ലോക് ഡൗൺ പലർക്കും ക്രിയേറ്റിവിറ്റിയുടെ കാലമാണ്. ചിലർക്കോ ബോറടിയുടെ നാളുകളും. ആദ്യം പറഞ്ഞ ക്രിയേറ്റീവ് ഗ്രൂപ്പിൽ പെട്ടയാളാണ് മലപ്പുറം മങ്കട സ്വദേശിയായ 21 വയസ്സുകാരി നിബ പർവീൻ. കൂടുതൽ സമയം മൊബൈലിൽ 'കുത്തിക്കുറിച്ചും' വെറുതെയിരുന്ന് ചിന്തിച്ചു ഡിപ്രഷനടിച്ചും സമയം പാഴാക്കുന്നവർക്ക് മാതൃകയാക്കാവുന്ന ആളാണ് നിബ. കഴിഞ്ഞ ലോക് ഡൗണിൽ ആരംഭിച്ച ഹോബിയിലൂടെ ഇപ്പോൾ സ്വന്തമായി പോക്കറ്റ് മണി കണ്ടെത്തുകയാണ് ഈ വിദ്യാർഥിനി. ക്വില്ലിങ് ആർട്ടിലൂടെ കാർട്ടൂൺ രൂപങ്ങൾ, നെയിം ബോർഡുകൾ, പൂക്കൾ, അലങ്കാര രൂപങ്ങൾ എന്നുതുടങ്ങി ആവശ്യക്കാർക്ക് വേണ്ടതൊക്കെ നിബ തയാറാക്കി നൽകും. തന്റെ കുഞ്ഞു ബിസിനസ് വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് നിബ.

പേപ്പർ ജിമുക്കയിൽ ആരംഭം
ഒരു സമയത്ത് പേപ്പർ ജിമിക്കി, കമ്മൽ ഒക്കെ നാട്ടിൽ ട്രെൻഡായിരുന്നു. പല നിറത്തിലും ഭംഗിയിലും കൂട്ടുകാരികൾ കമ്മലുകൾ ഉണ്ടാക്കുന്നത് കണ്ടപ്പോൾ എനിക്കും ആഗ്രഹം തോന്നി. അങ്ങനെ കുറേ പേപ്പർ സ്ട്രിപ്പുകൾ വാങ്ങി കൊണ്ടുവന്ന് ഞാനും കമ്മലുകൾ ഉണ്ടാക്കി നോക്കി. ആദ്യത്തെ ഒരാവേശം തീർന്നപ്പോൾ പയ്യെ ഞാനതു നിർത്തി. വാങ്ങിവച്ച പേപ്പർ സ്ട്രിപ്പുകളൊക്കെ ബാക്കിയായി. വെറുതെ വേസ്റ്റ് ആക്കിക്കളയേണ്ട എന്ന് തോന്നിയപ്പോഴാണ് എന്തെങ്കിലും രൂപം ഉണ്ടാക്കിയാലോ എന്ന് ചിന്തിച്ചത്.
ആദ്യം എന്റെ പേരാണ് എഴുതിയത്. അത് കണ്ടപ്പോൾ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. പിന്നെ കുറേ രൂപങ്ങൾ ഉണ്ടാക്കി തുടങ്ങി. ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് ഇങ്ങനെയൊരു ക്രാഫ്റ്റ് ഉണ്ടെന്നും, ക്വില്ലിങ് എന്നാണ് അതിന്റെ പേരെന്നും മനസ്സിലായത്. പേപ്പർ ചുരുട്ടിയെടുക്കാനായി ക്വില്ലിങ് നീഡിൽ ഒക്കെ മാർക്കറ്റിൽ കിട്ടും. എനിക്കതൊന്നും അറിയില്ലായിരുന്നു, ഞാൻ കൈ ഉപയോഗിച്ചു ചുരുട്ടിയെടുത്താണ് രൂപങ്ങൾ ഉണ്ടാക്കിയിരുന്നത്.

