുടെയും വിഡിയോയാണ് ശ്രദ്ധേയം.

വിശേഷ ചടങ്ങുകൾക്കു മുന്നോടിയായി അംബാനി കുടുംബം അന്നദാനം നടത്താറുണ്ട്. ആകാശിന്റെ വിവാഹത്തിനു മുന്നോടിയായുള്ള അന്നദാനം മാർച്ച് 6 ന് ജിയോ ഗാർഡൻസിലായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ സജീവമായി പങ്കെടുത്ത ചടങ്ങിൽ, കുടുംബാംഗങ്ങൾ ഒന്നിച്ചു ഫോട്ടോയ്ക്കും പോസ് ചെയ്തു.

അതിനു ശേഷം ആകാശിന്റെയും ശ്ലോകയുടെയും മാത്രമായുള്ള ഫോട്ടോ സെഷനിലെ രസകരമായ മുഹൂർത്തങ്ങളാണ് വിഡിയോയിൽ. ഇതനുസരിച്ച് ഇരുവരും റെഡിയായി നിന്നപ്പോൾ, ‘‘ശ്ലോക ചിരിക്കുമ്പോൾ ചിത്രങ്ങളെടുക്കണേ’’ എന്നായിരുന്നു ആകാശിന്റെ അഭ്യര്‍ഥന. ഇതു കേട്ട് ശ്ലോക ചിരിക്കുന്നതും ആകാശിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതിനുശേഷം ഇരുവരോടും ഒറ്റയ്ക്കൊറ്റയ്ക്കു പോസ് ചെയ്യാനും ഫൊട്ടോഗ്രാഫർമാർ ആവശ്യപ്പെട്ടു. അവിടെയും വന്നു ആകാശിന്റെ കലക്കൻ മറുപടി, ‘‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’’.

എന്തായാലും വിഡിയോയും ഒപ്പം ആകാശിന്റെ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മാർച്ച് 9ന് ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററിലാണ് ആകാശ് അംബാനി – ശ്ലോക മേത്ത വിവാഹം.

സ്വിറ്റ്സർലൻഡിലെ സെന്റ ് മോറിറ്റ്സിൽ നടന്ന ആകാശിന്റെ പ്രീ വെഡ്ഡിങ് പാർട്ടി ആഡംബരങ്ങളും അദ്ഭുതങ്ങളും നിറഞ്ഞതായിരുന്നു.

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.