Saturday 30 May 2020 02:04 PM IST : By Muralee Thummarukudy, Neeraja Janaki

പേടിക്കേണ്ടതും അദ്ഭുതപ്പെടേണ്ടതുമായ യാതൊന്നും പ്രണയത്തിലില്ല; എങ്കിലും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം!

love54566665b

“ചേട്ടൻ മുൻപ് പ്രേമിച്ചിട്ടുണ്ടോ?”

“ഉണ്ടോന്ന്... ആറാം ക്ലാസ് മുതൽ പ്രേമിക്കാൻ തുടങ്ങിയതാണ്. അന്നൊന്നും അതു തുറന്നുപറയാനുള്ള ധൈര്യമുണ്ടായില്ല. ജോലിക്കു നാഗ്‌പൂരിലെത്തിയപ്പോഴാണ് തുറന്നു പറഞ്ഞ ആദ്യ പ്രണയം. റിസർച്ച് ലാബിൽ ഗ്ലാസ് ബോട്ടിലുകളുടെയും രാസവസ്തുക്കളുടെയും നടുവിൽ പൂവിട്ട പ്രണയം സ്പെക്ട്രോസ്‌കോപ്പുകളുടെയും മൈക്രോസ്കോപ്പുകളുടെയുമിടയിൽ വളർന്നു, ഫീൽഡ് വർക്കിനിടയിൽ പടർന്നു പന്തലിച്ചു.”

“എന്നിട്ട്?”

“പതുക്കെപ്പതുക്കെ കാമുകിയുടെ വീട്ടിൽ പോകാനും ഭക്ഷണശേഷം കാമുകിയുടെ ലൂണയുടെ പുറകിലിരുന്ന് നാഗ്‌പുർ നഗരം ചുറ്റാനുമുള്ള സ്വാതന്ത്ര്യത്തിലേക്ക് അത് വളർന്നു.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ ജോലിമാറി അന്നത്തെ ബോംബെയിലേക്ക് പോയി. അന്നീ ഇന്റർനെറ്റും മൊബൈലും ഒന്നുമില്ലാതിരുന്നിട്ടും പ്രേമത്തിന് ഒരു മങ്ങലുമുണ്ടായില്ല. പ്രേമമുണ്ടെങ്കിൽ ഹംസത്തിന്റെയും മേഘത്തിന്റെയും അടുത്ത് സന്ദേശം കൊടുത്തു വിടാമല്ലോ.”

“അവസാനം ചേട്ടൻ ആ ചേച്ചിയെ കെട്ടിയോ ഇല്ലയോ? അതു പറ...”

‘‘അതാണ് ട്വിസ്റ്റ്. ഒരു ദിവസം കാമുകിയുടെ അച്ഛൻ വിളിച്ചു പറഞ്ഞു, ‘മുരളീ, മകൾക്ക് നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട്. ചെറുക്കനു നോർവേയിലാണു േജാലി. ആള് ഇപ്പോൾ മുംബൈയിലുണ്ടെങ്കിലും പെണ്ണുകാണാൻ ഇങ്ങോട്ടു വരാൻ സമയമില്ല. എനിക്കാണെങ്കിൽ അവളെയും കൊണ്ട് അങ്ങോട്ടു യാത്ര ചെയ്യാനുള്ള ആരോഗ്യവുമില്ല. എനിക്ക് ആകെ വിശ്വാസമുള്ളത് മോനെയാണ്. അതുകൊണ്ട് അവൾ ട്രെയിനിൽ മുംബൈക്ക് വരും. അവിടെ താമസിപ്പിച്ച് ചെറുക്കനെ കാണിച്ച് തിരിച്ചുവിടണം.”

 ശേഷം ചിന്ത്യം!

പ്രേമിച്ച പെൺകുട്ടിയെ കല്യാണം കഴിക്കാൻ സാധിച്ചില്ലെങ്കിലും പ്രേമം എന്ന അനുഭവത്തിലൂടെ കടന്നുപോയ ആളായതുകൊണ്ട് ഒരുകാര്യം ഉറപ്പിച്ചുപറയാം, പുതുതലമുറയിലെ കുട്ടികൾ തീർച്ചയായും പ്രേമിച്ചിരിക്കണം.

