ഒറ്റയ്ക്കു രാത്രിയിൽ നടന്നു പോവുകയാണ് നിങ്ങൾ. പെട്ടെന്നു രണ്ടു മൂന്നു പേർ പിന്നാലെ വരുന്നതായി കാണുന്നു. എന്തു ചെയ്യും?
ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം അവസ്ഥയ്ക്ക് സാധ്യതയേറെയാണ്. ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം പ്രതിരോധിക്കാൻ കുറച്ചു വഴികൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇവിടെയാണ് ക്രാവ് മാഗ എന്ന സ്വയം പ്രതിരോധ മാർഗത്തിന്റെ പ്രസക്തി.
എന്താണ് ക്രാവ് മാഗ?
ക്രാവ് മാഗ എന്നു പറയുന്നത് ഇസ്രയേലി പട്ടാളത്തിനു വേണ്ടി രൂപീകരിച്ച ഒരു സ്വയം പ്രതിരോധ പോരാട്ട സംവിധാനമാണ്. ആയുധങ്ങൾ ഇല്ലാതെ നമ്മുടെ ശരീരത്തെ തന്നെ ആയുധമായി ഉപയോഗിച്ചുള്ള പോരാട്ടമാണ്. എന്നാൽ, ആക്രമിയുടെ ആയുധങ്ങളെ പ്രതിരോധിക്കേണ്ടതെങ്ങനെ എന്നും നിർവീര്യമാക്കേണ്ടത് എങ്ങനെയെന്നും ക്രാവ് മാഗയിൽ പരിശീലിപ്പിക്കുന്നുണ്ട്.
ബോക്സിങ്, റെസ്‌ലിങ്, അകിഡോ, ജൂഡോ, കരാട്ടേ എന്നിവയിൽ നിന്നെല്ലാമുള്ള ടെക്നിക്കുകൾ ഇതിൽ ചേർത്തിരിക്കുന്നു. വളരെ വേഗത്തിലുള്ള ചുവടുകളുള്ള ഈ പ്രതിരോധ മാർഗം പതുക്കെ പതുക്കെ ലോകമെമ്പാടുമുള്ള ആയോധനാകല പരിശീലകരുടെയിടയിൽ പ്രചരിക്കപ്പെട്ടു.
ക്രാവ് മാഗ എന്ന ഹീബ്രു വാക്കിന്റെ അർഥം പരസ്പരമുള്ള പോരാട്ടം എന്നാണ്. നിത്യജീവിതത്തിലെ അപകട സന്ദർഭങ്ങൾക്ക് അനുസരിച്ച് എങ്ങനെ പ്രായോഗികമായി സ്വയം പ്രതിരോധിക്കണമെന്നാണ് ക്രാവ് മാഗയിൽ പഠിപ്പിക്കുന്നത്. ആക്രമിയുടെ ശരീരത്തിലെ ദുർബലമായ ഭാഗങ്ങളെ കേന്ദ്രീകരിച്ചു പേരാടാന്നു. വളരെ ലളിതവും ഐവർത്തിച്ചുള്ളതുമായ ചലനങ്ങളാണ് ഉപയോഗിക്കുന്നത്.
ഗുണങ്ങൾ
∙ പതിവായി ക്രാവ് മാഗ പരിശീലിക്കുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല പേശികൾ ദൃഢമാക്കാനും ആകാരവടിവിനും ഗുണകരമാണ്.
∙ പ്രതിസന്ധിഘട്ടത്തിൽ സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന ധൈര്യം മൊത്തത്തിലുള്ള നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കും.
∙ മാനസിക പിരിമുറുക്കം കുറയ്ക്കുന്നു.
ലളിതമാണെങ്കിലും പരുക്കുകൾക്കു സാധ്യതയുള്ളതിനാൽ ക്രാവ് മാഗയിൽ വൈദഗ്ധ്യമുള്ള ഒരു പരിശീലകന്റെ കീഴിൽ പഠിക്കുന്നതാണ് ഉത്തമം. ഏതു പ്രായത്തിലുള്ളവർക്കും വളരെ കുറഞ്ഞ നാൾ കൊണ്ടു തന്നെ ക്രാവ് മാഗയിലെ സ്വയം പ്രതിരോധ രീതികൾ പഠിച്ചെടുക്കാം.
വിവരങ്ങൾക്ക് കടപ്പാട്
തെസ്നി വർഗീസ്
ക്രാവ് മാഗ ട്രെയിനർ, കൊച്ചി