മനുഷ്യരെല്ലാം ലോക്കായി വീട്ടിലിരിക്കുമ്പോൾ പേടിയും അലട്ടലുമില്ലാതെ സ്വൈര്യവിഹാരം നടത്തുകയാണ് കിളികളും പൂമ്പാറ്റകളും മറ്റു ജീവികളും. നമ്മൾ പലപ്പോഴും കാണാതെ പോകുന്ന അവയെ ഈ ലോക്ഡൗൺ കാലത്ത് ക്യാമറയിൽ പകർത്തിയിരിക്കുകയാണ് അപർണ. ഈ ചിത്രങ്ങൾ കണ്ടാൽ നമ്മുടെയൊക്കെ തൊടിയിലും പറമ്പിലും ഇത്ര മാത്രം ജീവികളുണ്ടോ എന്നു സംശയം തോന്നിപ്പോകും. കൂടുകൂട്ടിയും തീറ്റ തേടിയും നടക്കുന്ന അപൂര്‍വയിനം പക്ഷികളും അണ്ണാനും മുതൽ ഉടുമ്പും അരണയും കുഴിയാനയും വരെയുണ്ട് അപർണയുടെ ചിത്രങ്ങളിൽ.

‘‘അടച്ചിടല്‍ തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപാണ് തലശ്ശേരി വടക്കുമ്പാട് പുതിയറോഡിലുള്ള തറവാട്ടുവീട്ടില്‍ എത്തിയത്. പിന്നെ, വീട്ടിൽ ലോക്കായി. വഴിയിൽ നിന്ന് അൽപം ഉയർന്ന സ്ഥലത്താണ് വീട്. പടിഞ്ഞാറു മുഖം ആയി കാറ്റേറ്റിരിക്കാന്‍ മുളങ്കാടും ഇരിപ്പിടങ്ങളും കാറ്റാടിയും ഒരുക്കിയിട്ടുണ്ട് അച്ഛന്‍ മുരളീധരനും അമ്മ ഷീലയും. ഇവിടെ ഇരുന്നാല്‍ അഞ്ചരക്കണ്ടി പുഴ ഒഴുകുന്നത് കാണാം; പിന്നെ വലിയ പാടവും. അങ്ങനെയൊരു ദിവസം ഇറയത്ത് വെറുതെയിരുന്നപ്പോഴാണ് മുറ്റത്തെ മരച്ചില്ലയിൽ വിരുന്നെത്തിയ മഞ്ഞക്കിളിയെ കണ്ടത്. ഒരു രസത്തിനു ഫോട്ടോ പകർത്തി. പിറ്റേദിവസവും കക്ഷി വിരുന്നെത്തുമോ എന്നറിയാൻ കാത്തിരുന്നപ്പോൾ കണ്ടത് സൂചിമുഖി പക്ഷിയെയാണ്. കൗതുകം കൂടിയതോടെ പക്ഷികളെയും ജീവികളെയും ക്യാമറിയിൽ പകർത്തി തുടങ്ങി. സംഗതി അത്ര എളുപ്പമല്ലെന്ന് ആദ്യം തന്നെ പിടികിട്ടി. നല്ല ക്ഷമ വേണം. മുകളിലേക്ക് നോക്കി കഴുത്തു കുഴയും. ഒരു വിധത്തില്‍ ഫ്രെയിം ഒപ്പിച്ചു വരുമ്പോൾ മറ്റൊരു കൊമ്പിലേക്ക് പക്ഷി പറന്നു പോകും. പക്ഷേ, ഇതിലൊരു ത്രിൽ ഉണ്ട്.’’ അടച്ചിരിക്കല്‍ വ്യത്യസ്തതയോടെ വിനോദമാക്കിയ സന്തോഷം കൂടിയുണ്ട് അപർണയ്ക്ക്.

‘‘എത്രയോ കാലം ഈ വീട്ടില്‍ താമസിച്ചിട്ടും അന്നൊന്നും കാണാതിരുന്ന കാഴ്ചകളാണ് അടച്ചിടല്‍ കാലത്ത് മുറ്റത്തിറങ്ങിയപ്പോള്‍ കണ്ടത്. പക്ഷി നീരിക്ഷകയൊന്നുമല്ല ഞാൻ. ഫൊട്ടോഗ്രഫറുമല്ല. എട്ടു വര്‍ഷം മുൻപ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനത്തിന്റെ ഭാഗമായി ക്യാമറ പിടിച്ചു നടന്ന അനുഭവം ഉണ്ട്. അത്രേയുള്ളൂ... പിന്നെ, അത്ര പ്രൊഫഷനല്‍ ക്യാമറ ഇല്ലെങ്കിലും ഫോട്ടോ ഒപ്പിക്കാം കേട്ടോ.’’ സ്വകാര്യ അഡ്വര്‍ടൈസിങ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറാണ് അപര്‍ണ. ഭര്‍ത്താവ് ജിതേഷിനും മകൻ നന്ദുവിനുമൊപ്പം എറണാകുളത്താണ് താമസം.
15 ദിവസങ്ങള്‍. ക്യാമറയില്‍ പതിഞ്ഞത് 16 തരം പക്ഷികളും ഉരഗങ്ങളും. ചിത്രങ്ങള്‍ കാണാം.
1.

2.

3.

4.

5.
