Tuesday 22 October 2019 05:30 PM IST : By Rishiraj Singh

‘മക്കളെ ഉപദേശിച്ചിട്ട് കാര്യമില്ല, സ്വപ്നങ്ങൾക്ക് പുറകെ പോകാൻ അവർക്ക് കരുത്താകുകയാണ് വേണ്ടത്’

rishiraj-column

‘‘ഡിഗ്രി കാലത്ത് എനിക്കൊരു ക്രേസ് ഉണ്ടായിരുന്നു, ക്രിക്കറ്റ്. രാജസ്ഥാൻ സ്റ്റേറ്റ് ടീമിൽ കയറിപ്പറ്റണമെന്ന വല്ലാത്ത മോഹത്തോടെ ക്രിക്കറ്റിനു പിന്നാലെ പാഞ്ഞപ്പോൾ പഠനത്തിൽ സ്വാഭാവികമായും ശ്രദ്ധ കുറഞ്ഞു. വീട്ടിൽ ‘പിച്ച്’ പണിയണമെന്നു ഞാൻ നിർബന്ധം പിടിച്ചു. ശമ്പളം കിട്ടിയ ദിവസം തന്നെ സിമന്റ് വാങ്ങാനുള്ള പണം തന്ന് അച്ഛൻ ആ ആഗ്രഹം നിറവേറ്റി. മൂന്നു വർഷം ക്രിക്കറ്റിനു പിന്നാലെ പോയിട്ടും  ജില്ലാ ടീമിൽ പോലും കടന്നുകൂടാനായില്ല. ഡിഗ്രി പരീക്ഷയ്ക്ക് രണ്ടു മാർക്കിനു സെക്കൻഡ് ക്ലാസ് നഷ്ടമായതോടെ വലിയ വിഷമമായി. നിരാശ മനസ്സിലൊതുക്കി ക്രിക്കറ്റ് വിട്ടു. ആ നിരാശ കൂടി നൽകിയ ഉണർവിലാണ് പിജിക്ക് പഠിച്ചത്. കോളജിൽ നിന്ന് ഗോൾഡ് മെഡൽ വാങ്ങി പിജി പാസായി. രാജസ്ഥാനിലാകെ മെഡൽ നേടിയ ആറു പേരിലൊരാളും ഞാനായിരുന്നു.

സിവിൽ സർവീസ് കിട്ടി കുറേ വർഷം കഴിഞ്ഞപ്പോൾ അമ്മ എന്നോട് ഒരു പഴയ കാര്യം പറഞ്ഞു, ക്രിക്കറ്റിനു പിന്നാലെ പോയി എന്റെ മാർക്ക് കുറയുന്നതിൽ അമ്മയ്ക്ക് വലിയ വിഷമമായിരുന്നുവെന്ന്. ഇക്കാര്യം പറഞ്ഞ് പരിഭവിക്കുമ്പോൾ അച്ഛൻ പറയുമത്രേ, ‘നമ്മൾ ഉപദേശിച്ചിട്ട് കാര്യമില്ല. അവനു സ്വയം തോന്നി പിന്മാറിയിട്ടേ കാര്യമുള്ളൂ...’

മക്കളുടെ ഭാവിയെയും ജോലിയെയും കുറിച്ചൊക്കെ ഇത്രയധികം ടെൻഷനടിക്കുന്ന അച്ഛനമ്മമാരോട് എനിക്കു പറയാനുള്ളതും അതു തന്നെയാണ്. അവരെ എത്ര ഉപദേശിച്ചാലും കേൾക്കണമെന്നില്ല, സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ അവർക്ക് കരുത്താകുകയാണ് വേണ്ടത്.

അന്നത്തെ സ്വപ്നങ്ങൾ

പഠനം കഴിഞ്ഞ് എന്തു ചെയ്യും എന്ന ചോദ്യത്തിന് ചെറുപ്പകാലത്ത് വ്യക്തമായ മറുപടി പറയാൻ എനിക്കറിയില്ലായിരുന്നു. മുപ്പതു വർഷം മുൻപത്തെ കാര്യമാണത്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇംഗ്ലിഷ് ലിറ്ററേച്ചർ ആയിരുന്നു ബിഎയ്ക്ക് എന്റെ വിഷയങ്ങൾ. ഹിസ്റ്ററിയും പൊളിറ്റിക്കൽ സയൻസുമായിരുന്നു പിജിക്ക് എടുത്തത്. എംഫിൽ ചെയ്യാൻ ജെഎൻയുവിൽ അപേക്ഷിച്ചെങ്കിലും റാങ്ക് പട്ടികയിൽ കയറിപ്പറ്റാൻ എനിക്കായില്ല. കോളജ് അധ്യാപകനാകാൻ രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു ടെസ്റ്റ് എഴുതിയെങ്കിലും അതും കിട്ടിയില്ല. പിന്നെയുള്ള ഓപ്ഷൻ ഗൾഫാണ്. അതിൽ താൽപര്യം തോന്നിയില്ല.

