Wednesday 10 January 2024 02:34 PM IST : By സ്വന്തം ലേഖകൻ

രാജസ്ഥാന്‍ റോയല്‍സിനായി കണ്ണഞ്ചിപ്പിക്കും സർപ്രൈസ്, മോഹൻലാലിനു വേണ്ടി സ്പെഷൽ ഹാംപർ: കരവിരുതിലൂടെ ഓര്‍മച്ചെപ്പൊരുക്കി ധന്യ

dhanya-james

പ്രിയപ്പെട്ട നിമിഷങ്ങളെ എന്നും ഓര്‍ത്തിരിക്കാന്‍ സന്തോഷപ്പൊതികളായി ക്രാഫ്റ്റ് വര്‍ക്കുകളും കസ്റ്റമൈസ്ഡ് ഇവന്റുകളുമൊരുക്കി യുവ സംരംഭക.

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുവാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. വിവാഹം, ജന്മദിനം എന്നിങ്ങനെ അതില്‍ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം എപ്പോഴും ഓര്‍മിക്കപ്പെടുംവിധം സവിശേഷമായി എങ്ങനെ ആഘോഷിക്കാം, ഏതൊക്കെ രീതിയില്‍ അവ കൂടുതല്‍ മനോഹരമാക്കാം എന്നാലോചിക്കാത്ത, അതിന് വഴികള്‍ തേടാത്ത ആരും തന്നെയുണ്ടാവില്ല. നമ്മുടെ ഏറ്റവും നല്ല നിമിഷങ്ങളെ അതി മനോഹരമായി അണിയിച്ചൊരുക്കുവാനും ഓര്‍മകളില്‍ അവയുടെ മാറ്റുകൂട്ടുവാനും വഴികളൊരുക്കുകയാണ് കണ്ണൂര്‍ സ്വദേശിനിയായ ധന്യ ജെയിംസ്. കൊച്ചി ആസ്ഥാനമാക്കി എല്ലീസ് ആര്‍ട്സി എന്ന ബ്രാന്‍ഡിന് കീഴില്‍ ഇവന്റുകളൊരുക്കിയും വിവിധ പരിപാടികള്‍ക്ക് ആവശ്യമായ റിട്ടേണ്‍ ഗിഫ്റ്റുകളും സുവനീറുകളും ഓരോ ഉപഭോക്താക്കളുടെയും ആവശ്യങ്ങളും ആഗ്രഹവുമറിഞ്ഞ് തയ്യാറാക്കി നല്‍കിയുമാണ് ധന്യ ജെയിംസ് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നത്. വിവാഹം, പിറന്നാള്‍, മാമോദീസ, ആദ്യ കുര്‍ബാന, ബ്രൈഡല്‍ ഷവര്‍, ഗൃഹപ്രവേശനം, വിവിധ ബ്രാന്‍ഡുകളുടെ കോര്‍പ്പറേറ്റ് ഇവന്റ്‌സ് തുടങ്ങിയവയുടെ ഇവന്റ് ഡിസൈനിങ്ങ്, മാനേജ്‌മെന്റ്, റിട്ടേണ്‍ ഗിഫ്റ്റ് എന്നിങ്ങനെയാണ് എല്ലീസ് ആര്‍ട്ട്‌സിയുടെ സേവനങ്ങള്‍.

dhanya-4

കുട്ടിക്കാലം മുതല്‍ക്കേ ക്രാഫ്റ്റിങ്ങിനോട് താല്‍പ്പര്യമുണ്ടായിരുന്ന ധന്യ എല്ലാ കാലത്തും തന്റെ ഈ പാഷനെ ഒപ്പം കൂട്ടിയിരുന്നു. കണ്ണൂരിലെ സ്‌കൂള്‍ കാലത്തും, മംഗലാപുരത്തെ ബി.എസ്.സി ബയോടെക്‌നോളജി പഠനകാലത്തുമെന്നപോലെ ഐ.ടി മേഖലയിലും ബാങ്കിങ്ങ് മേഖലയിലും തന്റെ കരിയര്‍ തുടര്‍ന്നപ്പോഴും ജോലിത്തിരക്കുകള്‍ക്കിടയിലും തന്റെ എല്ലാമായ പാഷനെ ധന്യ മറക്കാതെ ചേര്‍ത്തുപിടിച്ചിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന ബാങ്കിംഗ് സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്കുള്ള ഓഫര്‍ ലെറ്ററും കൈപ്പറ്റി പുതിയ സ്ഥലത്ത് ജോലി ആരംഭിക്കുന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ക്കിടയിലാണ് തന്റെ പാഷനാണ് പ്രൊഫഷനാക്കേണ്ടതെന്ന തിരിച്ചറിവിലേക്ക് ധന്യ എത്തുന്നത്. താമരമൊട്ടുകള്‍കൊണ്ടുണ്ടാക്കി നല്‍കിയ ഒരു ബൊക്കെയ്ക്ക് ലഭിച്ച അഭിന ന്ദനപ്രതികരണങ്ങളും, പ്രതീക്ഷിക്കാത്ത അളവിലുള്ള ഓര്‍ഡറുകളുമാണ് തന്റെ പ്രൊഫഷണല്‍ കരിയറാക്കി ഈ രംഗത്തെ തെരഞ്ഞെടുക്കാന്‍ ധന്യയ്ക്ക് കരുത്തു പകര്‍ന്നത്.

