Saturday 16 May 2020 04:38 PM IST : By സ്വന്തം ലേഖകൻ

ഓഫിസിലെ ‘വെരിഗുഡ് ’ഗേൾ; ജോലിയിൽ തിളങ്ങാൻ പാലിക്കേണ്ട ചില മര്യാദകളും ചിട്ടകളും അറിയാം...

shutterstock_117790708

ഓഫിസിൽ തിളങ്ങാൻ ജോലിയിലെ മികവു മാത്രം പോര, ഒപ്പമുള്ളവരുമായി ചേർന്നു പോകുന്നതിനുള്ള മനസ്സുകൂടി വേണം.  ചില കാര്യങ്ങളിൽ ബോധപൂർവം ശ്രദ്ധ  പുലർത്തിയാൽ  ബോസിന്റെ  മാത്രമല്ല, സഹപ്രവർത്തകരുടെയും ‘ഗുഡ് ബുക്കി’ൽ ഇടം പിടിക്കാം.

∙ സഹപ്രവർത്തകരോട് അടുപ്പമുണ്ടാകുന്നതാണ് ഓഫിസ് അന്തരീക്ഷം  നന്നാക്കാൻ  ഏറ്റവും  പ്രധാന കാര്യം. ബ്രേക് ടൈമിൽ കൊച്ചുവർത്തമാനം പറയാൻ സമയം കണ്ടെത്തിയാൽ  തന്നെ അടുപ്പം കൂടും. പക്ഷേ, അത് ഗോസിപ്പോ രാഷ്ട്രീയമോ ആകരുതെന്നു മാത്രം. ഇൻഡോർ ഗെയിംസിൽ പങ്കെടുക്കുന്നതും  ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതുമൊക്കെ പരീക്ഷിക്കാം. ഒന്നോ രണ്ടോ പേരോടു മാത്രമല്ല, എല്ലാവരോടും ഇടപെടുന്നതിലാണ് കാര്യം.

∙ കൃത്യസമയത്ത് ഓഫിസിലെത്തുക. എല്ലാവരും വരുന്നതിനും വളരെ മുൻപേ എത്തുന്നവരെ കുറിച്ചു നല്ല അഭിപ്രായ     മുണ്ടാകാൻ സാധ്യതയില്ല. എല്ലാ ദിവസവും വൈകിയെത്തുന്നവർക്കും പാസ് മാർക്ക് കിട്ടില്ല. പുതിയ പ്രോജക്ടുകൾ പ്ലാ ൻ ചെയ്യുമ്പോൾ വൈകിയെത്തുന്നവരെ കൂട്ടാൻ പലരും താൽപര്യപ്പെടില്ല. കൃത്യസമയത്ത് സീറ്റു വിട്ട് പോകാനായി ‘പഞ്ച് ഔട്ട്’ സമയം നോക്കിയിരിക്കുന്നത് ഇംപ്രഷൻ കുറയ്ക്കും.

∙ ഒരാളെ ഓഫിസിൽ ‘ജഡ്ജ്’ ചെയ്യുന്നതു ഡ്രസ്സിങ് കൂടി നോക്കിയാണെന്ന് ഓർക്കുക. വസ്ത്രധാരണത്തിലും മേക്കപ്പിലും ആഡംബരവും ആർഭാടവും കാണിക്കാനുള്ള ഇടമല്ല ഓഫിസ്. അലസമായി വസ്ത്രം ധരിക്കാനും പാടില്ല. വിശ്വാസ്യതയും അച്ചടക്കവും പ്രകടമാക്കാനുള്ള ‘ടൂൾ’ കൂടിയാണ് പ്രഫഷനൽ ഡ്രസ്സിങ് എന്നോർക്കുക.

മൊബൈൽ ഫോൺ ആവശ്യത്തിനു മാത്രം

∙ ഓഫിസ് സമയത്തെ മൊബൈൽ ഫോൺ ഉപയോഗം നിങ്ങളുടെ പ്രൊഫൈലിൽ ‘റെഡ്  മാർക്’ ആകും. പല ഓഫിസുകളിലും ഡ്യൂട്ടി ടൈമിൽ ഇത് നിയന്ത്രിച്ചിട്ടുണ്ട്. ഫോൺ ഉപയോഗം അനുവദിക്കുന്നുണ്ടെങ്കിൽ കൂടി സ്വയം നിയന്ത്രണം വയ്ക്കുക. ഓഫിസിലെത്തിയാലുടൻ അത്യാവശ്യ മെസേജസ് അയച്ച ശേഷം  നെറ്റ് ഓഫ് ചെയ്യാം.

∙ ജോലിയിൽ വരുത്തിയ തെറ്റുകളുടെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തെറ്റു സമ്മതിക്കാൻ തയാറാകാതെ ഇരിക്കുന്നിടത്തോളം തെറ്റു ചെയ്ത ആ ‘പോയിന്റി’ൽ തന്നെയാണ് നമ്മൾ. തെറ്റ് സംഭവിക്കാത്ത മനുഷ്യരില്ല. അത് അംഗീകരിക്കുന്നതിലും തിരുത്തുന്നതിലും ആവർത്തിക്കാതെ നോക്കുന്നതിലുമാണു കാര്യം. സംഭവിച്ച തെറ്റു തിരുത്താൻ കിട്ടുന്ന അവസരത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ... ക  രിയറിൽ തിളങ്ങാൻ ഇതിലും നല്ലൊരു അവസരം മറ്റൊന്നുണ്ടാകില്ല.

അങ്ങനെ പറഞ്ഞൊഴിയേണ്ട

സ്വകാര്യ വിഷമങ്ങൾ പലപ്പോഴും ജോലിയിൽ നല്ല ‘എക്സ്ക്യൂസ്’ അല്ല. നിങ്ങളുടെ സ്വകാര്യ പ്രശ്നത്തിന്റെ പേരിൽ ജോലി ചെയ്യാതിരിക്കുന്നതും ഓഫിസിൽ മൂഡ് ഔട്ട് ആയിരിക്കുന്നതും നല്ല കാര്യമല്ല. ജോലി കഴിഞ്ഞ് വീട്ടിലേക്കു ഓഫിസ് ടെൻഷൻ കൊണ്ടുപോകാറില്ലല്ലോ. അതുപോലെ വീട്ടിലെ പ്രശ്നങ്ങളും ടെൻഷനും ഓഫിസിലേക്കും കൊണ്ടുവരരുത്.