Saturday 27 March 2021 03:03 PM IST

‘ചിരി മാത്രമല്ല, പലപ്പോഴും ചില ജീവിതങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറയാറുമുണ്ട്; നമ്മൾ സ്റ്റേജിലാണ് നിൽക്കുന്നതെന്നൊക്കെ മറന്നുപോകും’

Lakshmi Premkumar

Sub Editor

dd-meennn11 ഫോട്ടോ: ബേസിൽ പൗലോ

‘‘എന്താ മീനാക്ഷിയ്ക്ക് പഴേ പോലെ ഒരു ബഹുമാനം ഇല്ലാത്തത് ? ഞാൻ ഒന്ന് മാറി നിന്നപ്പോൾ ഇതാണല്ലേ സ്ഥിതി? ’

നേരം വൈകിയെത്തിയ ഡെയിനിനെ മൈൻഡ് ചെയ്യാതെ മേക്കപ്പിന്റെ തിരക്കിലിരിക്കുന്ന മീനാക്ഷിയോട് ഡെയിനിന്റെ ചോദ്യം.

‘ഇത്തിരി ബഹുമാനം നന്നായി കലക്കിയെടുക്കട്ടെ ചേട്ടാ...’ ഡെയിൻ ചോദ്യം അവസാനിപ്പിക്കും മുന്നേ തന്നെ ഉത്തരം റെഡി. ‘‘കുറച്ചു കാലമായല്ലോ ചേട്ടൻ മുങ്ങി നടക്കുന്നു. സോഷ്യൽ മീഡിയയിലൊക്കെ ചർച്ചയാകാൻ വേണ്ടിയുള്ള നമ്പറായിരുന്നില്ലേ ആ അപ്രത്യക്ഷമാകൽ.’’ മീനാക്ഷി എന്നിട്ടും വിടാൻ ഒരുക്കമല്ല.

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞും അഭിനയിച്ചും ചിരിച്ചും കൂട്ടു കൂടിയും മീനാക്ഷിയും ഡെയിനും ഉടൻ പണത്തിൽ നിന്നു നേരെ പ്രേക്ഷക ഹൃദയത്തിലേക്കാണ് ട്രാക്ക് ഇട്ടത്. അതുകൊണ്ടു തന്നെ ഡെയിൻ ചില ‘സാങ്കേതിക’ കാരണങ്ങൾ കൊണ്ട് കുറച്ചു ദിവസം ഷോയിൽ നിന്ന് മാറി നിന്നപ്പോൾ അതും വലിയ ചർച്ചകൾക്ക് വഴിവച്ചു. മീനാക്ഷിയെ തനിച്ചാക്കി ഡെയിൻ എവിടെപ്പോയെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷ. ഇതാ താരങ്ങൾ  ഇവിടെയുണ്ട്. ഉടൻ പണത്തിലേക്ക് വീണ്ടും സജീവമായി ഡെയിനും എത്തിയിട്ടുണ്ട്.                       

നായികാ നായകനിൽ തുടങ്ങീതാണേ...

മീനാക്ഷി : ഞാൻ മഴവിൽ മനോരമയിലെ നായികാനായകനിലെ മത്സരാർഥിയായിരിക്കുമ്പോള്‍ ഡെയിനായിരുന്നു അതിന്റെ അവതാരകൻ. അന്ന് മുതലാണ് ഞങ്ങളുടെ പരിചയം തുടങ്ങുന്നത്.

ഡെയിൻ : ഹോ, അന്ന് തൊട്ടേ നീ എന്നെ നോട്ടമിട്ടിരുന്നോ കൊച്ചുകള്ളി...

മീനാക്ഷി :  അയ്യേ... നോട്ടമിടാൻ പറ്റിയ ഒരാളേ... അന്ന് ജസ്റ്റ് ഹായ് ബൈ മാത്രേയുള്ളൂ. പിന്നീട് ഉടൻ പണം തുടങ്ങിയപ്പോഴാണ് ഞങ്ങൾ ഫ്രണ്ട്സ് ആയത്.

ഡെയിൻ : പിന്നെ, ലോക്ഡൗൺ കാലം തുടങ്ങിയതോടെ ആ ഫ്രണ്ട്ഷിപ് വളരെ ക്ലോസ് ആയി. കാരണം നേരം വെളുക്കുന്നതു മുതൽ വൈകുന്നേരം വരെ മീനാക്ഷിയുടെ മുഖം കണ്ട് വേണം ഇരിക്കാൻ. സ്വാഭാവികമായും നമ്മൾ വീട്ടിലെ കാര്യങ്ങളും പഴ്സനൽ കാര്യങ്ങളും എല്ലാം ഷെയർ ചെയ്യാൻ തുടങ്ങി.