പ്രേമവും ലൈംഗികതയും

ലൈംഗികത കലരാത്ത, ശാരീരികാകർഷണമില്ലാത്ത സ്നേഹമാണ് പരിശുദ്ധമായത് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ശുദ്ധ നുണയാണത്. ഒന്നാമതായി, 'ലൈംഗികത' ഒരു ബന്ധത്തിന്റെ പരിശുദ്ധിയളക്കുന്ന അളവുകോലല്ല. മറ്റൊന്ന്, പ്രേമത്തിൽ ലൈംഗികത കടന്നുവരുന്നത് വളരെ സ്വാഭാവികമാണ്. ശാരീരികമായി പരസ്പരം ബന്ധപ്പെടാനുള്ള പ്രകൃതി നിയമത്തിന്റെ സാമൂഹ്യ കോഡിങ്ങ് മാത്രമാണ് പ്രേമം. അതിെന്‍റ ഭാഗമായിട്ടാണ്, മറ്റു വ്യക്തികളോട് ആകർഷണം തോന്നുകയും അവരെ കാണുമ്പോഴും ഓർക്കുമ്പോഴും വികാരോദ്ദീപനമുണ്ടാകുകയും ചെയ്യുന്നത്.

വളരുന്ന പ്രായത്തിൽ മറ്റുള്ളവരോട് ആകർഷണം തോന്നുന്നത് സ്വാഭാവികം. മുൻപ് പറഞ്ഞതുപോലെ അത് ജനറ്റിക് ക്യൂവിന്റെ ഭാഗമാണ്. പേടിക്കേണ്ടതോ അദ്ഭുതപ്പെടേണ്ടതോ ആയ യാതൊന്നും അതിലില്ല. ടീനേജിൽ തന്നെ കുട്ടികൾ അവരിലുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിയാറുണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടി, തങ്ങളിലുണ്ടാകുന്ന ജൈവികമാറ്റങ്ങൾ മനസ്സിലാക്കുന്നതും അത്തരം മാറ്റങ്ങളെ ആസ്വാദ്യമാക്കി തീർക്കുന്നതുമാണ് സ്വാഭാവികമായിട്ടുള്ളത്.

എന്നാൽ വളരെ സ്വാഭാവികമായ ഈ മാറ്റത്തെ വീട്ടുകാരും അധ്യാപകരും നാട്ടുകാരും എന്തിനേറെ, ചില മനഃശാസ്ത്രജ്ഞർ പോലും ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒരു തെറ്റായി കണക്കാക്കുന്നു. പ്രേമത്തേയും പ്രത്യേകിച്ച് പ്രേമത്തിനുള്ളിലെ സെക്സിനെയും ശാരീരിക/മാനസിക പീഡനമുറകളാലും ഉപദേശങ്ങളുടെ രൂപത്തിലും ഒന്നിച്ചു നേരിടുന്നു. സ്കൂളുകളിലും (കോളജുകളിൽ പോലും) കുട്ടികളുടെ പ്രണയങ്ങൾ കണ്ടുപിടിക്കാനും ശിക്ഷിക്കാനും ചില അധ്യാപകർ 'ചാരന്മാരെ' നിയോഗിക്കാറുണ്ട്.

കുട്ടികൾക്ക് പതിനെട്ടു വയസ്സായ ശേഷവും കഥയിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടാകുന്നില്ല! പ്രായപൂർത്തിയായാൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളവര്‍ സ്വന്തം ഇണയുടെ കാര്യത്തിൽ വീട്ടുകാരുടെയും നാട്ടിലുള്ള സർവമനുഷ്യരുടെയും അഭിപ്രായം അനുസരിക്കേണ്ട ഗതികേടിലേക്കെത്തുന്നു.

പ്രേമിക്കണോ, ഒന്നിച്ചുജീവിക്കണോ, ഒന്നിച്ചുള്ള ജീവിതത്തിൽ കുട്ടികൾ വേണോ, വിവാഹിതരാകണോ, എന്നുള്ളതെല്ലാം പ്രണയിതാക്കൾ മാത്രം തീരുമാനിക്കുന്നതാകും ഉചിതം. എന്നാൽ മക്കൾ തെറ്റായ തീരുമാനമെടുക്കുമോ എന്ന ഭയം മാതാപിതാക്കളുടെ ഇക്കാര്യത്തിലുള്ള ഇടപെടലിനും എതിർപ്പിനും കാരണമാകുന്നു. ഇതു ശരിയല്ല, ശരിയായാലും തെറ്റായാലും സ്വന്തം ജീവിതത്തെക്കുറിച്ച്‌ തീരുമാനിക്കേണ്ടത് അതതു വ്യക്തികളാണ്. അതിന് അവരെ പ്രാപ്തരാക്കുക എന്നതാണ് കുട്ടികളെ വളർത്തുക എന്നതിന്റെ അർഥം. സത്യത്തിൽ അച്ഛനും അമ്മയും തീരുമാനിച്ച്, ജാതിയും മതവും ജാതകവും നോക്കി നടത്തുന്ന കല്യാണങ്ങൾ ഒരു പഴഞ്ചൻ സംസ്‌ക്കാരത്തിന്റെ പൊതിക്കെട്ടാണ്.

