Thursday 19 September 2019 06:19 PM IST : By സ്വന്തം ലേഖകൻ

വിശപ്പ് സഹിക്കാനാകാതെ ബർഗറിനു വേണ്ടി യാചിച്ച ബാല്യം! സ്നേഹമൂട്ടിയ ആ നൻമ മനസ്സിനെ തിരഞ്ഞ് വിതുമ്പലോടെ ക്രിസ്റ്റ്യാനോ

c

കഷ്ടപ്പാടുകളും പട്ടിണിയും നിറഞ്ഞ ബാല്യകാലത്തിൽ നിന്നാണ് ലോകഫുട്ബോളിന്റെ നെറുകയിലേക്ക് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റോണാൾഡോ കുതിച്ചു കയറിയത്.

ഇപ്പോഴിതാ, ബാല്യകാലത്ത് തന്റെ വിശപ്പ് മാറ്റാന്‍ സഹായിച്ചിരുന്ന, ലിസ്ബനില്‍ ഭക്ഷണശാല നടത്തിയിരുന്ന എഡ്നയെ തിരയുകയാണ് ആരാധകരുടെ പ്രിയങ്കരനായ സി.ആർ സെവൻ.

എഡ്നയെ കണ്ടെത്താനുള്ള താരത്തിന്റെ ശ്രമത്തിന്റെ ഭാഗമായി പ്രമുഖ ടെലിവിഷന്‍ അവതാരകന്‍ പിയേഴ്സ് മോര്‍ഗാന്‍ ട്വിറ്ററിലിട്ട പോസ്റ്റാണ് വൈറലാകുന്നത്. പോര്‍ച്ചുഗലിലെ ഒരു റേഡിയോയ്ക്ക് വേണ്ടി മോര്‍ഗന്‍ നടത്തിയ അഭിമുഖത്തിലാണ് ക്രിസ്ത്യാനോ തന്റെ കഥകള്‍ പറഞ്ഞത്.

‘‘അന്നെനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസാണ്. മറ്റ് കൊച്ചു കളിക്കാരെ പോലെ കയ്യില്‍ നയാ പൈസയില്ലാതെയായിരുന്നു ലിസ്ബണില്‍ ജീവിച്ചത്. രാത്രി 10.30 യോ 11 മണിയോ ഒക്കെയാകുമ്പോള്‍ വിശക്കാന്‍ തുടങ്ങും. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തെ സ്റ്റേഡിയത്തിന് സമീപം അന്നൊരു ഷോപ്പ് ഉണ്ടായിരുന്നു. എല്ലാ ദിവസവും കടയുടെ പിന്‍വാതിലില്‍ മുട്ടി, മിച്ചം ബര്‍ഗര്‍ വല്ലതുമുണ്ടോ എന്നു ചോദിക്കും . അവിടുത്തെ എഡ്നയും രണ്ടു പെണ്‍കുട്ടികളും ദയാലുക്കളായിരുന്നു. അവർ ഭക്ഷണം തരും. ഈ പെണ്‍കുട്ടികളെ പിന്നീട് ഒരിക്കലും എനിക്ക് കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ല. പലരോടും ഈ പെണ്‍കുട്ടികളെ തിരക്കി. കണ്ടെത്താമോ എന്നു ചോദിച്ചു. ഈ അഭിമുഖത്തിലൂടെ അവരെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഞാന്‍ ഏറെ സന്തോഷിക്കും’’.– അദ്ദേഹം പറഞ്ഞു.

കുട്ടിയായിരുന്ന കാലത്ത് ബര്‍ഗറിന് വേണ്ടി യാചിച്ച കഥ പറഞ്ഞ താരം അഭിമുഖത്തില്‍ പിതാവിന്റെ വിഡിയോ കണ്ട് വിതുമ്പി.