dhanya-1

ഓസ്‌ട്രേലിയയില്‍ നിന്നായിരുന്നു ആദ്യ ഓര്‍ഡര്‍. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ധന്യ ഉപഭോക്താവിന്റെ സന്തോഷമാണ് തന്റെ ബിസ്‌നസിന്റെ അടിസ്ഥാനം എന്ന് തിരിച്ചറിയുകയായിരുന്നു. ഇന്ത്യയ്ക്ക് പുറമേ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള അയ്യായിരത്തോളം സന്തുഷ്ട ഉപഭോക്താക്കളെ ഇതിനകം തന്നെ എലീസി ആര്‍ട്സി സ്വന്തമാക്കിക്കഴിഞ്ഞു. അഞ്ചു ലക്ഷത്തിലധികം ക്രാഫ്റ്റ് വര്‍ക്കുകളാണ് ധന്യ ഇതുവരെ തയ്യാറാക്കി നല്‍കിയിരിക്കുന്നത്. റിട്ടേണ്‍ ഗിഫ്റ്റുകള്‍ എന്നതിനപ്പുറം ഇവന്റ് ആക്‌സസറീസ്, സോപ്പുകള്‍, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്കും എല്ലീസ് ആര്‍ട്ട്‌സിയുടെ സേവനങ്ങള്‍ വളര്‍ന്നുകഴിഞ്ഞു.

ഉപഭോക്താക്കള്‍ നല്‍കുന്ന പ്രോത്സാഹജനകമായ പ്രതികരണങ്ങളും, അഭിനന്ദനങ്ങളും പിന്തുണയും ഊര്‍ജ്ജമായി ഉള്‍ക്കൊണ്ട് കൂടുതല്‍ മികച്ച രീതിയില്‍ തന്റെ പാഷനും പ്രൊഫഷനും ഇനിയും മുന്നോട്ടു വളര്‍ത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇന്ന് ധന്യ നമുക്ക് മുന്നില്‍ നില്‍ക്കുന്നത്. ധാരാളം വീട്ടമ്മമാര്‍ തന്റെ പ്രവര്‍ത്തനങ്ങളെ പ്രചോദനമായിക്കണ്ട് ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ലെന്നും ധന്യ കൂട്ടിച്ചേര്‍ക്കുന്നു.

dhanya-2

ഏതെങ്കിലും ഒരു കാര്യത്തോട് നമുക്ക് അതിയായ താല്‍പര്യവും അത് ചെയ്യാനുള്ള ആഗ്രഹവുമുണ്ടെങ്കില്‍ ഒരിക്കലും അക്കാര്യത്തെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നാണ് ധന്യയ്ക്ക് പറയുവാനു്ളത്. ആ വഴിയില്‍ നമുക്ക് ചിലപ്പോള്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം. എങ്കിലും അതിനായി ശ്രമിച്ചതിലുള്ള ആത്മ സംതൃപ്തി നമുക്ക് എന്തായാലും കിട്ടുമെന്നും തന്റെ ജീവിതം ഉദാഹരണമാക്കി ധന്യ വ്യക്തമാക്കുന്നു. ഇടയ്ക്ക് ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ സംഭവിക്കാറുള്ള ചെറിയ ബുദ്ധിമുട്ടുകളും അത് മറികടക്കാന്‍ കണ്ടുപിടിക്കുന്ന കുറുക്കുവഴികളും ഈ കരിയറിലെ രസക്കൂട്ടുകളായാണ് ധന്യ കാണുന്നത്. തന്റെ ഈ പാഷന്‍ യു.എ.ഇയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും അവിടെ ചെന്ന് ഇവന്റുകള്‍ ചെയ്യണമെന്നുമാണ് നിലവിലെ ധന്യയുടെ ആഗ്രഹങ്ങള്‍.

രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ ടീമിനായി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത നല്‍കിയ ഓര്‍ഡര്‍ കരിയറിലെ ഒരു പ്രധാനപ്പെട്ട അധ്യായമാണെന്ന് ധന്യ ഓര്‍ത്തെടുക്കുന്നു. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ജയറാം, കാളിദാസ് ജയറാം, വിനീത് ശ്രീനിവാസന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയവര്‍ക്ക് കസ്റ്റമൈസ് ചെയ്ത ഗിഫ്റ്റ് ഹാംപര്‍ ചെയ്തു നല്‍കാന്‍ ലഭിച്ച അവസരം അവിസ്മരണീയമായിരുന്നെന്നും അവര്‍ക്കെല്ലാം ഹാംപറുകള്‍ ഇഷ്ടമായതില്‍ അതിയായ സന്തോഷമുണ്ടെന്നും ധന്യ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന് പുറമേ കല്യാണ്‍ ജുവലേഴ്‌സ്, ടി.ടി ദേവസ്സി ജുവലേഴ്‌സ്, കോട്ടയം ഗ്രാന്‍ഡ്, സോഷ്യല്‍ പി.ആര്‍, ബുള്‍ ഹോണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധന്യയ്ക്കായിട്ടുണ്ട്.

dhanya-3

തന്റെ പാഷനോടുള്ള ആഭിമുഖ്യം മാത്രം മൂലധനമാക്കി, ജോലിയുടെ സുരക്ഷിതത്വം ഉപേക്ഷിച്ചുകൊണ്ട് മനസ്സുപറഞ്ഞ വഴിയിലൂടെ നടന്ന് വിജയം കൈവരിച്ച ഈ യുവ സംരംഭക അനേകം വനിതകള്‍ക്ക് പ്രചോദനമാണ്.