ലോകത്ത് അമേരിക്ക, ജപ്പാൻ, ചൈന, കെനിയ തുടങ്ങിയ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ആളുകൾ അവർക്ക് ഇഷ്ടമുള്ളവരോടൊപ്പമാണ് ജീവിക്കുന്നത്. വിവാഹം കഴിച്ചും അല്ലാതെയും. അവിടങ്ങളിൽ ചെറുപ്പകാലത്ത് തന്നെ ഒരാളോട് ഇഷ്ടം തോന്നിയാൽ അതു തുറന്നുപറയുന്നു. മറുഭാഗത്തും ഇഷ്ടമുണ്ടെങ്കിൽ പിന്നെ, അവർ ഒരുമിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതായാൽ മാറി ജീവിക്കുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല.

പ്രേമം കണ്ട് അസൂയ..

രണ്ടുപേർ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തിൽ മൂന്നാമൊതൊരാൾക്കെന്താണ് കാര്യം? ഒരു കാര്യവുമില്ല. പക്ഷേ, രണ്ടുപേർ ഒന്നിച്ചിരിക്കുന്നതോ സ്നേഹം പ്രകടിപ്പിക്കുന്നതോ കാണുമ്പോൾ ചിലർക്കെങ്കിലും അത്ര പിടിക്കില്ല. ചിലയവസരങ്ങളിൽ കൂട്ടം ചേർന്നും അല്ലാതെയും അവരെ ചോദ്യം ചെയ്യുക പോലും ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം അവസരങ്ങളിൽ ലൈംഗികപീഡന ശ്രമങ്ങളും ശാരീരിക ആക്രമണങ്ങളും ജീവഹാനിയും വരെ ഉണ്ടായിട്ടുണ്ട്. അതായത് 'സദാചാര പൊലീസ്' എന്ന് വളരെ ലാഘവത്തോടെ നമ്മൾ പറയുന്ന ഇക്കൂട്ടർ വാസ്തവത്തിൽ അത്ര സദാചാരക്കാരല്ല എന്നു മാത്രമല്ല, 'കണ്ടംവഴി ഓടിക്കേണ്ട' ആളുകളുമാണ്.

പ്രേമം അവസാനിച്ചാൽ?

നമ്മൾ വായിച്ചിട്ടുള്ള പല പ്രണയകഥകളുടെയും അവസാനം നായകനും നായികയും കല്യാണം കഴിച്ച്, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി 'ശിഷ്ടകാലം സന്തോഷത്തോടെ ജീവിച്ചു' എന്ന അവസാന വാചകം ഉണ്ടാകും. ഇതു സാധ്യമാണോ? പ്രണയം നഷ്ടപ്പെടാമോ? പ്രണയത്തിന്റെ തീവ്രത നഷ്ടപ്പെടുന്നതും മറ്റൊരാളോട് ഇഷ്ടം തോന്നുന്നതും സ്വാഭാവികമാണ്. അപ്പോൾ ഇതിനെയാണോ 'തേപ്പ്' എന്ന് വിളിക്കുന്നത്? ആയിരിക്കാം. പക്ഷേ, ആ വിളി അത്ര നല്ലതല്ല. ഒരു വ്യക്തിക്ക് പല കാരണങ്ങൾ കൊണ്ടു മറ്റേയാളോടുള്ള ഇഷ്ടം നഷ്ടപ്പെടാം. കാലം കഴിയുമ്പോൾ സ്വാഭാവികമായി ഇഷ്ടത്തിന്റെ തീവ്രത നഷ്ടപ്പെട്ടു പോകാം, പങ്കാളിയുമായി ചേർന്നു പോകാൻ പറ്റുന്നില്ല എന്ന് മനസ്സിലാക്കുമ്പോള്‍ ബന്ധത്തിൽനിന്നും പിന്മാറാം. പല കാരണങ്ങൾകൊണ്ടും പ്രണയം മുന്നോട്ടുകൊണ്ടുപോയി വിവാഹത്തിലെത്തിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടുമാകാം.

നിങ്ങളുടെ പ്രണയിതാവ് ഇങ്ങനെ ചെയ്‌താൽ നിങ്ങളെന്തു ചെയ്യണം? ഒന്നും ചെയ്യണ്ട! അവരുടെ തിരഞ്ഞെടുപ്പിനെയും സ്വകാര്യതയെയും മാനിക്കുക. അവരെ അവരുടെ വഴിക്കു വിടുക. പ്രണയനൈരാശ്യം കാരണം എന്തെങ്കിലും മാനസികബുദ്ധിമുട്ടുണ്ടെങ്കിൽ പ്രൊഫഷനൽ സഹായം തേടുക. കൗൺസിലിങ്ങിന് വിധേയരാകാം. കൂടാതെ സുഹൃത്തുക്കളുമായുള്ള സോഷ്യൽ നെറ്റ് വർക്കിങ് ബലപ്പെടുത്താം. അല്ലാതെ ആത്മഹത്യ ചെയ്യാനും ആസിഡൊഴിക്കാനും പോകരുത്. അത് വളരെ അപക്വമാണ്.

