Thursday 14 May 2020 11:55 AM IST : By സ്വന്തം ലേഖകൻ

ഹെല്‍ത് കെയര്‍ സൂപ്പര്‍ഹീറോസിന് സമര്‍പ്പിച്ച് വിഡിയോ; ഒരുക്കിയത് ഫ്‌ളോറിഡയിലെ മലയാളി നഴ്‌സ്

nurse_vdo

നഴ്‌സസ് ദിനത്തില്‍ ഹെല്‍ത് കെയര്‍ സൂപ്പര്‍ഹീറോസിന് സമര്‍പ്പിക്കാനായി ഫ്‌ളോറിഡയില്‍ നിന്നൊരു മ്യൂസിക് വിഡിയോ. ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ റെജിസ്റ്റേഡ് നഴ്‌സ് ആയ മലയാളി വാണി മുരളിയാണ് വിഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. 

കോര്‍ഡ് 7 മ്യൂസിക് ബാന്‍ഡ് നഴ്‌സ്മാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് കോവിഡ് കാലത്ത് ഒരുക്കിയ രണം എന്ന മ്യൂസിക് ഓഡിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ. നഴ്‌സിന്റെ യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്ക് പോകാന്‍ തയാറാകുന്നതാണ് വിഡിയോയുടെ തുടക്കം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കരുത്തിനെയും പോരാട്ടത്തെയും അതിജീവനത്തെയും പ്രതിനിധീകരിച്ചുകൊണ്ടാണ് വിഡിയോ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നിറങ്ങുന്നതിനു മുമ്പായി ഫാമിലി ഫോട്ടോയില്‍ ഉമ്മ നല്‍കുന്ന രംഗം ആരുടെയും മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. വാണിയുടെ ഭര്‍ത്താവും ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറുമായ സുധീഷ് ആണ് രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. 

വാണിയുടെ ഇരട്ട സഹോദരി വീണാ മഹേഷ് നേരത്തേ ഈ ഗാനം പാടി വാണിക്ക് സമര്‍പ്പിച്ച് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. നഴ്‌സസ് ഡേയ്ക്ക് എന്തെങ്കിലും സ്‌പെഷ്യല്‍ ആയി ചെയ്യണമെന്ന ആഗ്രഹം വീണയുമായി പങ്കുവച്ചപ്പോള്‍ കിട്ടിയതാണ് ആശയം. എന്നാല്‍പിന്നെ  ആ പാട്ടുതന്നെയാകാം എന്നു തോന്നി. 

ഉണ്ണിമേനോന്‍, ഫ്രാങ്കോ എന്നിവര്‍ക്കൊപ്പം ഫ്‌ളോറിഡയിലെ വേദികളില്‍ ഗാനമേളയ്ക്ക് പാടാറുണ്ട് വാണി. പുത്തന്‍കുരിശ് കൂടാഞ്ചേരില്‍ വീട്ടില്‍ മുരളീധരന്റെയും ബീനയുടെയും മക്കളാണ് വാണിയും വീണയും. വീണയുടെ ഭര്‍ത്താവ് മഹേഷ് രാജ് ശീമാട്ടി, മെഡിമിക്‌സ്, ആശീര്‍വാദ്, സ്വയംവര സില്‍ക്‌സ് തുടങ്ങി പല ഭാഷകളിലായി അഞ്ഞൂറിലേറെ പരസ്യങ്ങളുടെ ഛായാഗ്രാഹകനാണ്.