ADVERTISEMENT

ജനിച്ചപ്പോഴേ കാലിനു വളർച്ച കുറവായിരുന്നു. അഞ്ചിൽ പഠിക്കുമ്പോൾ മരം കൊണ്ടുള്ള കാൽ വച്ചാണു നടന്നിരുന്നത്. ഒട്ടും സൗകര്യപ്രദമായിരുന്നില്ല അത്. ഭയങ്കര വേദനയും. പ്ലസ് ടു പഠിക്കുമ്പോഴാണ് കാലു മുറിക്കേണ്ടി വരും എന്ന് ഡോക്ടർമാർ പറയുന്നത്. അതു കഴിഞ്ഞ് ആറു മാസത്തോളം അസഹനീയമായ വേദന, ആത്മഹത്യയ്ക്കു വരെ ശ്രമിച്ചിരുന്നു.

പക്ഷേ, പിന്നീട് ആ ചിന്തയൊക്കെ മാറി. യാഥാർഥ്യം ഉൾക്കൊണ്ടു. അതിനു ശേഷമാണ് എനിക്കിഷ്ടമുള്ള കാര്യങ്ങൾ മാറ്റി വയ്ക്കാതെ ചെയ്തു തുടങ്ങിയത്. എനിക്കു ധാരാളം മെസേജ് വരാറുണ്ട്, ‘ചേച്ചി കാരണം ഞാൻ എന്റെ ഡിസെബിലിറ്റിയെ താഴ്ത്തിക്കെട്ടാതെയായി’ എന്നു പറഞ്ഞ്...

ഞങ്ങളുടെ ചെറുപ്പത്തിലേ മാതാപിതാക്കൾ വേർപിരിഞ്ഞു. ഉമ്മ സജീന അമ്മൂമ്മ നൂർജഹാൻ, ഇത്ത നിഷാന ഒക്കെ നല്ല സപ്പോർട്ടാണ്. കൊല്ലം പള്ളിമുക്കിലാണു വീട്. ഇപ്പോള്‍ എസ്എൻ കോളജിൽ ബിഎ ഫിലോസഫി പഠിക്കുന്നു.

മോഡലിങ് ചെറുപ്പം തൊട്ടേ ഇഷ്ടമുള്ള കാര്യമായിരുന്നു. ഡിഗ്രി രണ്ടാം വർഷമായപ്പോഴാണ് ആദ്യത്തെ റാംപ് വാക്ക് ചെയ്യുന്നത്. പിന്നീട് പല അവസരങ്ങൾ വന്നു. ആ സമയത്താണ് 2020–21 ഏഷ്യാ ഫാഷൻ അവാർഡ് നടക്കുന്നത്. അതിൽ മത്സരിച്ചു ബെസ്റ്റ് ഇൻസ്‍പയറിങ് മോഡൽ എന്ന ടൈറ്റിൽ ലഭിച്ചു. 

സിനിമയിലഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. പിന്നെയുള്ളത് ഒരു സ്വപ്നമാണ്; ഡിസേബിൾഡ് ആയ കുട്ടികൾക്ക് ഇഷ്ടമുള്ളിടത്തേക്കു യാത്ര പോകാൻ  ഭാവിയിൽ ക്യാംപുകളും മറ്റും സംഘടിപ്പിക്കണം.

ADVERTISEMENT
ADVERTISEMENT