ഒാര്‍ക്കേണ്ട ചില കാര്യങ്ങള്‍

പ്രേമിക്കുന്നവരോട് ചില കാര്യങ്ങൾ പ്രത്യേകം പറയാനുണ്ട്.

∙ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുന്നതിനു മുൻപ് പ്രണയത്തിന്റെ തീവ്രതയിൽ വിവാഹം കഴിക്കാൻ പോകുന്നവര്‍ പ്രേമത്തിന് ചീത്തപ്പേരുണ്ടാക്കാൻ നടക്കുന്നവരാണ്. അച്ഛനമ്മമാരുടെ ചിറകിനടിയിൽ സാമ്പത്തികമായി അഭയം തേടുമ്പോൾ അവർ നിങ്ങളുടെ ജീവിതത്തിൽ തീർച്ചയായും ഇടപെടാൻ ശ്രമിക്കും. പ്രേമം എപ്പോഴുമാകാമെങ്കിലും കുട്ടികൾ ഉണ്ടാകുന്നതു പോലുള്ള ഉത്തരവാദിത്തം സ്വന്തം കാലിൽ നിന്നതിനു ശേഷമാവുന്നതാണ് നല്ലത്.

∙ പ്രേമം എന്നത് ലൈംഗികമായ മുതലെടുപ്പിനുള്ള മറയല്ല. ലൈംഗികമായി ഇടപഴകാനായി മാത്രം പ്രേമിക്കുന്നവരും ഉണ്ടാകാം. ലൈംഗിക മുതലെടുപ്പിനുവേണ്ടി വിവാഹം ചെയ്യാമെന്നു പറഞ്ഞു സ്നേഹബന്ധമുണ്ടാക്കുന്നതും തെറ്റാണ്.

∙ പ്രേമിച്ചും ഫോൺ വിളിച്ചും ചാറ്റ് ചെയ്‌തും ലൈംഗികമായി ഇടപഴകിയതു കൊണ്ടും പിന്നീട് പങ്കാളിയെ ബ്ലാക് മെയിൽ ചെയ്യുന്നത് ക്രിമിനൽ കുറ്റം കൂടിയാണ്.

‘േനാ’ പറഞ്ഞാല്‍ ‘േനാ’ തന്നെ

ഇന്നത്തെ കേരളത്തിൽ പ്രേമിക്കാൻ അല്‍പം പേടിക്കണം. പ്രേമത്തിൽ നിന്നു പിന്മാറിയാലോ പ്രണയം നിരസിച്ചാലോ പെട്രോളൊഴിച്ച് കത്തിച്ചു കളയുന്ന കാമുകന്മാർ പോലെ ഇവിടെ പല പ്രശ്നങ്ങളുണ്ട്. കാമുകി ഉപേക്ഷിച്ചാല്‍ കടാപ്പുറത്തു പാടി പാടി നടക്കുന്ന ‘പരീക്കുട്ടി’മാരും കയറിന്‍ തുമ്പില്‍ ജീവിതം ഒടുക്കുന്ന ‘രമണന്‍’മാരും ഇപ്പോള്‍ കുറവായതു ഭാഗ്യം.

ഒന്നാമത് ഇന്ത്യൻ സിനിമകൾ കണ്ടു വളരുന്ന നമുക്ക്, ഒരു പെൺകുട്ടി ഇഷ്ടമില്ല എന്ന് പറഞ്ഞാൽ അതു കേട്ടു മാറിപ്പോകാനുള്ള സാമാന്യബോധം ഇല്ല. കാരണം ‘ഒന്നുകിൽ വെറുത്തു വെറുത്ത് അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി’, അല്ലെങ്കിൽ ‘തട്ടിക്കൊണ്ടു പോയാലും  രാവണനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി’... ഇതൊക്കെയാണ്  നമ്മുടെ മുന്നിലുള്ള മാതൃകകൾ. ‘No means NO’ എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് ‘നോ’ യുടെ പുറകെ ആളുകൾ പെട്രോളും ആയി പോകുന്നത്. പ്രേമത്തിനാണെങ്കിലും പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനാണെങ്കിലും വേണ്ട എന്ന് പറഞ്ഞാൽ വേണ്ട, അത്ര തന്നെ. അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)