അവധിക്കാലം ചിത്രരചനയ്ക്കായി മാറ്റിവച്ച ഒരു മിടുക്കനുണ്ട്. കാസർകോട് പെരിയ സ്വദേശി വിധുവെന്ന ഏഴാം ക്ലാസുകാരൻ. വീടിന്റെ ചുമരുകൾ കാൻവാസാക്കിയ മിടുക്കനാണ് വിധു. വിധുവിന്റെ വീട്ടിലേക്ക് കയറിവരുന്നവരുടെ ശ്രദ്ധ ആദ്യം പതിയുന്നത് മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ അതിമനോഹരചിത്രത്തിലാണ്.
ഈ അവധിക്കാലത്താണ് വീടിന്റെ ചുമരുകൾ വിധു കാൻവാസാക്കിയത്. ചുമരിൽ മുഴുവൻ അതിമനോഹര ചിത്രങ്ങൾ. വലിയ മേശയിലും ഏണിയിലും കയറിയാണ് വര. ചുമരുകളിൽ മാത്രം ഒതുങ്ങുന്നതല്ല വിധുവിന്റെ കഴിവ്. തന്റെ പ്രിയപെട്ടവരുടെ കാരിക്കേച്ചറുകളും വരച്ചു സൂക്ഷിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് അദ്ദേഹം ജില്ലയിൽ എത്തിയപ്പോൾ സമ്മാനിച്ചു. സ്വന്തം വീടിന്റെ ചുമരുകൾ കാൻവാസാക്കി മാറ്റിയ ഈ കൊച്ചു മിടുക്കന് വീട്ടുകാരുടെയും കൂട്ടുകാരുടെയും പൂർണപിന്തുണയുമുണ്ട്.