Monday 26 July 2021 02:09 PM IST : By സ്വന്തം ലേഖകൻ

അസുഖം വന്നിട്ടും ബന്ധുക്കൾ മരിച്ചിട്ടും ക്ലാസിനോട് 'നോ' പറഞ്ഞില്ല; യുകെജി മുതൽ പ്ലസ് ടു വരെ 100% ഹാജർ, അപൂർവ നേട്ടവുമായി അക്ഷയ

akshayaaaa

യുകെജി മുതൽ പ്ലസ് ടു വരെ പഠനകാലത്ത് ഒരു ദിവസം പോലും മുടങ്ങാതെ 100% ഹാജർ നേടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി എം.എൻ.അക്ഷയ. ഇതിനിടെ അസുഖം വന്നിട്ടും ബന്ധുക്കൾ മരിച്ചിട്ടും ക്ലാസിനോട് അക്ഷയ 'നോ' പറഞ്ഞില്ല. രാമനാട്ടുകര സ്വദേശി, ഇപ്പോൾ പുൽപറ്റയിൽ താമസിക്കുന്ന മണികണ്ഠന്റെ മകൾ അക്ഷയയാണ് അപൂർവ നേട്ടം കൈവരിച്ചത്. 

മണികണ്ഠൻ കോയമ്പത്തൂരിൽ ആയതിനാൽ എൽകെജി മുതൽ 5–ാം ക്ലാസ് വരെ കോയമ്പത്തൂർ പുലിയകുളം വിദ്യാനികേതൻ സ്കൂളിൽ ആയിരുന്നു പഠനം. പിന്നീട് പുൽപറ്റയിലേക്ക് താമസം മാറി. 6 മുതൽ 10 വരെ മഞ്ചേരി നോബിൾ പബ്ലിക് സ്കൂളിൽ ആയിരുന്നു പഠനം. പിന്നീട് കോഴിക്കോട് എയർപോർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠിക്കുമ്പോഴും ഹാജർ മുടക്കിയില്ല. 

അക്ഷയ ജില്ലാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണവും സംസ്ഥാന തലത്തിൽ വെള്ളിയും നേടിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഖോഖൊ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് കണ്ണിനു പരുക്കേറ്റു. വച്ചുകെട്ടിയ കണ്ണുമായി പിറ്റേന്ന് സ്കൂളിലെത്തി. 

2019 ൽ കോയമ്പത്തൂരിൽ മുത്തച്ഛൻ മരിച്ചപ്പോഴും അവധിയെടുക്കാതെ സങ്കടം ഉള്ളിലൊതുക്കി അക്ഷയ സ്കൂളിലെത്തി. അടുത്ത അവധി ദിവസമാണ് കോയമ്പത്തൂരിലേക്കു വണ്ടി കയറിയത്. യുപി മീററ്റിലെ ശോഭിത് യൂണിവേഴ്സിറ്റിയിൽ ബിടെക് ബയോ ഇൻഫർമാറ്റിക് ഒന്നാം വർഷ വിദ്യാർഥിയാണ് അക്ഷയ.