മീനാക്ഷി : ലോക്ഡൗൺ കാലത്ത് പ്രോഗ്രാം മുടങ്ങാതിരിക്കാൻ വേണ്ടി വളരെ കരുതലുണ്ടായിരുന്നു. എന്നും വീട്ടിൽ പോയി വരുന്നതിന് പകരം സ്റ്റുഡിയോയുടെ അടുത്തേക്ക് താമസം മാറി. പണ്ടത്തെപ്പോലെ ഫ്രണ്ട്സ് പാർട്ടി കറക്കം ഒന്നുമില്ല. അപ്പോൾ പിന്നെ, ആകെയുള്ള സുഹൃത്ത് ഡെയിനിനോടല്ലേ വിശേഷങ്ങൾ പറയാൻ പറ്റൂ. വലിയ തീരുമാനങ്ങൾ മുതൽ ചെറിയ തമാശകൾ വരെ പരസ്പരം പറയും. എന്റെ ലൈഫിലെ എല്ലാ കാര്യങ്ങളും ഇപ്പോൾ ഡെയിനിന് അറിയാം.   

_BAP7731

ഒാരോ ദിവസവും ഒാരോ സിനിമ  

ഡെയിൻ : നായികാ നായകൻ എന്ന പരിപാടിയുടെ സംവിധായകൻ എബ്രഹാം ചുങ്കത്ത് തന്നെയാണ് ഉടൻ പണത്തിന്റേയും സംവിധായകൻ. അങ്ങനെയാണ് എന്നെ ഈ പ്രോഗ്രാമിലേക്കും വിളിക്കുന്നത്. ഉടൻ പണം തുടങ്ങുമ്പോള്‍ 100 എപ്പിസോഡിൽ നിർത്താം എന്നൊക്കെയായിരുന്നു പ്ലാനിങ്. പക്ഷേ, ജനങ്ങൾ പരിപാടി ഏറ്റെടുത്തതോടെ സീൻ മാറി. എത്ര നന്നായി ആളുകളെ എന്റർടെയിൻ ചെയ്യിക്കാൻ കഴിയും എന്നതായി ഞങ്ങളുടെ ലക്ഷ്യം.

മീനാക്ഷി :  ഉടൻ പണത്തിന്റെ വേദിയിൽ ഓരോ ദിവസവും  സിനിമയിലെ ഓരോ ജോഡികളെപ്പോലെയാണ് ഞങ്ങൾ വരാറുള്ളത്. അവരെ പോലെ തന്നെ ഡ്രസ്സ് ചെയ്യും, സംസാരശൈലി അനുകരിക്കും. സത്യം പറഞ്ഞാൽ ആ ഐഡിയ വലിയൊരു ഭാഗ്യമാണ്. കാരണം വലിയ നായികാ നായകന്മാർ ചെയ്ത ഹിറ്റ് സിനിമകളിലെ ക്യാരക്ടറുകൾ ‍ഞങ്ങൾ റീ ക്രിയേറ്റ് ചെയ്യുകയാണ്.   

ഡെയിൻ :  ഭാഗ്യം പോലെ തന്നെ റിസ്കുമാണ്. കാരണം എല്ലാവരുടെയും മനസ്സിൽ പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളാണ് എല്ലാം. അതു നമ്മൾ ചെയ്ത് കുളമാക്കാനും പാടില്ല. പക്ഷേ, എന്താണെന്ന് അറിയില്ല ഞാൻ സീരിയസായി ചെയ്താലും ആളുകൾക്ക് ചിരിയായിരിക്കും.

മീനാക്ഷി : അതുപിന്നെ ആളുകളെ പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് വരെ ചിരി സഹിക്കാൻ പറ്റാറില്ല. പൊതുവേ ഞാൻ ചെറിയ തമാശയ്ക്ക്  പോലും ചിരിക്കുന്നയാളാണ്. കേട്ടത് വീണ്ടും ഓർത്തു ചിരിക്കുകയും ചെയ്യും. ചിലയവസരങ്ങളിൽ നമ്മുടെ കയ്യിൽ നിന്നും പോകും. ചില ഗെറ്റപ്പിൽ ഡെയിനിനെ കാണുമ്പോൾ എനിക്ക് ചിരിച്ചിട്ട് സംസാരിക്കാൻ പോലും വയ്യാതെയാകും. അപ്പോൾ സംവിധായകന്റെ വിളി വരും. അതോടെ ഞങ്ങൾ ‘കൂൾ’ ആകും.

