Saturday 07 November 2020 04:05 PM IST

‘എങ്കിൽ പിന്നെ നിനക്ക് ഫ്രീലാൻസ് റൈറ്ററായിക്കൂടെ’, ജീവിതം മാറ്റിമറിച്ച ആ ചോദ്യം; ബിസിനസിലെ വിജയഗാഥ പറഞ്ഞ് നിസരി മഹേഷ്

Lakshmi Premkumar

Sub Editor

success334444332
ഫോട്ടോ: സരിൻ രാംദാസ്

എഴുതാൻ ഒരുപാടിഷ്ടമുള്ള പെൺകുട്ടി. ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് നിസരി മഹേഷ്. കണ്ടന്റ് റൈറ്റിങ്ങിൽ തുടങ്ങി രണ്ട് കമ്പനികളുടെ സിഇഒ കൂടിയാണ് നിസരിയിപ്പോള്‍. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമെന്ന ലക്ഷ്യത്തോടെ ‘ഹെർ മണി ടോക്സ്’ എന്നൊരു കമ്പനിയും കണ്ടന്റ് സർവീസും ഓൺലൈൻ ബ്രാൻഡിങ്ങും ചെയ്യുന്ന  ‘ഹബ് വേൾഡ്സ് മീഡിയ’ എന്നൊരു കമ്പനിയും നിസരിയുടെ വിജയ ഐഡിയകളാണ്.

ഇഷ്ടത്തിലേക്ക് വീണ്ടും

‘‘സാഹിത്യത്തോടും, ഭാഷയോടുമുള്ള ഇഷ്ടം കൊണ്ട് ഇംഗ്ലിഷ് ലിറ്ററേച്ചറിലാണ് ഡിഗ്രിയും പിജിയും. എനിക്ക് ടീച്ചിങ് ഇഷ്ടമില്ല. വേറെ എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ജേണലിസം പ്രഫഷനാക്കാം എന്ന് തോന്നിയത്. പക്ഷെ, അതു നടന്നില്ല.  ഒട്ടു പ്രതീക്ഷിക്കാതെ ബാങ്കിങ് സെക്ടറിലേക്കു കടന്നു. ഏഴു വർഷത്തോളം പല ബാങ്കുകളിലായി ഞാൻ ജോലി ചെയ്തു. അതിനിടയിൽ വിവാഹം നടന്നു. ഒരു വർഷം കഴിഞ്ഞ് മകൻ പിറന്നു. ജോലിയുടെ പ്രഷറും കോർപ്പറേറ്റ് അന്തരീക്ഷവും വല്ലാതെ മടുത്തിരുന്നു. ആകെ  വിഷമിച്ചിരിക്കുന്ന സമയത്താണ് ‘എങ്കിൽ പിന്നെ നിനക്ക് ഫ്രീലാൻസ് റൈറ്ററായിക്കൂടെ’ എന്ന് എന്റെ ഫ്രണ്ട് ചോദിച്ചത്.

സത്യത്തിൽ അതൊരു പരീക്ഷണമായിരുന്നു. ഞാനാദ്യം  ചെയ്തത് ഒരു ഇംഗ്ലിഷ് പത്രത്തിലേക്ക് ആർട്ടിക്കിൾ അയയ്ക്കുകയായിരുന്നു. രണ്ട് മൂന്ന് ആഴ്ച മറുപടി കാത്തിരുന്നു. പതിയെ അതു മറന്നു തുടങ്ങിയപ്പോൾ ആർട്ടിക്കിൾ പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നു.

എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി. ഇതാണ് എന്റെ പ്രഫഷൻ എന്ന് തീരുമാനിച്ചു. പിന്നെ ഫുൾ ടൈം സെർച്ചിങ് ആരംഭിച്ചു. ആർക്കൊക്കെയാണ് അയക്കേണ്ടത് ആരൊക്കെയാണ് ആവശ്യക്കാർ എന്നൊക്കെ. അതോടെ നിരവധി ഓഫറുകൾ വന്നു തുടങ്ങി.

കൂട്ട് ചേർന്ന് മുന്നോട്ട്

പലപ്പോഴും എന്നെകൊണ്ട് ചെയ്യാൻ കഴിയുന്നതിലും കൂടുതൽ അന്വേഷണങ്ങൾ വന്നു തുടങ്ങി. അങ്ങനെയാണ്  എന്നെ പോലെയുള്ള ഫ്രീലാൻസ് എഴുത്തുകാരുമായി ഒരു ടീം രൂപീകരിച്ച് വർക്ക് ചെയ്താലോ എന്ന് ചിന്തിച്ചത്. ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളുമായി സംസാരിച്ചു. ഞങ്ങൾ കുറച്ചുപേർ ചേർന്ന് ഒന്നിച്ച് മുന്നോട്ട് പോയി. അതൊരു വിജയമായിരുന്നു. എങ്കിൽ പിന്നെ ഇതൊരു അംഗീകൃത കമ്പനിയാക്കി മാറ്റിയാലോ എന്നായി. അതാകുമ്പോള്‍ ആളുകൾക്ക് വർക് തരാനുള്ള വിശ്വാസ്യതയും വർധിക്കും. അങ്ങനെ 2011 ൽ ‘ഹബ് വേള്‍ഡ്സ് മീഡിയ’  രൂപീകരിച്ചു.

മാഗസിനുകളുടെ എഡിറ്റോറിയൽ, കോർപ്പറേറ്റുകൾക്കും സ്റ്റാർട്അപ്കൾക്കുമുള്ള കണ്ടന്റ് എന്നിവയായിരുന്നു തുടക്കത്തിൽ ചെയ്തത്.  ഇപ്പോൾ നാൽപ്പതോളം കണ്ടന്റ് റൈറ്റേഴ്സുണ്ട് ഞങ്ങൾക്ക്. പ്രധാന ഓഫിസ് ബാംഗ്ലൂരാണ്. കരിയർ ബ്രേക് എടുത്ത് നിൽക്കുന്ന സ്ത്രീകളാണ് കൂടുതല്‍  ജീവനക്കാർ. അവർക്ക് ഇഷ്ടമുള്ള സമയത്ത്, കണ്ടന്റ് തന്നാൽ മതി.  

സ്ത്രീകൾക്ക് സാമ്പത്തിക രംഗത്തെ പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാമത്തെ സംരംഭമായ ‘ ഹെർ മണി ടോക്സ് ’ ആരംഭിച്ചത്. സ്വന്തമായി സാമ്പത്തിക രംഗം കൈകാര്യം ചെയ്യാൻ അറിയാത്ത നിരവധി സുഹൃത്തുക്കൾ എനിക്കുണ്ട്. പലരും വിദേശത്തുള്ളവർ.

സ്ത്രീകൾ അനുഭവിക്കുന്ന, അവർ നേരിടുന്ന പ്രശ്നങ്ങളുടെ ഉത്തരങ്ങളാണ് ഹെർ മണി ടോക്സ് എന്ന വെബ്സൈറ്റിലൂടെ ഞങ്ങൾ നൽകുന്നത്. നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള എന്ത് കാര്യവും ഞങ്ങളോട് ചോദിച്ചോളൂ.’’