Friday 25 October 2024 03:01 PM IST

‘ആ കൊച്ചിന് നിന്നെ ഭയങ്കര ഇഷ്ടമാടാ...’: അർധരാത്രിയിലെ ‘ഐ ലൗ യു’: പ്രണയകഥ പറഞ്ഞ് സിത്താരയും അമലും

Binsha Muhammed

Senior Content Editor, Vanitha Online

amal-sithara

‘ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ, സ്വകാര്യം പറഞ്ഞതാവാം...’

ദൈവം ഉള്ളംകയ്യിൽ രേഖപ്പെടുത്തിക്കൊടുത്ത സിതാരയെന്ന പ്രണയത്തെ കുറിച്ച് അമൽ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്. ‘ആ വരികൾ ഗിരീഷ് പുത്തഞ്ചേരി സാറെഴുതിയത് എനിക്കും എന്റെ ഈ കുഞ്ഞിപ്പെണ്ണിനു വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ ജീവിത യാത്രയിൽ വിവാഹമെന്ന സ്വപ്നം മഷിയിട്ടു പോലും നോക്കാത്ത രണ്ടുപേർ ദേ ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കില്ലല്ലോ?’– അമലിന്റെ മുഖത്ത് അനുരാഗച്ചിരി.

പ്രതീക്ഷകൾ അസ്തമിക്കുന്നിടത്ത് മാറിമറിയുന്ന ജീവിതത്തിന്റെ തിരക്കഥ. അമൽ–സിതാര നിഷ്ക്കളങ്ക പ്രണയകഥയെ അങ്ങനെ വിശേഷിപ്പിച്ചു തുടങ്ങാം. പൊക്കമില്ലായ്മയുടെ പേരില്‍ പരിഹാസത്തിന്റെ കൂരമ്പുകൾ ഏൽക്കേണ്ടി വന്ന രണ്ടു പേർ. അവരുടെ സ്വപ്നങ്ങളുടെ ഏഴയലത്തു പോലും വിവാഹമില്ലായിരുന്നു. പരിമിതികളിൽ പരാതി പറയാതെ ജീവിതം മുന്നോട്ടു പോകുന്നതിനിടെ ജീവിതത്തിന്റെ ക്രോസ് റോഡിൽ വച്ച് ഇരുവരും കണ്ടുമുട്ടി, പരിചയപ്പെട്ടു, അടുത്തറിഞ്ഞു. തന്റെ കുഞ്ഞിക്കൈകളെ ചേർത്തു പിടിക്കാനുള്ള കരളുറപ്പു മാത്രമല്ല, തന്റെ സ്നേഹം തിരിച്ചറിയാനുള്ള ഹൃദയ വിശാലതയും തന്റെ ചെക്കനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം വാട്സാപ്പ് മെസേജിൽ ആ പ്രണയ സന്ദേശമെത്തി. ‘അമൽ ഞാൻ നിന്നെ സ്നേഹിക്കുന്നു.’ ജീവിതത്തിൽ കണ്ടുമുട്ടാൻ പോലും സാധ്യതയില്ലാത്ത കോഴിക്കോട് പയ്യോളിക്കാരനെ ആറന്മുളക്കാരി കണ്ടെത്തിയ സംഭവകഥയെ നാട്ടാരും വീട്ടാരും വിധിയെന്നു വിളിച്ചു. അമലും സിതാരയും അതിനെ വിളിച്ചതാകട്ടെ നിഷ്ക്കളങ്ക പ്രണയമെന്നും. ആ പ്രണയം ഇതള്‍ വിരിഞ്ഞ കഥ അമലും സിതാരയും വനിത ഓൺലൈനോട് പറയുകയാണ്.

വാട്സാപ്പിലെത്തിയ പ്രണയദൂത്

ലിറ്റില്‍ പീപ്പിൾ ട്രസ്റ്റ്. എന്റെയും സിതാരയുടെയും ജീവിതത്തില്‍ പ്രണയത്തിന്റെ തലവരയെഴുതി ചേർത്ത ഞങ്ങളുടെ കൂട്ടായ്മയാണത്. ഞങ്ങൾ പൊക്കമില്ലാത്തവരുടെ സൗഖ്യത്തിനും ക്ഷേമത്തിനും സന്തോഷത്തിനുമൊക്കെയായി രൂപംകൊണ്ടൊരു വാട്സാപ്പ് കൂട്ടായ്മ. അക്കൂട്ടത്തിൽ എന്റെ കൈപിടിക്കാൻ പോന്നൊരു പെണ്ണുണ്ടെന്ന് ആരറിഞ്ഞു.– അമൽ പറഞ്ഞു തുടങ്ങുകയാണ്.