_BAP8401

ഒരു നാൾ ഞങ്ങളും സ്റ്റാർസ്

ഡെയിൻ : അജു ചേട്ടൻ, സിദ്ധിക്ക് സാർ ഇവരൊക്കെ ചെയ്യുന്ന തരത്തിലുള്ള കഥാപാത്രമാണ് എനിക്ക് ചെയ്യാനിഷ്ടം. സിനിമ  തന്നെയാണ്  സ്വപ്നം.  കുറച്ച് സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ചാനലുകളിൽ  കോമഡി സ്കിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ‘പിന്നെന്തിനാ മുത്തേ ചേട്ടൻ...’ എന്ന മാസ് ഡയലോഗൊക്കെ എന്റെ സംഭാവനയാണ്. ഞങ്ങളുടെ നാട്ടുകാരനാണ് ടൊവീനോ. പണ്ട് നാട്ടിൽ ഒരു പരിപാടിയിൽ ഗസ്റ്റായിട്ട് ടൊവീനോ വന്നിരുന്നു. ഞാൻ പഠിക്കുന്ന സമയമാണ്. അന്നൊക്കെ ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്. അതുപോലെയൊക്കെയാകണം എന്നായിരുന്നു ആഗ്രഹം.

മീനാക്ഷി : എന്നിട്ട് ആയോ ?

ഡെയിൻ : ആകും നോക്കിക്കോ, ഈയെടെയായി മീനാക്ഷിയ്ക്ക് പുച്ഛം കുറച്ച് കൂടുതലാ...

മീനാക്ഷി : ആളുകൾ തിരിച്ചറിയാൻ വേണ്ടി ലുലു മാളിൽ പോയി നിക്കുന്നതാണ് ഡെയിനിന്റെ മറ്റൊരു വിനോദം.

ഡെയിൻ :  ഹോ... നശിപ്പിച്ചു. ആളുകൾ തിരിച്ചറിയുക എന്നത് നമ്മൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമല്ലേ. തുടക്കകാലത്ത് ഞാൻ ‘ടെസ്റ്റിങ്ങിന്’ വേണ്ടി ലുലു മാളിൽ കയറും. വെറുതേ ചുറ്റി കറങ്ങും. വല്ലപ്പോഴും ആരെങ്കിലുമൊക്കെ വന്ന് ഒ രു സെൽഫിയൊക്കെ എടുക്കും... ഒരു രസം അത്രേയുള്ളൂ. പ ക്ഷേ, ആളുകൾ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ ലുലു മാളിൽ പോകാൻ കഴിയാത്ത അവസ്ഥയായി.

മീനാക്ഷി : എനിക്ക് സിനിമയിൽ ഏതു വേഷം തന്നാലും ചെയ്യും. അഭിനയിക്കാൻ കുറച്ചെങ്കിലുമുള്ള കഥാപാത്രമായിരിക്കണം എന്നു മാത്രം.

വീട് അടിപൊളിയാ...

ഡെയിൻ : അപ്പൻ ഡേവിസ്, അമ്മ റോസ് മോൾ, ചേട്ടൻ ഡ സൽ. വീട്ടിലുള്ളവർക്കും കലാരംഗം വളരെ ഇഷ്ടമാണ്. അ തുകൊണ്ട്  പഠിച്ചതും വിഷ്വൽ കമ്യൂണിക്കേഷനാണ്. ഡിഗ്രി കഴിഞ്ഞയുടൻ ഈ രംഗത്തേക്ക് ഇറങ്ങി. ഇപ്പോള്‍ വീട്ടിൽ പ ല ആഘോഷങ്ങളിലും എനിക്ക് പങ്കെടുക്കാന്‍ കഴിയാറില്ല. ഒന്നുകിൽ പ്രോഗ്രാം ഷൂട്ട്, അല്ലങ്കിൽ സിനിമയുടെ പരിപാടികൾ. നമുക്ക് ജീവിക്കാൻ പണവും വേണമല്ലോ. അപ്പോള്‍ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തേണ്ടി വരും.

