Friday 17 May 2024 03:32 PM IST

‘മനസ്സിൽ തെളിഞ്ഞതു മമ്മിയുടെ മുഖം, കയ്യും കാലും വിറച്ചു പോയി, ബ്ലേഡ് തറയിലേക്ക് ഊർന്നു വീണു’; ജീവനൊടുക്കാന്‍ തീരുമാനിച്ച ഗ്രിമ മെർലിൻ വനിതാ ടീം ക്യാപ്റ്റനായ കഥ

Roopa Thayabji

Sub Editor

grimmma356 ഫോട്ടോ: പ്രവീൺ ആറ്റിങ്ങൽ

ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ 

കാൽമുട്ടിലെ അഞ്ചു ശസ്ത്രക്രിയകൾക്ക് ഒടുവിൽ ചുറ്റുമുള്ളവരെല്ലാം ഗ്രിമയോടു പറഞ്ഞു, ‘മതി, ഇനി ബാസ്കറ്റ് ബോൾ വേണ്ട.’ ഞെരുക്കുന്ന സാമ്പത്തിക പ്രയാസങ്ങളും പരുക്കിന്റെ വേദനയും. അതോടെ കോർട്ടിനോടും ജീവിതത്തോടും വിട പറയാൻ അവൾ തീരുമാനിച്ചു.

കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ ഗ്രിമ മെർലിൻ വർഗീസിന് ഇങ്ങനെയൊരു ഭൂതകാലമുണ്ട്. ജീവിതം നിലച്ചുവെന്നുറപ്പിച്ച നിമിഷത്തിൽ നിന്നു നേട്ടങ്ങളുടെ നെറുകയിലേക്കു തിരികെയെത്തിയ ഗ്രിമയുടെ കഥ കേട്ടാലോ...

ചേച്ചിയുടെ വഴിയേ

‘തൃശൂർ, കൊരട്ടിയിലാണ് എന്റെ നാട്. അച്ഛൻ  വർഗീസിനു സ്റ്റൗ കമ്പനി ഉണ്ടായിരുന്നു. അമ്മ റീനയും ചേച്ചി ഗ്രിയയും ഞാനും അനിയൻ ഗ്രിഗോയും സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് ആ സംഭവം. വയറുവേദന വന്നു ഡോക്ടറെ കണ്ടതാണു പപ്പ. പരിശോധിച്ചപ്പോൾ പാൻക്രിയാസിൽ ചില പ്രശ്നങ്ങൾ, സർജറി വേണം. തുടർന്നുണ്ടായ അണുബാധയും മറ്റു പ്രശ്നങ്ങളും കാരണം ഒന്നിനു പിന്നാലെ ഒന്നായി ആറു സർജറികൾ.  വീടും ബിസിനസ്സുമെല്ലാം കടം കയറി പോയി.

പപ്പ മമ്മിയെ നിർബന്ധിച്ചു തയ്യൽ പഠിപ്പിക്കാൻ വിട്ടു. പപ്പ മരിച്ചു പോയാലും ഞങ്ങൾക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകണമല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിന്റെ  ഭാഗമായി ചേച്ചിയെ കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ ചേർത്തു. അവിടുത്തെ സ്പോർട്സ് സാറായ വിന്നി ബെസ്റ്റിൻ ചേച്ചിയെ ബാസ്കറ്റ് ബോൾ ടീമിലെടുത്തു. നല്ല പ്ലെയറായിരുന്ന ചേച്ചി സംസ്ഥാന ടീമിൽ കളിക്കുകയും നാഷനൽസിൽ തുടർച്ചയായി പങ്കെടുക്കുകയും ചെയ്തതാണ് എന്റെ തലവര മാറ്റിയത്.

