Saturday 28 September 2019 12:59 PM IST : By സ്വന്തം ലേഖകൻ

‘ട്രോളാം, പക്ഷേ, തോൽപ്പിക്കാനാകില്ല; എനിക്ക് കഴിവില്ലെന്നു പറയുന്നവരുടെ മുന്നിൽ പ്രൂവ് ചെയ്ത് കാണിക്കണം’

fukru99008jkk ഫോട്ടോ: രാഹുൽ ഓസ്കാർ

"ആറു ലക്ഷത്തിൽ പരം ഫോളോവേഴ്സ് ഉണ്ടെങ്കിലും കുട്ടികൾക്കാണ് എന്റെ വിഡിയോസ് ഒരുപാടിഷ്ടം. അവരെന്നെ കാണുമ്പോൾ ഓടി വന്നു തോളിൽ കയറും, കെട്ടിപ്പിടിക്കും. അതൊക്കെ വല്ലാതെ സന്തോഷം തരുന്ന കാര്യങ്ങളാണ്. ഇടയ്ക്കു ട്രോൾസ് കാരണം ടിക് ടോക് ഡിലീറ്റ് ചെയ്യാമെന്ന് വിചാരിച്ചതാണ്. പിന്നെ, കുട്ടികളുടെ സ്നേഹം കാണുമ്പോൾ ‘എന്തിനാ പോകുന്നേ’ന്ന് വിചാരിക്കും. മാത്രമല്ല, അങ്ങനെ പോയാൽ എന്നെ ട്രോളുന്നവർക്ക് വർക്കില്ലാണ്ടാകില്ലേ..."- ടിക് ടോക് സൂപ്പർസ്റ്റാർ ഫുക്രു പറഞ്ഞുതുടങ്ങി.  

പ്രളയത്തിനിടെ ബൈക്ക് റാലി

എല്ലാ വർഷവും സ്വാതന്ത്യദിനത്തിന് ഞങ്ങൾടെ നാട്ടിലുള്ള ‘ബിഎച്ച്പി’ എന്ന മോട്ടോർക്ലബ്, ബൈക്ക് റാലി നടത്താറുണ്ട്. ഇവിടെയുള്ള പിള്ളേർക്കെല്ലാം ബൈക്ക് ട്രിപ് പോകാൻ വേണ്ടിയുണ്ടാക്കിയ ഗ്രൂപ്പാണത്. ബൈക്ക്സ്‌റ്റണ്ടൊക്കെ ആയിട്ടൊരു പക്കാ ‘ബൈക്ക് ഷോ’.

ഇത്തവണ പ്രളയമായതു കൊണ്ട് ‘ഒരു ബൈക്കിന് ഒരു കിറ്റ്’ എന്ന ആശയവുമായി റാലി നടത്താമെന്നു ഞങ്ങൾ വിചാരിച്ചു. ബൈക്ക് സ്‌റ്റണ്ട് ഒന്നുമില്ലാതെ ഒരു നോർമൽ പരിപാടി. കൊട്ടാരക്കരയില്‍  നിന്നു വെട്ടിക്കവല ഗ്രൗണ്ട് വരെ വെറും മൂന്ന് കിലോമീറ്ററായിരുന്നു റാലി. ഗ്രൗണ്ടിൽ വച്ച് ബാക്കി കോ-ഓഡിനേഷൻ നടത്താനായിരുന്നു പ്ലാൻ. ഗ്രൗണ്ടിലേക്ക് ബൈക്ക് റാലിയായി കേറുന്ന കണ്ടിട്ടാണ് അവിടെയുള്ളവർ പൊലീസിനെ വിളിച്ചത്.  

ഞങ്ങളുടെ ബൈക്ക് റാലി വയനാട് വരെയാണ് പോകുന്നതെന്ന് ഇതിനിടയിൽ ആരോ ന്യൂസിറക്കി. അതു വിശ്വസിച്ചിട്ടാകണം പൊലീസ് പറഞ്ഞു ‘ഈ പെട്രോളടിക്കുന്ന കാശ്ശുണ്ടേൽ ആ പൈസയ്ക്കു കൂടി ആളുകളെ സഹായിച്ചൂടേ’ എന്ന്. എല്ലാ വർഷവും സംഘടിപ്പിക്കുന്ന റാലിയായതു കൊണ്ട് റൈഡേഴ്സെല്ലാം വരും. ആ സാധ്യത ഉപയോഗിച്ച് ഞങ്ങളാലാവുന്ന സഹായം ദുരിതബാധിതർക്ക് ചെയ്യാമെന്നേ വിചാരിച്ചുള്ളൂ. കളക്ട് ചെയ്ത സാധനങ്ങൾ മുഴുവൻ സിവിൽ സ്‌റ്റേഷനിലെ കളക്‌ഷൻ പോയന്റിൽ എത്തിക്കുകയും ചെയ്തു. പക്ഷേ, അതിന്റെ പേരില്‍ ട്രോേളാടു ട്രോളായി. എന്തൊരു തേപ്പെടേയ്.. എനിക്കൊന്നേ പറയാനുള്ളൂ, ‘ട്രോളാം പക്ഷേ, കാര്യം കൂടെ മനസ്സിലാക്കിയാൽ കൊള്ളാം.’