മീനാക്ഷി : എന്റെ വീട് ആലപ്പുഴയിലാണ്. വീട്ടിൽ അച്ഛൻ രവീന്ദ്രൻ, അമ്മ ജയ സഹോദരൻ ബാലു. ഞാൻ പ്ലസ്ടു കഴിഞ്ഞ സമയത്താണ് ഫിഫ വേൾഡ്കപ് നടന്നത്. ആ സമയത്ത് കൊച്ചിയിലെ മാളിൽ ഫു‍ട്ബോൾ സ്പെഷൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അതാണ് ആദ്യമായി ആങ്കറിങ് ചെയ്യുന്ന പ്രോഗ്രാം. സ്കൂളിലെ ആങ്കറിങ് മത്സരത്തിൽ എപ്പോഴും പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ എനിക്ക് സമ്മാനം കിട്ടിയിട്ടില്ല. കൊച്ചിയിലെ ആ ഷോ ചെയ്തതോടെ ഇവന്റുകൾ കിട്ടാൻ തുടങ്ങി. നായികാ നായകനിലേക്ക് മത്സരിക്കാൻ അവസരവും  കിട്ടി. പിന്നെ, വനിതയുടെ ഫിലിം അവാർഡിൽ റെഡ് കാർപ്പെറ്റിൽ ആങ്കറിങ് ചെയ്തു. ഇപ്പോള്‍ ഉടൻ പണത്തിലേക്കും എത്തി. പഠിച്ചത് ക്യാബിൻ ക്രൂവാണ്. ഭാവിയിലും ഇതെല്ലാം കൂടെ ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം.

സ്റ്റേജിലെ കെമിസ്ട്രി

മീനാക്ഷി : ഞങ്ങൾ തമ്മിൽ നല്ലൊരു വൈബ് കിട്ടുന്നതാണ് സ്റ്റേജിൽ കയറുമ്പോൾ ഏറ്റവും സൗകര്യമുള്ള കാര്യം. ഒരാൾ പെട്ടെന്ന് സൈലന്റ് ആയി പോയാലും മറ്റേയാൾ രക്ഷപ്പെടുത്തും. ഈ പ്രോഗ്രാമിന്റെ 90 ശതമാനം ക്രെഡിറ്റും സംവിധായകൻ  ഉൾപ്പെടെയുള്ള ടീമിനാണ്. മേക്കപ്പിനും കോസ്റ്റ്യൂമിനുമൊക്കെ ഇതിൽ വലിയ പ്രാധാന്യമുണ്ട്.

ഡെയിൻ : സ്ക്രിപ്റ്റ് പഠിച്ചിട്ടൊന്നുമല്ല സ്റ്റേജിൽ കയറുന്നത്. കയ്യിൽ നിന്ന് ഇടുക എന്ന ആശയത്തിനാണ് പ്രാധാന്യം. അതിനുള്ള സ്വാതന്ത്ര്യം തരുന്നതാണ് പരിപാടിയുടെ ഏറ്റവും വലിയ ഗുണം. ചില സമയത്ത് നമുക്ക് വാക്കുകൾ തെറ്റിപോകാം, പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും മാറി പോകാം. പക്ഷേ, അന്നേരമൊന്നും കട്ട് പറഞ്ഞ് റീ ടേക്ക് എടുക്കേണ്ട ആവശ്യ മില്ല. അടുത്തയാൾ അതറിഞ്ഞ് ഡയലോഗ് പറഞ്ഞാൽ മതി. പിന്നെ, ‍ഞങ്ങൾ വളരെ സീരിയസായി ഒരു കാര്യം പറ‍ഞ്ഞാലും ആളുകൾക്ക് ചിരിയാണ്.

മീനാക്ഷി : ചിരി മാത്രമല്ല, പലപ്പോഴും ചില ജീവിതങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണ് നിറയാറുമുണ്ട്. അവരുടെ ജീവിതത്തിലെ പ്രശനങ്ങളും ദുഃഖങ്ങളും കേൾക്കുമ്പോൾ നമ്മൾ സ്റ്റേജിലാണ് നിൽക്കുന്നതെന്നൊക്കെ മറന്നു പോകും.

