Thursday 07 November 2024 12:50 PM IST

‘ഏതു പാതിരാത്രിക്കും എവിടെ വേണമെങ്കിലും കൂട്ടുവരണം,ഒരേ വൈബിൽ തമാശകൾ പറയണം’: വിവാഹവും പിള്ളേരുടെ മനസിലിരിപ്പും

Roopa Thayabji

Sub Editor

wedding-concepts-14

ബ്രോ ഡാഡി സിനിമ ഓർമയില്ലേ. പരസ്യക്കാരനെ കൊണ്ടു മ കളെ വിവാഹം കഴിപ്പിക്കാ ൻ കച്ചകെട്ടി ഇറങ്ങിയ അപ്പൻ. പരസ്യക്കാർക്കു രഹസ്യം സൂക്ഷിക്കാനറിയില്ല എന്ന മുട്ടുന്യായം പറഞ്ഞ്,വരുന്ന ആലോചനകൾ നൈസായി തട്ടിമാറ്റുന്ന മ കൾ. സീനുകൾ മാറിമറിയവേ മകളുടെ മനസ്സിലിരിപ്പു തെളിയുന്നു. ഇന്ത്യയിലെ ഒന്നാം നമ്പർ പരസ്യകമ്പനിയിലെ സുന്ദരനും പറഞ്ഞു വരുമ്പോൾ കുടുംബസുഹൃത്തുമായ പയ്യനുമായി മകൾ ബെംഗളൂരുവിൽ നാലു വർഷമായി ലിവിങ് ടുഗെദറാണ്.

സിനിമ അവിടെ നിൽക്കട്ടെ, കാര്യത്തിലേക്കു കടക്കാം. കല്യാണക്കാര്യത്തിൽ മനസ്സിലിരിപ്പു തുറന്നു പറയാൻ പുതിയ തലമുറയ്ക്ക് അൽപം മടിയൊക്കെയുണ്ട്. പക്ഷേ, അത് അറിയാതെ പറ്റില്ലല്ലോ. കേട്ടറിവുകളെല്ലാം സത്യമാണെങ്കിൽ ഒന്ന് ഉറപ്പിച്ചു പറയാം, പങ്കാളിയെ തേടുമ്പോൾ പുതിയ തലമുറ സമയമെടുത്തേ തീരുമാനമെടുക്കൂ. ഓരോരുത്തരിലും ഉള്ള നന്മയും തിന്മയും പരമാവധി അറിയാൻ ശ്രമിച്ച് ടിക് മാർക്കും നെഗറ്റീവ് മാർക്കും നൽകും.

ആവറേജും പാസ് മാർക്കുമൊന്നും പരിഗണിക്കില്ല. പങ്കാളിത്തത്തിലും പരസ്പര സ്നേഹത്തിലും എ പ്ലസ് നേടുന്നവർക്കാണു മുൻഗണന. എങ്കിലേ ഭാവി ജീവിതത്തിൽ അവർ നല്ല സഹയാത്രികരാകൂ. പുതുതലമുറയുടെ ഉള്ളിലെ വിവാഹസ്വപ്നങ്ങൾ കേട്ടാലോ?

അക്കരെ ഇക്കരെ നിന്നാലെങ്ങനെ...

രാജ്യങ്ങൾ തമ്മിൽ വിവാഹത്തിലൂടെ ഒന്നായിരുന്ന രാജാക്കന്മാരുടെ കാലം ഓർമയില്ലേ. ഒരു വിധത്തിൽ പറഞ്ഞാ ൽ അതുപോലെയാണ് ഇന്നത്തെ കാര്യവും. ജോലിയും പൊരുത്തലും ജാതകവുമൊക്കെ ചേർന്നു വരുന്നതിനൊപ്പം ഒരു കാര്യം കൂടി പ്രധാനമാണ്, ലൊക്കേഷൻ. പഠനത്തിനും ജോലിക്കുമായി മക്കൾ പല രാജ്യങ്ങളിലേക്കു ചേക്കേറിയതോടെ രാജ്യാതിർത്തികൾ താണ്ടി വിവാഹാലോചന നടത്തേണ്ട തത്രപ്പാടിലാണു രക്ഷിതാക്കൾ.

