Thursday 13 January 2022 12:22 PM IST : By സ്വന്തം ലേഖകൻ

‘ആ കോഫി മണം ഇനിയും തുടരും..’; കോടികളുടെ കടം വീട്ടാൻ മനസില്ലാതെ പലരും നാട് വിട്ടപ്പോൾ മാളവിക ഹെഗ്‌ഡെ രാജ്യത്തിന്റെ അഭിമാനം വീണ്ടെടുത്തിരിക്കുന്നു, കുറിപ്പ്

malavika-cafe-coffeeday

"കോടികളുടെ കടം വീട്ടാൻ മനസില്ലാതെ നീരവ് മോദിയും വിജയ് മല്യയും മെഹുൽ ചോക്സിയും ഹിതേഷ് പട്ടേലും സഞ്ജയ് ബണ്ഡാരിയും നാടു വിടുകയും, പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, മാളവിക ഹെഗ്‌ഡെ എന്ന സ്ത്രീ ഈ രാജ്യത്തിന്റെ ബിസിനസ് ലോകം ഇതുവരെ കണ്ട ഏറ്റവും മഹത്തായ പോരാട്ടം നടത്തിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനം വീണ്ടെടുത്തിരിക്കുന്നു."- ഇന്ത്യക്കാരുടെ മനം കവർന്ന കോഫി ശൃംഖല, കഫേ കോഫി ഡേയെ കടക്കെണിയിൽ നിന്ന് ഉയർത്തിക്കൊണ്ടുവന്ന മാളവിക ഹെഗ്ഡെയെ കുറിച്ച് അഭിഷാദ് ഗുരുവായൂർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

അഭിഷാദ് ഗുരുവായൂർ പങ്കുവച്ച കുറിപ്പ് വായിക്കാം; 

ആ കോഫി മണം ഇനിയും തുടരും..

2019 ലെ ജൂലൈ മാസത്തിൽ നേത്രാവതി പുഴയിലേക്ക് ചാടി കഫേ കോഫീ ഡേ ഉടമ VG സിദ്ധാർഥ ആത്മഹത്യ ചെയ്ത വാർത്ത കേട്ട് നടുങ്ങിയവരാണ് നമ്മളെല്ലാം. 7000 കോടിയുടെ കടം, ഇൻകം ടാക്സുകാരുടെ പരിഹാസം, ഇൻവെസ്റ്ററ്റേഴ്സിന്റെ ചോദ്യങ്ങൾ ഇവക്കൊക്കെ ശൂന്യമായ മറുപടിക്കത്തെഴുതി വച്ച് അദ്ദേഹം മരണത്തിലേക്ക് പോയി. 1996 മുതൽ ഇന്ത്യ അനുഭവിച്ച ആ കോഫീ മണത്തിന് അന്ത്യമായെന്ന് ഏവരും വിധിയെഴുതി. പക്ഷെ, ചരിത്രം മറ്റൊന്നായി.

മുൻ മുഖ്യമന്ത്രി SM കൃഷ്ണയുടെ മകൾ, രണ്ടാൺകുട്ടികളുടെ അമ്മ, സിദ്ധാർഥയുടെ പത്നി, മാളവിക ഹെഡ്ഗെ ഇന്നേക്ക് 2 വർഷം മുൻപ് ചുമതലയേറ്റു. 25000 ഓളം വരുന്ന CCD ജോലിക്കാർക്ക് എഴുതിയ കത്തിൽ അവർ കുറിച്ചു. 'നമ്മളീ കോഫിയുടെ കഥ തലമുറകൾ ഓർത്തിരിക്കുന്ന അഭിമാനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാക്കി മാറ്റും.' രണ്ട് വർഷത്തിനുള്ളിൽ 5500 ഓളം കോടി രൂപ കടം വീട്ടിക്കൊണ്ട് അവർ മഹത്തായ തിരിച്ചുവരവിന്റെ കഥ രചിച്ചു. ഈ കടം വീട്ടൽ പ്രസക്തമാവുന്നത് എവിടെയെന്നല്ലേ..? പറയാം..

കോടികളുടെ കടം വീട്ടാൻ മനസില്ലാതെ നീരവ് മോദിയും വിജയ് മല്യയും മെഹുൽ ചോക്സിയും ഹിതേഷ് പട്ടേലും സഞ്ജയ് ബണ്ഡാരിയും നാടു വിടുകയും, പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, മാളവിക ഹെഗ്‌ഡെ എന്ന സ്ത്രീ ഈ രാജ്യത്തിന്റെ ബിസിനസ് ലോകം ഇതുവരെ കണ്ട ഏറ്റവും മഹത്തായ പോരാട്ടം നടത്തിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനം വീണ്ടെടുത്തിരിക്കുന്നു.

ബിസിനസ് മാൻ എന്ന വാക്കിനോളം വഴക്കം ബിസിനസ് വുമൻ എന്ന വാക്കിന് പരിചയിച്ചിട്ടില്ലാത്ത ഈ നാട്ടിൽ, പുരുഷ കേന്ദ്രീകൃത, പുരുഷാധിപത്യ കച്ചവട ലോകത്ത്, ഇനി ഒരുപക്ഷേ ബിസിനസ് ലിറ്ററേച്ചറുകളുടെ ഭാഷ പുതുക്കി പണിയേണ്ടി വരും. കാരണം

സ്വന്തം ഭർത്താവ് പരിചയപ്പെടുത്തിയ ആ കോഫിയുടെ രുചി ഇനിയും നമ്മുടെ നാവിൽ നിലനിൽത്താൻ ഒരു സ്ത്രീ നിശ്ചയിച്ചിറങ്ങിയിരിക്കുന്നു. ഇനി ആ കാപ്പി കുടിക്കുമ്പോൾ കരുത്തയായ ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തിന്റെ കഥ കൂട്ടി കുടിക്കണം.