നാലാം ക്ലാസ്സിലെ അവധിക്കാലത്ത് എന്നെയും നിർബന്ധിച്ചു പ്രാക്ടീസിനു വിട്ടു. മടിച്ചിയായ ഞാൻ പല കാരണങ്ങൾ പറഞ്ഞു മുങ്ങും. അഥവാ ചെന്നാലും ബോൾ കൈ കൊണ്ടു തൊടില്ല. ആയിടയ്ക്കു ജൂനിയർ ബാസ്കറ്റ് ബോൾ ടീമിന്റെ സെലക്‌ഷൻ വന്നു. എന്നെ മാത്രം കൊണ്ടു പോയില്ല. ‘മര്യാദയ്ക്കു പ്രാക്ടീസ് ചെയ്യാതെ എങ്ങും കൊണ്ടുപോകില്ല’ എന്നു വിന്നി സാർ പറഞ്ഞതോടെ വാശി കൂടി. ചിട്ടയായ പരിശീലനം തുടങ്ങി. അടുത്ത വർഷം തൃശൂർ ജില്ലാ സബ്ജൂനിയർ ടീമിൽ സെ ലക്‌ഷൻ കിട്ടി. അതോടെ കേരളാടീമിൽ സ്ഥാനം നേടണം എന്ന ലക്ഷ്യം മനസ്സിലുറച്ചു.

ജയവും തോൽവിയും

അടുത്ത വർഷം സംസ്ഥാന ചാംപ്യൻഷിപ്പിൽ ‍ഞങ്ങൾ തോറ്റെങ്കിലും മത്സരത്തിലെ മികച്ച പ്രകടനം ഗുണമായി. കേരള ടീമിലേക്കു ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. ആ സമയത്തു സ്പോർട്സിൽ മാത്രമല്ല, കലാരംഗത്തും സജീവമായിരുന്നു. കുട്ടിക്കാലം തൊട്ടേ  പാട്ടു പഠിക്കുന്നുണ്ട്. ഒപ്പം നൃത്തപഠനവും. ആയിട യ്ക്കാണു ഭരതനാട്യം അരങ്ങേറ്റം നടന്നതും.

അങ്ങനെയിരിക്കെ ഒരു ദിവസം മമ്മിക്കു വിന്നി സാറിന്റെ ഫോൺ, ‘‘ആർട്സും സ്പോർട്സും ഒന്നിച്ചു പറ്റില്ല. ഏതെങ്കിലും ഒന്നു മതിയെന്നു തീരുമാനിക്കണം.’’ പാട്ടു പാടിയാൽ എന്നെങ്കി‌ലും സിനിമയിൽ അവസരം കിട്ടിയാലായി. പക്ഷേ, സ്പോർട്സിൽ നിന്നാൽ എന്തായാലും ജോലി കിട്ടും, കുടുംബം രക്ഷപ്പെടും. പപ്പയുടെ ഈ ഉപദേശം കേട്ട പാടേ പാട്ടും ഡാൻസും ഉപേക്ഷിച്ചു.

പ്ലസ് വൺ പഠിക്കുമ്പോൾ ചേച്ചിക്കു സായ് സെലക്‌ഷൻ കിട്ടി. സ്പോർട്സ് കിറ്റിനും പ്രാക്ടീസിനും ചെലവൊന്നും വേണ്ട. ആയിടയ്ക്ക് ടൂർണമെന്റ് വന്നു. വണ്ടിക്കൂലിക്കും ചെലവുകൾക്കുമായി 400 രൂപ എടുക്കാനില്ലാതെ പപ്പ വിഷമിച്ചു. അന്നു ചെലവെല്ലാമെടുത്തു വിന്നി സാറാണു മത്സരങ്ങൾക്കു കൊണ്ടുപോയത്. പക്ഷേ, വീട്ടുചെലവിനും മറ്റും കടം വാങ്ങി നട്ടംതിരിയുന്ന അവസ്ഥയായി.

ഇടിയും മഴയുമുള്ളൊരു ദിവസം ഞാൻ പേടിച്ചു പപ്പയുടെയും മമ്മിയുടേയും മുറിയിലേക്കു ചെന്നു. വാതിൽക്കൽ എത്തിയപ്പോൾ അവരുടെ സംസാരം കേട്ടു. ‘‘30 രൂപ എടുക്കാനുണ്ടായിരുന്നെങ്കിൽ വിഷം വാങ്ങി എല്ലാവർക്കും കൂടി കുടിക്കാമായിരുന്നു. കാശില്ലാതെ നാണം കെട്ടു മടുത്തു.’’  എത്ര ത്യാഗം സഹിച്ചാണ് ഇവർ എന്റെ ഇഷ്ടത്തിനൊപ്പം നിൽക്കുന്നതെന്നു മനസ്സിലായതിൽ പിന്നെ, ഗെയിമിനെ തമാശയായി കണ്ടിട്ടേയില്ല.  