ഡെയിൻ : ജോസ് പ്രകാശിന്റെ കാരക്ടർ ചെയ്ത സ്റ്റേജിൽ   ഞാനും മീനാക്ഷിയും കരഞ്ഞു പോയി. പിന്നെ, എപ്പിസോഡ് വന്നപ്പോഴതാ, ജോസ് പ്രകാശിന്റെ വേഷമൊക്കെയിട്ട് കൊമ്പൻ മീശയൊക്കെ വച്ച് ഞാൻ കുടുകുടാ കരയുന്നു. അന്ന് തീരുമാനിച്ചു ഇനി മാക്സിമം സഹിച്ച് നില്‍ക്കുമെന്ന്.  

dd-meennn1144

എങ്ങനെ മറക്കും ഇതൊക്കെ...

ഡെയിൻ :  ഒരു തവണ ഞങ്ങൾ ‘തട്ടത്തിൻ മറയത്തി’ലെ നിവിൻ പോളിയും ഇഷ തൽവാറുമായി. സ്റ്റേ‍ിലേക്ക് കയറുന്നതിന് മുന്നേ തന്നെ ഞങ്ങൾ പരസ്പരം കളിയാക്കാൻ തുടങ്ങി. എൻ ജീവനേ... എൻ  ശ്വാസമേ... എന്നൊക്കെയുള്ള ബിജിഎം കൂടി വരുമ്പോൾ പറയേണ്ട. റൊമാൻസ് ചെയ്യുമ്പോൾ അസ്സൽ കോമഡി. ഒപ്പം പുതിയ ഇഷ തൽവാറിനെ കണ്ടിട്ട് ചിരി സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

മീനാക്ഷി : അയ്യോ , അപ്പോൾ പിന്നെ നിവിൻ പോളിയുടെ കാര്യമോ. ഞാൻ ചിരി സഹിച്ചാണ് അഭിനയിച്ചത്.  

ഡെയിന്‍ :  കോമഡിക്ക് ഒപ്പം ടെൻഷനുമുണ്ടായ ഒരു എപ്പിസോഡുണ്ട്. ഞാൻ ഭയങ്കര ഡാൻസ് പെർഫോമൻസ് നടത്തികൊണ്ടിരിക്കുകയാണ്. പെട്ടെന്ന് പാന്റ് ‘കിർ... ’എന്നു കീറി. ആരോടെങ്കിലും പറയാൻ പറ്റുമോ? പിന്നെ, കുറച്ചു സമയം കൂടിയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കീറിയ പാന്റുമായി ഒരു വിധം ഒപ്പിച്ചു.

മീനാക്ഷി :  അതുവ രെ ആക്ടീവായി കിടിലൻ സ്റ്റെപ്പൊക്കെ ചെയ്തു കൊണ്ടിരുന്ന ഡെയിൻ പെട്ടെന്ന് റോബട്ടായി. അവസാനമല്ലേ സംഭവം പറയുന്നത്. അല്ലേലും അന്നേരം അറിയാഞ്ഞത് നന്നായി. ചിരിച്ച് ചിരിച്ച് എന്റെ ഡാൻസ് കുളമായേനെ.

കേൾക്കുന്നുണ്ട് പ്രണയ കഥ

മീനാക്ഷി : ഉണ്ടല്ലോ, ഇഷ്ടം പോലെ ഞങ്ങളും കേൾക്കാറുണ്ട്. പ്രണയത്തിലാണ്, വിവാഹം ആയി, ഇനിയിപ്പോൾ കല്യാണപന്തൽ കൂടിയേ ഇടാനുള്ളൂ. ഡെയിൻ ഷൂട്ടിൽ നിന്നും കുറച്ചു ദിവസം മാറി നിന്നപ്പോൾ ഡെയിനും മീനാക്ഷിയും അടിച്ച് പിരിഞ്ഞു എന്നുവരെ വാർത്ത കണ്ടു.

ഡെയിൻ : ഈ മീനാക്ഷിയുടെ മിക്ക സുഹൃത്തുക്കളും ആൺകുട്ടികളാണ്. പിന്നെ, വീട്ടിലും ഉണ്ട് ആങ്ങള. അതുകൊണ്ട് മീനാക്ഷിയുമായി ഇടപെടുമ്പോൾ ഒരു ആൺസുഹൃത്ത് എ ന്നേ തോന്നൂ. എന്തും പറയാം, എന്തു തല്ലുകൊള്ളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ... അയ്യേ... മാത്രമല്ല വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കൽപത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചു കൂടി സൗന്ദര്യം വേണം.   

മീനാക്ഷി :  അയ്യോ... നിന്നെ കെട്ടാൻ ഐശ്വര്യ റായ് വരും. നോക്കിയിരുന്നോ...

_BAP8132