Saturday 11 November 2023 04:39 PM IST : By ശ്യാമ

ഇഷ്ടക്കാർക്ക് മുന്നിൽ മാനസികമായി ‘അപ്രത്യക്ഷമായി’രിക്കുന്ന അവസ്ഥ; കരുത്തുള്ള ബന്ധങ്ങൾക്ക് വേണം ആശയവിനിമയം, അറിയാം

shutterstock_185552438

മനുഷ്യൻ സാമൂഹികജീവിയാണ്. വിദ്യാഭ്യാസകാലത്തിന്റെ ആദ്യനാളുകളിൽ തന്നെ നമ്മുടെ മനസ്സിലുറപ്പിച്ചൊരു വാചകമാണിത്. ഒറ്റയ്ക്കുള്ള നിലനിൽപ് ഒരാൾക്ക് സാധ്യമാണോ എന്നു തന്നെ സംശയമാണ്. എന്നു കരുതി ബന്ധങ്ങൾ നിലനിർത്താൻ വേണ്ടി എന്തും സഹിക്കണമെന്നുണ്ടോ? മാനസിക സംഘർഷവും നിന്ദാപൂർവമുള്ള പെരുമാറ്റവും നിറഞ്ഞ ടോക്സിക് ഇടങ്ങളിൽ നിന്നു വിട്ടുനിൽക്കുക തന്നെ വേണം. പോസിറ്റീവായ ബന്ധങ്ങളെ നിലനിർത്തിക്കൊണ്ടു പോകാനുള്ള ചില രസക്കൂട്ടുകളുണ്ട്. അവ നോക്കാം... 

അടിസ്ഥാനം, ആശയവിനിമയം

വായുവും വെള്ളവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ആശയവിനിമയം. ബന്ധം ഏതായാലും അതിന്റെ ആധാരശില ആശയവിനിമയം തന്നെയാണ്. മനസ്സിലാകുക, മനസ്സിലാക്കുക എ ന്നത് ഏതു ബന്ധത്തിലും പ്രധാനമാണ്. വ്യക്തിയുടെ മാനസികാരോഗ്യത്തിൽ ഇതിന് വലിയ പങ്കുണ്ട്. സൗഹൃദം, പ്രണയം, ദാമ്പത്യം, മാതാപിതാക്കളും സഹോദരങ്ങളുമായുള്ള ബന്ധം അങ്ങനെ ഏതിലും പരസ്പരം മനസ്സിലാക്കൽ പ്രധാനമാണ്.  

നേരിൽ സംസാരിക്കാൻ പോലും സമയമില്ല എന്നു പറയുന്നൊരു സ്ഥിതിയിലൂടെയാണ് ഇപ്പോൾ ഭൂരിഭാഗം ആളുകളുടെയും ജീവിതം മുന്നോട്ടുപോകുന്നത്.  

ജോലിയിലും ഓൺലൈൻ ഇടങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നവർ പോലും ഇഷ്ടക്കാർക്ക് മുന്നിൽ മാനസികമായി ‘അപ്രത്യക്ഷമായി’രിക്കുന്ന അവസ്ഥ. വേരിൽ വെള്ളമൊഴിച്ചു വളമിടാതെ പൂക്കളോ കായ്കനികളോ പ്രതീക്ഷിക്കരുത്. എന്തിന് ആരോഗ്യമുള്ള ഇലകൾ പോലും മുളയ്ക്കുമെന്ന് കരുതരുത്. അതുപോലെ തന്നെയാണ് ബന്ധങ്ങളും. ഒരാൾക്ക് മറ്റൊരാളെക്കുറിച്ചുള്ള ശ്രദ്ധയും കരുതലുമാണ് നല്ല ബന്ധങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വെള്ളവും വളവും.  അതുകൊണ്ട് കരുത്തുള്ള ബന്ധങ്ങൾക്കായി നമുക്ക് വേരിൽ നിന്നേ തുടങ്ങാം...  

ജീവിതപങ്കാളികളുടെ ലോകം

രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെടുമ്പോൾ പതിയെ ഉണ്ടായി വരുന്നതാണ് വിശ്വാസം. പരസ്പരം തുറന്നുള്ള സംസാരത്തിലൂടെയാണ് സ്നേഹം വിശ്വാസം കൂടിയായി മാറുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. 

ഇത് തുറന്നു സംസാരിക്കാനുള്ള സ്പേസ് രണ്ടുപേർക്കുമിടയിൽ ഉണ്ടാകുകയാണ് പ്രധാനം. ആജ്ഞാപിക്കുക, അനുസരിക്കുക ഫോർമാറ്റിൽ നല്ല ബന്ധങ്ങൾ രൂപപ്പെടുകയില്ല. എതിരഭിപ്രായങ്ങളുള്ള കാര്യങ്ങൾ തമ്മിൽ സംസാരിച്ച് അതിൽ യോജിക്കാവുന്ന ‘കോമൺഗ്രൗണ്ട്’  കണ്ടുപിടിക്കാൻ സാധിക്കുമോ എന്നാണ് നോക്കേണ്ടത്.   

∙ പ്രണയത്തിലോ ദാമ്പത്യത്തിലോ ആകുമ്പോൾ മറ്റ് സൗഹൃദങ്ങളൊക്കെ മുറിച്ചു മാറ്റുന്നത് പലരിലും കണ്ടുവരുന്ന ശീലമാണ്. കാലക്രമേണ നിങ്ങളുടെ ലോകം ചുരുങ്ങി പോകാനേ അതുപകരിക്കൂ. പങ്കാളിയിൽ തന്നെ കൂടുതൽ സമ്മർദം ചെലുത്താതിരിക്കാനും പല കാര്യങ്ങളും തുറന്ന് പറയാനും പുതിയ അഭിപ്രായങ്ങൾ ഉണ്ടായി വരാനും ഒക്കെ സൗഹൃദങ്ങൾ സഹായിക്കും. അതുകൊണ്ട് നല്ല സൗഹൃദങ്ങൾ ഒപ്പം നിർത്തുക. 

