Wednesday 24 January 2024 10:32 AM IST

ഹിറ്റായി അൺബോക്സിങ് റേഷൻ കിറ്റ്, അരനിക്കർ നനച്ചു കഴുകുന്ന വിഡിയോയും വൈറൽ: ശങ്കരൻ സ്റ്റാറായതിങ്ങനെ

Roopa Thayabji

Sub Editor

sankaran

ഹലോ ഗയ്സ്... നിങ്ങൾ വായിക്കുന്നത് വനിതയുടെ ശിശുദിന പതിപ്പിലെ പ്രത്യേക ഫീച്ചറാണ്. ശിശുദിനമെന്നു പറയുമ്പോൾ കുട്ടികളുടെ ദിവസമാണല്ലോ. സോ... കുട്ടിദിന സ്പെഷൽ ഫീച്ചറിലും കുറച്ചു കുട്ടികളെയാണു പരിചയപ്പെടുത്തുന്നത്.

സ്പെഷൽ പതിപ്പിൽ സ്പെഷലായി എത്തുന്ന ഈ കുട്ടികളുടെ പ്രത്യേകത എന്താണെന്നാകും ഗയ്സ് നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. ഇവരെല്ലാം യുട്യൂബിലെ സ്റ്റാർസാണ്. യുട്യൂബിന്റെ പുഷ്കലകാലത്തു വിഡിയോകൾ പോസ്റ്റ് ചെയ്തു തുടങ്ങി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ മെഗാഹിറ്റായി മുന്നേറുന്ന താരമായ നിധിനാണ് എണ്ണംപറഞ്ഞ താരങ്ങളിൽ ഒരാൾ. വെറും 90 വിഡിയോ കൊണ്ടു ഏഴു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയ നിധിനെന്നു പറഞ്ഞാൽ നിങ്ങൾക്കു ചിലപ്പോൾ മനസ്സിലാകില്ല, ശങ്കരനെന്നു വിളിപ്പേരുള്ള ഈ സോഷ്യൽ മീഡിയ സ്റ്റാറിനെ നിങ്ങളിൽ പലർക്കും അറിയാം...ഇവരുടെ വിശേഷങ്ങൾ കേട്ടിട്ടു വന്നാലോ...

ശങ്കരൻ– സബ്സ്ക്രൈബേഴ്സ് – 7.05 ലക്ഷം

ലോ ഗയ്സ്, നിങ്ങൾ കാണാൻ പോകുന്നത് ഒരു യമണ്ടൻ ട്രാവൽ വ്ലോഗാണ്. ഞാൻ കടയിൽ പോകുകയാണ് ഗയ്സ്...’ ഇത്രയും കേട്ടാൽ തന്നെ അതു ശങ്കരനാണെന്നു സോഷ്യൽ മീഡിയയ്ക്കു കാണാപ്പാഠമാണ്. തിരുവനന്തപുരം ഭാഷയിൽ യുട്യൂബിൽ ‘പൊളപ്പൻ’ വി ഡിയോകൾ പോസ്റ്റ് ചെയ്യുന്ന പൂജപ്പുരക്കാരനായ ഏഴാംക്ലാസ്സുകാരൻ നിധിന്റെ വിളിപ്പേരാണു ശങ്കരൻ.

ജസ്റ്റ് ഫോർ ഫൺ

വെറുതെ വീട്ടിലിരുന്നപ്പോൾ ചേട്ടന്മാരുടെ സഹായത്തോടെ ശങ്കരനൊരു ഷൂട്ടിങ് പരീക്ഷണം നടത്തി, വീട്ടിലിടുന്ന അര നിക്കർ കഴുകുന്ന വിഡിയോ. ബാക്കി കഥ ശങ്കരൻ പറയട്ടെ. ‘‘ജസ്റ്റ് ഫോർ ഫൺ ആയാണ് അതു ഷൂട്ട് ചെയ്തത്. എന്റെ സ്വന്തം നിക്കർ ഞാൻ തന്നെ അലക്കുകല്ലിൽ അടിച്ചുനനച്ചു കഴുകുന്ന വിഡിയോ. അതു വൈറലായതോടെ വിഡിയോ പിടുത്തം ഹരമായി.

കോവിഡ് കാലത്ത് എല്ലാ ദിവസവും വിഡിയോ ഷൂട്ട് ചെയ്യുമായിരുന്നു. സ്കൂൾ തുറന്നതോടെ ഇപ്പോൾ ടൈം കിട്ടുന്നില്ലെന്നേ. എങ്കിലും നാട്ടിലും സ്കൂളിലും നല്ല വിലയാണ്, ‍ഞാനൊരു സെലിബ്രിറ്റിയാണെന്നാണു കൂട്ടുകാരും ടീച്ചർമാരുമൊക്കെ പറയുന്നത്.

ശിശുവിഹാർ യുപിഎസിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എനിക്കു കുക്കിങ്ങും ട്രാവലിങ്ങുമൊക്കെ ഇഷ്ടമാണ്. ഷൂട്ടിങ്ങും എഡിറ്റിങ്ങുമെല്ലാം ഐഫോണിലാണു ചെയ്യുന്നത്. ഏറ്റവും പരിശ്രമിച്ചു ചെയ്ത വിഡിയോ ഉണക്കമീൻ ഗ്രിൽ ആണ്. ഗ്രിൽ സെറ്റ് ചെയ്യാനൊക്കെ സമയമെടുത്തു. വിഡിയോ എടുക്കുമ്പോൾ ഉഗ്രൻ മഴയും.

യുട്യൂബ് ടു സിനിമ

വെൽഡിങ് കോൺട്രാക്ടറായ അച്ഛൻ വിജയനും അമ്മ ബിന്ദുവും അനിയത്തി കല്യാണിയുമൊക്കെ വിഡിയോകകൾക്കു ഫുൾ സപ്പോർട്ടാണ്. ഫണ്ണി വിഡിയോ ചെയ്യാനാണു കൂടുതലിഷ്ടം. അൺബോക്സിങ് വിഡിയോകളെ ട്രോളി റേഷൻ കിറ്റ് അൺബോക്സിങ് ചെയ്തതു വലിയ ഹിറ്റായി. ‘കോവിഡ് കാലത്തു സരളപ്പൻ മാമന്റെ റേഷൻ കടയിൽ നിന്നു ഫ്രീയായി കിട്ടിയതാണു ഗയ്സ്...’ എന്നൊക്കെ പറഞ്ഞുള്ള ആ വിഡിയോ ഇതുവരെ അഞ്ചര ലക്ഷം പേർ കണ്ടു. ഇതിനിടെ പരസ്യത്തിലും സൗദി വെള്ളക്ക എന്ന സിനിമയിലും അഭിനയിച്ചു. ആരാധകരെല്ലാം ചോദിക്കുന്നത് എന്റെ എനർജിയെ കുറിച്ചാണ്. ആ രഹസ്യം പറഞ്ഞു തരില്ല കേട്ടോ...’ ശങ്കരൻ വൈറൽ സ്റ്റെപ്പിട്ടു.

രൂപാ ദയാബ്ജി