Monday 05 April 2021 03:24 PM IST : By സ്വന്തം ലേഖകൻ

‘ഉമ്മുമ്മാന്റെ കാച്ചിയ മുണ്ടിന്റെ വക്കിൽ മനോഹരമായ, കിലുങ്ങുന്ന പൗച്ച്’; ആ ഇഷ്ടത്തിൽ നിന്ന് കീ ചെയിനുകളുടെ ബിസിനസ് തുടങ്ങി വിജയം കൊയ്ത് ഫാത്തിമ

busiwommnnv44ddfearringgg

‘‘ചെറുപ്പം മുതൽ കാണുന്ന ഒരു കാഴ്ചയുണ്ട്, ഉമ്മുമ്മാന്റെ കാച്ചിയ മുണ്ടിന്റെ വക്കിൽ മനോഹരമായ ഒരു പൗച്ച്. മുത്തും സ്വീകൻസും തുന്നിചേർത്ത ഒന്നോ രണ്ടോ താക്കോൽ വയ്ക്കാനോ ആരും കാണാതെ കുറച്ച് ചില്ലറ സൂക്ഷിക്കാനോ കഴിയുന്ന കയ്യിലൊതുങ്ങുന്ന ഒരു ചെറിയ തുണി പൗച്ച്. മുത്തിന്റെയും സ്വീകൻസിന്റെയും നിറങ്ങൾ മാറി മാറി വന്നാലും പൗച്ചിന്റെ വലുപ്പത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. നീലക്കരയുള്ള കാച്ചിയ മുണ്ടിന്റെ ഓരത്ത് ചെറിയ കിലുക്കവുമായി ആ തുണിസഞ്ചിയുണ്ടാകും.’’

ഈ പൗച്ചിനോടുള്ള സ്നേഹത്തിൽ നിന്നാണ് കോഴിക്കോട് സ്വദേശിനി ഫാത്തിമ ഓൺലൈനിൽ കീ ചെയിനുകളുടെ ബിസിനസ് തുടങ്ങിയത്.

‘‘വീട്ടിൽ എല്ലാവർക്കുമുണ്ട് കലാപരമായ കഴിവുകൾ. ഉമ്മുമ്മ ചെയ്യുന്നതു പോലെ മുത്തും സ്വീകൻസും ഉപയോഗിച്ച് തുന്നുന്ന മനോഹരങ്ങളായ ബാഗുകൾ, തലമുടിയിൽ ഇടുന്ന ബാൻഡ്, ഉടുപ്പുകളിലെ എംബ്രോയിഡറി... അങ്ങനെ ഇടവേളകളിലെല്ലാം എല്ലാവരും ഓരോന്ന് ചെയ്തു കൊണ്ടിരിക്കും. ഞാൻ മാത്രം ഏതു കാര്യം തുടങ്ങിയാലും പാതി വഴിയിൽ നിർത്തും. അതുകൊണ്ട് ഓൺലൈൻ ബിസിനസിന്റെ കാര്യം വന്നപ്പോഴും എല്ലാവരും ചോദിച്ചു കുറച്ചുകാലം കഴിഞ്ഞ് അവസാനിപ്പിക്കാനല്ലേ എന്ന്.

പേൾ കോർത്ത കീ ചെയിനാണ് ആദ്യം ചെയ്തത്. സോഷ്യൽ മീഡിയയുടെ സാധ്യത മുന്നിൽ കണ്ടു തന്നെയാണ് രണ്ടും കൽപ്പിച്ച് ഇറങ്ങിയത്. ‘പേളൈൻ ബൈ ഫാത്തിമ അഷറഫ്’ എന്നാണ് പേജിന്റെ പേര്. ആളുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഇംഗ്ലിഷ് അക്ഷരങ്ങൾ, പേരുകൾ എന്നിവ കസ്റ്റമൈസ് ചെയ്ത് കീ ചെയിനാക്കി നൽകുന്നുണ്ട്. കപ്പിൾ കീ ചെയിനിനാണ് ആവശ്യക്കാർ കൂടുതലുള്ളത്.

വാശി വേണം വാശി

ബിസിനസ് ഹിറ്റായതോടെ എല്ലാവരും വമ്പൻ സപ്പോർട്ട് നൽകുന്നുണ്ട്. കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. ഈ ബിസിനസ് നിർത്തിയാൽ എല്ലാവരും എന്നെ കളിയാക്കി കൊല്ലും. അതുകൊണ്ട് ഇതു നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നേയില്ല. മാത്രമല്ല, സ്വന്തമായി ഒരു തൊഴിൽ ചെയ്തു തുടങ്ങിയപ്പോൾ അത് ഹരമായി മാറി. നമ്മൾ തന്നെ കൈകൾകൊണ്ട് ഉണ്ടാക്കുന്ന ചെറിയ സാധനങ്ങൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതു തന്നെ  സന്തോഷമാണ്.

ഓരോ പ്രോഡക്ടിനും 200 രൂപയിൽ താഴെയാണ് വില. അതുകൊണ്ട് മാസവസാനം ചെറിയൊരു പോക്കറ്റ് മണി മാത്രമേ എന്റെ അക്കൗണ്ടിൽ വരുന്നുള്ളൂ. ഏറ്റവും കൂടുതൽ 4000 രൂപ വരെയാണ് ലഭിച്ചിട്ടുള്ളത്. പക്ഷേ, ലാഭത്തേക്കാൾ കൂടുതലായി ഹാൻ‌ഡ്മെയ്ഡ് പ്രോഡക്ട്സ് ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഞാനിപ്പോൾ കോഴിക്കോട് ജെഡിറ്റി കോളേജിൽ ബിഎസ്‌സി മാത്‌സ് മൂന്നാം വർഷ വിദ്യാർഥിനിയാണ്. പഠിത്തത്തിന്റെ കൂടെ ആയതിനാൽ പൂർണമായും ബിസിനസിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല.

പഠനശേഷം കൂടുതൽ പ്രോഡക്ട്സ് ഉണ്ടാക്കി വിൽക്കാനാണ് പ്ലാൻ. ഉമ്മുമ്മാന്റെ ചില പൊടിക്കൈകൾ കൂടി ബിസിനസിൽ പരീക്ഷിക്കാനുണ്ട്.’’

MY OWN WAY

∙ ഓരോ ഉൽപന്നവും യുണീക് ആണ്. ഒറ്റ പീസ് മാത്രമേ ഉണ്ടാക്കൂ. റിപ്പീറ്റ് ആവശ്യപ്പെടുന്നവരോട് പുതിയ ഡിസൈൻ സജസ്റ്റ് ചെയ്യും.

∙ കസ്റ്റമേഴ്സുമായി നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യും. നിലവാരമുള്ള മുത്തുകൾ മാത്രമേ ഉപയോഗിക്കൂ.

∙ ഫോളോവേഴ്സിനെ കൂട്ടുന്നതിനേക്കാൾ ഉൽപന്നത്തിന്റെ റീച്ച് ഹാഷ്ടാഗ്സിലൂടെ കൂട്ടാനാണ് ശ്രദ്ധിക്കാറുള്ളത്.