Tuesday 09 July 2024 11:31 AM IST

‘സ്ഥിരവരുമാനമില്ലാത്ത നിങ്ങളെങ്ങനെ വീടുപണിയും?’: ‘ഇസൈ’ കൊണ്ട് മറുപടി നൽകി ഗൗരിലക്ഷ്മിയും ഗണേഷും

Sunitha Nair

Sr. Subeditor, Vanitha veedu

gouri 7

സ്ഥിര വരുമാനമില്ലാത്ത നിങ്ങൾ എങ്ങനെ വീടു പണിയും?’ എന്നു കളിയാക്കിയവർക്കുള്ള മറുപടിയാണ് ‘ഇസൈക്കൂട്’. പാട്ടുകാരി ഗൗരിലക്ഷ്മിയുെടയും ഡ്രമ്മർ-കം-പ്രോഗ്രാമർ ഗണേഷിന്റെയും, ചേർത്തലയ്ക്കടുത്ത് പള്ളിപ്പുറത്തുള്ള വീടിന് ഇതിലും നല്ലൊരു പേരില്ല. വീട്ടുപേരിൽ കൂട് എന്നു വേണമെന്ന് ഗൗരിക്കുണ്ടായിരുന്നു. ഗണേഷാണ് ഇസൈക്കൂട് എന്ന് നിർദേശിച്ചത്. തമിഴിൽ ‘ഇസൈ’ എന്നാൽ സംഗീതം. ഗണേഷിന്റെ നാടായ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് 2019-ൽ താമസം മാറുമ്പോൾ തന്നെ ഒരു വീട് എന്ന സ്വപ്നം ഇരുവരുടെയും മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ഗൗരിയുടെ തറവാടിനോടു ചേർന്ന് വീടു പണിയാൻ തീരുമാനിക്കുന്നത്. അച്ഛന്റെ സുഹൃത്ത് ആണ് കോഴിക്കോടുള്ള ആർക്കിടെക്ട് ഷബ്ന സി. മാമുവിനെ നിർദേശിച്ചത്. സംസാരിച്ചപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞതു പോലെയായി കാര്യങ്ങൾ. ഇവരുടെ ആശയങ്ങൾക്കനുസരിച്ച് മനോഹരമായ പ്ലാൻ തന്നെ ഷബ്ന വരച്ചു നൽകി. 2019 ജൂലൈയിലാണ് പണി ആരംഭിക്കുന്നത്.

gouri 1

2350 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിലേക്കു കയറുമ്പോൾ സ്വീകരിക്കാൻ കൺമണി, ടോഫു, മൂച്ചി, കാരമൽ എന്നീ അഞ്ചംഗ സംഘത്തോടൊപ്പം പീക്കാച്ചുവും റെഡിയായി നിൽപുണ്ട്. ഗൗരി രക്ഷിച്ചെടുത്ത നായ്ക്കളും പൂച്ചക്കുട്ടിയുമാണ് ഇവരെല്ലാം. ട്രെഡീഷനൽ കന്റെംപ്രറി ശൈലിയിലാണ് വീട്. അതുകൊണ്ടു തന്നെ ഓടാണ് മേൽക്കൂരയിൽ. വാർക്കാതെ ട്രസ്സ് ചെയ്തിരിക്കുകയാണ്. രണ്ടു പാളി ഓടുകൾക്കു നടുവിൽ ചൂടിനെ പ്രതിരോധിക്കുന്ന ഷീറ്റും നൽകിയിട്ടുണ്ട്.

gouri 8

ഇഷ്ടിക കൊണ്ടു കെട്ടിയ ചുമര് ചില ഭാഗങ്ങളിൽ തേച്ചിട്ടില്ല. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഈ എക്സ്പോസ്ഡ് ചുമരിന്റെ ഭംഗി അറിയാം. ഇന്റീരിയറിന് ‘റഗ്‍ഡ് ഫിനിഷ്’ വേണമെന്ന് നിർബന്ധമായിരുന്നു. ലിവിങ്ങിലെ ഡബിൾഹൈറ്റ് ഭിത്തി ഇൻഡസ്ട്രിയൽ ലുക്കിലാണ് ഒരുക്കിയത്. ഓൺലൈനിൽ കണ്ടിഷ്ടപ്പെട്ട ഈ ചുമര് തേച്ചതിനുശേഷം ബേസ് പെയിന്റ് അടിച്ച് ഒരു ആർട്ടിസ്റ്റിനെ കൊണ്ട് അതേപടി വരപ്പിച്ചെടുക്കുകയായിരുന്നു. ഗൗരിയും ഗണേഷും വീട്ടിലേക്കായി ഏറ്റവുംഇഷ്ടപ്പെട്ട് വാങ്ങിയ സാധനങ്ങളെല്ലാം ഈ ചുമരിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ലൈറ്റ്, പെയിന്റിങ്, ഡ്രീം ക്യാച്ചർ അങ്ങനെയങ്ങനെ... ‘‘താന്യ ഷാറ്റ്സ്വിവ എന്ന റഷ്യൻ പെയിന്ററെ ഞങ്ങൾക്ക് വളരെയിഷ്ടമാണ്. റഷ്യയിൽ നിന്ന് വരുത്തിയ അവരുടെ എംബലിഷ്ഡ് പ്രിന്റ് പെയിന്റിങ് ഏറെ പ്രിയപ്പെട്ടതാണ്,’’ ഗൗരിയും ഗണേഷും പറയുന്നു. ലിവിങ് റൂമിൽ ‘കുട്ടനെ’യും ‘കുട്ടി’യെയും കാണാം. ബാലിയിൽ നിന്നു വാങ്ങിയ അലങ്കാര പ്രതിമകളാണിവ.