അച്ഛൻ ഇന്ദ്രജിത് സിങ് പൊലീസ് വകുപ്പിലായിരുന്നു, എസ്ഐ ആയാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്, എന്റെ ഡിഗ്രിക്കാലത്ത് ഡിവൈഎസ്പി ആയി. അച്ഛൻ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, അമ്മ ശോഭകുമാരി പത്താംക്ലാസ് വരെയും. മൂന്നു സഹോദരിമാരാണ് എനിക്ക്, മൂത്ത ചേച്ചി ഡോക്ടർ പരീക്ഷ പാസായതോടെ എനിക്കും ജോലി വേണ മെന്ന ചിന്ത ശക്തമായി. പഠിത്തവും ജോലിയും ഒന്നുമായില്ല എന്ന ചിന്ത വന്നതോടെ  കേ ന്ദ്രസർക്കാരിൽ തന്നെ ജോലി കിട്ടണമെന്ന വാശിയായി. മൂന്നു വർഷം സിവിൽ സർവീസിനു തയാറെടുത്തു. ആദ്യ പരിശ്രമത്തിൽ തന്നെ 182–ാം റാങ്ക് കിട്ടി. ഐപിഎസിൽ കേരള കേഡറാണ് കിട്ടിയത്.

മകന്റെ മോഹം

എന്റെ ഭാര്യ ദുർഗേശ്വരി ബിഎസ്‌സി ഹോംസയൻസ് പാസായതാണ്. രണ്ടു മക്കളാണ് ഞങ്ങൾക്ക്, ഛത്രസാൽ സിങ്ങും യശോധരയും. പ്ലസ്ടു കഴിഞ്ഞപ്പോൾ ഛത്രസാലിന് അത്ര മാർക്കൊന്നുമില്ല. ഇനിയെന്താണ് പ്ലാൻ എന്നു ഞാൻ ചോദിച്ചു. ‘എനിക്ക് ഡോക്ടറും എൻജിനീയറും ഐപിഎസുമൊന്നും ആകണ്ട, അനിമേഷൻ പഠിച്ചാൽ മതി...’ അവൻ മോഹം വെളിപ്പെടുത്തി. അനിമേഷനിൽ ഡിപ്ലോമ കോഴ്സിനു ചേർക്കുക എന്ന ചുമതല സംശയമേതുമില്ലാതെ ഞാൻ നിർവഹിച്ചു. 2010ൽ കോഴ്സ് പാസായി അവൻ തിരിച്ചു വരുമ്പോൾ മുംബൈയിലാണ് എനിക്ക് ജോലി. അവിടെ ചെറിയൊരു സ്റ്റുഡിയോയിൽ അനിമേഷൻ ജോലികൾ ചെയ്യാനായി അവൻ കയറി, പിന്നീട് വലിയൊരു സ്റ്റുഡിയോക്കാർ അവനെ കൊണ്ടുപോയി.

അതു കഴിഞ്ഞാണ് സ്റ്റീഫൻ സ്പിൽബർഗിന്റെ ബെംഗളൂരുവിലെ അനിമേഷൻ സ്റ്റുഡിയോയിൽ അവനു ജോലി കിട്ടിയത്. അവർ തന്നെ ലണ്ടനിലേക്കും ചൈനയിലേക്കുമൊക്കെ അവനെ ജോലികൾക്കായി അയച്ചു. ‘കുങ്ഫു പാണ്ട’ യുട്യൂബ് സീരീസ്, ‘ടിങ്കർ ബെൽ’, ‘ഷെർലക് നോംസ്’ തുടങ്ങി പത്തിലേറെ അനിമേഷൻ സിനിമകളിൽ അവൻ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. കാർട്ടൂൺ സിനിമയ്ക്കു പിന്നിലെ എന്തു ജോലിയാണ് അവൻ ചെയ്തത് എന്നെനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ, ആ ജോലിയിൽ അവൻ വളരെ സന്തുഷ്ടനാണെന്ന് നന്നായി അറിയാം. സിഡ്നിയിലെ ഒരു വലിയ അനിമേഷൻ പ്രോജക്ടുമായി സഹകരിച്ച് പത്തു മാസത്തെ ജോലിക്കായി പോയിരിക്കുകയാണ് അവനിപ്പോൾ.

യശോധരയ്ക്ക് പെറ്റ്സിനെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് വെറ്ററിനറി  ഡോക്ടറാകാൻ ആഗ്രഹം. പക്ഷേ, രക്തം കാണാൻ പേടി. അതോടെ ആ മോഹം വിട്ടു. എംഎസ്‌സി സൈക്കോളജി കഴിഞ്ഞ് രാജസ്ഥാനിൽ സ്കൂളിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്യുകയാണ് അവൾ.