ചാർളി ചാപ്ലിനായ കഥ

‘ചാർളി ചാപ്ലിൻ ’ എന്നാണിപ്പോൾ ട്രോളൻമാർ കളിയാക്കി വിളിക്കുന്നത്. ഞാനും ടിക് ടോക് താരം ‘ഡെവിൾ കുഞ്ചു’വും കൂടെയുള്ളൊരു അഭിമുഖം വഴിയാണ് ആ പേര് വീണു കിട്ടിയത്. ടിക് ടോക്കിൽ നോർമൽ വിഡിയോസ് ഇരട്ടി സ്പീഡിലേക്ക് മാറ്റാൻ ഒരു ഓപ്ഷനുണ്ട്. അതു ചെയ്തിട്ടാണ്  വിഡിയോസ് ഹിറ്റാക്കുന്നതും ലിപ് സിങ്ക് പ്രശ്നങ്ങൾ അഡ്ജസ്റ്റ് ചെയ്യുന്നതും. പണ്ട് ചാർളി ചാപ്ലിൻ ചെയ്ത ഈ സ്‌റ്റൈലാണ് ഞാനൊക്കെ യൂസ് ചെയ്യുന്നതെന്നും പറഞ്ഞു. എന്റെ പൊന്നോ, അതു കഴിഞ്ഞപ്പോൾ മുതൽ എല്ലാവരും കൂടെ എന്നെ ചാർളി ചാപ്ലിനാക്കി. 

കോമാളിയാക്കിയ വിഡിയോ

എല്ലാവരും സിനിമാ ഡയലോഗും പാട്ടുമൊക്കെ വച്ചു ടിക് ടോക്കിൽ പതിവ് പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഒരു വെറൈറ്റി ട്രൈ ചെയ്യാമെന്ന് കരുതിയിരിക്കുകയാണ് ഞാൻ. അപ്പോഴാണ് ഒരു ഹിന്ദിക്കാരൻ തട്ടുപ്പൊളിപ്പൻ പാട്ടിന് ശോക റിയാക‌്ഷനുമായി നടക്കുന്ന ടിക് ടോക് കണ്ടത്. അതിനൊരു മലയാളി വേർഷനിറക്കി ഒരു ഡെഡിക്കേഷൻ ഇട്ടേക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് കസ്തൂരിമാനിലെ ‘നീ ഉണരാൻ ഞാൻ തപസ്സിരിക്കും’ എന്ന പാട്ടിന് തലയും തോളുമിളക്കി കോമാളിത്തരം പോലെ ടിക് ടോക് ചെയ്തത്. അത് എല്ലാവർക്കും ഇഷ്ടമായി. നമ്മൾ ചെയ്യുന്നത് അസൽ കോമാളിത്തരം തന്നെയാണ്. പക്ഷേ, ആളുകളെ ചിരിപ്പിക്കാൻ ബോധപൂർവം ചെയ്യുന്നതാണ് അതെന്ന് പലരും മനസ്സിലാക്കാറില്ല.

ബൈക്കിലൂടെ വീണ ‘പേര്’

കൃഷ്ണജീവ് ടി.ആർ. എന്നാണെന്റെ പേര്. അച്ഛൻ രാജീവ് പൊതുപ്രവർത്തകൻ, അമ്മ താര വീട്ടമ്മയാണ്. ചേട്ടൻ അമൽജീവിന് ബാങ്കിങ് മേഖലയിലാണ് ജോലി. ഞാൻ പഠിച്ചത് പോളിമർ ടെക്നോളജിയാണെങ്കിലും  ബൈക്ക് സ്‌റ്റണ്ടിങ്ങാണ് ക്രേസ്. ‘ഫുക്രു’ എനിക്ക് വീണു കിട്ടിയ വിളിപ്പേരാണ്. എന്റെ ആർഎക്സ് 100  ബൈക്കിന്റെ വണ്ടി നമ്പറിന്റെ തുടക്കം ‘KRU’ എന്നായിരുന്നു. നമ്പർ പ്ലേറ്റിലെ കെആർയുവിന്റെ കൂടെ ബൈക്കിന്റെ ‘ക്രൂ...’ സൗണ്ടും കൂടെ ചേർത്ത് എന്നെ ‘ക്രൂ’ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. കബഡി ടീമിലെ ജേഴ്സിയിലും അതായിരുന്നു പേര്. പിന്നെ,  ഈ ടിക് ടോക്കും പരിപാടിയുമൊക്കെ ആയപ്പോ ഞാൻ അതൊന്നു പരിഷ്കരിച്ചു. അങ്ങനെ വന്ന പേരാണ്  ‘ഫുക്രു’.

സംവിധായകനെന്ന സ്വപ്നം 

ട്രോളാം, കളിയാക്കാം, അതൊക്കെ ഒരു രസമാണ്.  പക്ഷേ, എനിക്കെതിരെ നെഗറ്റീവ് ന്യൂസുകളുമായി വരുന്ന ചിലരുണ്ട്. ഒരു കാര്യവുമില്ലാതെ എനിക്കെതിരെ മോശമായി സംസാരിക്കുന്നവര്‍. പോട്ടെ, പോട്ടെ എന്നു കരുതി  ഇത്രയും നാൾ ഞാൻ ക്ഷമിച്ചു. ഇനി മുതൽ പ്രതികരിക്കാൻ തുടങ്ങുകയാണ്. 

‘തല്ലും പിടിയും’, ‘ധമാക്ക’ എന്നീ രണ്ടു സിനിമകളിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. എനിക്ക് കഴിവില്ല എന്നു പറയുന്നവരുടെ മുന്നിൽ പ്രൂവ് ചെയ്ത് കാണിക്കാനാണ് തീരുമാനം. ഒരു ഷോർട് ഫിലിം ചെയ്യാനും പ്ലാനുണ്ട്, ഭാവിയിൽ ഒരു സിനിമയും സംവിധാനം ചെയ്യും. ഇപ്പോൾ എന്നെ കളിയാക്കുന്നവന്മാരെക്കൊണ്ട് കയ്യടിപ്പിച്ചിട്ടേ എനിക്കിനി വിശ്രമമുള്ളൂ...