ഓണത്തിന് ഗ്രൂപ്പ് അംഗങ്ങളെ സമന്വയിപ്പിച്ച് ഒരു കലാപരിപാടി സംഘാടകർ ആസൂത്രണം ചെയ്തു. ഞാനായിരുന്നു പരിപാടിയുടെ കോ–ഓർഡിനേറ്റർ. പാട്ട്, കവിത, പദ്യംചൊല്ലൽ, ചിത്രരചന, മാപ്പിളപ്പാട്ട് തുടങ്ങിയ ഏതു പരിപാടിയും അവതരിപ്പിക്കാം. താൽപര്യമുള്ളവർ അവരുടെ കലാപരിപാടി എനിക്ക് അയച്ചു തരണം. ഞാൻ അത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും അതായിരുന്നു രീതി. ബാച്ചിലർ പാർട്ടിയിലെ ‘കാർമുകിലിൽ പിടഞ്ഞുണരും’ എന്ന പാട്ട് മനോഹരമായി പാടി അയച്ചു തന്ന സുന്ദരിക്കുട്ടിയെ അന്ന് ഞാൻ നോട്ടമിട്ടു.

amal-sithara-2

നേരിട്ടുള്ള ആ വാട്സാപ്പ് ചാറ്റും സൗഹൃദവും ഞങ്ങളെ ഒരുപാട് അടുപ്പിച്ചു. എന്റെ അതേ പരിമിതികളുള്ള ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന പെൺകുട്ടി. അച്ഛനും അമ്മയ്ക്കും ഒറ്റമകൾ. പരിപാടിയൊക്കെ വിജയകരമായി പൂർത്തിയാക്കിയ ഒരു ദിവസം, ഏകദേശം രാത്രിയായിക്കാണും. വാട്സാപ്പിൽ വന്നൊരു നോട്ടിഫിക്കേഷൻ ശബ്ദം. ‘സിതാരയുടെ വക ഐ ലവ് യൂ മെസേജ്.’അവിടെ നിന്നാണ് ഈ പ്രണയകഥ തുടങ്ങുന്നത്. മനസിൽ ചെറിയൊരു ഇഷ്ടമൊക്കെ തോന്നിയിരുന്നുവെങ്കിലും ഓർക്കാപ്പുറത്തെ ആ പ്രപ്പോസലിൽ ഞാൻ ഞെട്ടി. എന്താ മറുപടി പറയേണ്ടതെന്ന ടെൻഷനായി. കൂടുതൽ അടുത്തറിയാതെ പരസ്പരം മനസിലാക്കാതെ എന്തു പറയുമെന്ന കൺഫ്യൂഷൻ. ഗ്രൂപ്പിലുള്ള എനിക്ക് പരിചയമുള്ള ചേച്ചിയോട് ഞാൻ കാര്യം അവതരിപ്പിച്ചു. ‘ചേച്ചീ... ആ കുട്ടിയോട് കാര്യങ്ങൾ ഒന്നു പറഞ്ഞ് മനസിലാക്കണം പ്രണയം മുന്നോട്ടു കൊണ്ടുപോകാനുള്ള അവസ്ഥയിലല്ല ഞാനെന്നും’. പക്ഷേ ചേച്ചി സംസാരിക്കുമ്പോഴും സംഗതി കട്ട സീരിയസായിരുന്നു. ‘ആ കൊച്ചിന് നിന്നെ ഭയങ്കര ഇഷ്ടമാടാ...’ എന്ന് പറഞ്ഞു.

ബാക്കി കഥ പറഞ്ഞത് സിതാരയാണ്.