പരുക്കിന്റെ കാലം

1709112950555

2010, ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഗിരിദീപം ടൂർണമെന്റിൽ ചെന്നൈ ശിവസ്വാമി ടീമുമായി ഞങ്ങൾ മത്സരിക്കുന്നു. കളിക്കിടെ പെട്ടെന്ന് ഇടതുകാലിനു വല്ലാത്ത വേദന. പരിശോധിച്ചപ്പോൾ കാൽമുട്ടിനു സാരമായ പ്രശ്നമുണ്ട്. സർജറി വേണ്ടിവരും. പക്ഷേ, നാഷനൽസ് സെലക്‌ഷൻ കഴിഞ്ഞു മതി സർജറിയെന്നു ഞാൻ നിർബന്ധം പിടിച്ചു. നാഗ്പൂരിലെത്തി പ്രാക്ടീസിനായി കോർട്ടിലിറങ്ങിയെങ്കിലും വേദന കൊണ്ടു വീണു പോയി.

തിരികെ വന്നയുടൻ സർജറി ചെയ്തു. ഒരു മാസം  ബെഡ്റെസ്റ്റ്. ഫിസിയോതെറപി നിർദേശിച്ചിരുന്നെങ്കിലും നാട്ടിൽ അതിനുള്ള സൗകര്യമൊന്നുമില്ല. വീട്ടിൽ നിന്നു ഗ്രൗണ്ടിലേക്കു മൂന്നു കിലോമീറ്റർ ദൂരമുണ്ട്. കൂട്ടുകാരിയെ സൈക്കിളിൽ ലോഡു വച്ചു ഞാൻ ചവിട്ടും. അതായിരുന്നു എന്റെ തെറപി. മൂന്നു മാസം കഴിഞ്ഞു കേരള ടീമിൽ സെലക്‌ഷൻ കിട്ടി. മഹാരാഷ്ട്രയുമായുള്ള ഫൈനലിൽ സ്വർണം നേടിയാണു തിരികെ വന്നത്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ ഡിഗ്രിക്കു ചേർന്നെങ്കിലും വീണ്ടും കാൽമുട്ടിനു പരുക്കു പറ്റി. ഹോസ്റ്റലിൽ തെന്നിവീണാണ് അതു സംഭവിച്ചതെങ്കിലും പരിശോധനയിൽ മെനിസ്കസ് ടിയർ ഇൻജുറി ആണെന്നു കണ്ടു. കളിയെ സാരമായി ബാധിക്കുന്ന പരുക്കായതിനാൽ വീണ്ടും സർജറി വേണ്ടിവന്നു. വിശ്രമം കഴിഞ്ഞു വീണ്ടും കോർട്ടിലെത്തിയ സമയത്താണു കെഎസ്ഇബിയുടെ ബാസ്കറ്റ് ബോൾ ടീമിൽ ഗസ്റ്റായി ക്ഷണം കിട്ടിയത്. മത്സരം കഴിഞ്ഞ പിറകേ ജോലി ഓഫറും വന്നു. 2014ൽ തിരുവനന്തപുരം വൈദ്യുതി ഭവനിലെ റജിസ്റ്ററിൽ ആദ്യമായി ഒപ്പിടുമ്പോൾ ഓർത്തത് പപ്പയുടെ വാക്കുകളാണ്.

ബാസ്കറ്റ് ബോൾ പ്രഫഷനലായി വളരാൻ സഹായിച്ചത് കെഎസ്ഇബിയാണ്. കോച്ച് അജു ജേക്കബ് സാർ  ഗെയിമിനെ മറ്റൊരു കണ്ണിലൂടെ കാണാൻ പഠിപ്പിച്ചു. ഇന്റർനാഷനൽ ലെവലിലുള്ള പരിശീലനമാണു സാർ തന്നത്.