gouri 2

ഡൈനിങ്ങിൽ നിന്ന് പുറത്തേക്ക് ഓപനിങ് വേണമെന്ന് ആദ്യം തന്നെ ആർക്കിടെക്ടിനോടു പറഞ്ഞിരുന്നു. ഊണിടത്തോടു ചേർന്നാണ് പൂജാ ഏരിയ. സീലിങ് ഓടായ ബെംഗളൂരു ടൈൽ കൊണ്ടാണ് പൂജായിടത്തിന്റെ ജാളി ഭിത്തി നിർമിച്ചത്. കാഴ്ചയ്ക്കുള്ള ഭംഗിയും ക്രോസ് വെന്റിലേഷനുമാണ് ഈ ജാളിയുടെ മേന്മകൾ. അതു മാത്രമല്ല രാത്രി വെളിച്ചത്തിൽ ജാളി സൃഷ്ടിക്കുന്ന നിഴൽച്ചിത്രങ്ങളും ഗംഭീരം! ഇതേ ജാളി തന്നെ ലിവിങ് റൂമിന്റെ ഡബിൾ ഹൈറ്റിലും സാന്നിധ്യമറിയിക്കുന്നു. അപ്പർ ലിവിങ്ങിലെത്തുമ്പോൾ ടെറാക്കോട്ട നിറം മാറി വെള്ളയണിഞ്ഞാണ് ജാളിയുടെ നിൽപ്. ജാളിയുടെ ക്രെഡിറ്റ് പൂർണമായും ആർക്കിടെക്ടിനാണ് ഇവർ നൽകുന്നത്. ഊണുമുറിയുടെ ഭാഗമായി ചെറിയ വാട്ടർബോഡിയുണ്ട്. മീനുകളും പായലുകളുമാണ് അതിന് ഭംഗി കൂട്ടുന്നത്. ഇതോടു ചേർന്ന് ഫ്ലോട്ടിങ് വാഷ് ഏരിയയുമുണ്ട്. കരിങ്കല്ലിൽ തീർത്ത ഇംപോർട്ടഡ് വാഷ്ബേസിൻ ഇന്റീരിയറിന്റെ റഫ് ഫിനിഷിന് അനുയോജ്യമായതിനാൽ തേടി നടന്നു സ്വന്തമാക്കിയതാണ്. മൂന്നു പേർക്കിരിക്കാവുന്ന ചെറിയ ഊണുമേശയാണുള്ളത്.

gouri 3

ഓപൻ അടുക്കളയുടെ കൗണ്ടർടോപ് ബ്രേക്ഫാസ്റ്റ് കൗണ്ടറാക്കി. അവിടെയുള്ള ബാർ സ്റ്റൂളുകൾ പണിയിച്ചതാണ്. ബ്രേക്ഫാസ്റ്റ് കൗണ്ടറിനു താഴെയായാണ് ഇൻ‌വേർട്ടർ സൂക്ഷിച്ചത്. ഒറ്റനോട്ടത്തിൽ വോൾപേപ്പർ ഒട്ടിച്ച ചുമരിനുള്ളിൽ ഇങ്ങനെയൊരു സ്റ്റോറേജ് ഉണ്ടെന്ന് അറിയുകയേയില്ല. ഈ വോൾപേപ്പറിനു പിന്നിലുമുണ്ടൊരു കഥ. ചെന്നൈയിലെ ഫ്ലാറ്റിൽ ഇവർ ഉപയോഗിച്ച വോൾപേപ്പറിന്റെ ബാക്കി സൂക്ഷിച്ചു വച്ചിരുന്നതാണിത്. ചെറിയ ഓപൻ കിച്ചനിലെ ഓരോ കാബിനറ്റിന്റെയും ആക്സസറികൾ ഗണേഷ് അലഞ്ഞുനടന്ന് കണ്ടെത്തിയതാണ്. കൃത്യമായി പഠിച്ചാണ് ഗണേഷ് കാബിനറ്റുകൾ ഡിസൈൻ ചെയ്തത്. പച്ചക്കറി സൂക്ഷിക്കുന്ന വിക്കർ ബാസ്കറ്റിന് വില കൂടുതലായതിനാൽ അതേ മാതൃകയിൽ പൈൻതടി കൊണ്ട് പണിയിച്ചു. ഹോബ് വാങ്ങിയെങ്കിലും ഹുഡ് നൽകിയിട്ടില്ല. അതിനുള്ള കാരണവും ഗണേഷ് വ്യക്തമാക്കുന്നു,‘‘അടുപ്പിനോടു ചേർന്നാണ് ജനാല. അതു തുറന്നിട്ടാൽ പുകയും മണവുമൊന്നും ഉള്ളിൽ നിൽക്കില്ല. ചിമ്മിനി അനാവശ്യ ചെലവാണെന്ന് മനസ്സിലായി.’’