പ്രണയം പറയുമ്പോഴും എന്നെക്കുറിച്ചും എന്റെ ജീവിത ചുറ്റുപാടുകളെ കുറിച്ചും അമലേട്ടനോട് കൃത്യമായി ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ 21 വർഷമായി വാടക വീട്ടിലാണ്. അച്ഛൻ രാഹുലിന് സൗണ്ട് സിസ്റ്റം ആണ്. അമ്മ ജയ ഹൗസ് വൈഫ്. ജീവിതം പച്ചപിടിക്കാൻ പാകത്തിലുള്ള വരുമാനമൊന്നും ഇല്ല. പക്ഷേ വിവാഹം ജീവിതത്തിലേ വേണ്ടെന്നു വച്ച ഒരുവളുടെ മുന്നിലേക്ക് മനസറിയുന്ന ഒരാളെ ദൈവം ഇട്ടു തന്നപ്പോൾ വിട്ടുകളയാനും തോന്നിയില്ല. പ്രണയം പറഞ്ഞത് മനസിൽ തട്ടി തന്നെയായിരുന്നു ബാക്കിയെല്ലാം അമലേട്ടന്റെ തീരുമാനത്തിന് വിട്ടു. ആറന്മുള്ള ക്ഷേത്രത്തിൽ വച്ചായിരുന്നു ഞങ്ങളുടെ ആദ്യ സമാഗമം. ഈ പ്രണയം കുട്ടികളിയാക്കാൻ മനസില്ലാത്തതു കൊണ്ട് ആദ്യ കൂടിക്കാഴ്ചയ്ക്ക് കൂട്ടുകാരികളെയല്ല. എന്റെ അമ്മയെയും കൂട്ടിയാണ് പോയത്. അന്ന് ആ ക്ഷേത്ര നടയിൽ കണ്ടു മുട്ടിയപ്പോഴേക്കും രണ്ടാമതൊരു ചോദ്യത്തിന് ഇടയില്ലായിരുന്നു. കണ്ടമാത്രയിൽ പ്രണയം കൂടിയതേയുള്ളൂ. പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായി. എന്റെ അമ്മയുമായി ഏട്ടൻ സംസാരിച്ചു. ഒരു കാരണവശാലും എന്നെ വിഷമിപ്പിക്കില്ലെന്നും പൊന്നുപോലെ നോക്കിക്കൊള്ളാമെന്നും വാക്കുതന്നു.– സിതാര പറയുന്നു.

amal-8

ഇടമുറിയാതൊഴുകിയ പ്രണയം

അവിടുന്നങ്ങോട്ട് രാപ്പകൽ പ്രണയ ചാറ്റുകളും സംസാരങ്ങളുമൊക്കെയായിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും ഞങ്ങള്‍ കൂടുതൽ അടുക്കുകയായിരുന്നു. രാത്രി 11 മണി മുതൽ തുടങ്ങിയാൽ പിറ്റേന്ന് രാവിലെ 8 മണിവരെയൊക്കെ കോൾ തുടരും. സംഭവം അമ്മ കണ്ടു പിടിച്ചപ്പോഴാണ് കാര്യങ്ങൾ കുറച്ചുകൂടി സീരിയസായത്. അവളുടെ വീട്ടുകാരോട് എന്റെ വീട്ടിലേക്ക് വരാൻ അച്ഛന്റെ അമ്മ കല്യാണി ആവശ്യപ്പെട്ടു. എന്റെ അച്ഛൻ ഭാസ്കരൻ ക്രെയിൻ ഓപ്പറേറ്ററാണ്. അമ്മയുടെ പേര് കനക. അതുൽ വിഷ്ണുവെന്നൊരു ചേട്ടനും കൂടിയുണ്ട്. കക്ഷിയെ ഓവർ ടേക് ചെയ്തായിരുന്നു എന്റെ ഈ വിവാഹ പ്രപ്പോസൽ.

അങ്ങനെ സിതാരയുടെ വീട്ടുകാർ എന്റെ വീട്ടിലേക്കു വരികയും പരസ്പരം സംസാരിച്ച് ഞങ്ങളുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. അപ്പോഴും മറ്റൊരു പ്രശ്നം വില്ലനായെത്തി. സിതാരയുടെ വീട്ടിലെ ജീവിത സാഹചര്യം വച്ച് അവർക്ക് പെട്ടെന്ന് വിവാഹം നടത്താൻ കഴിയില്ലത്രേ.