വീണ്ടും പരുക്ക്

2017ലെ ഫിഫ ഏഷ്യ കപ്പ് മത്സരം. കരിയറിലെ ആദ്യ ഇ ന്റർനാഷനൽ മത്സരത്തിനായി ഇരുടീമുകളും കോർട്ടിൽ ലൈൻ അപ് ചെയ്തു. സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ ഞാൻ കരഞ്ഞു പോയി. അതിനടുത്ത വർഷം വലതുകാലിൽ ചെറിയ പൊട്ടൽ വന്നു. പ്ലാസ്റ്ററൊക്കെ എടുത്ത ശേഷം കോമൺവെൽത് ഗെയിംസ് ക്യാംപിലെത്തി. പ്രാക്ടീസിനിടെ വലതു കാൽ മുട്ടിൽ നിന്നൊരു ശബ്ദം കേട്ടതു പോലെ. പിന്നാലെ വേദന കൂടി. ‘ജംപേഴ്സ് നീ’ (Jumpers Knee) എന്ന അവസ്ഥയാണു, വിശ്രമം വേണമെന്നു ഡോക്ടർ പറഞ്ഞെങ്കിലും ഒരാഴ്ചയ്ക്കു ശേഷം ടീമിനൊപ്പം ഓസ്ട്രേലിയയിലേക്കു വിമാനം കയറി.

ഉസ്ബക്കിസ്ഥാനുമായാണ് ആദ്യ മത്സരം. അടുത്തതു മലേഷ്യയുമായി. കളി തീരാൻ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോൾ ഒരു പോയിന്റു നേടാനായി ഉയർന്നു ചാടിയതാണ്. പ്രതിരോധം മറികടന്നു ലാൻഡ് ചെയ്തത് ഒറ്റക്കാലിൽ. വേദന കൊണ്ടു പുളഞ്ഞു പോയി. പരിശോധനയിൽ കാൽമുട്ടിലെ കാർട്ടിലേജ് പൊട്ടിപ്പോയി എന്നു കണ്ടു. മുട്ടുചിരട്ടയുടെ അടിയിലാണു പരുക്ക്. പൊട്ടിയ കാർട്ടിലേജ് മുട്ടിനുള്ളിൽ കിടപ്പുണ്ട്. കാല് അനക്കുമ്പോൾ ഇതു കൊണ്ടുകയറി വേദന കൊണ്ടു പുളയും.

1709112950547

എല്ലാം അവസാനിക്കുന്നു

നാട്ടിൽ വന്ന പിറകേ മൈക്രോഡ്രില്ലിങ് നടത്തി മുട്ടിനുള്ളിൽ സുഷിരങ്ങളിട്ടു രക്തപ്രവാഹം കൂട്ടി പരുക്കു ഭേദമാക്കാനുള്ള സർജറി നടത്തി. മൂന്നു മാസം കാല് അനക്കാനാകാതെ കിടന്നു. ഇതിനിടെ ഏഷ്യൻ ഗെയിംസ് സെലക്‌ഷൻ കടന്നുപോയി. വിശ്രമത്തിനു ശേഷം വീണ്ടും പരിശീലനം തുടങ്ങിയെങ്കിലും അടുത്ത പരിശോധനയിൽ ലിഗ്‌െമന്റിനു പരുക്കുണ്ടെന്നു കണ്ടെത്തി. വിവരം അറിഞ്ഞവരെല്ലാം ചോദിച്ചു തുടങ്ങി, ഇത്ര കഷ്ടപ്പെട്ട് എന്തിനാണു ബാസ്കറ്റ് ബോൾ കളിക്കുന്നത്.

എനിക്കിനി കളിക്കാൻ കഴിയില്ല എന്നു മനസ്സിൽ തോന്നിയ ദിവസം  ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു. രാത്രി ബ്ലേഡുമെടുത്ത് ബാത്‌റൂമിൽ കയറി. ഞരമ്പു മുറിക്കാനായി കണ്ണുകൾ മുറുക്കി അടച്ചു. മനസ്സിൽ തെളിഞ്ഞതു മമ്മിയുടെ മുഖം. കയ്യും കാലും വിറച്ചു പോയി, ബ്ലേഡ് തറയിലേക്ക് ഊർന്നു വീണു.

ദൈവത്തിന്റെ തീരുമാനമാകും അത്. ഒറ്റയ്ക്കു നിന്നാ ൽ ഈ ചിന്ത വീണ്ടും വരുമെന്നു തോന്നിയിട്ടാകും ദൈവാനുഗ്രഹം പോലെ അനിയൻ ഗ്രിഗോയ്ക്കു കെഎസ്ഇബിയിൽ സെലക്‌ഷൻ കിട്ടി. ഞങ്ങൾ രണ്ടും കൂടി ഒരു വീടെടുത്തു. ഞാൻ വിഷമിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ ആശ്വസിപ്പിക്കും, ‘സാരമില്ലെടീ ചേച്ചീ, നമ്മൾ ഇനിയും കോർട്ടിലിറങ്ങും.’