gouri 4

ഈ വീടിന്റെ മനോഹാരിതയുടെ പ്രധാന ഘടകം ഫ്ലോറിങ്ങാണെന്ന് പറയാതെ വയ്യ. ആത്തംകുടി ടൈലാണ് തറയ്ക്കും സ്റ്റെയറിനും അഴകേകുന്നത്. സ്ഥിരം കാണുന്നതിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഇവിടുത്തെ ആത്തംകുടി പാറ്റേൺ. ടൈലിൽ റഗ്ഡ് ഫിനിഷും നിറവുമെല്ലാം പ്രത്യേകം പറഞ്ഞു ചെയ്യിച്ചു. പൊതു ഇടങ്ങളിൽ വെള്ള നിറമാണ്. കിടപ്പുമുറികളിൽ ടൈലിന്റെ നിറം മാറ്റിപ്പിടിച്ചു. താഴത്തെ നിലയിൽ രണ്ട് ഗെസ്റ്റ് ബെഡ്റൂമുകളാണ്. കട്ടിലുൾപ്പെടെ വെള്ള നിറത്തിലാണ് ഒരുക്കിയത്. പകരം, ആക്സസറികളിൽ നിറം കൊണ്ടു വന്നു. ഗൗരിയുടെ ആഗ്രഹപ്രകാരം ജനാലകൾക്കൊന്നും ഗ്രില്ലില്ല. വലിയ ജനാലകൾ നൽകി ലാമിനേറ്റഡ് ടഫൻഡ് ഗ്ലാസ് ഇട്ടു. ഗോവണിയെയും അപ്പർ ലിവിങ്ങിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ചെറിയൊരു പാലമാണ്. അപ്പർ ലിവിങ്ങിലെ ഫീച്ചർ വോളും വ്യത്യസ്തമാണ്. ഒന്നിനു മുകളിൽ ഒന്നായി ആനകൾ നിൽക്കുന്ന ചിത്രവും ആർട്ടിസ്റ്റിനെ കൊണ്ട് വരപ്പിച്ചതാണ്. ഗൗരിയുടെ അപ്പൂപ്പന്റെ അച്ഛൻ സൂക്ഷിച്ചു വച്ചിരുന്ന ഇരുനൂറ് വർഷത്തോളം പഴക്കമുള്ള പേപ്പർ കട്ടിങ്ങുകൾ ഫ്രെയിം ചെയ്ത് മറ്റൊരു ഭിത്തിയിൽ ഇടം നൽകി.

gouri 6

മുകളിലെ ഈ കിടപ്പുമുറിയോടു ചേർന്നുള്ള ബാൽക്കണിയിൽ നിന്നുള്ള കാഴ്ചയും അതിമനോഹരമാണ്. ചെന്നൈയിൽ ഉപയോഗിച്ചിരുന്ന ലൈറ്റുകളും ബീൻ ബാഗുമെല്ലാമാണ് ഈ സ്പേസിന് ജീവനേകുന്നത്.ഒന്നര വർഷമെടുത്തു പണി പൂർത്തിയാകാൻ. കോവിഡ് മൂലം ജോലിത്തിരക്ക് കുറഞ്ഞത് ഇവരെ വീടുപണിയിൽ കൂടുതൽ ശ്രദ്ധിക്കാൻ സഹായിച്ചു. ഈ വീട്ടിലെ ഓരോ ഇടവും ഇവരുടെ ഹൃദയത്തിൽ നിന്ന് ഉരുവെടുത്തതാണ്. ‘‘ഇവിടുത്തെ ഓരോ കാര്യവും കാണുമ്പോൾ അതു പണിതപ്പോഴുള്ള അനുഭവങ്ങൾ മനസ്സിലേക്കോടിയെത്തും. ഒടുവിൽ നമ്മൾ അതു നേടിയെടുത്തല്ലോ എന്നാലോചിക്കുമ്പോൾ സന്തോഷം തോന്നും. സ്ഥിരവരുമാനമില്ലാത്ത നിങ്ങൾക്കാര് ലോൺ തരും? തുടങ്ങി കുറേ പുച്ഛമൊക്കെ അനുഭവിച്ചു. പക്ഷേ, തീവ്രമായി ആഗ്രഹിച്ചാൽ അസാധ്യമായി ഒന്നുമില്ല എന്ന് തെളിയിക്കാനായി,’’ ഗൗരിയും ഗണേഷും പറഞ്ഞുനിർത്തി. പാട്ടിന്റെ കൂട്ടിൽ സംഗീതം പെയ്തിറങ്ങാൻ തുടങ്ങി...

gouri 5
Tags:
  • Vanitha Veedu