Saturday 06 July 2019 03:47 PM IST

ഫ്രീയായ് പറന്നെത്തും വിത്തുകൾ, കൃഷിയിലെ എ ടു ഇസഡ് ചോദ്യങ്ങൾക്ക് ഇൻസ്റ്റന്റ് മറുപടി; ലക്ഷം പേരുമായി ‘കൃഷിത്തോട്ടം’ ഫെയ്സ്ബുക്കിൽ തളിരിട്ടതിങ്ങനെ

Binsha Muhammed

kt

ചുടുമണൽക്കാറ്റും തലയ്ക്കു പൊറുക്കാത്ത ഷിഫ്റ്റും വലച്ച പ്രവാസ കാലം. നാട്ടിൻപുറത്തെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും അയവിറക്കി ദുബായിലേക്ക് വണ്ടി കയറിയ ലിജോ ജോസഫ് എന്ന സാധാരണ നാട്ടിൻപുറത്തുകാരന് അതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മെഷീൻ കണക്കെ ജീവിച്ചു തീർത്ത പ്രവാസ ജീവിതത്തിനിടയിൽ നൊസ്റ്റാൾജ്യയുടെ അസ്ക്യത കലശലായപ്പോഴാണ് അദ്ദേഹം ആ ഫെയ്സ്ബുക്ക് ഗ്രൂപ്പിന് തുടക്കം കുറിച്ചത്. നാട്ടിൻ പുറത്തെ കൃഷിയോർമ്മകളും, ‘പച്ചപിടിച്ച’ ഹരിതവാർത്തകളും പങ്കുവയ്ക്കാനൊരിടം. കെടിജി എന്ന ചുരുക്കപ്പേരിൽ കൃഷിത്തോട്ടം ഗ്രൂപ്പ് തളിരിടുന്നത് അങ്ങനെയാണ്.

നാട്ടിൻപുറവും കാർഷിക സമൃദ്ധിയേയും ഒരു പോലെ നെഞ്ചേറ്റുന്ന ഒരു കൂട്ടം പേർ ആ ഗ്രൂപ്പിലേക്കെത്തി. ന്യൂജെൻ പിള്ളേർ പൂണ്ടു വിളയാടുന്ന സോഷ്യൽ മീഡിയയിൽ കൃഷിയറിവുകൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പിന് എന്ത് കാര്യമെന്ന് ചോദിച്ചവർ വരെയുണ്ടായിരുന്നു. പക്ഷേ അഡ്മിനെ വരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആ ‘ചിന്ന ഗ്രൂപ്പിന്റെ’ വളർച്ച. നൂറും ആയിരവും കടന്ന് ലക്ഷം പേർ കാർഷിക സമൃദ്ധിയുടെ വക്താക്കളായി ആ ഗ്രൂപ്പിലേക്കൊഴുകി.

സ്മാർട്ട് ഫോൺ പിടിച്ച് തഴമ്പിച്ച കൈകൾക്ക് കലപ്പയും കൈക്കോട്ടും വഴങ്ങുമെന്ന് തെളിയിച്ച വളർച്ച. കുടുംബ സംഗമം, വിത്തു ബാങ്ക്, കാർഷിക ക്യാമ്പുകൾ, സഹായധന രൂപീകരണം തുടങ്ങി ഒരുപിടി സേവനങ്ങളുമായി സോഷ്യൽ മീഡിയയുടെ സോഷ്യല്‍ മീഡിയയുടെ ഹൃദയഭാഗത്ത് കേരള കൃഷിത്തോട്ടം അങ്ങനെ നിറഞ്ഞ് നിൽക്കുകയാണ്. കാർഷിക സംബന്ധമായ സംശയങ്ങൾക്ക് ഓൺലൈൻ വഴി മറുപടി, കയ്യിൽ കിട്ടാത്ത അപൂർവ വിത്തുകൾ തപാൽ വഴി..കൃഷിത്തോട്ടം അങ്ങനെ പടർന്നു പന്തലിക്കുകയാണ്. ആ കൂട്ടായ്മ പിറവിയെടുത്ത കഥ പറയുകയാണ് ലിജോ ജോസഫ് എന്ന കൃഷിത്തോട്ടം ഗ്രൂപ്പിന്റെ അമരക്കാരൻ, ‘വനിത ഓൺലൈൻ’ വായനക്കാർക്ക് വേണ്ടി.

kt-1

തളിരിടുന്നു ‘കൃഷിത്തോട്ടം’