അവസാനത്തെ സർജറി

ഞാൻ അടുത്ത സർജറിക്കായി കോയമ്പത്തൂരിലേക്കു വണ്ടി കയറി. പക്ഷേ, തൊട്ടുമുൻപു നടത്തിയ സർജറിയുടെ ഫലം കിട്ടാൻ ഇനിയും ഒന്നര വർഷം കാത്തിരിക്കണമെന്നാണു ഡോക്ടർ പറഞ്ഞത്.  ആ സമയം കൊണ്ടു വ്യായാമം ചെയ്തു കാലിലെ മസിലിനു കരുത്തു കൂട്ടണം.

എല്ലാം നന്നായി പൂർത്തിയായതോടെ സർജറിക്കു ഡേറ്റു കിട്ടി. അതിനു രണ്ടു ഘട്ടങ്ങളുണ്ട്. കീഹോൾ സർജറിയിലൂടെ മുട്ടിലെ കാർട്ടിലേജ് എടുത്തു ലാബിലേക്ക് അയക്കുന്നതാണ് ആദ്യ ഘട്ടം. ലബോറട്ടറിയിൽ ഒരു മാസം കൊണ്ടു കൾചർ ചെയ്തു തയാറാക്കുന്ന കാർട്ടിലേജ് പരുക്കു പറ്റിയ, ഉടഞ്ഞ ഭാഗങ്ങളിലേക്കും ദ്വാരങ്ങളിലേക്കും നിറയ്ക്കുന്ന സർജറിയാണ് അടുത്ത്. രണ്ടും വിജയകരമായി നടന്നു. കാൽമുട്ടിലെ അഞ്ചു ശസ്ത്രക്രിയകൾക്കു ശേഷം ഞാൻ വീണ്ടും കോർട്ടിലിറങ്ങുന്നതു സ്വപ്നം കണ്ടു.

ഇത്തരം പരുക്കിനു സർജറി നടത്തി ഗെയിമിലേക്കു മടങ്ങി വന്നവർ ആരുമില്ല. അതായിരുന്നു അടുത്ത െവല്ലുവിളി. ഗെയിമിൽ ആർക്കും എന്നെ വിശ്വാസമില്ലാതായി. ആ യിടയ്ക്കു വീട്ടിൽ ചെന്ന എന്റെ സങ്കടം കണ്ടു പപ്പ അടുത്തേക്കു വിളിച്ചു.

പതിയെ ടീഷർട് ഊരി. വയറിൽ ഏഴു സർജറികൾ നടത്തിയ പാട്. ‘മരിച്ചു എന്നു ഡോക്ടർമാർ വിധിയെഴുതിയ, ഏഴു സർജറികൾ തരണം ചെയ്ത ഞാൻ ജോലി ചെയ്തു കുടുംബം നോക്കുന്നു. പരുക്കു മാറി മോൾ വീണ്ടും നന്നായി കളിക്കും, പേരെടുക്കും.’’ ആ വാക്കുകള്‍ പിന്നീടുള്ള ജീവിതത്തിനു കരുത്തായി.

ജീവിതം പോസിറ്റീവാക്കിയ മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. മരിക്കാൻ തീരുമാനിച്ച നിമിഷത്തിൽ നിന്നു തിരികെ നടന്നു തുടങ്ങിയപ്പോൾ ഞാനൊരു പട്ടിക്കുട്ടിയെ വാങ്ങി. കോഫി എന്നു പേരിട്ട അവളാണു വീട്ടിൽ എന്നെ ഒറ്റയ്ക്കാക്കാതെ കൂട്ടായത്.

ഗെയിമിലേക്കു തിരികെ വരാനാകുമോ എന്നു  സംശയം തോന്നിയ നാളുകളിൽ ‍ഞാൻ എനിക്കൊരു കാർ സമ്മാനം നൽകി. ‍ഡ്രൈവിങ്ങിന്റെ ലഹരിയിൽ വിഷമങ്ങളെ മറന്നു.