കല്യാണശേഷമുള്ള ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിനൊന്നും താൽപര്യമില്ലെന്നും കരിയർ– ഫിനാൻഷ്യൽ അടിത്തറ വന്ന ശേഷം മതി വിവാഹമെന്നും കൊച്ചിയിൽ ഐടി ജീവനക്കാരനായ നിധീഷ് പറയുന്നു. ‘‘പഠനകാലത്ത് അത്യാവശ്യം തമാശയൊക്കെ കാണിച്ചിരുന്നവർ പോലും ജോലിയിലും ജീവിതത്തിലും സീരിയസ്സാണ്. മണിക്കൂറുകളോളമുള്ള ജോലിയും ഡെഡ്‌ലൈനുമൊക്കെ പൊരുത്തപ്പെടാനാണു ടെക്കികൾ ആദ്യം പഠിക്കുന്നത്. കരിയറിൽ കാലുറപ്പിച്ചിട്ടേ മറ്റെന്തിനുമുള്ളൂ. ജീവിതത്തിലെയും കരിയറിലെയും മറ്റു ഗോളുകൾക്കു പിന്നിലാണു വിവാഹത്തിന്റെ സ്ഥാനം.

wedding-3 അരുണ്‍ എസ്. കുമാർ, പാർവതി, അഞ്ജന പ്രവീൺ, നിധീഷ്, ശ്രുതി

കരിയറും ജീവിതവും ഒന്നിച്ച്

പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷം വിവാഹത്തിലേക്കു കടക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അഞ്ജന പ്രവീൺ പറയുന്നു. ‘‘ദാമ്പത്യജീവിതത്തിൽ എല്ലാ അർഥത്തിലും പങ്കാളികൾക്കു തുല്യ പങ്കാളിത്തമുണ്ടെന്നു വിശ്വസിക്കുന്നു. അതുകൊണ്ട് സാമ്പത്തിക അടിത്തറ വളരെ പ്രധാനമാണ്. ഇതിലെല്ലാമുപരി പങ്കാളികൾ തമ്മിലുള്ള വിശ്വാസമാണ് ദാമ്പത്യത്തെ മനോഹരമാക്കുന്നതെന്നും അഞ്ജന തുറന്നു പറയുന്നു.

‘‘ജീവിതവും ഭാവിയുമൊക്കെ പങ്കാളികൾ ഒന്നിച്ചു തീരുമാനിക്കും. ദാമ്പത്യം ഒന്നിച്ചുള്ളൊരു സന്തോഷയാത്ര പോലെ പങ്കാളികൾക്കു തോന്നണമെങ്കിൽ അതിൽ തുല്യ ‘കെയർ ആൻഡ് ഷെയർ’ വേണമെന്ന് ശ്രുതി പറയുന്നു. ‘‘പുതിയ തലമുറയിലെ പ്രഫഷണലുകളെല്ലാം പരസ്പരം മത്സരിച്ചാണു ജോലി ചെയ്യുന്നത്. അതിന്റെ സ്ട്രെസ്സിനിടയിൽ കുടുംബജീവിതത്തിലും സ്വസ്ഥതയും സന്തോഷവും ഇല്ലെങ്കിലോ? എല്ലാം കഴിഞ്ഞതുതന്നെ. കരിയറിനെയും ജീവിതത്തെയും ആസ്വദിക്കുന്ന, മനസ്സിലാക്കുന്ന ഒരാളെയാകും ഉറപ്പായും തിരഞ്ഞെടുക്കുക. സ്നേഹവും പരസ്പര ബഹുമാനവും കൂടി ഉണ്ടെങ്കിലേ ജീവിതം സുഖകരമായി മുന്നോട്ടു പോകൂ.’’ ശ്രുതിയുടെ അഭിപ്രായത്തോടു സഹപ്രവർത്തകരായ അരുണും പാർവതിയും തലകുലുക്കി യോജിക്കുന്നു.

കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകും, ഉത്തരവാദിത്തമില്ലാതെ നടക്കുന്നവരുടെ പോലും ജീവിതം സീരിയസ്സാകും എന്നൊക്കെ കരുതുന്നവരുണ്ട്. നാളിതുവരെ ശരിയാകാത്തതൊന്നും വിവാഹം കഴിഞ്ഞാലും ശരിയാകാൻ പോകില്ലെന്നു പുതിയ തലമുറയ്ക്ക് ഉത്തമ ബോധ്യമുണ്ടെന്നു മലപ്പുറത്തു നിന്ന് അഫ്നയും കൂട്ടുകാരികളും പറയുന്നു. ‘‘പ്രായം തികഞ്ഞു എന്നു കരുതി പക്വതയും ഉത്തരവാദിത്ത ബോധവുമൊന്നും വരണമെന്നില്ല. വയസ്സു പൂർത്തിയായതു കൊണ്ടു മാത്രം വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലതു പങ്കാളിത്തം ആഗ്രഹിക്കുകയും അതിനു തയാറാകുകയും ചെയ്യുന്ന പ്രായത്തിൽ വിവാഹം നടത്തുകയാണ്.

വീടും കിടക്കയും മാത്രമല്ല, ജീവിതവും പങ്കുവയ്ക്കണമല്ലോ. അതിനു തയാറാകാത്തവരുടെ പങ്കാളിക്കു ജീവിതം ദുരിതമാകുമെന്നാണു ഹസ്നയും തെസ്നിയും ജുബ്നയും അയിഷയും ഒരേസ്വരത്തിൽ പറയുന്നത്.

wedding-15 ഹസ്ന, തെസ്നി, അഫ്ന, ജുബ്ന, അയിഷ

മോസ്റ്റ് എലിജിബ്ൾ പാർട്ണർ

ലോകകപ്പ് വിജയത്തിനു ശേഷം വിരാട് കോഹ്‌ലി ഭാര്യ അനുഷ്കയോടും മകളോടും വിഡിയോ കോളിൽ സംസാരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോടിക്കണക്കിനു ക്രിക്കറ്റ് ആരാധകരുടെ മനം നിറച്ച വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കാനായി പങ്കാളിയെയും മകളെയും ചേർത്തുനിർത്തിയ കോഹ്‌ലിക്ക് ലോകം നൽകിയത് ‘മോസ്റ്റ് എലിജിബ്ൾ ഹസ്ബന്റ്’ പദവി.

സന്തോഷത്തിലും സങ്കടത്തിലും ചേർത്തു നിർത്തുന്ന ആളാകണം പങ്കാളിയെന്നു ബെംഗളൂരു ക്രിസ്തുജയന്തി കോളജിലെ ബികോം വിദ്യാർഥികളായ യോഹാൻ ജോഷിയും കൂട്ടുകാരും പറയുന്നു. ‘‘ജീവിതത്തിൽ നല്ലതും ചീത്തയുമായ പല കാര്യങ്ങളും സംഭവിക്കും. അതിലൊന്നു പോലും പങ്കാളിയോടു പറയാൻ പറ്റാത്ത സാഹചര്യം ചിന്തിച്ചു നോക്കൂ. സന്തോഷത്തിലും സങ്കടത്തിലും ആദ്യം വിളിക്കണമെന്നു തോന്നുന്നയാളെയാണ് ഈ തലമുറ പങ്കാളിയായി പ്രിഫർ ചെയ്യുന്നത്.’’

പഠനം കഴിഞ്ഞു കുറേകാലം യാത്ര പോകണമെന്നു ചിന്തിക്കുന്നു പുതിയ കുട്ടികൾ. അതിനു പറ്റിയ പാർട്ണറെ കിട്ടിയാൽ വളരെ നന്നാകുമെന്നാണു കണ്ണൂർ മാടായി കോളജിലെ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർഥികളായ ശ്രുതിയും കൂട്ടുകാരും പറയുന്നത്. ‘‘ഏതു പാതിരാത്രിക്കും എവിടെ വേണമെങ്കിലും കൂട്ടുവരണം. ഒരേ വൈബിൽ തമാശകൾ പറഞ്ഞു ചിരിക്കാനും ചിൽ ചെയ്യാനും മുന്നിൽ നിൽക്കുന്ന സുഹൃത്താകണം പങ്കാളി. എല്ലാ കാര്യത്തിനും പ്രോത്സാഹിപ്പിക്കുന്ന, ഒരേ വൈബുള്ള ആളെ കിട്ടിയാൽ ബാക്കിയെല്ലാം തനിയേ ശരിയാകുമെന്നാണ് ശ്രുതിയുടെ കൂട്ടുകാരായ അനുപമയും ഗോപികയും അർച്ചനയും അഞ്ജനയും ഉറച്ചു വിശ്വസിക്കുന്നത്.