∙ പ്രണയത്തിലായി/ ലിവിൻ റിലേഷൻഷിപ്പിലായി/ വിവാഹത്തിലായി എന്നതിനർഥം ഒരാൾ നിങ്ങളുടെ സ്വന്തമായി എന്നല്ല. മറ്റൊരാളുടെ ഇഷ്ടങ്ങൾക്ക് മേലെ നമുക്ക് നമ്മുടെ ഇഷ്ടങ്ങളെ അടിച്ചേൽപ്പിക്കാനുള്ള അധികാരം ഒരിക്കലും വന്നുചേരുന്നില്ലെന്ന് ഓർക്കാം. എത്ര അടുപ്പമുണ്ടെങ്കിലും രണ്ടു വ്യക്തികൾ തമ്മിൽ മറികടക്കാൻ പാടില്ലാത്ത അതിർവരമ്പുകളുണ്ട്. അവ പരസ്പരം പാലിക്കുക. ഖലീൽ ജിബ്രാന്റെ വരികൾ പോലെ ‘നിങ്ങളുടെ അടുപ്പങ്ങളിലും അകലങ്ങൾ ഉണ്ടാകട്ടേ’. 

സ്വകാര്യങ്ങൾ തുറന്നിടരുത്

∙ പങ്കാളി നിങ്ങളെ വിശ്വസിച്ച് സ്വകാര്യമായി പങ്കുവയ്ക്കുന്ന കാര്യങ്ങൾ സ്വകാര്യമായി തന്നെ വയ്ക്കുക. അത് അച്ഛനോടോ അമ്മയോടൊ സുഹൃത്തുളോടോ പങ്കുവയ്ക്കരുത്. 

∙ എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പങ്കാളിയോട് പറയണമെന്ന് നിർബന്ധമില്ല. നിങ്ങൾ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതോ കോഫീഷോപ്പിൽ പോയി നിങ്ങൾക്കുള്ള മീ ടൈം കണ്ടെത്തുന്നതോ ഒക്കെ ലിസ്റ്റ് ചെയ്യണമെന്നില്ല. എന്നിരുന്നാലും തമ്മിലുള്ള വിശ്വാസത്തിന് വിള്ളലേൽക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നത് സ്വന്തം ഉത്തരവാദിത്തമാണ് താനും. 

∙ തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ പങ്കാളിയോട് എന്തു മോശം വാക്കും ഉപയോഗിക്കാം എന്ന ധാരണ വച്ചു പുലർത്തുന്നത് തെറ്റാണ്. മറ്റേതൊരിടത്ത് സംസാരിക്കുമ്പോഴും പാലിക്കുന്ന ബഹുമാനം പങ്കാളിയോട് സംസാരിക്കുമ്പോഴും വേണം. ആത്മാഭിമാനമുള്ള ഒരാളും ബഹുമാനമില്ലാത്ത ഇടങ്ങളെ സഹിക്കാൻ താൽപര്യപ്പെടില്ലെന്നോർക്കാം.  

അകലങ്ങളിലും അടുപ്പം

ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ (പങ്കാളികൾ രണ്ടിടത്തായി കഴിയുന്ന ബന്ധം)  ഏറ്റവും പ്രധാനം ഒറ്റപ്പെടലിന്റെ ആഴം കുറയ്ക്കുക എന്നത് തന്നെയാണ്. ദിവസവും പങ്കാളിയുമായി സംസാരിക്കാൻ അൽപനേരമെങ്കിലും മാറ്റിവയ്ക്കുക. വിഡിയോ കോളിലൂടെയും മറ്റും കണ്ട് സംസാരിക്കാനുള്ള സാധ്യതകളും ഉപയോഗപ്പെടുത്തുക. പങ്കാളിയുണ്ടായിട്ടും ഒറ്റപ്പെട്ട് പോകുന്ന അവസ്ഥ വരാതിരിക്കാൻ കഴിവതും ശ്രമിക്കണം. 

 ആരോഗ്യകരമായ ദാമ്പത്യത്തിൽ ലൈംഗികതയ്ക്കും നിർണായകമായ സ്ഥാനമുണ്ട്. പങ്കാളികൾ തമ്മിലുള്ള ലൈംഗികമായ അടുപ്പം കുറയാതിരിക്കാൻ പറ്റുമ്പോൾ തമ്മിൽ കാണുക.  

പ്രധാനപ്പെട്ട കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യു കയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. ഫോട്ടോസ് പരസ്പരം അയയ്ക്കാനും അഭിനന്ദിക്കാനും മറക്കേണ്ട. തമ്മിൽ ഷെയർ ചെയ്യുന്ന മീമുകളും വീഡിയോസും ഫോർവേഡ് മെസേജുകൾ പോലും ബന്ധം ഊഷ്മളമാക്കി  നിലനിർത്താൻ സഹായിക്കും. 

വിവരങ്ങൾക്ക് കടപ്പാട്: 

ഡോ. സൗമ്യരാജ് ടി.ജെ, 

സൈക്യാട്രിസ്റ്റ്, നോഡൽ ഓഫിസർ, 

ജില്ലാ മാനസികാരോഗ്യ പദ്ധതി, 

ജനറൽ ആശുപത്രി, എറണാകുളം.