ഡിസംബർ 29നായിരുന്നു ആദ്യം വിവാഹം തീരുമാനിച്ചത്. അങ്ങനെയിരിക്കെ ഞാൻ ഒരു ദിവസം അവളെ കാണാനായി വീട്ടിൽ പോയി. ഇപ്പോഴത്തെ സ്ഥിതിയിൽ കല്യാണം നടത്താൻ സാധിക്കില്ലെന്നും വിവാഹം ഏപ്രിലിലേക്ക് മാറ്റാമോ എന്നും ചോദിച്ചു.. അപ്പയ്ക്ക് ജോലിയില്ലാത്തതിനാലും സ്ഥിര വരുമാനം ഇല്ലാത്തതിനാലും നിലവിലെ കല്യാണത്തിന് തടസം ഉണ്ടെന്നും പറഞ്ഞു, എന്തിനാണ് അമ്മേ ഇനിയും സമയം എന്ന് ഞാൻ ചോദിച്ചു. അവൾക്ക് എന്തെങ്കിലും കൊടുക്കണ്ടേ എന്നായിരുന്നു അമ്മയുടെ മറുപടി. അവളുടെ പേരിൽ എനിക്കൊന്നും വേണ്ടെന്നും അഥവാ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അച്ഛനും അമ്മയും ഒരു സെന്റ് ഭൂമിയെങ്കിലും ആ കാശിന് വാങ്ങണമെന്ന് പറഞ്ഞു. ഇതെല്ലാം വാതിലിന്റെ മറവിലിരുന്ന് സിതാരയും കേൾക്കുന്നുണ്ടായിരുന്നു.

amal-sithara-3

അപ്പോൾ അമ്മ ഞങ്ങളോട് ആറന്മുള അമ്പലത്തിൽ പോയി തൊഴുതുവരാൻ പറഞ്ഞു. അവളുടെ അമ്മ ആറന്മുള അമ്പലത്തിലേക്ക് വിളിച്ചു തന്ന ഓട്ടോറിക്ഷയിൽ തന്നെ ഞങ്ങൾ കോഴഞ്ചേരി ബസ് സ്റ്റാൻഡിലേക്ക് പോയി. അവൾ ഉടൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ പച്ചക്കറി വാങ്ങിയിട്ട് വരണെ മോളേ എന്ന് അമ്മ പറയുകയും ചെയ്തു. പക്ഷേ ഞങ്ങൾക്ക് ഈ വിവാഹത്തിന്റെ പേരിൽ ഒരു പരീക്ഷണം നടത്താനോ കാത്തിരിക്കാനോ വയ്യായിരുന്നു. അവൾ ഇട്ടുകൊണ്ടു വരുന്ന ഡ്രസല്ലാതെ മറ്റൊന്നും വേണ്ട, എത്രയും പെട്ടെന്ന് സിതാരയെ എന്റേതാക്കണം എന്ന ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ.– അമൽ പറയുന്നു.

സിതാര: ചേട്ടനുണ്ടായിരുന്ന ആ ധൈര്യമാണ് ഞങ്ങൾ ഇന്ന് ഇങ്ങനെ ഒരുമിപ്പിച്ചത്. ചെങ്ങന്നൂർ നിന്നും ട്രെയിൻ കയറി. ഭിന്നശേഷിക്കാർക്കുള്ള കോച്ചിലാണ് കയറിയത്. പിറകിലുള്ള ഗാർഡിനോട് ഞങ്ങൾ രണ്ടുപേർ മാത്രമേ കോച്ചിലുള്ളൂ എന്നു പറഞ്ഞു. ഞങ്ങളൊരു പ്രോഗ്രാം കഴിഞ്ഞ് വരികയാണ്. ഞങ്ങളെ ഒന്നു ശ്രദ്ധിക്കണേ എന്നും പറഞ്ഞു. യാത്ര തുടങ്ങുമ്പോഴേക്കും രംഗം വഷളായി തുടങ്ങിയിരുന്നു. തലങ്ങും വിലങ്ങും അമ്മയുടെ ഫോൺകോൾ. നിങ്ങളെന്താ തിരിച്ചു വരാത്തതെന്ന് അമ്മ ചോദിച്ചു. അപ്പോൾ തൊഴുതുകൊണ്ടിരിക്കുകയാണെന്നു മാത്രം പറഞ്ഞു. ഇനിയും മുന്നോട്ടു പോകുന്തോറും അമ്മ പ്രശ്നമുണ്ടാക്കുമോ എന്നു ഭയന്നു. അവിടെ നിന്ന് ഇറങ്ങുമ്പോൾ തന്നെ ചേട്ടൻ വീട്ടുകാരെ വിളിച്ച് ഞാൻ കാര്യം പറഞ്ഞിരുന്നു. അന്ന് നേരെ എറണാകുളത്തുള്ള അച്ഛന്റെ പെങ്ങളുടെ വീട്ടിലേക്കാണു വന്നത്. പിറ്റേന്നു രാവിലെ കോഴിക്കോടേക്കു പോയി. അവിടെവച്ചായിരുന്നു വിവാഹം. ഈ സമയങ്ങളിലെല്ലാം വീട്ടിൽ വലിയ സീനായിരുന്നു. നീ വിളിച്ചു കൊണ്ടുപോയ എന്റെ മകളെ ഇപ്പോൾ ഇവിടെ കൊണ്ടു വരണമെന്ന് അമ്മയും ബന്ധുക്കളുമൊക്കെ പറഞ്ഞു. പക്ഷേ ഞാൻ ഉറച്ചു തന്നെയായിരുന്നു. മുന്നോട്ടു വച്ചകാലും തുടങ്ങിവച്ച ജീവിത യാത്രയും പിന്നോട്ടേക്കില്ലെന്ന് ഉറപ്പിച്ചു. ഒടുവില്‍ അമലേട്ടനും എന്റെ ചില ബന്ധുക്കളുമൊക്കെ അമ്മയേയും അച്ഛനേയും കാര്യം ധരിപ്പിച്ചു. എന്റെ വീട്ടിലെ അവസ്ഥ മോശമായതു കൊണ്ടാണ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് പറഞ്ഞു. വലിയ സംഘട്ടനങ്ങളില്ലാതെ ഈ പ്രണയം പൂവണിഞ്ഞത് അങ്ങനെയാണ്.