മെച്ചപ്പെട്ട ജീവിതമൊക്കെ സ്വപ്നം കണ്ട് വർഷങ്ങൾക്ക് മുമ്പ് ദുബായിലേക്ക് വണ്ടി കയറിയതാണ്. ജീവിതം എത്രയൊക്കെ മാറിയാലും പ്രവാസ ജീവിതം നമ്മളെ വല്ലാതെ മടുപ്പിക്കും. നാടിനേയും നാട്ടാരേയും നമ്മുടെ കാർഷിക സമ്പന്നതയേയുമൊക്കെ നെഞ്ചേറ്റുന്ന നമുക്ക് അവിടുത്തെ ചുടുകാറ്റ് അത്ര പെട്ടെന്ന് ദഹിക്കില്ല. ഗൾഫിലെന്നല്ല എവിടെപ്പോയാലും നാട്ടിലെ ഓർമകൾ വിടാതെ പിന്തുടരും. തിരക്കു പിടിച്ച ഡ്യൂട്ടി ടൈമും, ഷിഫ്റ്റും, അതു കഴിഞ്ഞ് ക്ഷീണിച്ചവശനായി കഴിച്ചു കൂട്ടിയ ഇടവേളകളുമൊക്കെയാണ് ചിന്തകളെ മാറ്റിയത്.– ലിജോ പറഞ്ഞു തുടങ്ങുകയാണ്.

kt-5

ഗൃഹാതുരത ഏറ്റവും കൂടുതൽ വേട്ടയാടുന്നത് പ്രവാസികളെയാണെന്ന് പറയേണ്ടതില്ലല്ലോ. ആ ക്ഷീണമങ്ങ് മാറ്റാനാണ് കൃഷിത്തോട്ടം എന്ന പേരിൽ ഗ്രൂപ്പ് തുടങ്ങുന്നത്. നാടിനോടും കൃഷിയോടും ഒക്കെയുള്ള ഇഷ്ടം തന്നെയാണ് അതിന് പിന്നിലെന്ന് കൂട്ടിക്കോ. ന്യൂനപക്ഷമാകുമെന്ന് കരുതിയാണ് തുടങ്ങിയത്. പത്തിലും നൂറിലും കഷ്ടിച്ച് അഞ്ഞൂറിലുമൊക്കെ ഒതുങ്ങിയ ഗ്രൂപ്പ് െമമ്പർമാർ. പക്ഷേ ദിനമൊട്ടു കഴിഞ്ഞപ്പോൾ കഥമാറി. ടൺ കണക്കിന് നൊസ്റ്റാൾജിയയും നാടിനോടും കൃഷിയോടും അടങ്ങാത്ത ഇഷ്ടവുമായി ഈ കൂട്ടായ്മയുടെ കൈപിടിക്കാൻ ആയിരങ്ങളെത്തി. ഞങ്ങളെ പോലും അമ്പരപ്പിക്കുന്ന വളർച്ച. അന്യം നിന്ന് പോയി എന്ന് പലരും പറയുന്ന കൃഷി...അതിന്റെ പേരിൽ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ്. അതിന്റെ ഗ്രൂപ്പ് മെമ്പർമാർമാർ എത്രയെന്നോ ഒരു ലക്ഷത്തി മുപ്പതിനായിരം പേർ. എന്താല്ലേ...–ലിജോയുടെ മുഖത്ത് ചാരിതാർത്ഥ്യം.

kt-3

കൃഷിയിലെ എ ടു ഇസ‍ഡ്

കാർഷിക സംബന്ധമായ എ ടു ഇസഡ് കാര്യങ്ങൾക്ക് കയ്യോടെ മറുപടി നൽകാൻ കൃഷിത്തോട്ടം ഗ്രൂപ്പും അതിലെ അഡ്മിൻ പാനലും സുസജ്ജമാണ്. കാർഷിക ഓഫീസർമാർ, അനുഭവ സമ്പത്തുള്ള കർഷകർ, ശാസ്ത്രജ്ഞൻമാർ, അധ്യാപകർ അടങ്ങുന്ന അഡ്മിൻ പാനൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് മറുപടിയുമായുണ്ട്. കൃഷി ഉത്പ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ ജനകമായ വാർത്തകൾ. വിലകുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ ഉത്പ്പന്നങ്ങൾ നൽകി കബളിപ്പിക്കൽ എന്നീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ഫലപ്രദമായ ഇടപെടൽ ഞങ്ങളുടെ ഗ്രൂപ്പ് നടത്താറുണ്ട്. ഉദാഹരണത്തിന് തുച്ഛമായ വില മാത്രമുള്ള വെള്ളക്കൂവ കസ്തൂരി മഞ്ഞളെന്ന പേരിൽ വിപണിയിലെത്തിയ സാഹചര്യമുണ്ടായി. നമ്മുടെ ഗ്രൂപ്പ് അംഗങ്ങളിൽ പോലും പലരും കബളിപ്പിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ കസ്തൂരി മഞ്ഞളും മഞ്ഞക്കൂവയും എങ്ങനെ തിരിച്ചറിയാം എന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വിദഗ്ധരുടെ സഹായത്തോടെ മറുപടി നൽകാൻ നമ്മുടെ ഗ്രൂപ്പിനായി. ആയിരങ്ങളാണ് പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ് ആ വാർത്ത ഷെയർ ചെയ്തത്.