ഓൺലൈൻ വഴി പോക്കറ്റ് മണി
ഏകദേശം ഒന്നര വർഷം ആകുന്നു ക്വില്ലിങ് എന്റെ ഹോബിയും ബിസിനസുമൊക്കെ ആയി മാറിയിട്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ക്വില്ലിങ് ചെയ്തു തുടങ്ങി. ആദ്യത്തെ ലോക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ ഒരുപാട് വർക്കുകൾ ചെയ്തു. ഏപ്രിലിൽ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങി. ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജ് (ecolipso_quills) വഴി ബിസിനസ് ഓർഡറുകളൊക്കെ കിട്ടിത്തുടങ്ങി. എന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾക്കുള്ള വരുമാനമൊക്കെ കിട്ടാറുണ്ട്. എക്സാം വരുമ്പോൾ ഓർഡർ ഒന്നും എടുക്കാറില്ല. രണ്ടും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടായതുകൊണ്ട് ബ്രേക്ക് എടുക്കും.
ആദ്യമൊക്കെ ഒരു എ ഫോർ ഷീറ്റ് പേപ്പർ സൈസിൽ ക്വില്ലിങ് ചെയ്യാൻ 5 മണിക്കൂറോളം എടുത്തിരുന്നു. കൂടുതൽ ചെയ്തു പ്രാക്റ്റിസ് ആയപ്പോൾ, ഇപ്പോൾ മൂന്നു മണിക്കൂർ കൊണ്ട് ഒരു വർക്ക് തീരും. മീഡിയം പേപ്പർ ആയതുകൊണ്ട് വളരെ പെട്ടെന്ന് പൊടി പിടിച്ചും നിറം മങ്ങിയും ചീത്തയായി പോകാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ വർക്കുകൾ ഫ്രെയിം ചെയ്തു കൊടുക്കാറാണ് പതിവ്. മികച്ച ക്വാളിറ്റിയുള്ള പേപ്പറാണ് ക്വില്ലിങ്ങിനായി ഉപയോഗിക്കുന്നത്.

അബ്ബയാണ് എല്ലാം
എന്റെ മുത്തശ്ശൻ നെല്ലീങ്ങര അബുവാണ് ഏറ്റവും വലിയ മോട്ടിവേറ്റർ. പിഡബ്ല്യുഡിയില്‍ നിന്നും വിരമിച്ച ആളാണ്, കലയോടാണ് കൂടുതൽ താല്പര്യം. ഞാൻ അബ്ബയെന്നാണ് വിളിക്കുക. അബ്ബ നല്ല ക്രിയേറ്റിവ് ആയ ആളാണ്. തടികൾ ഉപയോഗിച്ച് മനോഹരമായ ശില്പങ്ങൾ അബ്ബ ഉണ്ടാക്കും. ഒരു തടി കണ്ടാൽ നമ്മൾ ചിന്തിക്കാത്ത ഐഡിയ അബ്ബയ്ക്കുണ്ടാകും. അബ്ബയുടെ കഴിവാണ് എനിക്ക് കിട്ടിയതെന്ന് ഉപ്പയും ഉമ്മയുമൊക്കെ പറയാറുണ്ട്.

ഏറ്റവും കൂടുതൽ ക്വില്ലിങ് ക്രാഫ്റ്റ് ചെയ്തതിന് വ്യക്തിഗത അംഗീകാരമായാണ് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിൽ കയറിയത്. അതിനുശേഷം അതേ വർഷം തന്നെ ഡിസംബറിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിലും ലഭിച്ചിരുന്നു.
അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ അവസാന വർഷ വിദ്യാർഥിനിയാണ് നിബ പർവീൻ. അച്ഛൻ : എൻ എ സുൾഫിക്കർ അലി, അമ്മ: സമീന ബീഗം. സഹോദരി: നിഹ പർവീൻ, സഹോദരൻ: നാഹിൽ മുഹമ്മദ്.