അവസരം കൂടുതൽ, ടെൻഷനും

എന്റെ ചെറുപ്പകാലത്ത് ജോലി നേടുക എന്നോർത്ത് ടെൻഷനൊന്നും ആർക്കും ഇല്ലായിരുന്നു. പ്രഫഷനൽ കോഴ്സുകൾ പഠിക്കാനും ഇപ്പോൾ അവസരങ്ങൾ കൂടുതലാണ്. രാജസ്ഥാനിൽ ആകെ ഒൻപത് മെഡിക്കൽ കോളജുകളേ ഉള്ളൂ, കേരളത്തിൽ 29 മെഡിക്കൽ കോളജുണ്ട്. മറ്റു കോഴ്സുകളിലും ഉണ്ട് ഈ വലിയ വ്യത്യാസം.

കരിയർ ഓപ്ഷനുകൾ കൂടുതലുള്ളപ്പോഴും ജോലിയെ പറ്റിയുള്ള ടെൻഷനും കൂടുതലുള്ള ഏക രാജ്യം ഇന്ത്യയാണെന്ന് എനിക്കു തോന്നുന്നു. കുട്ടികൾക്കു വേണ്ടി ഇത്രയുമൊക്കെ കാശു മുടക്കുന്നു, സൗകര്യങ്ങൾ ചെയ്യുന്നു... അതിന്റെ  പ്രതിഫലം പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്ന് ചില രക്ഷിതാക്കളെങ്കിലും ചോദിക്കും. അങ്ങനെ ചിന്തിക്കുന്നവർ ഒരു കാര്യം അറിയണം. ഇന്ത്യയിൽ ഓരോ  എട്ടു മിനിറ്റിലും ഒരു കുട്ടി വീതം വീടുവിട്ട് ഓടിപ്പോകുന്നു എന്നും, ഓരോ മണിക്കൂറിലും ഒരു കുട്ടി വീതം ആത്മഹത്യ ചെയ്യുന്നു എന്നുമാണ് കണക്ക്. വീട്ടിലെ ചിട്ടകൾ സഹിക്കാനാകാത്തതും പരീക്ഷയിൽ മാർക്ക് കുറയുമെന്നുള്ള പേടിയുമൊക്കെയാണ് ഇതിനു പ്രേരിപ്പിക്കുന്ന ഒരു കാര്യം.

പ്രതിഫലം ഇച്ഛിച്ച് എന്തെങ്കിലും ചെയ്യാമെന്ന ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കണം. മക്കളെ ഡിഗ്രിയും പിജിയും എടുപ്പിക്കുക എന്നതല്ലേ നമ്മുടെ ഉത്തരവാദിത്തം. ഏതു വിഷയം വേണമെന്ന് അവർ തീരുമാനിക്കട്ടെ. ചെറുപ്പത്തിലേ തന്നെ വരയ്ക്കാനും പാട്ടുപാടാനുമൊക്കെ കഴിവുള്ളവരെ ആ വഴിയിലേക്കു തിരിച്ചു വിടാം. ഡിഗ്രിയും പിജിയും കഴിഞ്ഞിട്ടും കരിയർ എന്താകണമെന്നു തീരുമാനിക്കാനാകാത്തവർക്കും പ്രത്യേകിച്ച് താൽപര്യങ്ങളില്ലാത്തവർക്കും  സ്വയം തൊഴിലോ സ്വന്തം ബിസിനസോ ഒക്കെ ചെയ്യാമല്ലോ. ജോലിഏതായയാലും അത് സന്തോഷത്തോടെ ചെയ്യുക എന്നതല്ലേ വലുത്...’’

വേണം പെൺകുട്ടിയോട് കരുതൽ

‘‘കരിയറിലെയും പഠിത്തത്തിലെയും സ്ട്രെസ്സും പ്രഷറുമൊക്കെ ആൺകുട്ടികൾക്കേയുള്ളൂ, പെൺകുട്ടികൾക്ക് ഏതെങ്കിലുമൊരു ഡിഗ്രി മതി എന്ന കാഴ്ചപ്പാടാണ് മിക്ക രക്ഷിതാക്കൾക്കും. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ പ്രൈമറി ക്ലാസിൽ ചേരുന്ന 1000 പെൺകുട്ടികളിൽ ഒരാൾ മാത്രമേ പഠിച്ച് ഡിഗ്രി വരെ എത്തുന്നുള്ളൂ. കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് അടുത്തിടെ ഒരു  ലേഖനം  വായിച്ചു.  പ്രൈമറി ക്ലാസിൽ ചേരുന്ന മുഴുവൻ പെൺകുട്ടികളും  പത്താം ക്ലാസ് പൂർത്തിയാക്കും, പകുതി പേരെങ്കിലും ഡിഗ്രി വരെയും. ഡിഗ്രി പാസാകുന്നവരിൽ 23 ശതമാനം മാത്രമേ പിജിക്ക് ചേരുന്നുള്ളൂ. കേരളത്തിലാകെ ജോലി ചെയ്യുന്നവരുടെ എണ്ണമെടുത്താൽ അതിൽ 22 ശതമാനം സ്ത്രീകളേ ഉള്ളൂ. 100 ശതമാനം സാക്ഷരതയുള്ള കേരളത്തിന്റെ സ്ഥിതി ഇങ്ങനെ മതിയോ?’’