Monday 08 February 2021 03:46 PM IST

ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ചുവര് ക്യൻവാസാക്കി! 200 സെന്റിമീറ്റർ പൊക്കമുള്ള കഥകളി രൂപത്തിലൂടെ ശീതളിനെ തേടിയെത്തിയത് അംഗീകാരങ്ങൾ

Priyadharsini Priya

Senior Content Editor, Vanitha Online

seethal332

തിരക്കുകള്‍ക്കിടയില്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഒരല്‍പ്പം സമയം കണ്ടെത്തുക. കേള്‍ക്കാന്‍ സുഖമുള്ള കാര്യം ആണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഒരു എംബിബിഎസ് വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം. എന്നാല്‍ കോവിഡും ലോക്ഡൗണുമൊക്കെ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വീട്ടിലിരിപ്പിനിടയ്ക്ക് പഴയ ഇഷ്ടങ്ങൾ പയ്യേ തല പൊക്കി തുടങ്ങി. പഠനത്തിരക്കിൽ മാറ്റിവച്ച ഛായക്കൂട്ടും ബ്രഷും വീണ്ടും തൊട്ടപ്പോൾ എറണാകുളംകാരി ശീതളിനെ തേടിയെത്തിയത് റെക്കോർഡ് നേട്ടം.  

sheethal11123

എളമക്കര ഒസ്‌ലോ ഹൗസില്‍ രമേഷിന്റെയും സുനിതയുടേയും മകളായ ശീതൾ ആണ് കോവിഡ് കാലത്ത് ഭിത്തിയിൽ ചിത്രം വരച്ച് ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സും ഏഷ്യാ ബുക് ഓഫ് റെക്കോർഡ്സും സ്വന്തമാക്കിയത്. തൊടുപുഴ അൽ അസ്സർ മെഡിക്കൽ കോളജിൽ നാലാം നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് ശീതൾ. വീടിന്റെ ചുമരിൽ 200 സെന്റിമീറ്റർ പൊക്കമുള്ള കഥകളി രൂപം വരച്ചാണ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. അപ്രതീക്ഷിതമായി കിട്ടിയ നേട്ടത്തിന്റെ സന്തോഷം ശീതൾ വനിത ഓൺലൈനുമായി പങ്കുവച്ചു. 

seethall554fgh

"നൃത്തമായിരുന്നു എന്റെ ഇഷ്ട മേഖല. കുട്ടിക്കാലം തൊട്ടേ  ക്ലാസിക്കൽ നൃത്തം പഠിക്കുന്നുണ്ട്. നൃത്തത്തിന് സ്‌കൂൾ തലത്തിൽ ഹാട്രിക് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പക്ഷെ, വരയ്ക്ക് ആദ്യമായിട്ടാണ് എനിക്കൊരു അംഗീകാരം കിട്ടുന്നത്. പെൻസിൽ ഡ്രോയിങ് ആണ് സാധാരണ ചെയ്യാറ്. അമ്മയാണ് ലോക്ഡൗൺ സമയത്ത് കളർ പെയിന്റിങ് ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് അക്രിലിക് പെയിന്റ് ഉപയോഗിച്ച് കഥകളി രൂപം വീടിന്റെ ചുമരിൽ വരച്ചത്. രണ്ടു ദിവസം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്. വെറുതെ ഒരു നേരമ്പോക്കിന് ചെയ്തതാണ്, മത്സരങ്ങൾക്ക് അയച്ചുകൊടുക്കണം എന്നൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. 

ഇൻസ്റ്റാഗ്രാമിൽ നിന്നാണ് ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിനെപ്പറ്റി അറിഞ്ഞത്. അങ്ങനെയാണ് ചിത്രം വരയ്ക്കുന്ന, അളവ് ഉൾപ്പെടെ വ്യക്തമാക്കുന്ന വിഡിയോ, ചിത്രങ്ങൾ സഹിതം അയച്ചുകൊടുക്കുന്നത്. വീട്ടിൽ ആരോടും ഞാനിക്കാര്യം പറഞ്ഞിട്ടില്ലായിരുന്നു. കിട്ടിയിട്ട് പറയാം എന്ന് കരുതി. 200 സെന്റിമീറ്റർ പൊക്കത്തിൽ ആരും ഇതുവരെ ചിത്രം വരച്ചിട്ടില്ലായിരുന്നു.

seeth44fff

ആപ്ലിക്കേഷൻ കൊടുത്തു മൂന്നാം ദിവസം കിട്ടി എന്നു പറഞ്ഞു മെയിൽ വന്നു. പിന്നീട് ഏഷ്യാ ബുക് ഓഫ് റെക്കോർഡ്സിലേക്കും അയച്ചു. അവിടെന്നു ജനുവരി ആദ്യം കൺഫേം മെയിൽ കിട്ടി. ഒരുപാട് സന്തോഷം ഉണ്ട്. നൃത്തത്തിനും പഠനത്തിനും ഇടയ്ക്ക് വരയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ സമയം ഉണ്ടായിരുന്നില്ല. പ്രൊഫഷണലായി ഞാൻ ഡ്രോയിങ് പഠിച്ചിട്ടില്ല. എന്നിട്ടും ഇതുപോലൊരു വലിയ അംഗീകാരം കിട്ടി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി."- ശീതൾ പറയുന്നു. 

പഠനകാലത്ത് ഓർഡർ അനുസരിച്ചു ചിത്രങ്ങൾ വരച്ചുകൊടുത്ത് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിലും മിടുക്കിയായിരുന്നു ശീതൾ. വരകൾക്ക് വേണ്ടി ആർട്ടിസ്റ്റ് ഡോക്ടർ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് ഉണ്ട്. സഹോദരങ്ങളായ അനുരാഗും അവിൻരാഗും ശീതളിന് പ്രചോദനമായി എന്നും ഒപ്പമുണ്ട്.