Thursday 06 June 2019 11:45 AM IST : By സ്വന്തം ലേഖകൻ

ഇതാണ് ഹീറോയിസം! തണ്ണീർത്തടങ്ങള്‍ ഉപയോഗ യോഗ്യമാക്കി പത്താം ക്ലാസുകാരൻ, ശ്രമം മറ്റാരുടെയും സഹായമില്ലാതെ

aromal-new-1

സൈബർ ലോകത്തിന്റെ മായികതയിൽ സമയം തള്ളിനീക്കുന്ന പുത്തൻ തലമുറ ആരോമൽ എന്ന 15 വയസ്സുകാരനെക്കുറിച്ചറിയണം. ആലപ്പുഴ പട്ടണക്കാട് സ്വദേശിയാണ് ആരോമൽ. പാറയിൽ ഭാഗം ലക്ഷ്മീ വിലാസത്തിൽ ജയകുമാറിന്റെയും മഞ്ജുവിന്റെയും രണ്ട് ആൺമക്കളിൽ മൂത്തവന്‍. തന്റെ SSLC പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം ആരോമൽ ചെലവഴിക്കുന്നത് തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണെന്നിടത്താണ് ഈ ബാലൻ വ്യത്യസ്തനും മാതൃകയുമാകുന്നത്.

സ്കൂൾ പഠനകാലയളവിൽ ലഭിച്ചിരുന്ന ഇടവേളകളൊക്കെ കൃഷിക്കും മറ്റ് പ്രകൃതി സൗഹാർദ്ദ വസ്തുക്കളുടെ നിർമാണത്തിനും വേണ്ടിയാണ് ആരോമൽ നീക്കി വച്ചിരുന്നത്. അതിനാൽ, തന്റെ കൃഷി ആവശ്യത്തിന് വീട്ടുമുറ്റത്ത് ശുദ്ധജലം ലഭ്യമാകാതെ വന്നപ്പോഴാണ് പ്രദേശത്തെ കിണറ്റിലും കുളത്തിലും എങ്ങനെ ശുദ്ധജലം ഇല്ലാതെയായി എന്നതിനെക്കുറിച്ച് ആരോമൽ ചിന്തിച്ചതും തന്റെ വീട്ടിലും പുരയിടത്തിലുമായി സംരക്ഷിക്കാതെ കിടന്നിരുന്ന തോടുകളും കുളവും വൃത്തിയാക്കി സംരക്ഷിച്ച് വരും മഴക്കാലത്ത് ജലസംഭരണത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് തീരുമാനിച്ചതും. ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ മറ്റൊരാളുടെയും സഹായമില്ലാതെ ആരോമൽ ഒറ്റയ്ക്കാണ് ഇവയെല്ലാം പുനർജീവിപ്പിച്ച് ജല സംഭരണ യോഗ്യമാക്കിയത്.

aromal-new-2

ഷാൻ പറയിൽ എന്ന യുവാവാണ് ഫെയ്സ്ബുക്കിലൂടെ ആരോമലിന്റെ മാതൃകാപ്രവർത്തിയെക്കുറിച്ചുള്ള പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

3/6/2019
ആലപ്പുഴ:

മൊബൈൽ ഫോണും പബ്ജിയുമായി നടക്കുന്ന ഇന്നത്തെ തലമുറക്ക് വേറിട്ടൊരു മാതൃകയാവുകയാണ് പട്ടണക്കാട് സ്വദേശിയായ ആരോമൽ എന്ന 15 വയസ്സ്കാരൻ..

aromal-new-3

ആലപ്പുഴ,പട്ടണക്കാട് രണ്ടാം വാർഡിൽ പാറയിൽ ഭാഗം ലക്ഷ്മീ വിലാസത്തിൽ ജയകുമാറിന്റെയും മഞ്ജുവിന്റെയും രണ്ട് ആൺമക്കളിൽ മൂത്തവനായ ആരോമൽ തന്റെ SSLC പരീക്ഷ കഴിഞ്ഞുള്ള ഒഴിവ് കാലം ചെലവഴികുന്നത് തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി ആണ്. പത്താം ക്ലാസ്സ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആരോമൽ തന്റെ സ്കൂൾ പഠനകാലയളവിൽ ലഭിച്ചിരുന്ന ഇടവേളകൾ ചെലവാക്കിയിരുന്നത് കൃഷിക്കും മറ്റ് പ്രകൃതി സൗഹാർദ്ദ വസ്തുക്കളുടെ നിർമ്മാണത്തിനും മറ്റുമായാണ്.. തന്റെ കൃഷി ആവശ്യത്തിനായി വീട്ടുമുറ്റത്ത് ശുദ്ധജലം ലഭ്യമാകാതെ വന്നപ്പോഴാണ് തന്റെ പ്രദേശത്തെ കിണറ്റിലും കുളത്തിലും പണ്ട് ലഭ്യമായിരുന്ന ശുദ്ധജലം എങ്ങനെ ഇല്ലാണ്ടായി എന്നതിനെ പറ്റി ആരോമൽ ചിന്തിക്കുന്നത്.. അങ്ങനെയാണ് തന്റെ വീട്ടിലും പുരയിടത്തിലുമായി സംരക്ഷിക്കാതെ കിടന്നിരുന്ന തോടുകളും കുളവും വെട്ടി സംരക്ഷിച്ച് വരും മഴക്കാലത്ത് ജലസംഭരണത്തിനാവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യണമെന്ന് തീരുമാനിച്ചത്.
അതിന്റെ ഭാഗമായി തനിക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ പ്രേത്യേകം തയ്യാറാക്കിയെടുപ്പിച്ച ചെറിയ ഒരു തൂമ്പ ഉപയോഗിച്ച് തന്റെ മുറ്റത്ത് സംരക്ഷിക്കപ്പെടാതെ കിടന്നിരുന്ന ഒരു കുളവും വീടിന് സമീപമുള്ള തോടുകളും വെട്ടി സംരക്ഷിക്കാൻ ആരോമൽ നിശ്ചയിച്ചു.. ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ മറ്റൊരാളുടെയും സഹായമില്ലാതെ ആരോമൽ ഒറ്റയ്ക്ക് ഒരു പ്രൊഫഷണൽ മികവോടെ ഇവയെല്ലാം വെട്ടി ജല സംഭരണ യോഗ്യമാക്കി..
പട്ടണക്കാട് S.C.U ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ ആരോമൽ കൃഷിക്ക് പുറമെ നാടകാഭിനയം, പ്രകൃതിസൗഹാർദ്ദമായ തഴപ്പായ, കുട്ട, കയർ എന്നിവയുടെ നിർമ്മാണം എന്നിങ്ങനെ വിവിധങ്ങൾ ആയ മേഘലകളിലും തന്റെ പ്രതിഭ തെളിയിച്ച് കൊണ്ടിരിക്കുന്നു...