പെണ്‍മയുടെ പെരുമ! 28 കൊല്ലം മുമ്പത്തെ പരസ്യം തലതിരിച്ച് കാഡ്ബറീസ്: ഹൃദ്യം

Mail This Article
ചില പരസ്യങ്ങള്‍ നമുക്ക് രസമുള്ള ഓര്‍മ്മയാണ്. നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്നവര്‍ ഇന്നും തൊണ്ണൂറുകളിലെ പരസ്യങ്ങളെ ആഘോഷമാക്കാറുണ്ട്. ഹമാര ബജാജും, ഹൂഡി ബാബയുമൊക്കെ മലയാളികളുടെ ഓര്‍മ്മ ചിത്രങ്ങളെ ഇന്നും സുന്ദരമാക്കാറുമുണ്ട്. കാഡ്ബറി ഡയറി മില്‍ക്കിനുമുണ്ട് അക്കൂട്ടത്തില്‍ അമൂല്യമായൊരു സംഭാവന.
1993ലാണ് കാഡ്ബറി ഡയറി മില്‍ക്കിന്റെ വിഖ്യാതമായ'ക്രിക്കറ്റ് പരസ്യം' വരുന്നത്. സിക്‌സ് അടിച്ച് കളി ജയിപ്പിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനും കളി കഴിഞ്ഞയുടന്‍ ഗ്രൗണ്ട് സെക്യൂരിറ്റിയെ വെട്ടിച്ച് കയ്യില്‍ ഡയറി മില്‍ക്ക് ചോക്ലേറ്റുമായി ഓടിയെത്തുന്ന കാമുകിയും, ഒടുക്കം ഒന്നിച്ച് ഇരുവരും ഡയറി മില്‍ക്ക് കഴിക്കുന്നതുമാണ് പരസ്ത്തിലെ ഹൃദ്യമായ നിമിഷങ്ങള്‍.
എന്നാല്‍ കാലഭേദങ്ങള്‍ മിന്നിമറയുമ്പോള്‍ കാഡ്ബറീസ് ആ ഓര്‍മ്മകള്‍ക്ക് പുതുചിത്രം നല്‍കുകയാണ്. പരസ്യത്തിന്റെ പുതിയ പതിപ്പാണ് കാഡ്ബറീസ് ആരാധകര്‍ക്കായി ഒരുക്കിയത്.
പുതിയകാലത്തിലെത്തുമ്പോള്‍ പരസ്യത്തില്‍ ഹൃദ്യമായൊരു മാറ്റമുണ്ട്. പുരുഷ ക്രിക്കറ്റര്‍ക്ക് പകരം വനിത ക്രിക്കറ്റ് താരമാണ്. കാണികള്‍ക്കിടയില്‍ നിന്നും ഓടിവരുന്നത് കാമുകിയല്ല, കാമുകനാണ്. എന്നാല്‍ പരസ്യത്തിന്റെ പാശ്ചത്തലത്തിലെ സംഗീതവും, തീം എല്ലാം അത് പോലെ തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. അവസാനം ഗുഡ് ലക്ക് ഗേള്‍സ് എന്ന ഹാഷ്ടാഗും പരസ്യത്തില്‍ നല്‍കുന്നുണ്ട്.
പെണ്ണിന്റെ വിജയഗാഥകള്‍ക്കുള്ള ആദരമെന്നോണമാണ് പുതിയ പരസ്യം. ആണുങ്ങളുടെ ലോകമല്ല, ഈ ലോകം പെണ്ണിന്റേതു കൂടിയാണ് പറയാതെ പറയുന്നു.
യുവത്വത്തിന് മാതൃകയായി മാറുന്നതുമായ ആഘോഷത്തില്‍ കാഡ്ബറി ഡയറി മില്‍ക്കും ചേരുന്നു, എന്നാണ് ഈ പരസ്യത്തിന് കാഡ്ബറി നല്‍കിയ ക്യാപ്ഷന്‍. ഒഗ്ലീവ് ആണ് ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.