സർജറിയുടെ ബില്ലുകളും മറ്റും റീഫണ്ടു ചെയ്തു കിട്ടാനായി ചെന്നപ്പോൾ കെഎസ്ഇബി ടീമിന്റെ എല്ലാമെല്ലാമായ പ്രജീഷ ചേച്ചിയും സ്പോർട്സ് കോഓർഡിനേറ്ററായ രാജേഷ് സാറും ഒരു ചോദ്യം ചോദിച്ചു, ‘‘റീഫണ്ട് തരാം. പക്ഷേ, തുടർന്നു കളിക്കുമെന്നു വാക്കു തരണം.’’ ഇത്ര പോസിറ്റീവായി കാര്യങ്ങൾ മാറുമ്പോൾ ബോൾ ബാസ്ക്കറ്റിൽ വീഴ്ത്താതിരിക്കുന്നതെങ്ങനെ.

അപ്പോഴാണു കോവിഡും ലോക്ഡൗണും വന്നത്. എനിക്കു രണ്ടു വർഷം സമയം വീണുകിട്ടി. തിരുവനന്തപുരത്തെ ഫാസിനോ സെന്ററിൽ രാജീവ് എന്ന ട്രെയ്നറുടെ അടുത്തു പരിശീലനത്തിനു ചേർന്നു. കാലിന്റെ കരുത്തു വീണ്ടെടുക്കാനുള്ള ആ പരിശ്രമം വിജയം കണ്ടു.

വീണ്ടും കോർട്ടിൽ

2022, ലോക്ഡൗൺ മാറിയ പിറകേ നാഷനൽ ഗെയിസിന്റെ ക്യാംപിലേക്കാണു പോയത്. കേരളം മൂന്നാം സ്ഥാനം നേടിയിട്ടും നാഷണൽസിനായുള്ള ടീമിൽ നിന്ന് എന്നെ പുറത്താക്കി. പെർഫോമൻസ് കുറവ് എന്നതാണു കാരണം പറഞ്ഞത്. അതു ചാലഞ്ചായി എടുത്തു.

2013ൽ നാഷനൽ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിന്റെ ക്യാപ്റ്റൻ ഞാനായിരുന്നു. സീനിയർ നാഷനൽസിൽ കേരള ടീം വെള്ളിമെഡൽ സ്വന്തമാക്കി. കെഎസ്ഇബിക്കു വേണ്ടി തുടർച്ചയായി അഖിലേന്ത്യാ മത്സരങ്ങളും വിജയിച്ചു.

തിരിച്ചടികളെ നേരിടാനും ജീവിതം നിലച്ചു പോകുമെന്നു തോന്നിയപ്പോഴും കരുത്തായ ഒരാളുണ്ട്, ഭർത്താവു സിജോ മാത്യു. 2021ലായിരുന്നു വിവാഹം. കണ്ണൂരുകാരനായ സിജോയെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യം കണ്ടത്, അന്നു സിജോ കേരള ബാസ്കറ്റ് ബോൾ ആൺകുട്ടികളുടെ ടീമിലുണ്ട്. ആദ്യത്തെ സർജറിക്കു ശേഷം വീട്ടിലേക്കു ഫോൺ ചെയ്തു സിജോ വിവരങ്ങൾ അന്വേഷിക്കുമായിരുന്നു, സൗഹൃദം പിന്നീടു പ്രണയമായി. സിജോ ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.

ഈ നിമിഷം ഒരാളോടു കൂടി നന്ദി പറയാതെ വയ്യ. പത്താം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച റോസ്മി സിസ്റ്റർ ഒരു ദിവസം ടാസ്ക് നൽകി, എല്ലാവരും കത്ത് എഴുതണം. സിസ്റ്ററിനെ അഭിസംബോധന ചെയ്യുന്ന ആ കത്തിൽ ഞാനെഴുതി, ‘ക്ലാസ്സിൽ മിക്കപ്പോഴും ഉറങ്ങി ശല്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, നാളെയൊരു ദിവസം ഇന്ത്യയറിയുന്ന സ്പോർട്സ് താരമാകും. അന്നു സിസ്റ്റർ എന്നെയോർത്ത് അഭിമാനിക്കും.’ ടീച്ചർ ഇതു വായിക്കുന്നുണ്ടോ.