amal-sithara-3

ഞങ്ങൾക്ക് ഞങ്ങളല്ലേയുള്ളൂ...

അമൽ: ശാരീരിക പരിമിതികളുടെ പേരിൽ ഒത്തിരി അനുഭവിച്ചവരാണ് ഞങ്ങൾ. പോകുന്ന ഇടങ്ങളും കാണുന്ന മനുഷ്യരും ഞങ്ങളെ പരിഹാസത്തോടെയേ നോക്കിയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ ശേഷവും മനസു വേദനിപ്പിക്കുന്ന നിരവധി കമന്റുകൾ കേട്ടു. ഇതെന്താ ബാല വിവാഹമോണോ, പോക്സോ കേസാകുമോ, കുള്ളൻമാർ തുടങ്ങി എന്തൊക്കെ പറയുന്നു. സ്നേഹവും പിന്തുണയും നൽകിയവരെ മറന്നിട്ടില്ല കേട്ടോ. ഞങ്ങൾ പരിചയം പോലുമില്ലാത്ത എത്രയോ പേർ ഞങ്ങളെ കാണാനും സമ്മാനങ്ങൾ തരാനും ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് അറിയോ.

amal-88

സിതാര: എന്റെ കഥയും വ്യത്യസ്തമല്ല. ആഗ്രഹിച്ച ജോലിക്ക് പ്രതീക്ഷയോടെ ഓടിയെത്തിയപ്പോൾ നിങ്ങളെപ്പോലൊരാളെ ഞങ്ങൾക്ക് വേണ്ട. ഇങ്ങനെയൊരാളെയല്ല ഞങ്ങൾ പ്രതീക്ഷിച്ചത് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ട്രെയിൻ കയറാനൊക്കെ നിൽക്കുമ്പോൾ ഒരുപാടുപേർ നമ്മളെ അദ്ഭുതത്തോടെ നോക്കി സംസാരിക്കുകയും കളിയാക്കി ചിരിക്കുകയും ചെയ്യും. എറണാകുളത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ ചേച്ചിയുടെ മോൾക്ക് ഒരു മിട്ടായി വാങ്ങുന്നതിനായി ഒരു കടയിൽ പോയി. അവിടെ നിൽക്കുമ്പോൾ കുറച്ചു ചേച്ചിമാർ വന്ന് മക്കൾ സ്കൂളിലേക്കു പോവുകയാണോ എന്നു ചോദിച്ചു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു.

സ്ഥിരമായൊരു ജോലിയില്ലാത്തതാണ് ഞങ്ങൾ നേരിടുന്ന വിഷമം. ചേച്ചി നടത്തുന്ന ഹോസ്റ്റലിൽ സഹായിയായി നിൽക്കുകയാണ് ചേട്ടൻ. പ്ലസ്ടുവും ഡിപ്ലോമയും കഴിഞ്ഞ എനിക്കും ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഇത്രയും നടന്നില്ലേ ഇതും നടക്കുമെന്നേ– സിതാര ചിരിയോടെ പറഞ്ഞു നിർത്തി.