kt-2
kt-4

പറന്നെത്തും വിത്തുകൾ

ബൃഹത്തായ ഈ കൂട്ടായ്മ പങ്കുവയ്ക്കുന്നതിലെ ഏറ്റവും വലിയ സേവനം വിത്തുബാങ്കാണ്. കൃഷിത്തോട്ടം കൂട്ടായ്മയ്ക്കു കീഴെ കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, തൃശ്ശൂർ എന്നിവിടങ്ങളിൽ വിത്തു ബാങ്ക് പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് കർഷകർ സ്വരുക്കൂട്ടുന്ന അപൂർവയിനം വിത്തുകൾ ഉൾപ്പെടെ നമ്മുടെ ബാങ്കുകൾ വഴി വിതരണം ചെയ്യപ്പെടുന്നു. ഓരോ സ്ഥലങ്ങളിലേയും ഭൂപ്രകൃതിക്കിണങ്ങുന്ന വിത്തുകൾ അതാത് സ്ഥലങ്ങൾ വഴി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും വിത്തുകൾ ലഭിക്കുന്ന ബാങ്കുകളുടേയും വിവരങ്ങൾ ഗ്രൂപ്പ് വഴി അറിയിക്കും. ദൂരദേശങ്ങളിലുള്ളവർക്ക് അവിടെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള വിത്തുകൾ പോസ്റ്റൽ വഴിയാണ് വിതരണം ചെയ്യുന്നത്. അഞ്ചുരൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റൽ കവറിനകത്ത് ഇതേ സ്റ്റാമ്പ് ഒട്ടിച്ച മറ്റൊരു പോസ്റ്റൽ കവർ അയച്ചു കൊടുത്താൽ മതി. അതാത് വിത്തുബാങ്കുകളില്‍ നിന്നും ആവശ്യക്കാരന്റെ അടുത്തേക്ക് വിത്തുകൾ പറന്നെത്തും., ഫ്രീയായി.

kt6

പുതിയ തലമുറയ്ക്ക് വിത്തും കൈക്കോട്ടും കലപ്പയുമൊന്നും ദഹിക്കില്ല എന്ന് പറയുന്നവരോടുള്ള മറുപടിയാണ് ഞങ്ങളുടെ ഈ ഗ്രൂപ്പ്. കാർഷിക സംസ്കാരം അങ്ങിങ്ങായി അസ്തമിക്കുന്നു എന്നുള്ളത് ശരിയായിരിക്കാം. പക്ഷേ നമ്മുടെ നാടിന്റെ നട്ടെല്ലായ കൃഷിയെ പുതു തലമുറ പൂർണമായും കൈവിട്ടിട്ടില്ല. അറിഞ്ഞും പഠിച്ചും അനഭവും കൊണ്ടും കൃഷിയെ നെഞ്ചേറ്റാൻ ആയിരം പേർ ഇന്നീ ഗ്രൂപ്പിനും കീഴെ അണിനിരക്കുന്നുണ്ട്. വീട്ടമ്മമരാണ് ഈ ഗ്രൂപ്പിന് ജീവൻ നൽകുന്ന മറ്റൊരു വിഭാഗം. സ്ഥലവും സൗകര്യവും ഒന്നുമില്ലെങ്കിലും ടെറസിലും ഇത്തിരിയുള്ള പറമ്പിലും കൃഷി ചെയ്ത് വിളവെടുക്കുന്ന സ്ത്രീകള്‍ നമ്മുടെ ഗ്രൂപ്പിലുണ്ട്. ഇതിൽപ്പകം വേറെന്ത് വേണം. ജൈവ കൃഷി അത്ര വേഗമൊന്നും അന്യം നിന്നു പോകില്ല. അതിന് ഞങ്ങളുടെ ഗ്യാരണ്ടി.

kt-8
kt-7

നിശ്ചിത ഇടവേളകളിൽ ഞങ്ങളുടെ ഗ്രൂപ്പ് കാർഷിക സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ട്. സെമിനാർ, കാർഷിക സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി, കാർഷിക വിളകളെ പരിചയപ്പെടുത്തൽ എന്നിവയൊക്കെയാണ് ലക്ഷ്യം. അടുത്ത മാസം നടക്കേണ്ടുന്ന കൂട്ടായ്മയുടെ പണിപ്പുരയിലാണ് ഞങ്ങൾ.